ലൈംഗീകത എന്താണെന്നറിയാത്ത പ്രായത്തിൽ ജാതകം നോക്കി വീട്ടിലെ ബാധ്യത ഒഴിപ്പിക്കുന്ന പരിപാടി

0
299

Ahaliya Unnikrishnan

പ്ലസ് ടു വിൽ പഠിക്കുന്ന സമയം . 18 തികയാൻ ഇനിയും ഒരു വർഷം കൂടെയുണ്ടെനിക്ക് . അങ്ങനിരിക്കുമ്പോഴാണ് എന്റൊപ്പം പഠിക്കുന്ന ഒരു കുട്ടിയുടെ കല്യാണം . എന്തിനാണ് കല്യാണം കഴിക്കുന്നതെന്നോ , എന്താണ് കല്യാണമെന്നോ അവൾക്ക് അറിയില്ല . പിന്നെന്തിനാ സമ്മതിച്ചത് എന്ന് കൂട്ടത്തിൽ ആരൊ ചോദിച്ചപ്പോൾ “ജാതകത്തിൽ എന്തോ ദോഷമുണ്ട് , 18 വയസ്സ് തികഞ്ഞാൽ കെട്ടിച്ച് വിട്ടേക്കണം എന്ന് ജോത്സ്യൻ പറഞ്ഞു ” എന്നാണ് ബോധം ഉറക്കാത്ത പ്രായത്തിൽ അവൾ പറഞ്ഞ മറുപടി . എങ്കിലും കാണികൾ ആയിരിക്കുന്ന ഞങ്ങൾ അതെല്ലാം കണ്ടു , അവൾ കല്യാണം കഴിക്കുന്നതും പിന്നെ ക്ലാസ്സിൽ വരാതായതും ഒക്കെ . ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയാണവൾ . പിന്നീട് അവൾ പ്ലസ് ടു എഴുതിയതുമില്ല .

ലൈംഗീകത പോലും എന്താണെന്നറിയാത്ത പ്രായത്തിൽ ജാതകം നോക്കി വീട്ടിലെ ബാധ്യത ഒഴിപ്പിക്കുന്ന പരുപാടി ആയിരുന്നു അന്ന് ആ കല്യാണം എന്ന് ചിന്തിക്കുമ്പോൾ തോന്നുന്നു .ഇത് ഒരു കഥ , ഇനി മറ്റൊന്ന് പറയാം

എന്റെ മറ്റൊരു സുഹൃത്ത് .അവൾ ഇപ്പൊ നാട്ടിലൊരു കോളേജിൽ പിജി ചെയ്യുന്നു . ലോക്ക് down പ്രഖ്യാപിച്ചപ്പോൾ വീട്ടിൽ പോയി . ഒരു വർഷം കൂടെ കഴിഞ്ഞു സ്വന്തം കാലിൽ നിന്ന് എന്തെങ്കിലും ഒക്കെ കാര്യമായി സമ്പാദിക്കണം എന്നിട്ട് അടിച്ച് പൊളിക്കണം എന്ന ആഗ്രഹമായിരുന്ന അവൾക്കും ജീവിതത്തിലെ ട്വിസ്റ്റ് വരുത്തിയത് ജാതകവും ജോത്സ്യനും പിന്നെ ബന്ധുക്കളുമാണ് .മാസങ്ങൾക്ക് ശേഷം കോളേജ് തുറന്നപ്പോൾ പറന്നു നടക്കാൻ കൊതിച്ച അവളുടെ ചിറകുകൾ അവളുടെ വീട്ടുകാര് കല്യാണത്താൽ കെട്ടിവലിക്കുകയും കെട്ടിയ പയ്യനൊപ്പം ഗൾഫിൽ പോവുകയും അനന്തരം അവൾ കോളേജിൽ പോകാതെയും ആയി .

ഈ രണ്ടു കേസിലും ജാതകമാണ് വില്ലത്തരം കാട്ടുന്നത് എങ്കിൽ ഇനി മറ്റൊരു കഥപറയാം .
വളരെ ഓർത്തോഡോക്സ് ആയ മുസ്ലിം ഫാമിലിയിൽ ജനിച്ച , എന്നാൽ അതിന്റെ ചട്ടക്കൂടുകളൊക്കെ ഭേദിക്കാൻ പഠിപ്പിച്ച ഉപ്പയും ഉമ്മയും വളർത്തിയെടുത്ത ഒരു പെൺകുട്ടി എന്റെ കൂട്ട്കാരിയായിരുന്നു . അവൾക്കും ആഗ്രഹങ്ങൾ എണ്ണിയാൽ ഒതുങ്ങാത്തതായിരുന്നു . എന്നാൽ അവളുടെ പ്രതീക്ഷകളെ കാറ്റിൽ പറത്താൻ പാകത്തിന് 21 ആം വയസിൽ ബന്ധുക്കൾ തുനിഞ്ഞു മുറവിളി കൂട്ടി . ഒട്ടും താൽപ്പര്യമില്ലാത്ത ആളെ , ഒട്ടും comfortable അല്ലാത്ത പ്രായത്തിൽ അവൾ കെട്ടി . ഇപ്പോൾ divorced ആണ്
പണ്ട് ജോസഫ് മുണ്ടശ്ശേരി പറഞ്ഞ വാക്കുകളുണ്ട്

“സ്ത്രീകളെ ലൈംഗിക ആസക്തിക്കുപയോഗിക്കാനും പിള്ളേരെ പെറുന്ന , വീട്ടിലെ ജോലി നോക്കി നടത്തുന്ന ഒരു മെഷീൻ ആയും മാത്രമാണ് ഈ സമൂഹവും ഇവിടുത്തെ സംസ്കാരവും കാലകാലങ്ങളായി കണ്ട് പോരുന്നത് .”

