മലപ്പുറത്തിന് അത്ര പ്രിയപ്പെട്ടൊരു പേരായിരുന്നില്ല പിണറായി വിജയൻ എന്നത്

118

Afsal Panakkad

“മലപ്പുറത്തിന്ന് അത്ര പ്രിയപ്പെട്ടൊരു പേരായിരുന്നില്ല പിണറായി വിജയൻ” എന്നത്…
പിണറായി വിജയൻ എന്ന മനുഷ്യനെ വെറുപ്പോടെ മാത്രം നോക്കി കാണുന്ന, കണ്ടിരുന്ന ഒരു വലിയ വിഭാഗം തന്നെ ഉണ്ട് മലപ്പുറത്ത്, മലപ്പുറത്തിന്റെ മനസ്സിൽ ഈ മനുഷ്യനെ വെറുപ്പിന്റെയും ഭീകരതയുടെയും പര്യായമാക്കി മാറ്റിയതിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് അവിസ്മരണീയമാണ്.

ലീഗിന്റെ ഏറ്റവും വലിയ വോട്ട് ബാങ്കാണ് സമസ്ത എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല, മുഖ്യമന്ത്രി നേതൃത്വം നൽകുന്ന സമരങ്ങളിൽ പങ്കെടുക്കരുത് എന്ന് സമസ്തക്ക് ലീഗ് നിർദേശം നൽകിയിരുന്നു, എന്നിട്ടും സമസ്തയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രത്തിൽ കുഞ്ഞാലിക്കുട്ടിയുടെയും തങ്ങളുടേയും മൂക്കിൻ തുമ്പിൽ, ലീഗിന്റെ തറവാട്ടിൽ മുഖ്യമന്ത്രിക്കൊപ്പം അവർ വേദി പങ്കിട്ടു. സമസ്ത മാത്രമല്ല, AP വിഭാഗവും.

ഇന്നലെ നടന്ന പരിപാടിയിൽ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു എന്നത് ലീഗിന് ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടുണ്ടാവണമെന്നില്ല.
“ന്യൂനപക്ഷങ്ങൾക്ക് പ്രതിസന്ധിയുണ്ടായപ്പോൾ പിണറായി ധൈര്യം പകർന്നു തന്നു എന്നും, ഒരു നേതാവിന് വേണ്ട ഗുണമാണിതെന്നും” ജിഫ്രി മുത്ത് കോയ തങ്ങൾ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞപ്പോൾ ഉയർന്ന കേട്ട കൈയ്യടികളുടെയും, “നട്ടെല്ലൊടിഞ്ഞു എന്ന് കരുതിയ കേരളത്തെ സംരക്ഷിച്ചത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനാണ്” എന്ന്
ഖലീൽ തങ്ങൾ പറഞ്ഞപ്പോയുള്ള കൈയ്യടികളുടെയും ശബ്ദം ചരിത്രം രേഖപ്പെടുത്തും.

ഒരു കുന്നിൻ ചെരുവിനെ പറ്റി മുഖ്യമന്ത്രി പറഞ്ഞില്ലേ? അതാണ് കോട്ടക്കുന്ന്, ഫുടബാൾ പോലെ ഞങ്ങൾ മലപ്പുറത്തുകാരുടെ മറ്റൊരു വികാരമാണ് ഞങ്ങടെ കോട്ടക്കുന്ന്, അത് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. ആ കോട്ടക്കുന്നിനെ ചൂണ്ടി കാണിച്ച് മുഖ്യമന്ത്രി മലപ്പുറത്തിന്റെ ചരിത്രം പറഞ്ഞ് തുടങ്ങിയപ്പോൾ ശ്വാസം അടക്കിപ്പിടിച്ചിട്ടല്ലാതെ ഒരു മലപ്പുറക്കാരനും അത് കേട്ട് തീർത്തിട്ടുണ്ടാവില്ല.
മലപ്പുറത്തിന്റെ ഒരു പിടി മണ്ണ് എടുത്ത് പരിശോധിച്ചാൽ മതി, പോരാട്ടത്തിൽ വെടിയേറ്റ് മരിച്ച ദേശസ്നേഹികളുടെ രക്തത്തിന്റെ മണം ഇപ്പോഴും ആ മണ്ണിൽ കാണാൻ സാധിക്കും എന്നദ്ദേഹം പറഞ്ഞപ്പോൾ ആത്മാഭിമാനം കൊണ്ട് ഞാനടക്കമുള്ള ഒരോ മലപ്പുറക്കാരന്റേയും രോമങ്ങൾ എഴുന്നേറ്റ് നിന്നിട്ടുണ്ട്.

