പഴയകാല നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഭാസ്കർ. ഒരുകാലത്ത് പല ഭാഷകളിലും തിരക്കേറിയ താരമായിരുന്നു ഐശ്വര്യ. മലയാളത്തിൽ തന്നെ മോഹൻലാൽ,മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരുടെയൊക്കെ സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരത്തെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ‘നരസിംഹ’ത്തിലെ അനുരാധയാണ് താരം മലയാളത്തിൽ ചെയ്ത ഏറ്റവും പ്രശസ്തമായ വേഷം. മോഹൻലാലിനൊപ്പം കട്ടയ്ക്ക് ഡയലോഗ് പറഞ്ഞു പിടിച്ചു നിന്ന താരത്തെ മലയാളി പ്രേക്ഷകർ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. പിന്നെയും ചില ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം കുറേകാലമായി അഭിനയ രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ്.
ഇപ്പോൾ താൻ സിനിമയൊന്നും ഇല്ലാത്തതുകൊണ്ട് സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്ന് ഐശ്വര്യ പറയുന്നു. ഒരുപക്ഷെ ആരാധകരിൽ ഇത് ഞെട്ടൽ ഉണ്ടാക്കുന്നുണ്ടാകാം. കാരണം എൺപതുകളുടെ അവസാനം നായികാവേഷത്തിൽ തിളങ്ങിനിന്ന താരം എന്തുകൊണ്ട് ഉപജീവനത്തിന് സോപ്പ് വില്പന തിരഞ്ഞെടുത്തു എന്ന് തോന്നിയേക്കാം. ഐശ്വര്യ ഇപ്പോഴും അഭിനയിക്കുന്നുണ്ട് , എന്നാൽ തന്നെ അതൊന്നും ഗൗരവമുള്ള വേഷങ്ങൾ അല്ല എന്നതാണ് സത്യം. ഒളിയമ്പുകൾ എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരിയായി ആണ് ഐശ്വര്യ മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് ജാക്ക്പോട്ട് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും തുടർന്ന് മോഹൻലാൽ ചിത്രമായ ബട്ടർഫ്ളൈസിൽ ഡബിൾ വേഷത്തിലും ഐശ്വര്യ പ്രത്യക്ഷപ്പെട്ടു.
ഇതിനിടയിൽ തമിഴ് തെലുങ്ക് കന്നഡ സിനിമകളിൽ കൈനിറയെ നായികാ വേഷങ്ങൾ താരത്തെ തേടിയെത്തി. സത്യമേവ ജയതേയിൽ സുരേഷ് ഗോപിയുടെ നായികയായും പ്രജയിൽ മോഹന്ലാലിനൊപ്പവും അഭിനയിച്ചു. തുടർന്നങ്ങോട്ടു നായികാവേഷത്തിലോ പ്രധാനപ്പെട്ട വേഷത്തിലോ ഉള്ള താരത്തിന്റെ സാന്നിധ്യം കുറഞ്ഞു എന്നുതന്നെ പറയാം. പുറത്തിറങ്ങാനിരിക്കുന്ന യാനി എന്ന ചിത്രമാണ് ഒടുവിലായി ഐശ്വര്യ അഭിനയിച്ചത്. ഇക്കാലത്തിനിടയിൽ എണ്ണിയാലൊടുങ്ങാത്ത സീരിയലുകളിലും താരം അഭിനയിക്കുകയുണ്ടായി. തന്‍വീര്‍ അഹമ്മദായിരുന്നു ഐശ്വര്യയുടെ ഭര്‍ത്താവ്. 1994 ല്‍ ഇവര്‍ വിവാഹിതരാവുകയും മൂന്ന് വര്‍ഷത്തിനപ്പുറം വിവാഹമോചിതരാവുകയും ചെയ്തു.
എന്നാലിപ്പോൾ, ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും ഐശ്വര്യ പറയുന്നു. ഐശ്വര്യയുടെ വാക്കുകളിലൂടെ
“എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും- ഐശ്വര്യ പറഞ്ഞു.സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ട് . ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ”
“വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ല. ചില പുരുഷന്‍മാര്‍ക്ക് ഐ ലവ് യൂ, എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കുകയില്ല. നമ്മള്‍ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കില്ലെന്നോ, പോടാ എന്ന് പറയും.” ഐശ്വര്യ പറയുന്നു.