ഇത്തരത്തിൽ ഉള്ള ചിന്താഗതി ഉള്ളിടത്തോളം കാലം പെൺകുട്ടികളെ 18 തികയുമ്പോൾ തന്നെ ബാധ്യത ഒഴിപ്പിച്ച് വിടുന്ന പോലെ ഒരു പരിചയവും ഇല്ലാതൊരുവനൊപ്പം പടിയിറക്കുമ്പോൾ അവിടെ പിണ്ഡം വയ്ക്കപ്പെടുന്നത് അവളുടെ സ്വപ്നങ്ങളാണ് .ഫിനാൻഷ്യൽ ഇൻഡിപെൻഡൻസി ഉള്ള ഒരു സ്ത്രീ ആയിട്ട് മതി കല്യാണം എന്ന് പറഞ്ഞാൽ തന്നെ അടുത്ത ചോദ്യം ” പ്രായം കൊറേ ആവില്ലേ??? അങ്ങനെ വീട്ടിനകത്തു നിന്നെ ഇരുത്തിയാൽ ആള്ക്കാര് ഓരോന്ന് പറയും ”

ഏത് ആൾക്കാർ ?? എന്ത് പറയാൻ ???
സ്വന്തം കാലിൽ നിൽക്കുന്നത് ഈ രാജ്യത്ത് ഇത്ര വലിയ പാതകമാണോ ??
സ്വന്തമായി സമ്പാദിക്കുന്നത് പാതകമാണോ ???
ഇഷ്ടമുള്ളൊരാളുടെ ഒപ്പം ഒരു സ്ത്രീ ജീവിക്കുന്നത് ഈ നാട്ടിലെ സാംസ്കാരിക വ്യവസ്ഥയെ ചോദ്യം ചെയ്യുന്നു എന്ന് പറയുന്നവർ തന്നെ ആണ് ഫിനാൻഷ്യൽ ഇൻഡിപെൻഡൻസി എത്തുന്നതിനു മുന്നെ sex നെ പറ്റി യാതൊരു പരിജ്ഞാനവും ഇല്ലാത്ത പ്രായത്തിലെ പെൺകുട്ടികളെ കെട്ടിച്ച് വിടണം എന്ന സംസ്കാരം ഈ സമൂഹത്തിനു മുന്നിൽ പച്ച കുത്തുന്നത് .

ഇരട്ടകളായി ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ജനിച്ചാൽ – പെൺകുട്ടിയെ ജാതകത്തിന്റെ പേരിൽ ആദ്യം കല്യാണം കഴിപ്പിച്ചു വിടുന്ന പ്രവണത എനിക്ക് കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് . ആ പെൺകുട്ടിയുടെയും കല്യാണം കഴിഞ്ഞു 7-8 വർഷം കഴിഞ്ഞാകും ആൺ കുട്ടിയുടെ കല്യാണവും . ഈ കേസിൽ വീട്ടുകാർ പലപ്പോഴും ചിന്തിക്കുന്നത് ആ ആൺകുട്ടി ഫൈനാൻഷ്യലി stable ആയിട്ട് കെട്ടിക്കാം എന്നാണു -അവിടെ ജാതകം എന്നത് ഒരു കീറാമുട്ടിയല്ല . ഇതേ പോലെ അവരുടെ തന്നെ മകളെ / പെണ്മക്കളെ കുറിച്ച് ചിന്തിക്കുമോ എന്നുള്ളത് harpic പരസ്യത്തിൽ ശേഷിക്കുന്ന കിടാണുക്കളെക്കാളും കുറവ് ശതമായിരിക്കും .

ഇതെല്ലം നേരിട്ട് കണ്ണിന്റെ മുന്നിൽ കണ്ടുംകേട്ടും വളർന്ന ഒരു പെൺകുട്ടി എന്ന നിലയിൽ ആദ്യമേ ആഷിക് ഈ പ്രോജെക്ടിലേക്കായി ക്ഷണിച്ചപ്പോൾ മനസിലിട്ട് കൊണ്ടുനടന്ന കാര്യങ്ങൾ എല്ലാം എഴുതണം എന്ന് തോന്നി . അങ്ങനെ എഴുതിയ വരികളാണ് അനാമിക എന്ന ആൽബത്തിലൂടെ ഇന്ന് യൂട്യൂബിൽ റിലീസ് ആയത് .ഒരു പെൺകുട്ടി എന്ന നിലക്ക് ഒത്തിരി അഭിമാനമുണ്ട് ഇതിൽ പങ്കു കൊള്ളാൻ പറ്റിയതിൽ
എല്ലാവരും കണ്ടു അഭിപ്രായം അറിയിക്കണം

**