ബിജെപിക്കെതിരെയും കോൺഗ്രസിനെതിരെയും ബദൽ വേണം

773

വേണുഗോപാൽ (Venu Gopal)എഴുതുന്നു

2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപി എങ്ങിനെ അധികാരത്തിൽ കയറി എന്നതും വോട്ടിങ് യന്ത്രത്തെ സംബന്ധിച്ച സംശയങ്ങളും ഇന്നും ഒരു ഭാഗത്ത് ചർച്ചകളായി തുടരുന്നുണ്ട്. വേറൊരു ഭാഗത്ത് ബിജെപിയോടുള്ള വെറുപ്പ് അതിന്റെ അങ്ങേത്തലയ്ക്കലേക്കു കാര്യങ്ങൾ നയിച്ചിട്ടുമുണ്ട്.ജാതീയമായും മതപരമായും ആചാരാനുഷ്ഠാനങ്ങളുടെയും കാര്യത്തിൽ കടുത്ത വൈകാരികമായ ഒരു അന്തരീക്ഷത്തിനു വഴിവെക്കുകയും ചെയ്തിരിക്കുന്നു.

ജാതീയവും മതപരവും ആചാരാനുഷ്ഠാനങ്ങളുടെയും കാര്യത്തിൽ ബിജെപി ഒരു സുപ്രഭാതം കൊണ്ട് സൃഷ്ടിച്ചെടുത്തവയാണ് എന്ന് കരുതരുത്. ഈ കാര്യങ്ങൾ സ്വതന്ത്ര ഇന്ത്യയുടെ സാംസ്കാരികവും കാര്യത്തിൽ ബോധപൂര്‍വ്വം സൃഷ്ടിചെടുക്കെണ്ടിയിരുന്ന ജനാധിപത്യ മതേതര സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ ശ്രമങ്ങള്‍ യാതൊന്നും കോണ്ഗ്രസ്സിന്റെ കാലംതോട്ടെ നടത്തിയിരുന്നില്ല എന്നതിന്റെ കഴുത്തറ്റം മുങ്ങിയ ജീര്‍ണ്ണതയുടെ വളക്കൂറുള്ള മണ്ണില്‍ നിന്നാണ് ബിജെപിയുടെ വളര്‍ച്ച വളരെ ശക്തിയാര്‍ജ്ജിക്കാനുള്ള അവസരമൊരുങ്ങുന്നത്.

