പോലീസ് ഇൻഫർമേഷൻ സെൻറർ പത്രക്കുറിപ്പ്
01.04.2019

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ തേടി
സംസ്ഥാന വ്യാപക റെയ്ഡ്; 21 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി കേരളാ പോലീസ് സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 21 പേര്‍ അറസ്റ്റിലായി. 12 ജില്ലകളിലായി 45 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതില്‍ 29 സ്ഥലങ്ങളില്‍ നിന്ന് ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്, യു.എസ്.ബി ഡ്രെവ് മുതലായവ പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ പി-ഹണ്ട് എന്നാണ് റെയ്ഡിന് പേര് നല്‍കിയിരിക്കുന്നത്. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസ്സിലാക്കാന്‍ കേരളാ പോലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 84 പേരെ കണ്ടെത്താനും ധാരാളം ഗ്രൂപ്പുകള്‍ മനസ്സിലാക്കാനും ഈ അന്വേഷണത്തിലൂടെ കഴിഞ്ഞു. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹികമാധ്യമങ്ങളിലൂടെയും ഇന്‍റര്‍നെറ്റ് മുഖേനയും ആണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും കേരളാ പോലീസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
റെയ്ഡിനെ തുടര്‍ന്ന് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം നഗരത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയില്‍ ഏഴു സ്ഥലങ്ങളിലും എറണാകുളം റൂറലില്‍ അഞ്ച് സ്ഥലങ്ങളിലും തൃശൂര്‍ സിറ്റിയിലും മലപ്പുറത്തും നാലു സ്ഥലങ്ങളിലും തൃശൂര്‍ റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ രണ്ടു സ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നത്. മലപ്പുറത്ത് നാലും തിരുവനന്തപുരം സിറ്റിയില്‍ മൂന്നും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ആലപ്പുഴ, എറണാകുളം സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ രണ്ടു വീതവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന പോലീസ് രൂപം നല്‍കിയ പ്രത്യേക വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ സൈബര്‍ ഇന്‍റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈടെക് സെല്ലും കേരളാ പോലീസ് സൈബര്‍ സെല്ലും ചേര്‍ന്നാണ് ജില്ലാ പോലീസ് മേധാവിമാരുടെ സഹായത്തോടെ വിവിധ ജില്ലകളില്‍ റെയ്ഡ് നടത്തിയത്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ ഹൈടെക്ക് സെല്‍ ഇന്‍സ്പെക്ടര്‍ സ്റ്റാര്‍മോന്‍ പിള്ള, സൈബര്‍ഡോം എസ്.ഐ എസ്.പി പ്രകാശ്, സൈബര്‍ ഇന്‍റലിജന്‍സ് ഡിവിഷന്‍, വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും കാണുന്നതും ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സൈബര്‍ ഡോമിനെയോ സൈബര്‍സെല്ലിനെയോ ഹൈടെക് സെല്ലിനെയോ അറിയിക്കണമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം അഭ്യര്‍ത്ഥിച്ചു.

വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടർ
പോലീസ് ഇൻഫർമേഷൻ സെൻ്റർ
04712318188

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.