നിങ്ങൾക്ക് നിങ്ങളായി തുടരാനുള്ള അവകാശം ഉണ്ട്, നിങ്ങളുടെ ഇരട്ട കൊമ്പുകളെ ട്രോളാൻ ഞങ്ങൾക്കും

418

Aghilesh M എഴുതുന്നു  

മലയാളി മധ്യവർഗപൊതുബോധത്തിന്റെ, അതിന്റെ ഹിപ്പോക്രസിയുടെ ഏറ്റവും വലിയ ബിംബമാണ് മോഹൻലാൽ. അയാൾ എന്ന നടനെ, അതിന്റെ അതിരുകൾ ഇല്ലാത്ത സാധ്യതയെ ഇതെഴുത്തുന്നയാൾക്ക് മതിപ്പാണ്. പക്ഷെ, അയാൾ അയാളുടെ നടന മേൽവിലാസത്തിൽ കൂടി, കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിന്റെ സമൂഹ്യശരീരത്തിലേക്ക് കുത്തിവയ്ക്കുന്ന ആരാഷ്ട്രീയതയെ അത്ര നിഷ്കളങ്കമായി കാണാൻ വയ്യ.

Aghilesh M
Aghilesh M

മോഹൻലാലിനൊപ്പം, ചിരിക്കാത്ത, പാട്ട് പാടാത്ത, പ്രണയിക്കാത്ത മലയാളി ഇല്ലെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ശരിയാണ് തൊഴിൽ ഇല്ലായ്‌മ മുതലുള്ള മലയാളി മധ്യവർഗത്തിന്റെ ആകുലതകൾ സംസാരിച്ചു കൊണ്ടാണ്, അതിന്റെ അത്രയും കാമ്പില്ലാത്ത രസകരമായ തമാശകളെ, സങ്കടങ്ങളേ കാട്ടി തന്ന് കൊണ്ടാണ് മോഹൻലാൽ വളരുന്നത്. അയാളുടെ ശരീരം പോലും ശരാശരികാരന്റേത് ആയിരുന്നു. അഴകളവുകൾ പാടെ തെറ്റിച്ച ഒന്ന്.

പിന്നീട് മോഹൻലാൽ, മാസ്‌കളുടെ നായകൻ ആയി. മീശ പിരിക്കുന്ന അടിമുടി മസ്കുലാർ ആയ വീരനായകൻ. പിന്നീട് അയാളുടെ സിനിമകളിൽ അയാൾ, അയാളുടെ പ്രിയപ്പെട്ട സംവിധായകർ വിളമ്പിയത് ഒക്കെ സവർണ മധ്യവർഗ്ഗത്തിന്റെ ഫ്രസ്ട്രേഷൻസ് ആയിരുന്നു. വെറുതെ കുടിച്ചും തിന്നും കഴിയുമ്പോഴും അധ്വാനിച്ചു പണമുണ്ടാക്കി വരുന്ന, തന്റെ വസ്തുവിന് വിലപറയാൻ വരുന്ന അന്യമതസ്ഥന്റെ ധിക്കാരങ്ങൾ അയാളുടെ സ്വസ്ഥത കെടുത്തി. പുറത്തു ലോകം മാറുന്നത് അറിയാതെ, ഉമ്മറത്ത് സിംഹാസനത്തിൽ ഇരിക്കുന്ന, അങ്ങനെ ഇരുന്ന ഭൂതകാലത്തെ ആരാധിക്കുന്ന പൊതുബോധത്തെ അയാൾ തൃപ്തിപെടുത്തി.

Image result for mohanlal writingകുത്തുകേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടും മേനോൻ ആയതു കൊണ്ട് അതുകൊണ്ട് സിവിൽ സർവീസും കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും അയാൾ തന്നെ ആയിരുന്നു. അയാൾ ഗുണ്ട ആകുമ്പോഴും അയാൾക്ക് അതാകാൻ പറ്റില്ലായിരുന്നു.
അയാളും പ്രിയദർശനും ചേർന്ന് സൃഷ്ടിച്ചെടുത്ത സവർണ അരങ്ങുകളിൽ, അയാൾ നിറഞ്ഞു ആടി. അയിത്തം താഴ്ന്നവർഗ്ഗക്കാരൻ ആണെന്നും, അതുകൊണ്ട് ജോലി കിട്ടാത്തത് ആണെന്നും, ഒന്നുമില്ലെങ്കിലും ഇല്ലത്തെ നായർ ആയത് കൊണ്ട്, ജീവിതത്തിൽ മാന്യൻ ആയിരിക്കും എന്നും അയാൾ പറഞ്ഞു വെച്ചു.