അതുകൊണ്ട് കൊണ്ഗ്രസ്സാണ് ബിജെപി ഫാസിസത്തിന് മറുപടി എന്നര്‍ത്ഥത്തില്‍ കോണ്ഗ്രസ് വളര്‍ത്തി വലുതാക്കിയ സാമൂഹ്യവിപത്തുകളെയും ജീര്‍ണ്ണതകളെയും കാണുന്നതില്‍ അര്‍ത്ഥമില്ല.ഇതേ സ്ഥാനം ഏറിയും കുറഞ്ഞും ഇടതുപക്ഷവും കാരണക്കാരാണ്.അതിനുദാഹരണമായി ഏറെ കാര്യങ്ങള്‍ ഉദാഹരിക്കാന്‍ കഴിയും. അങ്ങിനെ അനവധിയായ ഉദാഹരണങ്ങള്‍ ഉണ്ടായിട്ടും കൊണ്ഗ്രാസ്സാണ് ബിജെപിക്കുള്ള ബദല്‍ എന്ന് ചൂണ്ടികാണിക്കുന്നത് എന്തര്‍ത്ഥത്തിലാണ്? ജീര്‍ണ്ണിച്ച ഒരു സമൂഹത്തില്‍, ജനാധിപത്യം അപ്പാടെ നടുവൊടിഞ്ഞ ഒരവസ്ഥയില്‍ പരിവാര്‍ സംഘത്തിനു വളരെയെളുപ്പത്തില്‍ ജനങ്ങള്‍ക്കിടയില്‍ വളരെ വേഗത്തില്‍ വിഭാഗീയത വളര്‍ത്താന്‍ സാധിച്ചു എന്നതും അവയ്ക്കൊക്കെ മൗനാനുവാദം നല്‍കി എന്നതും ശരിതന്നെ. സമൂഹത്തില്‍ ഫാസിസ്റ്റ് മനോഭാവങ്ങള്‍ പ്രയോഗത്തില്‍ വരുന്നത് ഒരു സുപ്രഭാതം കൊണ്ട് ഉണ്ടായതല്ല. അങ്ങിനെ ഉണ്ടാക്കാനും കഴിയില്ല, ക്രമമായ ഒരു ജീർണ്ണിച്ച വളര്‍ച്ചയുടെ പാരമ്യത്തില്‍ മാത്രമേ അത്തരം മനോഭാവങ്ങള്‍ ഉടലെടുക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഫാസിസത്തിന്റെ അങ്ങേയറ്റത്തെ മനോഭാവങ്ങളും പ്രയോഗങ്ങളും പരമോന്നത നീതിപീഠത്തിന്റെ നടത്തിപ്പില്‍ വരെ ചെന്നെത്തിയ സാഹചര്യവും ഉണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം സാമൂഹ്യമായ അർത്ഥത്തിൽ നടത്തിച്ചെടുക്കേണ്ട റിസർവ്വ് ബാങ്ക് നടത്തിപ്പുകളും സമ്പന്ന ശക്തികളുടെ താത്പര്യങ്ങൾക്കനുസരിച്ചു മാത്രം സാമ്പത്തിക നയങ്ങളുടെ തീരുമാനങ്ങൾ നടത്തിച്ചെടുത്തതും നമ്മൾ കണ്ടുകഴിഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളുടെ കൂത്താട്ടം തന്നെയായിരുന്നു 2014 മുൻപുള്ള കോൺഗ്രസ്സ് സർക്കാരിൽ കാണാൻ കഴിഞ്ഞത്. രാഷ്ട്രീയ രംഗത്തു നടക്കുന്ന കോടാനുകോടി തുകകളുടെ അഴിമതികൾ തേഞ്ഞുമാഞ്ഞും തേച്ചുമായ്ച്ചും കളയുന്നതിനുള്ള ആൾബലവും തിണ്ണമിടുക്കും രാഷ്ട്രീയ കളികൾകൊണ്ടും ഭംഗിയായി നടത്തപ്പെട്ടതാണ് പിന്നീടുകണ്ടത്.

പക്ഷെ ഒരു ജനകീയ പ്രക്ഷോഭം ഉരുത്തിരിഞ്ഞുവന്ന സമയവുമായിരുന്നു അന്ന് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്നത്. അതിലൂടെ വിശദവും വ്യക്തവുമായ രാഷ്ട്രീയ പഠനത്തിനു സഹായകമാകും വിധം ജനകീയ കമ്മറ്റികൾ രൂപപ്പെടുത്തി ജനകീയ വികാരത്തെ ഒന്നിപ്പിച്ചും ശക്തിപ്പെടുത്താനുമുള്ള ആഹ്വാനം പക്ഷെ ആരും ചെവികൊണ്ടില്ല.

അണ്ണാ ഹസാരെ എന്ന വ്യക്തിയെ ഇന്ത്യയിൽ ആരും രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളുടെ മുഖത്ത് കണ്ടിരുന്നില്ലെങ്കിലും ജനങ്ങളിലുണർന്ന സർക്കാരിനെതിരെയുള്ള ഒരു പൊതുവികാരം ഇന്ത്യയിലെമ്പാടും രൂപപ്പെടുത്തിയെടുക്കാൻ അണ്ണാ ഹസാരെയുടെ ആഹ്വാനത്തിന് കഴിഞ്ഞിരുന്നു. ആ സമരത്തെ ഒരു അത്ഭുതത്തോടെയും ഭീതിയോടെയുമാണ് അന്നത്തെ കക്ഷിരാഷ്ട്രീയക്കാർ കണ്ടത്. തങ്ങൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു വികസിപ്പിച്ചെടുക്കേണ്ടിയിരുന്ന ജനാധിപത്യ സമരം എങ്ങോ നിന്നുവന്ന ഒരാൾ നയിക്കുന്നെന്നു കണ്ടപ്പോഴുണ്ടായ നടുക്കം കുറച്ചൊന്നുമല്ലായിരുന്നു.

