അതിജീവിതമാർ വീണ്ടും, ഓഡിഷൻ പീഡനം
അയ്മനം സാജൻ
വീണ്ടും മലയാളസിനിമയിലെ അതിജീവിതമാർ മൗനം വെടിഞ്ഞ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു . കേസു കൊടുത്ത പെൺകുട്ടികൾ കടന്നു പോകുന്ന അവസ്ഥ ഭീകരമാണ് . നീതിയിലുള്ള വിശ്വാസം തന്നെ ഇവിടെ ജീവിയ്ക്കുന്നവരിൽ നഷ്ടപ്പെട്ടു പോകുന്ന നിലയിലേക്കാണ് കാര്യങ്ങൾ ചെന്നെത്തി നിൽക്കുന്നത് .
” പടവെട്ട് ” എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണക്കെതിരെ , ഒരു പെൺകുട്ടി. പോഷ് ആക്ട് (2018 ) അനുസരിച്ച് ഐ.സി. ഇല്ലാത്ത യൂണിറ്റ് ആയിരുന്നു. പരാതി കേൾക്കാൻ ബാധ്യസ്ഥരായവരെല്ലാം മുഖം തിരിച്ചു. ഒടുവിൽ അവൾക്ക് പോലീസിനെ സമീപിക്കേണ്ടി വന്നു. തുടർന്ന് പോലീസ് ഇടപെടലിൽ സംവിധായകൻ അറസ്റ്റിലാവുകയും ചെയ്തു.
എന്നാൽ ജാമ്യത്തിലിറങ്ങിയ അയാൾ ഇപ്പോൾ തന്റെ സിനിമ റിലീസുമായി ബന്ധപ്പെട്ട ആഘോഷത്തിലാണ്. അതിജീവിതയാകട്ടെ ആശുപത്രിയിൽ ജീവൻ നിലനിർത്താനായി കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതുകയുമാണ് . കഴിഞ്ഞ ദിവസം അവളുടെ ദയനീയാവസ്ഥ മാതൃഭൂമി ഓൺലൈൻ വഴി പുറത്തുവന്നതിനെ തുടർന്ന് മറെറാരു പെൺകുട്ടി കൂടി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു. അതേ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെ ” ഓഡിഷന് ” പങ്കെടുത്ത പെൺകുട്ടിയാണ് പരാതി പരസ്യമാക്കിയത് . സംവിധായകന്റെ പീഢനത്തിന് ഇരയായ പെൺകുട്ടിയുടെ അവസ്ഥ കേട്ട് സഹിയ്ക്ക വയ്യാതെയാണ് ഈ പുതിയ വെളിപ്പെടുത്തലുണ്ടായത് എന്നത് ശ്രദ്ധേയമാണ് . സിനിമകളുടെ ഓഡിഷന്റെ പേരിൽ വീണ്ടും പല പെൺകുട്ടികളും ഇതുപോലെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന സൂചന ഇത് കൃത്യമായി നൽകുന്നുണ്ട് .
***
ലിജു കൃഷ്ണയ്‌ക്കെതിരെ പീഡനത്തിനിരയായ യുവതി വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്‍റ് എന്ന പേജിൽ മാർച്ച് മാസത്തിൽ രംഗത്തെത്തിയിരുന്നു . 2020-2021 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നതെന്നും പടവെട്ട് സിനിമയുടെ പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ഫ്ലാറ്റിൽ വെച്ചാണ് പീഡിപ്പിച്ചതെന്നും അക്കാലമത്രയും ബലം പ്രയോഗിച്ച് തന്നെ മാനസികമായും – ശാരീരികമായും – ലൈംഗികമായും ഉപദ്രവിച്ചുവെന്നും യുവതി പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുകയാണ്. താൻ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ഗര്‍ഭച്ഛിദ്ദം നടത്തുകയും അതിന് പിന്നാലെ ശാരീരികവും മാനസികവുമായി വല്ലാത്ത ട്രോമയിലൂടെ കടന്നുപോവുകയായിരുന്നുവെന്നും യുവതി പറഞ്ഞിട്ടുണ്ട്.യുവതിയുടെ കുറിപ്പ് ഇങ്ങനെ ആയിരുന്നു
”2020 ഫെബ്രുവരി മുതൽ പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ എന്നെ പരിചയപെട്ട് സൗഹൃദം ഭാവിക്കുകയും മര്യാദയോടെയുള്ള എന്‍റെ പെരുമാറ്റം മുതലെടുത്തു അയാളുമായി ഞാൻ പ്രേമബന്ധത്തിലാണെന്ന് മറ്റുള്ളവരെയും എന്നെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. 2020 ജൂൺ 21ന്, സണ്ണി വെയ്ൻ പ്രൊഡക്ഷന്സിന്‍റെ ബാനറിൽ അയാൾ സംവിധാനം ചെയ്യുന്ന `പടവെട്ട്’ എന്ന സിനിമയുടെ നിർമ്മാണ ആവശ്യങ്ങൾക്ക് വേണ്ടി വാടകക്കെടുത്ത വീട്ടിൽ എന്നെ നിർബന്ധപൂർവം കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഈ സിനിമയുടെ നിർമ്മാണം സംബന്ധിച്ച് അയാൾ കടുത്തമാനസിക സമ്മർദ്ദത്തിലാണെന്നും അതിൽ നിന്ന് ആശ്വാസം കിട്ടാൻ എന്‍റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞ് അന്ന് ഉച്ചയോടെയാണ് അയാളുടെ കാറിൽ എന്നെ ആ സിനിമയുടെ പ്രൊഡക്ഷൻ ഫ്‌ളാറ്റിൽകൊണ്ടുപോയത്”, യുവതി വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്‍റ് പേജിൽ എഴുതിയിരിക്കുകയാണ്.”