നിസ്സഹായനായ, സംവരണത്തിന്റെ ഇരയായ, ഉശിരുള്ള, കൊന്ന് തിന്നുന്ന, നാട്ട് രാജാവായ സവർണ നൊസ്റ്റാൾജിയകളെ മറ്റേത് നടനെക്കാളും അയാൾക്ക് കൈകാര്യം ചെയ്യാൻ പറ്റി. അങ്ങനെയാണ് ഫാൻസ് അസോസിയേഷൻ കൂടി രംഗത്ത് വരുന്നത്. ഏറ്റവും അക്രമോത്സുകമായ, എല്ലാ പിന്തിരിപ്പൻ നിലപാടുകളും കൂടെ കൂട്ടുന്ന വെട്ടുകിളി കൂട്ടം തന്നെയായിരുന്നു അത്. ഫാൻസ് അസോസിയേഷൻ എന്ന വിഢിത്തം എല്ലാ സൂപ്പർ സ്റ്ററുകളും കൂടെ കൂട്ടിയെങ്കിലും ഇത്രയും സംഘടനശേഷിയുള്ള, അക്രമസ്വഭാവമുള്ള മറ്റൊന്ന് ഉണ്ടായിട്ടില്ല. പിന്നെ അതിന്റെ സമാന സ്വഭാവം ഉണ്ടായത്, ദിലിപീന്റെ കാര്യത്തിലാണ്. രണ്ട് പേരും ഏട്ടന്മാർ ആയത് യാദൃശ്ചികമല്ല.

Image result for mohanlal writingഇനി മോഹൻലാൽ എന്ന വ്യക്തിയിലേക്ക് വരാം. വ്യക്തിപരമായ അയാളുടെ ശീലങ്ങൾ അല്ല. നടൻ എന്ന മേൽവിലാസത്തിൽ മോഹൻലാൽ എന്ന വ്യക്തി, കേരളത്തിന്റെ സാമൂഹ്യ ശരീരത്തിന്മേൽ നടത്തുന്ന ഇടപെടലുകൾ ആണ് സൂചിപ്പിക്കുന്നത്. മോഹൻലാൽ അടിമുടി നിക്ഷ്പക്ഷൻ ആണെന്നാണ് വെയ്പ്. പക്ഷെ നിക്ഷ്പക്ഷതയിലൂടെ അയാൾ ഒളിച്ചു കടത്തുന്ന രാഷ്ട്രീയം എത്രയോ ഭീകരമാണ്. അരാഷ്ട്രീയമായ ജീവിതത്തിന്റെ ഉപകരണ്ങ്ങൾ ആയിരുന്നു അയാളുടെ കൈവശം മുഴുവനും. ഓഷോ, യോഗ എല്ലാം.
ജീവിതത്തിൽ, ഇനി ഒരു സമരം പോലും നടത്തേണ്ടി വരില്ലെന്ന് ഉറപ്പുള്ള ഒരു വിഭാഗത്തിന്റെ ആൾദൈവമായി അയാൾ മാറി.

അരാഷ്ട്രീയ ആൾക്കൂട്ടം ആഗ്രഹിക്കുന്ന രീതിയിൽ, അയാളെ ഒരുക്കിയെടുക്കാൻ കൃത്യമായ സംവിധായകർ എത്തി. ആദ്യകാലങ്ങളിൽ അത്, പ്രിയദർശൻ ആയിരുന്നെങ്കിൽ, ഇങ്ങു മേജർ രവി വരെ അതിനു അലകും പിടിയും ചാർത്തി. ആൾക്കൂട്ടത്തിന്റെ സ്വപ്നങ്ങളായ നാട്ട് രാജാവും ഡോണും സൈന്യതലവാനും ആയി അയാൾ അവതരിച്ചു കൊണ്ടേ ഇരുന്നു. നോട്ട് നിരോധിക്കുമ്പോൾ വെയിലത്തു നിന്ന് കരിഞ്ഞു പോയ സാധാരണക്കാരെ, കരിഞ്ഞ സാമ്പത്തിക അവസ്ഥയെകുറിച്ചല്ല, അതിർത്തിയിലേക്ക് നോക്കാൻ അയാൾ ബ്ലോഗിലൂടെ പറഞ്ഞു.
അതാരുടെ ഭാഷ ആണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. അന്റാർട്ടിക്കയിൽ ഇരുന്ന്, കേരളത്തെ കുറിച്ചു വേദനിക്കാൻ, കരിങ്കൽ പാകിയ വീടുകൾക്ക് അകത്തിരുന്നു പരിസ്ഥിതിയുടെ ആകുലതകൾ പങ്ക് വയ്ക്കാൻ അയാൾക്ക് യാതൊരു ഉളുപ്പുമില്ല. അത് അയാളുടെ മാത്രമല്ല, സെയ്ഫ് സോണിൽ ഇരുന്നു ആരാഷ്ടീയത വിളമ്പുന്ന മധ്യ വർഗത്തിന്റെ ജീവിതം കൂടിയാണ്.

