കൊറോണക്കാലത്തെ വിമാനയാത്ര

72
Ramesh Perumpilavu
കൊറോണക്കാലത്തെ വിമാനയാത്ര
ജനുവരി മുപ്പതിന് രാത്രി ഒമ്പതേ മുപ്പതിൻ്റെ എമിറേറ്റ്സ് ഫ്ലൈറ്റിലാണ് ഞാൻ കഴിഞ്ഞ തവണ നാട്ടിൽ പോയത്. കൊറോണയുടെ ഭീതി ചൈനയിൽ നിന്നും പൊട്ടി പുറപ്പെട്ട സമയം. ഇപ്പോൾ നാട്ടിൽ പോയാൽ തിരിച്ചു വരുമ്പോൾ ബുദ്ധിമുട്ടാവുമോ എന്ന ആശങ്ക ചേട്ടൻ ചോദിച്ചിരുന്നു. പോകേണ്ട കാര്യമുള്ളതിനാൽ പോകാൻ ഒരു മാസം മുമ്പേ തീരുമാനിച്ചിരുന്നു.
അന്ന് ജോലിയുള്ള ദിവസം ആയിരുന്നു. ആറ് മണിയ്ക്ക് ജോലി കഴിഞ്ഞ് റൂമിൽ വന്ന്, ആറരയോടെ. കുളിച്ച് റെഡിയായി ഏഴരയോടെ കൂട്ടുകാരൻ കൃഷ്ണൻ ടെർമിനൽ ത്രീ യിൽ കൊണ്ടുവിട്ടു.
തലേ ദിവസം മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങി വെച്ചിരുന്ന മാസ്ക് ആദ്യം തന്നെ എടുത്തണിഞ്ഞു. (എയർപ്പോർട്ടിൽ ജോലി ചെയ്യുന്നതിനാൽ ഒപ്പം ജോലി ചെയ്യുന്നവരുടെ ഉപദേശം കൈ കൊണ്ടതാണ് ഈ ജാഗ്രതയും, കരുതലും) എന്നിട്ടാണ് പാസ്പ്പോർട്ട് കൗണ്ടറിലേക്ക് ചെല്ലുന്നത്.
പൊതുയിടത്തിൽ മാസ്ക് വെച്ചിട്ടൊന്നും യാത്ര ചെയ്ത് പരിചയമില്ലാത്തതിനാൽ ചെറിയ ഒരു ചമ്മൽ എൻ്റെ ശരീരഭാഷയിലുണ്ട്. അതിനാൽ രണ്ട് തവണ കൗണ്ടറിൽ എത്തും മുമ്പേ ഞാൻ മാസ്ക് എടുത്തു മാറ്റി, പിന്നെയും വെച്ചു.
വ്യാഴാഴ്ചയായതിനാൽ എയർപോർട്ടിൽ നല്ല തിരക്കുണ്ട്. എന്നാൽ ഒരു തമിഴ് ഫാമിലിയിലെ മൂന്ന് പേരും, മറ്റൊരു ഫിലിപ്പിനി യുവതിയും ഞാനുമല്ലാതെ മറ്റാരും മാസ്ക് ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. കൗണ്ടറിലെ ഞങ്ങളുടെ സ്റ്റാഫും മാസ്ക് ഉപയോഗിച്ചിരുന്നില്ല. പിന്നീട് എമിഗ്രേഷനും ഡ്യൂട്ടിഫ്രീയും, ലോഞ്ച് ഗേറ്റും കടന്ന് പോകുമ്പോഴും ആരും കൊറോണയുടെ ഭീതിയിൽ ഉണ്ടായിരുന്നില്ല. ഒരു പക്ഷേ അങ്ങനെ ഭീതിതമായ അവസ്ഥ അന്ന് ഉണ്ടായിരുന്നില്ല എന്നതാവാം കാരണം.
മാസ്ക് വെച്ച എന്നെ കണ്ട് ചിലരൊക്കെ എന്തോ അടക്കം പറഞ്ഞ് ചിരിക്കുകയും, എൻ്റെ തൊട്ട സീറ്റിൽ ഇരുന്ന ഒരു ചേട്ടൻ അദ്ദേഹത്തിൻ്റെ ഭാര്യയോട് നമ്മൾ മാസ്ക് വാങ്ങാൻ മറന്നു പോയി എന്ന് പറയുന്നതും കേൾക്കാനിടയായി.