ആ പ്രക്ഷോഭത്തെ ഒരുമിപ്പിക്കാനും കൂടുതൽ വ്യാപിക്കാനും ജനകീയ സമരമാക്കി മാറ്റാൻ കടമപ്പെട്ടിരുന്ന മുഖ്യധാരാ ഇടതുപക്ഷം അതിൽനിന്നും നീങ്ങിനിന്നു ന്യായീകരിക്കുകയായിരുന്നു. അതോടെ ആ സമരത്തെ മുതലെടുത്തുകൊണ്ട്, ജനങ്ങളിൽ വളർന്നുവന്ന കോൺഗ്രസ്സ് വിരുദ്ധ വികാരത്തെ മുതലെടുത്തുകൊണ്ടുതന്നെ ബിജെപി പിടിച്ചുകയറുകയാണ് ഉണ്ടായത്. ബിജെപിയെ സംബന്ധിച്ചിടത്തോളം വീണുകിട്ടിയ ആ സുവര്‍ണ്ണാവസരം കൃത്യമായി മുതലാക്കി. ജനകീയ സമരത്തിന്‍റെ ശക്തിയിലേക്ക്‌ വഴിതെറ്റിക്കാതെ അത് ബിജെപിയുടെ കൈകളിലേക്ക് വഴിവെട്ടിയോരുക്കാന്‍ പുതിയ സമ്പന്ന ശക്തികള്‍ പണമൊഴുക്കി.

അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ഭരണവർഗം ഭയന്നിരുന്ന സമയമായിരുന്നു അത്. കോൺഗ്രസ്സിനോടുള്ള വിരോധം ആളിപ്പടരുന്നത് കാണുകയും ഇന്ത്യയിലെമ്പാടും ഒരു ഇടതുപക്ഷ ഐക്യം ജനങ്ങൾക്കുവേണ്ടി ഉണ്ടാക്കിയെടുക്കാൻ പ്രാപ്തിയുണ്ടായിരുന്ന ഇന്ത്യൻ ഇടതുപക്ഷം അവിടെയും ചരിത്രപരമായ വിഡ്ഢിത്തങ്ങൾ കാണിച്ചുകൊണ്ട് അകന്നു നിന്ന സാഹചര്യം മുതലെടുത്തത് കൃത്യമായും ബിജെപി ആയിരുന്നു. കോൺഗ്രസ്സിന് പകരം എത്രയും പെട്ടെന്നൊരു ഉത്തമസഹചാരിയായി ഇന്ത്യൻ സമ്പന്നശക്തികൾ ബിജെപിയെ വാരിക്കോരി സഹായിച്ചുകൊണ്ടും മോദിയെ വാനോളം പുകഴ്ത്തി ഒരു ദേശീയ നേതാവിന്റെ രൂപത്തിൽ കൊണ്ടുവരികയും ചെയ്തു.