Image result for mohanlal writingഇത്രയും ധീരോധത്തൻ ആയ നായകൻ, ജീവിതത്തിന്റെ ഉരകല്ലിൽ ദയനീയമായി പരാജയപെട്ടു. സ്വന്തം സഹപ്രവർത്തകയെ ബലാൽക്കാരം ചെയ്ത വിഷയത്തിൽ, അയാൾ ഭീരുവകുന്നത് കണ്ടു. അതിനെതിരെ പ്രതികരിച്ച കാമ്പുള്ള പെണ്ണുങ്ങളെ ഫാൻസുകാർ പോയി തെറി പറഞ്ഞു. മോഹൻലാൽ 3000 പേരെ പ്രാപിച്ചിട്ടുണ്ടെന്ന കരകമ്പിയിൽ രതിമൂർച്ച കൊള്ളുന്ന, ഫാൻസ് നടിമാരുടെ പോസ്റ്റുകൾക്ക് താഴെ ഫ്രസ്ട്രേഷൻസ് തീർത്തു.

അയാളുടെ അഭിമുഖം, അയാളുടെ എഴുത്തുകൾ, ഉള്ളി പൊളിക്കുന്ന പോലെയാണ്. അതിൽ ഒന്നുമില്ല. വെറുതെ അടർത്തി കളഞ്ഞിട്ട് കിടന്ന് ഉറങ്ങാം.
ഗ്യാസ് നിറച്ച, ബ്ലോഗ് കൊണ്ട്, അതിന്റെ ആരാഷ്ട്രീയത കൊണ്ട്, നിരന്തരം ഘോഷിക്കുന്ന വിശ്വശാന്തി കൊണ്ട് അയാൾ നിഷ്കളങ്കമായ ഒന്നല്ല ചെയ്യുന്നത്. അയാൾ കുത്തിവയ്ക്കുന്നത് നിക്ഷ്പക്ഷതയിൽ പൊതിഞ്ഞ, വിഷകൂട്ടാണ്. അയാളുടെ നേതൃത്വതിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ ആരൊക്കെ എന്നു തിരക്കിയാൽ അത് പിടിപെടും.

ഇങ്ങനൊക്കെ ആണെങ്കിലും,
അമ്മാതിരി മുഴുവൻ നടൻ അല്ലെങ്കിലും പുതിയ പിള്ളേർ പുറത്തുണ്ട്. അല്ല സിനിമയുടെ അകത്തുണ്ട്. അവർ നിരന്തരം ചിന്തിക്കുന്നു, എഴുതുന്നു. കാൽമടക്കി തൊഴിക്കാൻ പെണ്ണിനെ വേണമെന്ന് അവർ എഴുതി വെക്കില്ല. അവർക്ക് ആഢ്യതങ്ങൾ ഭാരമായി തൂങ്ങുന്നെ ഇല്ല. മാനവികതയുടെ മുന്നിൽ സൗഹൃദം പോലും തേങ്ങ ആണെന്ന്, പുരുഷൻ കരയുന്നവനും നിലവിളിക്കുന്നവനും ആണെന്ന് അവർ പറഞ്ഞു വെയ്ക്കുന്നു. അവരുടെ സിനിമകൾ കൂവിതോല്പിക്കുന്ന കാലവും കഴിഞ്ഞു പോയി.

അതായത് പുറത്തു കാലം മാറുന്നുണ്ട്. കുറച്ചു കൂടി തുറന്ന, നേര നിന്ന് സംസാരിക്കുന്ന കാലം. അവിടെ ഉള്ളു പൊള്ളയായ, പരസ്പര വിരുദ്ധമായ, അതേ സമയം വിഷലിപ്തമായ രാഷ്ട്രീയത്തെ വഹിക്കുന്ന നിങ്ങളുടെ എഴുത്തും പറച്ചിലും പിൻവാങ്ങപെടും. നിങ്ങളുടെ, സവർണ്ണ മാസ്സ് പുരുഷന്മാർ മാത്രം അതാഘോഷിച്ചു തീരും.
കാലം മുന്നോട്ട് പോകുന്നത് പുതിയ മനുഷ്യരുടെ കൈ പിടിച്ചാണ്.

തീർച്ചയായും നിങ്ങൾക്ക് നിങ്ങളായി തുടരാനുള്ള അവകാശം ഉണ്ട്. നിങ്ങളുടെ ഇരട്ട കൊമ്പുകളെ ട്രോളാൻ ഞങ്ങൾക്കും. പകൽ പോലെ നിങ്ങളുടെ വൈരുധ്യങ്ങൾ വരച്ചു കാണിക്കും. അതിന്റെ വെട്ടത്തിൽ നിങ്ങൾ മഞ്ഞളിച്ചു പോകും.