”അവിടെ എത്തിയ ഉടൻ എന്‍റെ കൺസെന്‍റെ ഇല്ലാതെ എന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ആദ്യം എന്‍റെ യോനിയിലൂടെയും പിന്നീട് മലദ്വാരത്തിലൂടെയും അയാളുടെ ലിംഗം കടത്തി. ആർത്തവത്തിലായിരുന്ന എനിക്ക് ശാരീരികമായി എതിർത്ത് നിൽക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. രക്തം ഒഴുകുന്നത് അറിഞ്ഞിട്ടും അത് വകവെക്കാതെയാണ് എന്‍റെ മേൽ അയാൾ ബലപ്രയോഗം നടത്തിയത്. മലദ്വാരത്തിലൂടെയുള്ള ബലപ്രയോഗത്തിനിടയിൽ എന്‍റെ നടുവിന് ക്ഷതം സംഭവിച്ചു. എന്നോടുള്ള സ്നേഹബന്ധം കൊണ്ടാണ് അയാൾ എന്‍റെ ശരീരം ആഗ്രഹിക്കുന്നതെന്ന് എന്നെ വിശ്വസിപ്പിച്ചു. എന്നാൽ എന്‍റെ ശാരീരികാവസ്ഥ പരിഗണിച്ച് ആശുപത്രിയിലെത്തിക്കണമെന്ന് അയാളോട് ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനു തയ്യാറായില്ല.”
“പിന്നീട് മാസങ്ങളോളം അയാളുടെ യാതൊരു വിവരവും എനിക്ക് ലഭിച്ചില്ല. തന്നെയുമല്ല, എന്‍റെ ജീവിതത്തിൽ ആദ്യമായി നടന്ന ലൈംഗികബന്ധം ആയിരുന്നത് കൊണ്ട് എനിക്ക് ട്രോമതാങ്ങാനായില്ല. അനുദിനം വഷളായി കൊണ്ടിരുന്ന എന്‍റെ ശാരീരിക-മാനസിക അവസ്ഥ അയാളെ അറിയിക്കാൻ നിരന്തരമായി ശ്രമിച്ചെങ്കിലും അയാളുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. 2020 ഒക്ടോബറിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് താമസിക്കാൻ പുതിയ സ്ഥലം കണ്ടുപിടിക്കണമെന്ന ആവശ്യവുമായി വീണ്ടും അയാളെന്നെ ബന്ധപ്പെട്ടു. അയാളുടെ ജീവിത പ്രാരാബ്ധങ്ങളും സിനിമയുടെ പ്രശ്നങ്ങളും മൂലമാണ് മുൻപ് നടന്ന ആ സംഭവത്തിന് ശേഷം ബന്ധപ്പെടാൻ കഴിയാഞ്ഞതെന്നും അയാൾക്കെന്നെ പിരിയാൻ കഴിയില്ല എന്നും അറിയിച്ചു. മുമ്പുനടന്ന കാര്യങ്ങൾ ആരോടെങ്കിലും അറിയിച്ചാൽ അതയാളുടെ സിനിമയെ ദോഷകരമായി ബാധിക്കുമെന്നും എല്ലാകാര്യങ്ങളും സിനിമ പൂര്‍ണമാകുന്നതോടെ ശരിയാകുമെന്നും ഉറപ്പ് നൽകി.”
