കാത്തിരിപ്പിനൊടുവില്‍ ആ അമ്മയ്ക്ക് കിട്ടി, ഒരു ചാക്ക് നിറയെ മകന്റെ എല്ലുകള്‍..!

  66

  Haritha Ivan

  കാത്തിരിപ്പിനൊടുവില്‍ ആ അമ്മയ്ക്ക് കിട്ടി, ഒരു ചാക്ക് നിറയെ മകന്റെ എല്ലുകള്‍..!

  ഇത് ഏതോ നാട്ടിലെ, ആരുടെയോ ദുഖത്തിന്റെ വിവരണമല്ല. കാത്തിരിപ്പിനും കണ്ണീരിനും ഇടയില്‍ പതിനാറ് കിലോ നാനൂറ്റി മുപ്പത് ഗ്രാം തൂക്കത്തില്‍ കനപ്പെട്ട് പോയ ഒരമ്മയുടെ ഹൃദയത്തിന്റെ ആത്മഗതമാണ്.നീതി എന്നാല്‍ ഭൂമിയില്‍ ഏത് കൊടും പാതകത്തിനൊപ്പവും ചേര്‍ത്തു വെക്കാന്‍ പാകത്തില്‍ ഏതു രൂപത്തിലേക്കും മാറുന്നൊരു വാക്കാണ്. അതിന്റെ ഏറ്റവും ക്രൂരമായ പര്യായങ്ങളിലൊന്നാണ് ‘യുദ്ധ നീതി’ എന്നത്. യുദ്ധഭൂമിയിലെ കബന്ധങ്ങള്‍ പോലും അതര്‍ഹിക്കുന്നു. പക്ഷേ, അടിയും തിരിച്ചടിയും, കൊല്ലും കൊലയും പതിവായ നിയമങ്ങളില്ലാത്ത പടക്കളത്തില്‍ പൊരുതി വീണ മരണത്തിന് പോലും കിട്ടാതെ പോകുന്ന നീതിയുണ്ട്.

  യുദ്ധം ചെയ്തു മരണം നേടിയ ഒരു പോരാളിയുടെ, അതീവ ബഹുമാനത്തോടെ കൈകാര്യം ചെയ്യേണ്ട മൃതദേഹം പെറ്റമ്മയ്ക്ക് പോലും ഒരു നോക്കൂ കാണാനാവാത്ത വിധം വൈരൂപ്യം വരുത്തിയതിനു ശേഷം കൈമാറ്റം ചെയ്യുമ്പോള്‍ എന്ത് തരം സംതൃപ്തിയാണ് മരണത്തെ പിന്നെയും വെട്ടിമുറിക്കുന്നവര്‍ അനുഭവിക്കുന്നത്? തലവെട്ടി മാറ്റിയ, അവയവങ്ങള്‍ ഛേദിച്ച, പൊള്ളിക്കരിച്ച, കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത പടയാളികളുടെ മൃതദേഹങ്ങള്‍ അതിര്‍ത്തി യുദ്ധങ്ങള്‍ക്കിടെ നമ്മുടെ രാജ്യത്തും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. പകയുടെയും വെറുപ്പിന്റെയും തീവ്രതയില്‍ എതിരാളിയുടെ ശവശരീരങ്ങള്‍ വികലമാക്കുന്ന മനോവൈകല്യത്തിന് ചരിത്രത്തില്‍ മരുന്നില്ലാത്ത മനോരോഗമെന്നേ പേരുള്ളൂ. എന്ത് മറുപടിയാണ്, ന്യായീകരണമാണ് ഇനിയും മനുഷ്യരെന്ന വിളിപ്പേരിന് അര്‍ഹതയില്ലാത്ത ഇവര്‍ക്കു നല്‍കാനുള്ളത്?

