ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഒരു എയർലിഫ്റ്റിൻ്റെ കഥ

127

ഇറാഖിന്റെ കുവൈറ്റ് അധിനിവേശ കാലത്തെ ഇന്ത്യാ ഗവർമെന്റിന്റെ തന്ത്രപരമായ ഇടപെടലുകളെക്കുറിച്ചും വിദേശ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനെടുത്ത നടപടികളെക്കുറിച്ചും ബച്ചു മാഹിയുടെ സന്ദർഭോചിതമായ എഴുത്ത് ഒരല്പം പഴയകഥയാണ്. ഏറ്റവും വലിയ സമീപകാല സിവിലിയൻ കുടിയൊഴിപ്പിക്കലിൻ്റെ, അഥവാ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഒരു എയർലിഫ്റ്റിൻ്റെ കഥ.

1990 ഓഗസ്റ്റ് 2 വ്യാഴാഴ്ച:ഒരു ലക്ഷത്തോളം ഇറാഖി പട്ടാളക്കാർ തങ്ങളുടെ കൊച്ചു അയൽരാഷ്ട്രമായ കുവൈറ്റിലേക്ക് ഇരച്ചുകയറിയെന്ന വാർത്തയുമായാണ് അന്നത്തെ പ്രഭാതം വിരിഞ്ഞത്.

കുവൈറ്റ് അമീർ റിയാദിലേക്ക് രക്ഷപ്പെട്ടു. അദ്ദേഹത്തിൻ്റെ സഹോദരൻ രക്തസാക്ഷിയായി. ഇറാഖി റിപ്പബ്ലിക്കൻ ആർമി എന്ന സുസജ്ജമായ സേനക്ക് മുന്നിൽ ദുർബലമായ കുവൈറ്റ് സായുധസേനയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല. അവരുടെ 420 അംഗങ്ങൾ കൊല്ലപ്പെട്ടു. 12,000 പേർ തടവിലാക്കപ്പെട്ടു. ബാക്കിപേർ സൗദിയിലേക്കും ബഹറൈനിലേക്കും കടന്നു. ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും ഇറാഖിൻ്റെ നടപടിയെ അപലപിക്കുകയും കുവൈറ്റിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു.

രണ്ട് ദിവസത്തിനകം അധിനിവേശം പൂർണ്ണമായി. അലാ ഹുസ്സൈൻ അലി ‘പ്രധാനമന്ത്രി’ ആയി ഒൻപതംഗ പാവസർക്കാർ അവരോധിക്കപ്പെട്ടു. ‘റിപ്പബ്ലിക് ഓഫ് കുവൈറ്റ്’ എന്ന് സ്വയം നാമകരണം ചെയ്ത പവാസർക്കാർ, കുവൈറ്റ് ഇറാഖിലേക്ക് ലയിക്കുമെന്ന് പ്രഖ്യാപിക്കുകയും തുടർന്ന്, ഇറാഖിൻ്റെ പത്തൊൻപതാം പ്രവിശ്യയായി പരിവർത്തിപ്പിക്കുകയും ചെയ്തു.
അധിനിവേശത്തിൻ്റെ പ്രഭാതം മുതൽ കുവൈറ്റ് തെരുവീഥികളിൽ നിർബാധം കൊള്ളയും കൊള്ളിവെപ്പും നടത്തുന്ന ഇറാഖി പട്ടാളക്കാർ സ്വാഭാവിക കാഴ്ചയായിരുന്നു (അവരാകട്ടെ ഒട്ടുമുക്കാലും കിളുന്തു പയ്യൻമാരും). അവിടെയുണ്ടായിരുന്ന പലസ്തീനികളും ആ കൊള്ളയടിയിൽ പങ്കുചേർന്നു. ഇറാഖി പട്ടാളക്കാർ ഇന്ത്യക്കാരോട് മൃദുസമീപനം പുലർത്തിയെങ്കിലും പലസ്തീനികൾക്ക് അത്തരം ‘വേർതിരിവുകൾ’ ഒന്നുമുണ്ടായിരുന്നില്ല.

സ്വദേശികളും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളും ഉൾപ്പെടെ നല്ലൊരു പങ്ക് കുവൈറ്റ് നിവാസികൾ, കൈയിൽ കിട്ടിയതുമെടുത്ത് അയൽനാടുകളിലേക്ക് പലായനം ചെയ്തു. പലരും അവിടെയുമിവിടെയുമായി മരുഭൂമിയിൽ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങി. കുവൈറ്റ് അതിർത്തിയിലെ ജോർദ്ദാൻ പട്ടണമായ റുവൈഷിദിൽ പതിനായിരങ്ങൾ അഭയാർഥികളായി ഒഴുകിയെത്തിയപ്പോൾ, ജനപ്പെരുപ്പം ഉൾക്കൊള്ളാനാകാതെ ആ ചെറുപട്ടണം വീർപ്പ്മുട്ടി. ഇന്ത്യൻ എംബസി ഇടപെട്ട് അവിടെ ആഹാരമെത്തിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ആളുകളുടെ ബാഹുല്യം കൂടിവന്നതോടെ അവർ പിൻവാങ്ങി. അവിടെ എത്തിപ്പെട്ടവർ തൊഴിലാളികളെന്നോ വലിയ വ്യവസായികളെന്നോ ഭേദമില്ലാതെ ഒരു നേരത്തെ ആഹാരത്തിനായി അക്ഷരാർത്ഥത്തിൽ കൈനീട്ടി.

