തമിഴിനാട്ടിൽ ചെന്ന് ‘അവനാ നീ ‘ എന്ന് ആരുടെ മുഖത്തുനോക്കിയും ചോദിക്കരുതേ !

181

🖋️ Ahlaam Aami

തമിഴ് സിനിമകളിൽ ഒക്കെ സ്ഥിരം കണ്ടുവരുന്ന ഒരു തമാശ പ്രയോഗം ആണ് ‘ അവനാ നീ? ‘ എന്നുള്ളത്. ഒരു ഹോമോസെക്ഷ്വൽ ആയ പുരുഷനെ കാണിക്കുമ്പോൾ ഉള്ള ഹാസ്യനിർഭരമായ പ്രതികരണം ആണ് ഇത്. മലയാളത്തിലും ഉണ്ട് ഇത്തരം ജനറിക് ആയ പ്രയോഗങ്ങൽ – ധിം തരികിട തോം, നീട്ടി ഉള്ള ചേട്ടാ വിളി ഉൾപെടെ ഒരുപാടെണ്ണം. മറ്റു ഭാഷകളിലും ഇത്തരം പ്രയോഗങ്ങൾ കാണാം.ചുരുക്കി പറഞ്ഞാൽ തമിഴ് നാട്ടിൽ പോയി ആരെയെങ്കിലും നോക്കി ‘ അവനാ നീ ‘ എന്ന് പറഞ്ഞാൽ അതിൻ്റെ അർത്ഥം വേറെ ആണെന്ന് നമ്മളെ പഠിപ്പിക്കുന്നത് സിനിമയാണ്.

Avana nee (podcast) - Prithvirajxxx | Listen Notesഅപ്പോൾ ഇതാണ് ചോദ്യം, സിനിമ എന്നത് സമൂഹത്തിൻ്റെ പ്രതിഫലനം അല്ലേ, സിനിമയിൽ മാറ്റം വന്നു എന്ന് കരുതി സമൂഹത്തിൽ മാറ്റം ഉണ്ടാകുമോ എന്ന്? ഉണ്ടാകും. നമ്മുടെ നാട്ടിൽ സാമൂഹിക മൂല്യങ്ങൾ പ്രചരിപ്പിക്കാൻ വീട് കഴിഞ്ഞാൽ ഏറ്റവും കൂടുതലായി അല്ലെങ്കിൽ അതിലും ഉപരി നമ്മളെ സഹായിക്കുന്നത് സിനിമ ആണ്. അപ്പോൾ സിനിമയിൽ ഇത്തരം ഡിസ്കോഴ്സ് സാധാരണവൽകരിക്കപെടുമ്പോൾ അവ സമൂഹത്തിലും അതെ പടി പ്രതിഫലിക്കുന്നു.

ഹോമോസെക്ഷ്വാൽറ്റി ഒന്നും ചർച്ച ചെയ്യുന്ന പടം അല്ലെങ്കിലും, മുഖ്യധാരാ പുരുഷ സങ്കൽപങ്ങളിൽ നിന്ന് മാറി നിൽക്കുന്ന ഒരു കഥാപാത്രം പറയുന്നത് കൊണ്ട് തന്നെ ഈ ധിം തരികിട തോം എന്ന പ്രയോഗം ജനന സമയത്ത് ഉണ്ടായ ജെന്ററിൽ നിന്നും വ്യത്യസ്തമായ സെക്ഷ്വൽ ഓറിയൻ്റേഷൻ ഉള്ള എല്ലാ പുരുഷ കഥാപാത്രങ്ങൾക്കും ചാർത്തി കൊടുക്കാൻ ‘ചാന്ത്പൊട്ട് ‘ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതായത്, മുഖ്യധാരാ സങ്കല്പത്തിന് വിപരീതമായി നിൽക്കുന്നത് എന്ത് തന്നെ ആയാലും, പുരുഷൻ ആണേൽ ‘ ധിം തരികിട തോം’.