  ഇന്ന് ഞാനൊരു കഥ പറയാം. ഹഗിത് ഇപെക് എന്ന ചെറുപ്പക്കാരന്റെയും അവന്റെ അമ്മയുടെയും കഥ.
  ടര്‍ക്കിയില്‍ നിരോധിക്കപ്പെട്ട പികെകെ എന്ന സംഘടനയുടെ HPG Forces എന്ന സായുധവിഭാഗത്തിലെ അംഗമായിരുന്നു ഹഗിത്. ടര്‍ക്കിയില്‍ വളര്‍ന്നു വരുന്ന വംശഹത്യകളുടെയും കലാപങ്ങളുടെയും തുടര്‍ച്ചയായി നടന്ന സംഘട്ടനങ്ങള്‍ക്കിടയില്‍ ദെര്‍സിം എന്ന കുര്‍ദ് നഗരത്തില്‍ വച്ച് 2017ല്‍ അവന് ജീവന്‍ നഷ്ടമായി. ചലനമറ്റ ആ ശരീരത്തിന്റെ തലയും മറ്റ് അവയവങ്ങളും പക മൂത്ത ടര്‍ക്കിഷ് സൈനികര്‍ പല ഭാഗങ്ങളായി വെട്ടി മുറിച്ചു.കണ്ടം തുണ്ടമായി വെട്ടിമുറിക്കപ്പെട്ട ആ മൃതദേഹം കൈമാറിയാലുണ്ടാകാവുന്ന കുഴപ്പങ്ങള്‍ അവര്‍ക്ക് നന്നായറിയാമായിരുന്നു. കുര്‍ദിഷ് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയും ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കും യുണൈറ്റഡ് നേഷന്‍സിനും കൈമാറും. മനുഷ്യാവകാശ സംഘടനകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ, ഉപരോധ ഭീഷണികളില്‍ പെട്ട് ടര്‍ക്കിയ്ക്ക് വിയര്‍ക്കേണ്ടി വരും. ഒടുവില്‍ ആരുമറിയാതെ അവര്‍ ആ ശരീരം കുഴിച്ചിട്ടു.

  തങ്ങളുടെ മകന്റെ മരണവാര്‍ത്ത അറിഞ്ഞ ഹഗിതിന്റെ കുടുംബം അവന്റെ ശരീരം ഏറ്റു വാങ്ങാനായി ദെര്‍സിമിലെത്തി. പക്ഷേ ഏറ്റുവാങ്ങുന്നത് പോയിട്ട് ആ മൃതദേഹം ഒന്നു കാണാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല. ആ ശവശരീരം തങ്ങളുടെ പക്കലില്ല എന്ന ന്യായം പറഞ്ഞു അവര്‍ അവന്റെ കുടുംബത്തെ തിരിച്ചയച്ചു. വീണ്ടും വീണ്ടും ആ കുടുംബം അധികൃതരെ സമീപിച്ചു കൊണ്ടേയിരുന്നു. സമര്‍പ്പിച്ച അപേക്ഷകള്‍ക്കും മറുപടി മറ്റൊന്നല്ലായിരുന്നു. ”ആ ശരീരം ഞങ്ങളുടെ കയ്യിലില്ല.”കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഹഗിതിന്റെ കുടുംബം താമസിക്കുന്ന ദിയര്‍ബക്കിര്‍ എന്ന നഗരത്തിലെ പ്രോസിക്യൂട്ടറിന്റെ ഓഫീസില്‍ നിന്ന് അവന്റെ അമ്മയ്ക്ക് ഒരു സന്ദേശം ലഭിച്ചു. ഒരു പൊതിക്കെട്ട് ഏറ്റുവാങ്ങാനായി അവിടെ ഹാജരാകാനായിരുന്നു അവരെ വിളിപ്പിച്ചത്. റ്റുന്‍ജലി എന്ന നഗരത്തിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അയച്ചതായിരുന്നു പതിനാറു കിലോ നാനൂറ്റി മുപ്പതു ഗ്രാം ഭാരമുള്ള ആ പാക്കേജ്. ആ ചാക്കുകെട്ട് അയച്ചതിന്റെ കൂലിയായി നാല്‍പ്പത്തഞ്ച് ലിറയും കുറച്ചു ചില്ലറയും കൊടുത്ത് അവന്റെ അമ്മ അത് ഏറ്റു വാങ്ങി.