അന്താരാഷ്ട്രതലത്തിൽ സ്വതന്ത്രവും ഉറച്ചതുമായ ശബ്ദം കേൾപ്പിച്ചിരുന്ന ഇന്ത്യ, ഒരു പരമാധികാര രാഷ്ട്രത്തിന് മേൽ നടന്ന നഗ്നമായ കൈയേറ്റത്തോട് മൗനം പാലിച്ചത് ലോകസമൂഹത്തെ അത്ഭുതപ്പെടുത്തി. വി.പി. സിംഗിൻ്റെ നേതൃത്വത്തിലുള്ള ദേശീയമുന്നണി സർക്കാർ ആയിരുന്നു അന്ന് അധികാരത്തിൽ. കുവൈറ്റ് അധിനിവേശത്തെ അപലപിക്കാൻ തയ്യാറാകാത്ത ഇന്ത്യ, തങ്ങളുടെ പ്രതിനിധിയെ ഇറാഖിലേക്ക് അയക്കുക കൂടി ചെയ്തു. ഗുജ്റാളും വെനിസ്വേലയുടെ ചാവേസും മാത്രമായിരുന്നു അക്കാലത്ത് ഇറാഖ് സന്ദർശിച്ച രാഷ്ട്രനേതാക്കൾ. ബാഗ്ദാദിൽ പറന്നിറങ്ങിയ വിദേശകാര്യമന്ത്രി ഐ.കെ. ഗുജ്റാൾ ഇറാഖ് പ്രസിഡൻറ് സദ്ദാം ഹുസൈൻ്റെ ആലിംഗനത്തിൽ അമർന്ന് നിൽക്കുന്ന ചിത്രം വലിയതോതിൽ ചർച്ചയായി. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും വിമർശനം ഉയർന്നു.

കുവൈറ്റിലെ ഒന്നര ലക്ഷത്തിലേറെ വരുന്ന സ്വന്തം ജനതയുടെ സുരക്ഷിതത്വമായിരുന്നു ഇന്ത്യയുടെ മൗനത്തിന് ഒരു പ്രധാനകാരണം. ഇറാഖിനെ പിണക്കുന്നത് കുവൈറ്റിലേക്ക് ഇരച്ചുകയറിയ അധിനിവേശ സൈന്യത്തിൻ്റെ ക്രൗര്യത്തിന് ഇന്ത്യക്കാരെ ഇരകളായി ഇട്ടുകൊടുക്കുന്നതിന് തുല്യമാണെന്ന് അവർ കണക്കുകൂട്ടി. ഇന്ത്യ ഒരിക്കലും അപലപിക്കുന്നു എന്ന വാക്ക് പരമാർ‍ശരേഖകളിൽ ഉപയോഗിക്കാത്തതിന്, അന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഗൾ‍ഫ് കാര്യ മേധാവി ആയിരുന്ന കെ.പി. ഫാബിയൻ വിശദീകരിച്ച രണ്ടുകാരണങ്ങൾ: ഒന്നര ലക്ഷത്തിലേറെയുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ഇരുരാജ്യങ്ങൾ തമ്മിൽ‍ ഇനിയും ഒത്തുതീർപ്പു സാധ്യത അടഞ്ഞിട്ടില്ലെന്ന വിശ്വാസം. രഞ്ജിപ്പിനുള്ള ശ്രമങ്ങൾ‍ക്ക് നേതൃത്വം നല്കാൻ ഇന്ത്യ സന്നദ്ധ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 5-ന് അധിനിവിഷ്ട കുവൈറ്റിൻ്റെ വിദേശകാര്യ മന്ത്രി ആയി അവരോധിക്കപ്പെട്ട വാലിദ് സഊദ് അബ്ദുല്ല ഒരു പ്രഖ്യാപനം നടത്തിയിരുന്നു: “സ്വതന്ത്ര കുവൈറ്റ്’ ഗവൺമെൻറിനോട് ശത്രുതാപരമായി പെരുമാറുന്ന സർക്കാറുകൾ, കുവൈറ്റിൽ തങ്ങളുടെ താല്പര്യവും പൗരന്മാരും ഉണ്ടെന്ന് ഓർക്കണം. കുവൈറ്റിനോടും ഇറാഖിനോടും പ്രകോപനപരമായി പെരുമാറുന്ന രാഷ്ട്രങ്ങളെ ഞങ്ങൾ അതനുസരിച്ച് കൈകാര്യം ചെയ്യും.” ഇന്ത്യ പുലർത്തിയ മൗനത്തിൻ്റെ സാംഗത്യത്തിന് ആ പ്രസ്താവന അടിവരയിടുന്നു.

