രാഗീത് ആർ ബാലൻ
നാളെ മറ്റൊരു ക്രിസ്തുമസ്.. നാളെക്ക് രണ്ട് വർഷം ആകും അനിൽ പി നെടുമങ്ങാട് എന്ന കലാകാരൻ പോയിട്ട്..ഒരുപാട് നല്ല സിനിമകൾക്ക് സാക്ഷി ആകേണ്ടിയിരുന്ന ഒരു മനുഷ്യൻ..ഒരു കഥാപാത്രത്തിന്റെ ഭൂതകാലം അടയാളപ്പെടുത്തുന്ന ഒരു സംഭാഷണം മാത്രം മതി ഈ നടനെ ഓർക്കുവാൻ

“കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ നീ.. തൃശൂർ കുമ്മാട്ടി അല്ല മുണ്ടൂർ കുമ്മാട്ടി.. പണ്ട് ജന്മിമാര് പാണ്ടികളെ ഇറക്കും കുമ്മാട്ടി കോലത്തില്..എതിരെ നിൽക്കുന്ന യൂണിയൻ പ്രവർത്തനം ഉള്ള ഹരിജൻ സഖാക്കളേ തീർക്കാൻ.. രണ്ടു കുമ്മാട്ടി കഴിഞ്ഞു..കുറെ സഖാക്കൾ തീർന്നു..പക്ഷെ അടുത്ത കുമ്മാട്ടിക്ക് തീർന്നത് പതിമൂന്നു പാണ്ടികളാ..ചെയ്തത് ആരെന്നു പോലീസിന് പിടികിട്ടിയില്ല..പക്ഷെ പാർട്ടിക്ക് കിട്ടി.. ഇരുപത്തഞ്ചു വയസ്സുള്ള ഒരു ചെക്കനെ കുമ്മാട്ടി കോലത്തിൽ കൊണ്ട് നിർത്തി എം ൽ എ ചാത്തൻ മാഷിന്റെ മുൻപിൽ…മാഷ് അവനോടു പറഞ്ഞു.. നീ ചെയ്തത് തെറ്റല്ല ചെറുത്തുനിൽപ്പാണ്.. പക്ഷെ ഇന്ന് നീ എന്ത് ചെയ്യുമ്പോഴും നിയമം വേണം നിന്റെ കൂടെ എന്നു നിർബന്ധിച്ചു മാഷ് അവനെ പോലീസിൽ ചേർത്തു…
അവന്റെ പേരാണ് അയ്യപ്പൻ നായർ.. പിന്നീട് മുണ്ടൂർ മാടൻ എന്നൊരു വിളിപേരും കിട്ടി.. യൂണിഫോമിൽ കയറിയത് കൊണ്ട് അയാൾ ഒന്ന് ഒതുങ്ങി..മയപ്പെട്ടു.. ആ യൂണിഫോം ആണ് നീ ഇങ്ങനെ നഷ്ടപ്പെടുത്തിയത്..ഇനി അയാൾക്കു നിയമം ഇല്ല… കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുക എന്നത് ”
ഭയങ്കര ഒരു ഇഷ്ടമുണ്ടായിരുന്നു എനിക്ക് ഈ നടനോട്. ഓരോ സിനിമകളിലും കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു.ഇപ്പോൾ വെറുതെ എങ്കിലും അദ്ദേഹത്തിന്റെ ഇന്റർവ്യൂകൾ എടുത്തു കാണാറുണ്ട്.. കാരണം സിനിമ മേഖലയിൽ കലാഭവൻ മണി ചേട്ടന്റെ വിയോഗത്തിന് ശേഷം എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച ഒരു മരണ വാർത്ത ആയിരുന്നു അനിൽ ചേട്ടന്റെ.. അയ്യപ്പനും കോശിയും ഇറങ്ങിയപ്പോൾ പേർസണൽ ആയി എന്റെ അദ്ദേഹതിനോടുള്ള ആരാധന അറിയിച്ചു കൊണ്ടുള്ള ഒരു സന്ദേശം അയച്ചപ്പോൾ നേരിട്ട് ഒരിക്കൽ കാണാം എന്നായിരുന്നു മറുപടി….. പക്ഷെ കാണാൻ സാധിച്ചില്ല….ഇടക്ക് ഇടക്ക് പഴയ അദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണുകയും..ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലും ഞാൻ പോയി നോക്കാറുണ്ട്.. രസകരമായ അദ്ദേഹം പങ്ക് വെച്ച കുറെ അധികം ഓർമകളും തമാശകളും കുറെ ചിത്രങ്ങളും അവസാനമായി കുറിച്ച വാക്കുകളും കാണുവാൻ വേണ്ടി..പിന്നെ ഓൺലൈൻ വരുമ്പോൾ ഉള്ള ഒരു സിംബൽ ഉണ്ടല്ലോ.. അതെങ്ങാനും ഒന്നുകൂടി വന്നാലോ എന്ന് കരുതി…
മരിക്കുന്ന ദിവസം മണിക്കൂറുകൾക്ക് മുൻപായി അദ്ദേഹം Fb യിൽ കുറിച്ചത് സഹ പ്രവർത്തകൻ സംവിധായകൻ സച്ചിയെ പറ്റി ആയിരുന്നു .”ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .”
അനിൽ ചേട്ടൻ എങ്ങും പോയിട്ടില്ല..നമുക്ക് ചുറ്റും കാല കാലങ്ങളോളം പല ഭാവത്തിൽ പല വേഷങ്ങളിൽ ഉണ്ടാകും….. ശരീരം മാത്രമാണ് പോയിരിക്കുന്നത്.. സിനിമ ഉള്ളയിടത്തോളം കാലം ഇവിടെയൊക്കെ തന്നെ ഉണ്ടാകും..ഒരുപാട് നല്ല സിനിമകൾക്ക് സാക്ഷി ആകേണ്ടിയിരുന്ന ഒരു മനുഷ്യൻ..💔