  മറ്റൊന്നുമായിരുന്നില്ല അത്. ഒരു ചാക്ക് എല്ലുകള്‍! ഒരു ശരീരത്തോട് ചെയ്ത ക്രൂരതകള്‍ പുറത്തറിയാതെ മറയ്ക്കാനായി മാംസം മുഴുവന്‍ അഴുകിമാറുന്നത് വരെ കാത്തിരുന്നതിന് ശേഷം പക തീരാത്ത ഭരണകൂടം ഹഗിതിന്റെ അമ്മയ്ക്ക് നല്കിയ സമ്മാനം!
  ടര്‍ക്കിഷ് അസംബ്ലിയില്‍ വിഷയം ഉയര്‍ന്നു. പ്രതിപക്ഷ കക്ഷിയായ എച്ച്ഡിപി ഈ ക്രൂരതയെ ”മനുഷ്യകുലത്തിനെതിരെ നടത്തിയ ധാര്‍മ്മികതയില്ലാത്ത കുറ്റകൃത്യം” എന്ന് വിശേഷിപ്പിച്ചു. ഈ ക്രൂരപ്രവൃത്തിയെ ന്യായീകരിക്കുന്ന ഭരണകക്ഷിയുടെ മുന്നില്‍ എഴുന്നേറ്റു നിന്ന് പാര്‍ലമെന്റിലെ സ്വതന്ത്ര അംഗം ചിഹാംഗീര്‍ ഇസ്ലാം ഹഗിതിന്റെ അമ്മയോട് ഇങ്ങനെ മാപ്പ് പറഞ്ഞു. ”ഒരു മനുഷ്യനെന്ന നിലയില്‍, ഒരു ഫിസിഷ്യന്‍ എന്ന നിലയില്‍, ഒരു പാര്‍ലമെന്റംഗം എന്ന നിലയില്‍ ഞാന്‍ ആ അമ്മയോട് ക്ഷമ ചോദിക്കുന്നു.”

  ശവശരീരങ്ങള്‍ വെട്ടിനുറുക്കപ്പെടുമ്പോള്‍.. എല്ലുകള്‍ അമ്മമാര്‍ക്ക് കൊറിയര്‍ ചെയ്യുമ്പോള്‍ പാലിക്കപ്പെടുന്ന നീതിയുടെ പേരെന്താണ്? ആ അമ്മയുടെ മടിയിലിരിക്കുന്ന ചാക്കുകെട്ട് എത്രയെത്ര യുവാക്കളെ നിങ്ങള്‍ ഭയക്കുന്ന സായുധ വിപ്ലവത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്, വിഡ്ഡികളേ, മനസ്സിലാക്കുന്നുണ്ടോ? ഭയത്തിന്റെ വിത്തുകള്‍ പാകുകയാണ്, അതുവഴി എതിര്‍പ്പുകള്‍ ഇല്ലാതാക്കുകയാണ് എന്ന് കരുതി അഹങ്കരിക്കുന്ന ഭരണകൂടങ്ങളെ.., ഇതല്ല വഴി. സ്‌നേഹവും സമഭാവനയും മാത്രമാണ് ഈ മുറിവുകള്‍ ഉണക്കാനുള്ള മരുന്ന്. അത് മാത്രം!

  ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്നുള്ള അക്രമം ധീരതയും നിലനില്‍പ്പിന് വേണ്ടിയുള്ള തിരിച്ചടി തീവ്രവാദവും ആകുന്നത് പുതുമയല്ല. മണ്ണിന് വേണ്ടിയുള്ള ഈ ഏറ്റുമുട്ടലുകളില്‍ രാജ്യസ്‌നേഹവും അഭിമാനവും വാശിയും കലരുമ്പോള്‍ പൊലിയുന്ന ജീവനുകള്‍ തൃണവല്‍ഗണിച്ചു കൊണ്ട് വീണ്ടും വീണ്ടും യോദ്ധാക്കള്‍ യുദ്ധമുന്നണിയിലേക്ക് എത്തിക്കൊണ്ടേയിരിക്കുന്നു. അവസാനമില്ലാത്ത ബലികള്‍! ആയുധമെടുത്തുള്ള പോരാട്ടം. ‘സ്വന്തം മണ്ണിന് വേണ്ടി!’ എന്ന ന്യായം ചേര്‍ത്ത് കാലമെത്താത്ത മരണങ്ങളെ നാം വെള്ളം തൊടാതെ വിഴുങ്ങുന്നു. മഹാശക്തികള്‍ തമ്മിലുള്ള ബലപരീക്ഷണങ്ങളായാലും കലാപങ്ങളായാലും അടിച്ചമര്‍ത്തലുകളായായാലും ഒന്നുമാത്രമോര്‍ക്കാം, വീഴുന്ന ചോരയുടെ നിറം ചുവപ്പ് തന്നെയാണ്.

  Advertisements