പ്രസംഗത്തിന്റെ അവസാന നാൽപ്പത് സെക്കന്റ് എത്തിയപ്പോൾ മുഖ്യമന്ത്രി മലപ്പുറത്തിന്റെ ഹൃദയത്തിൽ കൈ വെച്ച് കൊണ്ട് “ജനം സാക്ഷി, ഈ നാട് സാക്ഷി, ഈ നാട് ഈ സർക്കാറിൽ അർപ്പിച്ച ഉത്തരവാദിത്വം ഞങ്ങൾ നിറവേറ്റും, അതിന് നിങ്ങളുടെ എല്ലാവരുടെയും പിന്തുണയുണ്ടാവണം” എന്ന് പറഞ്ഞപ്പോൾ ഒരാളുടെയും ആഹ്വാനമില്ലാതെ സദസ്സിലിരുന്ന മുഴുവൻ മനുഷ്യരും എഴുന്നേറ്റുനിന്നു, ചിലർ മുഷ്ടിചുരുട്ടി ഇങ്കുലാബ് വിളിച്ചു, മറ്റുചിലർ നിർത്താതെ കൈയ്യടിച്ചു, മറ്റു ചിലർ അവരുടെ നിറകണ്ണുകൾ തുടച്ചു. അതൊരു പ്രഖ്യാപനമായിരുന്നു ഒരു സമരപ്രഖ്യാപനം.

പ്രളയം നടന്ന സമയത്ത് ഇ മനുഷ്യൻ നടത്തിയ വാർത്താ സമ്മേളനങ്ങൾ നിങ്ങൾ ഓർക്കുന്നില്ലേ? അത് ഒരോ മലയാളിക്കും നൽകിയ ആത്മ വിശ്വാസം എത്ര വലുതായിരുന്നു, അന്ന് ഈ മനുഷ്യൻ നടത്തിയ ഇടപെടലുകളും നമുക്ക് മറക്കുവാൻ കഴിയുമോ, ഇന്ന് എല്ലാ മേഖലകളിലും നമ്മുടെ കേരളം ഒന്നാമതാണ്.

രണ്ട് മഹാ പ്രളയങ്ങൾ വന്നു, ഓഖി വന്നു, നിപ വന്നു അന്നൊന്നും കുലുങ്ങാത്ത ഒരു മനുഷ്യൻ സംഘപരിവാറിന്റെ പേക്കൂത്തുകൾക്ക് മുന്നിൽ വിറങ്ങലിച്ച് നിന്ന് അവർക്ക് കീറി മുറിക്കാൻ വേണ്ടി ഈ നാടിനെ വിട്ടുകൊടുക്കുമെന്നാണൊ ???
മാധ്യമ വേട്ടയാടലുകൾ കൊണ്ടും കള്ളപ്രചരണങ്ങൾ കൊണ്ടും ഈ മനുഷ്യനെ ചുരുങ്ങിയത് ഒരു പത്ത് വർഷമെങ്കിലും കേരളത്തിന് നഷ്ടപ്പെടുത്തിയിട്ടുണ്ടാവുമെന്ന് ഇന്നിന്റെ മലപ്പുറവും ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്… “

Advertisements