“അയാളുടെ ആവശ്യപ്രകാരം ഞാൻ പ്രൊഡക്ഷനുവേണ്ടി പുതിയൊരു വീടു കണ്ടുപിടിച്ച് കൊടുത്തു. സിനമയുടെ രണ്ടാമത്തെ ഷെഡ്യൂളിനായി കഥയിൽ വരുത്തേണ്ട മാറ്റങ്ങളിൽ ഞാൻ സജീവമായി പങ്കെടുക്കുകയും അതിനാവശ്യമായ കണ്ടെന്‍റ് തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. ആ കാലമത്രയും ബലം പ്രയോഗിച്ച് എന്നെ മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തി. 2021 ജനുവരിയിൽ ഗർഭിണിയാണെന്നറിയുകയും അബോർഷൻ നടക്കുകയും നിർത്താതെയുള്ള ബ്ലീഡിങ് കാരണം എന്‍റെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂർണമായി തകരുകയും ചെയ്തു. ആദ്യത്തെ പീഡനത്തിന്‍റെ മാനസിക ആഘാതം ഉൾപ്പടെ ഞാൻ അയാളുടെ അധികാരത്തോടും പ്രിവിലേജിനോടും ഒരു ട്രോമാ ബോണ്ടിലായിക്കഴിഞ്ഞിരുന്നു.”
“അയാളുടെ സിനിമക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിബന്ധങ്ങളും അയാളുടെ ആരോഗ്യ പ്രശ്നങ്ങളുംഅവതരിപ്പിച്ച് എന്‍റെ സഹതാപം വീണ്ടും പിടിച്ചുപറ്റുകയും 2021 ജൂണിൽ അയാളുടെ സിനിമയുടെ ഷൂട്ടിങ്നടക്കുന്ന കണ്ണൂരിലെ കാഞ്ഞിലേരി എന്ന സ്ഥലത്തുള്ള സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ അയാളുടെകുടുംബത്തോടൊപ്പം താമസിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഈ സമയം വീട്ടിലുള്ളവരോട് ഞാൻ അയാളുടെ സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടർ ആണെന്ന് അയാൾ ധരിപ്പിച്ചുവെച്ചിരുന്നു. ഒരു ദിവസം രാത്രി എല്ലാവരും ഉറങ്ങുമ്പോൾ ഞാൻ കിടക്കുന്ന മുറിയിലെത്തി അയാൾ എന്‍റെ ശരീരത്തിൽ ബലപ്രയോഗം നടത്തി. ഞാൻ ബഹളമുണ്ടാക്കുന്നത് കണ്ട് അയാൾ പെട്ടെന്ന് മുറിയിൽ നിന്നിറങ്ങി. പേടിച്ച്, ആരോടും ഈ വിഷയം സംസാരിക്കാതെ പിറ്റേദിവസം തന്നെ ഞാൻ നാട്ടിലേക്ക് മടങ്ങി. എന്‍റെ ജീവിതം ദുസ്സഹമാകുന്നത് കൊണ്ട് അയാളുമായി ബന്ധപ്പെടാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.”
“പക്ഷെ ഞാൻ ഇതെവിടെയെങ്കിലും പരാതിപ്പെടുമോ എന്ന ഭയത്താൽ പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ്പ്രൊഡ്യൂസർ ബിബിൻ പോളിനെയും, അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് മനോജിനെയും ഉപയോഗിച്ച് അയാൾ നിരന്തരമായി എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. കൂടെ സിനിമയിൽ പ്രവർത്തിക്കുന്ന മറ്റു പലരെക്കൊണ്ടും എന്നോട് സംസാരിപ്പിച്ചു. മാത്രമല്ല, “I love sex, I love your body” എന്നും “കെട്ടിയിട്ട് ചെയ്യുന്നതാണ് റേപ്പ്, അല്ലാത്തത് ഒന്നും റേപ്പ് അല്ല. അതുകൊണ്ട് തന്നെ നീ ഇത് പുറത്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല” എന്നും അയാൾ ആവർത്തിച്ച് പറഞ്ഞിരുന്നു.”
“ഞാൻ ഈ ട്രോമയിൽ നിന്ന് പുറത്തുവരാൻ കൗൺസലിംഗ് നടത്തുകയും ഒരു സൈക്യാട്രിസ്റ്റിന്‍റെ സഹായം തേടുകയുമുണ്ടായി. പക്ഷെ ഈ ടോക്സിക് ബന്ധത്തിൽ നിന്ന് പുറത്തു വരാൻ കഴിയാത്തവിധം ലിജു കൃഷ്ണ എന്നെ കീഴ്‌പ്പെടുത്തി. എന്‍റെ തൂക്കം 60 kg യിൽ നിന്ന് 32 kg യിൽ എത്തി. ഇപ്പോൾ നേരെ ഇരിക്കാനോ നടക്കാനോ കഴിയാത്ത നിലയിൽ എന്‍റെ ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു. എന്‍റെ സുഹൃത്തുക്കളുടെ സംരക്ഷണത്തിൽ ആണ് ഞാൻ ഇപ്പോൾ കഴിയുന്നത്.”