കോൺഗ്രസ്സ് ഭരണകാലത്തുതന്നെ ഇന്ത്യയിൽ എമ്പാടും വളർത്തിക്കൊണ്ടുവന്ന ഹിന്ദു പ്രീണന രാഷ്ട്രീയത്തെ ബിജെപിക്ക് വളരാനുള്ള മണ്ണും പാകപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പുകൾക്കുവേണ്ടി ജാതിമത രാഷ്ട്രീയം കൃത്യമായി ഉപയോഗിച്ചിരുന്ന ഇടതുപക്ഷവും ബിജെപിയുടെ വളർച്ചക്ക് സഹായകരമായ പങ്കു വഹിച്ചിട്ടുണ്ട്. അങ്ങിനെ വളരെയധികം ശോഷിച്ച ഇന്ത്യൻ ജനാധിപത്യത്തിലേക്ക്, മതേതരത്വം തകർന്നടിഞ്ഞ ഒരു പ്രത്യേകാവസ്ഥയിൽ ഒരു പരിധിവരെ മുന്നേറ്റം സൃഷ്ടിക്കാനുള്ള ഒരവസരവും കോൺഗ്രസ്സും പ്രാദേശിക പാർട്ടികളും മുഖ്യധാരാ ഇടതുപക്ഷവും ചേർന്ന് നൽകി എന്നതാണ് ശരി.

വൻഭൂരിപക്ഷത്തിലുള്ള ഒരു പാർട്ടി ദേശീയതലത്തിൽ വളരേണ്ടത് ഇന്ത്യൻ ഭരണകൂട വർഗ്ഗത്തിന്റെയും ആവശ്യമായിരുന്നു.ദേശീയവും വിദേശീയവുമായ വിപണികളിൽ കടുത്ത മത്സരങ്ങൾ നടന്നുകൊണ്ടിരിക്കെ വിപണിയുടെ ലാഭകരവും ഭദ്രവുമായ നടത്തിപ്പിന് ശക്തമായ ഒരു ചട്ടക്കൂടുള്ള പ്രസ്ഥാനം ഉണ്ടാവുകയും ആ പ്രസ്ഥാനം തങ്ങളോടൊട്ടിനിന്നുകൊണ്ടു തങ്ങൾക്കനുകൂലമാക്കി മാറ്റേണ്ട നയങ്ങൾ അതിവേഗത്തിൽ നടത്തിച്ചെടുക്കേണ്ട കാര്യങ്ങൾ വളരെ നിഷ്പ്രയാസം മോഡി സർക്കാർ ചെയ്തുകൊടുക്കുന്നതും എല്ലാ പ്രതിപക്ഷ പാർട്ടികളും കണ്ണുംകെട്ടി അനുവദിച്ചുകൊടുക്കുന്ന കാഴ്ചയുമാണ് പിന്നീട് കണ്ടത്.

അന്ന് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന ജനകീയ സമരത്തെ ഒരു ശക്തമായ പ്രതിരോധ സമരമാക്കി മാറ്റിയിരുന്നെങ്കിൽ ആ സമരക്കമ്മറ്റികൾ ബിജെപിക്കെതിരെയുമൊരു, ഫാസിസ്റ്റ് സംസ്കാരത്തിനെതിരെയൊരു, ജനകീയ ശക്തി എന്ന നിലയിൽ പ്രവർത്തിച്ചെടുക്കാമായിരുന്നു. പക്ഷെ ചെയ്തില്ല.

അങ്ങനെയായിരുന്നെങ്കിൽ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ജനകീയ സമരക്കമ്മറ്റികളിലൂടെ ബിജെപിയുടെ ജനദ്രോഹനയങ്ങളെ ജനങ്ങള്‍ക്കുമുന്പില്‍ തുറന്നു കാണിക്കാമായിരുന്നു, ജനങ്ങളെ പഠിപ്പിക്കാമായിരുന്നു. ബിജെപി അണികളിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങൾക്കും തടയിടാമായിരുന്നു. അതും ചെയ്തില്ല. പകരം ഇടത്പക്ഷ ഐക്യത്തെ തന്നെ, ഇടതുപക്ഷ സമീപനങ്ങളെ തന്നെ ഇല്ലാതാക്കുകയായിരുന്നു ഇടതുപക്ഷവും ചെയ്തത്.