ഹോമോസെക്ഷ്വൽ ആയ സ്ത്രീ കഥാപാത്രങ്ങൾ വിരളമാണ്, മുഖ്യധാരാ പടങ്ങളിൽ ഇല്ല എന്ന് തന്നെ പറയാം. കാരണം, ഒരു സ്ത്രീയുടെ ലൈംഗിക താൽപര്യങ്ങൾ പുരുഷ സങ്കൽപ്പങ്ങൾക്ക് മുകളിൽ പോകാം എന്ന് ചിന്തിക്കാൻ പോലും നമ്മുടെ മുഖ്യധാരാ ഫിലിം മേയ്ക്കേഴ്സിന് താൽപര്യം ഇല്ല, ഇനി അങ്ങനെ എന്തേലും എടുത്താൽ ഓഡിയൻസ് എങ്ങനെ പ്രതികരിക്കും എന്ന ഭയവും ആകാം. ഓഡിയൻസിൻ്റെ താൽപര്യങ്ങൾക്കനുസരിച്ച് മാത്രം ക്രാഫ്റ്റ് ചെയ്തു പടം എടുക്കുക എന്ന കൊമേഴ്സ്യൽ ചിന്ത ഭരിക്കുന്ന ഒരു ഇന്റസ്ട്രിയിൽ ഇത്തരം ചിന്തകൾക്ക് എന്ത് വിലയാണ് കിട്ടാൻ പോകുന്നത് എന്നതാണ് അടുത്ത സംശയം. ഒരു ഡയലോഗ് പോലും അതിൻ്റെ പബ്ലിക് അപ്പീലിനെയും, അത് കൂട്ടി ചേർത്താൽ ഉണ്ടാകാൻ പോകുന്ന റിയാക്ഷനെയും മുൻനിർത്തി എഴുതുന്ന മാസ്സ് പടങ്ങളുടെ ലോകത്ത് ലൈംഗികത പോയിട്ട് സ്വാതന്ത്ര്യത്തെ പറ്റിപ്പോലും ഇപ്പോഴാണ് സ്ത്രീ കഥാപാത്രങ്ങൾ ചിന്തിക്കാൻ തുടങ്ങിയത്.

ഇനി നേരത്തെ പറഞ്ഞ വാണിജ്യ താൽപര്യം മാത്രം മുൻനിർത്തിയുള്ള സിനിമ, സീരീസിലെ പുരോഗമനവാദം എന്താണെന്ന് നോക്കിയാൽ, അതൊക്കെ അതാത് സമയത്തെ ജനങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെയാണ് സമൂഹം സിനിമയെ സ്വാധീനിക്കുന്നത്. സ്ത്രീയുടെ വസ്ത്രധാരണമാണ് പ്രശ്നം എന്ന് ശിവകാശി എന്ന പടത്തിൽ പറഞ്ഞ വിജയ് ഇന്ന് മാസ്റ്ററിൽ തിരുത്തി പറയുന്നുണ്ട്. അതിനു കാരണം എഴുത്തുകാരൻ മാത്രമല്ല, സമൂഹത്തിലുണ്ടായ മാറ്റം കൂടി ആണ്.

പക്ഷേ, സമൂഹം മാറും എന്ന് കരുതി നോക്കി നിൽക്കേണ്ട ഒരു കലാരൂപം അല്ല സിനിമ. അങ്ങനെ സമയത്തിൻ്റെ കെട്ടുപാടുകളിൽ വീണു കിടക്കാതെ, എന്നാൽ നല്ലൊരു പക്ഷം ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനും കഴിയുന്ന സിനിമകളുടെ കാലമാണ് നമുക്ക് വേണ്ടത്. ‘ സൂപ്പർ ഡീലക്സ് ‘ എന്ന സിനിമയൊക്കെ ഇത്തരം ചങ്ങലപൊട്ടിക്കലിൻ്റെ ഉദാഹരണമാണ്. ഇതിലെ രാസകുട്ടി എത്ര കാഷ്വൽ ആയിട്ടാണ് ട്രാൻസ് വുമൺ ആയി മാറിയ ശിൽപയെ സ്വീകരിക്കുന്നതും, പ്രതികരിക്കുന്നതും.

May be an image of 2 peopleസമാനമായ സാധാരണവൽക്കരണം പല ഫോറിൻ സിനിമ, സീരീസിൽ കാണാം. ‘ബ്രൂക്ലിൻ 99 ‘ ഒക്കെ ഇതിന് വളരെ പോപ്പുലർ ആയ ഉദാഹരണം ആണ്. പൊളിറ്റിക്കൽ കറക്ട്നസ് കൂടിപ്പോയി എന്ന് പലരും കുറ്റം പറയുന്ന സീരീസ് ആണിത്, പക്ഷേ, സ്വന്തം ലൈംഗിക താൽപര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നു എന്നതിൻ്റെ പേരിൽ മനുഷ്യർക്കെതിരെ വിവേചനം കാണിക്കുന്ന കാലത്ത് ഇത്തരം കഥാപാത്രങ്ങളും സിനിമകളുമാണ് നമുക്ക് വേണ്ടത്. അത് ചില Netflix പടങ്ങളിൽ മാത്രമായി ഒതുങ്ങാതിരിക്കട്ടെ!