സദ്ദാം ഹുസൈനുമായുള്ള കൂടിക്കാഴ്ചയിൽ ലക്ഷക്കണക്കായ ഇന്ത്യക്കാരുടെ സുരക്ഷിത്വമായിരുന്നു ഗുജ്റാൾ പ്രധാന വിഷയമായി ഉന്നയിച്ചത്. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് സദ്ദാം പച്ചക്കൊടി കാട്ടി. കുവൈറ്റ് സിറ്റിയിൽ നിന്നും ഇന്ത്യക്കാരെ ബസ്ര, ബാഗ്ദാദ് വഴി ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിലെത്തിക്കാനും അവിടെനിന്ന് നാട്ടിലേക്കയക്കാനും ധാരണയായി. അങ്ങനെയാണ് ലോകം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലൊന്നിന് തുടക്കമാകുന്നത്.

ദിവസേന കുവെത്ത് സിറ്റിയിൽ നിന്നും 80 ലേറെ ബസ്സുകൾ ഇന്ത്യക്കാരെ കയറ്റി ബാഗ്ദാദ് വഴി ജോർ‍ദ്ദാനിലേക്കു പോയ്‌ക്കൊണ്ടിരുന്നു. അതിനിടെ വഴിയരികിലെ താവളങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരും ഉണ്ട്. 2000 കിലോമീറ്ററുകള്‍ താണ്ടിയുള്ള  ഈ യാത്ര സുരക്ഷിതമാക്കിയത് സഖ്യ സേനയേക്കാൾ കൂടുതലായി ഇറാഖി പട്ടാളക്കാരായിരുന്നു. കുവൈത്തിൽ നിന്നും ജോർ‍ദ്ദാനിലേക്കു നേരിട്ട് പോകാമായിരുന്നെങ്കിലും ആ മാർഗ്ഗം അതിനകം യുദ്ധഭൂമിയായി രൂപാന്തരം പ്രാപിച്ചിരുന്നത് കൊണ്ടായിരുന്നു ഇന്ത്യക്കാരുടെ ബസ് യാത്ര ബാഗ്ദാദിലൂടെ ആക്കിയത്.

അവിടെയുള്ള ഇന്ത്യക്കാരെ ഏകോപിപ്പിക്കാനും അഭയാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും താമസവും ഒരുക്കാനും യാത്രരേഖകൾ സുഗമമാക്കാനും മുന്നിൽനിന്ന് വർത്തിച്ച, കുവൈറ്റിൽ നിന്ന് ബാഗ്ദാദ് വരെ കാറോടിച്ച് ഗുജ്റാളുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങളുടെ ഗൗരവം യഥാവിധി ബോധ്യപ്പെടുത്തിയ, ഒരു മലയാളിയുണ്ട്. ടൊയോട്ട സണ്ണി എന്നറിയപ്പെട്ട മാത്തുണ്ണി മാത്യൂസ്. സണ്ണിക്കൊപ്പം തോളോട് തോൾ ചേർന്ന മറ്റൊരു വ്യക്തിത്വമാണ് ഹർഭജൻ സിംഗ് വേദി. രണ്ടുപേരും കുവൈറ്റിൽ വിജയക്കൊടി പാറിച്ച ഇന്ത്യൻ പ്രവാസി വ്യവസായികൾ ആയിരുന്നു.

അന്ന് എയർ ഇന്ത്യയുടെ സ്തുത്യർഹമായ സേവനത്തിൻ്റെ മുന്നണിയിൽ ഉണ്ടായിരുന്ന മലയാളി ഉന്നത ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ വിജയൻ നായരുടെ നാമവും പ്രത്യേക പരാമർശം അർഹിക്കുന്നതാണ്. കെ.പി. ഫാബിയാൻ ഉദ്യോഗസ്ഥ തലത്തിലെ ഏകോപനം ഭംഗിയാക്കി. 59 ദിവസങ്ങളിലായി ദിവസം എട്ടോ പത്തോ വീതം 488 ഫ്ലൈറ്റുകൾ എയർ ഇന്ത്യ പറത്തി. ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടക്ക് ആളുകൾ ആ നാളുകളിൽ ഇന്ത്യയിലേക്ക് പറന്നു.

ആധുനികലോകത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ, ചരിത്രത്തിലെ ഏറ്റവും വലിയ എയർ ലിഫ്റ്റിങ്. എയർ ഇന്ത്യ ഗിന്നസ് ബുക്കിലും കയറിക്കൂടി. സ്വന്തം ജനതയോട് പ്രതിബദ്ധതയും ദീർഘവീക്ഷണവുമുള്ള ഭരണാധികാരികളുടെ അർപ്പണബോധം കൂടിയായിരുന്നു, ഒരു യുദ്ധമുഖത്ത് താരതമ്യേന അസാധ്യമെന്ന് കരുതപ്പെട്ട ആ വലിയ കുടിയൊഴിപ്പിക്കൽ ഒരാൾക്കും പോറൽ പോലുമേൽക്കാതെ അന്ന് സാധ്യമാക്കിയത്.