അങ്ങിനെ എല്ലാ രാഷ്ട്രീയ കച്ചവടക്കാരും ഏകദേശം നാലുവര്‍ഷത്തില്‍ കൂടുതല്‍ സമയം സുഖമായുറങ്ങി. തിരഞ്ഞെടുപ്പ് അടുത്തുവരുന്നെന്നു കണ്ടപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റു. പപ്പുവും അണ്ണനും പാര്‍ലമെന്റിനകത്തും പുറത്തും ടോം ആന്‍ഡ്‌ ജെറി കളി തുടങ്ങി.അപ്പോഴും അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കാതെ ഉന്തും തള്ളും തുടങ്ങി റാഫേല്‍ വിമാനത്തിലെ അഴിമതിയില്‍ തൂങ്ങി ബഹളങ്ങള്‍ തുടങ്ങി.

അടുത്തതായി ജനങ്ങൾ രാഷ്രീയത്തെ വെറുത്തതിനെ ചൊല്ലിയാണ് മനസ്സിലാക്കേണ്ടത്. ജനങ്ങൾ അവരവരുടെ സ്വയം സമരക്കമ്മറ്റികൾ രൂപീകരിച്ചു തുടങ്ങി. രാഷ്ട്രീയ പാർട്ടികളിൽ വിശ്വാസമില്ലാതായിരിക്കുന്നു. അവർ നടത്തുന്ന സമരങ്ങളിൽ മുഖ്യധാരാ പാർട്ടികളോ ഇടതുപക്ഷമോ അവരോടൊപ്പമില്ല. ഇല്ലാ എന്ന് മാത്രമല്ല അത്തരം സമരങ്ങൾ അവർ ആവതും ശല്യം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്യുന്നുണ്ട്. കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും സ്ഥിതി മറിച്ചല്ല. അപ്പോൾ ആരെയാണ് വിശ്വസിക്കേണ്ടത്? ആരാണ് ഫാസിസ്റ്റ് അല്ലാത്തത്? മോഡി മാത്രമാണോ?

എന്റെ അഭിപ്രായത്തിൽ ജനങ്ങൾ അവരവരുടെ സമരക്കമ്മറ്റികൾ രൂപീകരിക്കുക. അതിനെ ശക്തിപ്പെടുത്തുക, ജനാധിപത്യം മതേതരത്വം എന്നിവ അതിലൂടെ മാത്രമേ ശക്തിപ്പെടുത്താൻ സാധിക്കൂ. അതിലൂടെ മാത്രമേ ഫാസിസത്തെ എതിരിടാനുള്ള സാംസ്കാരികവും ആശയപരവുമായ ശക്തി സ്വരൂപിച്ചെടുക്കാൻ സാധിക്കൂ. അതിനു മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ തക്ക രീതിയിൽ ജനാധിപത്യ-ഇടതുപക്ഷ സമീപനങ്ങളും പ്രവർത്തനങ്ങളും നിരന്തരമായി നടത്തിയെടുക്കണം. അത് ജനകീയ സമരങ്ങളിലൂടെ മാത്രമേ നടത്തിയെടുക്കാനും കഴിയൂ.

നമ്മൾ വിചാരിക്കും തിരഞ്ഞെടുപ്പ് മത്സരത്തിൽ നമ്മൾ ജയിക്കുകയാണെന്ന്. ഒന്നുകിൽ ബിജെപി അല്ലെങ്കിൽ കോൺഗ്രസ്സ്.. വാഴത്തോട്ടത്തിൽ വടക്കേടത്ത് കുട്ടിശ്ശങ്കരൻ കയറിയാലും ഗുരുവായൂർ കേശവൻ കയറിയാലും സംഭവിക്കാൻ പോകുന്നത് ഒന്നുതന്നെ. അല്ലറ ചില്ലറ ഭരണരംഗത്തെ രീതികളിൽ വ്യത്യാസം ഉണ്ടാകാമെന്നല്ലാതെ രാഷ്ട്രീയ സാമ്പത്തിക നയങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. അങ്ങിനെ മാറ്റാൻ സാധിക്കുകയുമില്ല. ഒരു കാലത്ത് കോൺഗ്രസ്സ് കൊണ്ടുവന്ന നയങ്ങൾ ബിജെപി ദ്രുതഗതിയിൽ മുന്നോട്ടുകൊണ്ടുപോയി. ഇനി തിരിച്ചു കോൺഗ്രസ്സ് കയറിയാലും ഇല്ലെങ്കിലും നയങ്ങളിൽ കടുകിട വ്യത്യാസമില്ലാതെ അതേപോലെ കൊണ്ടുപോവുകയും ചെയ്യും.