“ഗുരുതരമായ പരാതികൾ ഉണ്ടായിരുന്നിട്ടും പടവെട്ടിന്റെ നിർമ്മാതാക്കൾ ഈ സിനിമയുടെ നിർമ്മാണത്തിലൂടെ പീഡനത്തിനിരയായ യുവതികളോടുള്ള അവരുടെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തം നഗ്നമായി ലംഘിക്കുകയാണ്. വിഷയത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം അവർ അത് അവഗണിക്കുകയും സിനിമയുടെ വാണിജ്യ ചൂഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.”
“2020 മുതൽ ഇന്നേവരെ ലിജു കൃഷ്ണ `പടവെട്ട്’ എന്ന സിനിമയ്ക്കുവേണ്ടി പല രീതിയിലുള്ള ജോലികൾ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. ഡയലോഗുകൾ എഴുതുക, ഗാനരംഗത്തിന്‍റെ സ്ക്രിപ്റ്റിംഗ്, സരിഗമ എന്ന കമ്പനി സിനിമ വാങ്ങിക്കാനായി നടത്തിയ കത്തിടപാട് എന്നിവ അതിൽപ്പെടുന്നു. 2021 മെയ് മാസത്തിൽ ലിജു കൃഷ്ണ ആവശ്യപ്പെട്ടതനുസരിച്ച് സിനിമയുടെ സെക്കന്‍റ് ഷെഡ്യൂളിൽ തിരക്കഥയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട നിരവധി മാറ്റങ്ങൾ ചർച്ച ചെയ്യുകയും, എഴുതിപ്പിക്കുകയും അത് ഹാർഡ് കോപ്പിയായി അയാൾ കൈപ്പറ്റുകയും ചെയ്തു.”
“എന്‍റെ അറിവിൽ ഞാൻ തയ്യാറാക്കി കൊടുത്ത കാര്യങ്ങൾ തന്നെയാണ് അയാൾ സിനിമയിൽ തുടർന്നുംഉപയോഗിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് നടത്തിയ എല്ലാ കമ്മ്യൂണിക്കേഷന്‍റെയും തെളിവുകൾ എന്‍റെ പക്കൽ ഉണ്ട്. സിനിമക്ക് വേണ്ടി ഞാൻ ചെയ്ത ഒരു ജോലിക്കും പ്രൊഫഷണൽ രീതിയിലുള്ള അംഗീകാരവും നൽകിയിട്ടില്ല. എന്‍റെ ലൈംഗികതയിൽ ഊന്നി ലിജു കൃഷ്ണ എന്ന സംവിധായകൻ രണ്ടു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായ ചൂഷണത്തെക്കുറിച്ച് പരാതിപ്പെടാൻ ഈ സിനിമയിൽ ഔദ്യോഗികമായി പരാതി പരിഹാര സെൽ (IC) ഉണ്ടായിരുന്നില്ല. ഇതിനെ സംബന്ധിച്ചു സംസാരിക്കാൻ സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല.”
“ലിജു കൃഷ്ണ, മറ്റുള്ളവരുടെ കണ്ണിൽ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈ ബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതിലൂടെ എന്‍റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കി. എന്‍റെ സമ്മതമില്ലാതെ എന്നോട് ബലമായി ശാരീരിക ബന്ധത്തിലേർപ്പെട്ട ലിജു കൃഷ്ണയുടെ മനുഷ്യത്വ രഹിതമായപ്രവർത്തി എന്നിൽ കടുത്ത മനോവേദനയും മാനസിക സംഘർഷവും ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയനടപടികളും ഞാൻ ചെയ്തിട്ടുണ്ട്. ഈ പ്രശ്നം നീതിയുക്തമായി പരിഹരിക്കുന്നതിലൂടെ ഇനി വേറൊരു സ്ത്രീക്കും ഇങ്ങനെ അനുഭവം ഉണ്ടാകാതെയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.”
