കലാകാരന്മാർക്കും സാധാരണക്കാരനും രാഷ്ട്രീയപരമായി ശരി എന്ന് തോന്നുന്നതിന്റെ ഒപ്പം നിലനിൽക്കാൻ കഴിഞ്ഞിരുന്ന കാലം ചരിത്രത്തിന്റെ ഭാഗമായി മാറി

97
കുനാൽ കാമ്രയ്ക്ക് ഇൻഡിഗോ എയർലൈൻസിൽ ഏർപെടുത്തിയ വിലക്ക് മാറ്റാതെ ഞാനും ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന് അനുരാഗ് കശ്യപ്. തിങ്കളാഴ്ച വൈകീട്ട് കൽക്കട്ടയിലെ ഒരു ഫിലിം ഫെസ്റ്റ് ഉൽഘാടനം നടത്താൻ നിശ്ചയിച്ച സമയത്തിന് 7 മണിക്കൂർ മുൻപേ അനുരാഗ് എത്തിച്ചേർന്നിരുന്നു.
“ഞാൻ 4 മണിക്ക് എഴുന്നേൽക്കേണ്ടി വന്നാലും ശരി, കുനാലിന് എതിരെയുള്ള വിലക്ക് നീക്കം ചെയ്യാതെ ഇൻഡിഗോയിൽ യാത്ര ചെയ്യില്ല”. ടെലിഗ്രാഫ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് ഇങ്ങനെ പറഞ്ഞത്.
“ഫിലിം ഫെസ്റ്റ് സംഘാടകർ ഇൻഡിഗോയിലായിരുന്നു എനിക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ കുനാലിന് വിലക്കേർപ്പെടുത്തിയ വാർത്ത കണ്ടപ്പോൾ തന്നെ സംഘാടകരെ വിളിച്ചു ഞാൻ ഇൻഡിഗോയിൽ യാത്ര ചെയ്യില്ല എന്നറിയിച്ചിരുന്നു. കാരണം ഇൻഡിഗോ ഏർപെടുത്തിയ വിലക്ക് ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കാത്തതാണ്.”
“എനിക്ക് അതിലൊന്നും ചെയ്യാൻ സാധിക്കില്ല എന്നറിയാം. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും വ്യത്യാസമുണ്ടാകുമെന്നും വിശ്വസിക്കുന്നില്ല. എങ്കിലും എന്റെ എതിർപ്പ് രേഖപ്പെടുത്തണം എന്ന് തോന്നിയത് കൊണ്ട് ഇൻഡിഗോ ഒഴിവാക്കുന്നു. അതുകൊണ്ട് മാത്രം പുലർച്ചെ പുറപ്പെടുന്ന ‘Visthaara’ എന്ന ഫ്ലൈറ്റിൽ സംഘാടകര് ടിക്കറ്റ് ബുക്ക് ചെയ്തു തന്നു.”
വൈകീട്ട് പരിപാടിയിൽ അനുരാഗ് കശ്യപിന്റെ എളിയ പ്രതിഷേധത്തെയും കുനാൽ കാമ്രയ്ക്ക് വേണ്ടിയുള്ള ഐക്യദാർഢ്യത്തെയും കുറിച്ച് പരിപാടിയുടെ നടത്തിപ്പുകാർ പറഞ്ഞപ്പോൾ ജനങ്ങൾ വലിയ ഹർഷാരവത്തോടെയാണ് അദ്ദേഹത്തെ വരവേറ്റത്.
“കലാകാരന്മാർക്കും സാധാരണക്കാരനും രാഷ്ട്രീയപരമായി ശരി എന്ന് തോന്നുന്നതിന്റെ ഒപ്പം നിലനിൽക്കാൻ കഴിഞ്ഞിരുന്ന കാലം ചരിത്രത്തിന്റെ ഭാഗമായി മാറി. നമ്മളെ ബഹുമാനിക്കാനും പരിഗണിക്കാനും തയ്യാറല്ലാത്ത ഒരു ഭരണകൂടത്തിനെതിരെ നമ്മൾ ഓരോരുത്തരും നിലകൊള്ളേണ്ട സമയമാണിത്.”
“കുനാൽ കാമ്രയെ എയർ ഇന്ത്യയിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല എന്നും മറ്റു എയർലൈൻ സർവീസുകളും ഈ ഒരു രീതി സ്വീകരിക്കണം എന്നും ഒരു മന്ത്രി പറയുന്നു. ഈ എയർലൈൻസ് എല്ലാം തന്നെ ഭരണകൂടത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. ഒന്ന് ചിന്തിച്ചു നോക്കൂ, ഭരണകൂടം തന്നെ ഒരു ബുള്ളിയെ പോലെ പ്രവർത്തിക്കുകയും അവരോടുള്ള ഭയം മൂലം മറ്റുള്ളവർ അത് അനുസരിക്കുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ!! യാതൊരു തരത്തിലുള്ള ഉത്തരവും അന്വേഷണവും നടത്താതെ ഒരാൾക്കെതിരെ വിലക്ക് ഏർപ്പെടുത്തുക. പൈലറ്റുമാരുടെ അഭിപ്രായം കേൾക്കാൻ പോലും ആരും തയ്യാറല്ല. ഇതെല്ലാം ഭീകരമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിന്റെ ധാർഷ്ട്യം ആണ്.”
“യഥാർത്ഥ വസ്തുതകൾ മറച്ചുവെക്കാൻ വേണ്ടിയും അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയും ഭരണകൂടം അതിനു സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുന്നു. കാരണം രാജ്യത്തിന്റെ സാമ്പത്തികമാന്ദ്യത്തെക്കുറിച്ചും വിലക്കയറ്റത്തേക്കുറിച്ചും ജിഡിപി-യേക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും, സ്ത്രീസുരക്ഷയെക്കുറിച്ചുമെല്ലാം ഉത്തരമില്ലാത്ത അവസ്ഥയിലാണ് ഭരണകൂടം.