വിമാനത്തിനുള്ളിലും ആരും മാസ്ക് ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. വിമാനത്തിലെ ഭക്ഷണം കഴിക്കേണ്ട എന്ന് ഞാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നു. മൂന്ന് ഡ്യൂട്ടി കഴിഞ്ഞ ക്ഷീണം കാരണം ഞാൻ വിമാനം പുറപ്പെടും മുമ്പേ ഉറങ്ങി. മാസ്ക് അപ്പോഴും മുഖത്ത് ഉണ്ട്. ഇടയ്ക്ക് ക്യാബിൻ ക്രു മെനു കാർഡ്, തണുത്ത ജൂസ്, പിന്നെ ഭക്ഷണം എന്നിങ്ങനെ ഉണർത്തിയെങ്കിലും മൂന്നും നിരസിച്ചതിനാൽ അവർ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. ഉറങ്ങിയതിനാൽ ഉടനെത്തന്നെ നാട്ടിലെത്തി. ആദ്യം സ്വപ്നത്തിലും പിന്നെ ശരിക്കും.
പെട്ടി എടുത്ത് മാസ്ക് ശരിയാക്കി ഞാനും’ മറ്റുള്ളവരോടൊപ്പം പുറത്തേയ്ക്ക് നടന്നു. എൽ ടു ഡോറിലൂടെ ക്രൂവിനോട് നന്ദി പറഞ്ഞ് എയറോ ബ്രിഡ്ജിലേക്ക് ട്രോളി ബാഗുമായി കാലെടുത്ത് വെച്ചതും ഞാൻ അത്ഭുതപ്പെട്ടു പോയി. ബ്രിഡ്ജിൽ ഞങ്ങളെ വരവേൽക്കാൻ കാത്ത് നിൽക്കുന്ന എമിറേറ്റ്സിൻ്റെ ഉദ്ധ്യോഗസ്ഥർ, എമിഗ്രേഷൻ സെക്യൂരിറ്റിയിലുള്ള പോലീസുകാർ, വീൽ ചെയർ യാത്രക്കാരെ ഹാൻസിൽ ചെയ്യുന്ന ബോയ്സ്, ഗേൾസ് തുടങ്ങി, വഴി നീളെ ‘ ടോയ്ലറ്റ് ക്ലീനിംഗ് സ്റ്റാഫ് വരെ മാസ്കും കൈയുറകളും ധരിച്ചിരുന്നു. സത്യത്തിൽ ഞാൻ ഒട്ടുമേ പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയായിരുന്നു അത്. എമിഗ്രേഷൻ കൗണ്ടറിലെ ഓഫിസേഴ്സ് എല്ലാം മാസ്ക് ധരിച്ചിരുന്നു. പാസ്പ്പോർട്ട് വെരിഫിക്ഷേനു വേണ്ടി ഒരു തവണ ഞാൻ മാസ്ക് താഴ്ത്തി കാണിച്ചു കൊടുത്തു. താഴെ ഇറങ്ങിയപ്പോൾ കോണിപ്പടിക്ക് താഴെ എപ്പോഴും നിൽക്കാറുള്ള ജോലിക്കാരിയും ഡ്യൂട്ടിഫ്രീ സ്റ്റാഫുകളും മാസ്ക് ധരിച്ചു തന്നെ നിൽക്കുന്നു.
എല്ലാ പരിശോധനയും കഴിഞ്ഞ് ആളുകൾ കാത്ത് നിൽക്കുന്നതിന് മുന്നോടിയായിട്ടുള്ള വാതിലിലെ പോലീസ് കാരനും മാസ്ക് വെച്ചാണ് ഇരിക്കുന്നുണ്ടായിരുന്നത്. പുറത്ത് കാത്ത് നിന്നിരുന്ന നീതുവിനോട് ഞാൻ ആദ്യം പറഞ്ഞതും ഈ മാസ്ക് കഥയും നമ്മുടെ എയർപ്പോർട്ടിലെ കരുതലുമാണ്.
ഇതായിരുന്നു ജനുവരി മുപ്പത്തിയൊന്ന് കാലത്ത് മൂന്നേ മുപ്പതിന് കൊച്ചിൻ എയർപ്പോർട്ടിലെ ജാഗ്രതയും കരുതലും. നമ്മുടെ നാട്ടിൽ ആരോഗ്യ സുരക്ഷയില്ലെന്നും, എയർപ്പോർട്ട് അധികൃതരുടെ അനാസ്ഥയെന്നും പറഞ്ഞ് പരിഹസിക്കുന്നവർ അറിയാൻ വേണ്ടിയാണ് ഈ മാസ്ക് കഥ പറഞ്ഞത്.