ഇപ്പോൾ കോൺഗ്രസ്സ് അഞ്ചു കോടി ജനങ്ങൾക്ക് വാർഷിക വരുമാനമായി 75000 രൂപ എകൗണ്ടിൽ നിക്ഷേപിക്കാമെന്ന ഒരു വാഗ്ദാനം മാത്രമാണ് നൽകിയിരിക്കുന്നത്.

ജി എസ് റ്റി നികുതി പിൻവലിക്കുമെന്നോ, ബാങ്കുകൾ ചെയ്യുന്ന പിഴിച്ചിലുകൾ ഇല്ലാതാക്കുമെന്നോ, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നോ, കാർഷിക കടങ്ങൾക്കുള്ള പലിശ ഇല്ലാതാക്കുമെന്നോ, റേഷൻ വിതരണം പഴയപടി കൊണ്ടുവരുമെന്നോ, ദേശീയ പാതകളിലെ ടോൾ പിരിവുകൾ ഇല്ലാതാക്കുമെന്നോ, വനങ്ങളിലെ ഖനം ഇല്ലാതാക്കി ആദിവാസികളെ ഒഴിപ്പിക്കുന്നത് നിർത്തുമെന്നോ, ജപ്തിഭീഷണികൾ നേരിടുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നോ, കേന്ദ്രസംസ്ഥാന സർക്കാർ അർദ്ധ സർക്കാർ സ്ഥാപങ്ങളിലെ നിയമനങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്നോ, പൊതുമേഖലകൾ വിറ്റഴിക്കുന്നത് നിർത്തലാക്കുമെന്നോ, ഇന്ധനവിലവർദ്ധനവ് തടയാനുതകുന്ന തരത്തിൽ വിലനിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനികൾക്ക് നൽകിയത് പിൻവലിക്കുമെന്നോ….. അങ്ങിനെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഒരു കാര്യത്തിലും കോൺഗ്രസോ മറ്റിതര പ്രതിപക്ഷ പ്രസ്ഥാനങ്ങളോ നാളിതുവരെയായി യാതൊരു സമരമുഖങ്ങളും തുറന്നിട്ടില്ല.

അങ്ങിനെയൊരു സാഹചര്യത്തില്‍ ബിജെപിക്ക് ബദലാണ് കോണ്ഗ്രസ് എന്ന് എന്തര്‍ത്ഥത്തിലാണ് പ്രചരിപ്പിക്കുന്നത്? പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശമെന്താണ്? കൃത്യമായും പറഞ്ഞാല്‍ ഭരണവര്‍ഗ്ഗത്തിന് വിശ്വസ്തരായ ബിജെപിക്ക് മറ്റൊരു വിശ്വസ്തരായ ഒരു ബദല്‍ ജനങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചുകൊണ്ട് അവരുടെ താത്പര്യങ്ങള്‍ക്ക് പോറല്‍ എല്‍കരുതാത്ത വിധം സ്വകാര്യ സാമ്പത്തിക രാഷ്ട്രീയ താത്പര്യങ്ങള്‍ അതേപടി നിലനിര്‍ത്തി മുന്നോട്ടുകൊണ്ടുപോവുക എന്നുമാത്രമേ ഇന്നുള്ള കോലാഹലങ്ങള്‍ കൊണ്ട് അര്‍ത്ഥം വരുന്നുള്ളൂ.