NB- “എന്‍റെ ഐഡന്‍റിറ്റിയോ മറ്റോ പുറത്ത് പറയുകയോ, സൈബർ ഇടങ്ങളിലും അല്ലാതെയും മറ്റും എന്നെ കുറിച്ച് മോശം കമന്‍റുകൾ പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുന്നതായിരിക്കും, ” ഇത്രയുമാണ് യുവതി കുറിച്ചത്
***
ഒരു പരാതി ഉണ്ടായാൽ നിയമപരമായി അത് ഉന്നയിയ്ക്കാൻ ആവശ്യമായ ഒരു അഭ്യന്തര പരാതി പരിഹാരസമിതി ഇല്ലാതെ നടത്തിയെടുത്ത സിനിമയാണ് “പടവെട്ട്”. പക്ഷി മൃഗാധികൾ സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കിൽ അവയെ ഷൂട്ടിങ്ങ് വേളയിൽ ദ്രോഹിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രം സെൻസർ സർട്ടിഫിക്കറ്റ് കിട്ടുന്ന സംവിധാനമാണ് ഇവിടെയുള്ളത്. എന്നാൽ സിനിമയിൽ ഒരു സ്ത്രീ പീഢിപ്പിക്കപ്പെട്ടാൽ ആർക്കും ഒന്നുമില്ലെന്ന നില മനുഷ്യത്വഹീനവും നിയമ വിരുദ്ധവുമാണ്. തങ്ങൾ അനുഭവിച്ച പീഢനങ്ങൾക്ക് ഉത്തരവാദികളായ പടവെട്ട് സിനിമയുടെ സംവിധായകൻ്റെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെയും പേരുകൾ സിനിമയുടെ ക്രെഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ഈ പെൺകുട്ടികൾ ആവശ്യപ്പെടുന്നത്.അതിജീവിതമാർക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കണം എന്നാണ് ഞങ്ങൾ കരുതുന്നത്.
നിയമങ്ങൾ നിലവിലുണ്ടെങ്കിലും പല ഒഴികഴിവുകളുടെ മറവിൽ അത് നടപ്പിലാക്കാതിരിക്കാനായിരുന്നു ഇത്രകാലവും സിനിമാരംഗം ശ്രമിച്ചിരുന്നത്. കേരള ഹൈക്കോടതിയിൽ ഡബ്ല്യുസിസി നൽകിയ റിട്ട് ഹർജിക്ക് മറുപടിയായി, ഓരോ ഫിലിം യൂണിറ്റിനും അവരുടേതായ ഐസി ഉണ്ടായിരിക്കണമെന്നും പോഷ് നിയമങ്ങൾ പാലിക്കണമെന്നും കോടതി ഉത്തരവ് ഈ വർഷമാണ് നിലവിൽ വന്നത്. എന്നിട്ടും പല നിർമ്മാതാക്കളും നഗ്നമായ നിയമവിരുദ്ധ നടപടികൾ തുടരുകയാണ്. സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് അന്തസ്സോടെ ജീവിയ്ക്കാൻ ആവശ്യമായ മേൽ നടപടികളാണ് അടിയന്തരമായി ആവശ്യമുള്ളത്. അതിനാവശ്യമായ ശക്തമായ പ്രായോഗിക പ്രവർത്തനങ്ങൾ മുന്നോട്ട് വെക്കുമെന്ന് പ്രതീക്ഷിച്ച ഹേമ കമ്മിറ്റി നിർദേശങ്ങൾ ഇപ്പോഴും കാണാമറയത്താണ്.
മലയാള സിനിമാ പ്രൊഡക്ഷനിൽ ഐ.സി. രൂപീകരിക്കാൻ വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ എല്ലാ ചലച്ചിത്ര സംഘടനകളുടെയും അംഗങ്ങൾ ചേർന്ന് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ശരിയായ രീതിയിൽ ഐ സി പ്രവൃത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഒരു നല്ല മാതൃക കാണിക്കാൻ ഈ കമ്മിറ്റിക്ക് സാധ്യമാകുന്ന നിയമക്രമങ്ങൾ എത്രയും പെട്ടെന്നു ഉണ്ടാക്കേണ്ടതുണ്ട്. നിയമം പാലിക്കാത്ത നിർമ്മാതാക്കൾക്കെതിരെ നിയമപരമായ നടപടികൾ എടുക്കുന്നതും മോണിറ്ററിങ്ങ് കമ്മിറ്റിയുടെ പരിധിയിൽ പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു .ഗവൺമെൻറിൻ്റെ ഗൗരവപ്പെട്ട ഇടപെടൽ ഈ സാഹചര്യത്തിൽ വീണ്ടും ഡബ്ലു.സി.സി. ആവശ്യപ്പെടുന്നു.