വിഷ്ണു വിശാലിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി അഭിനയിച്ച തമിഴ് ചിത്രം ഗാട്ട ഗുസ്തി തമിഴ്നാട്ടിലെങ്ങും വിജയമാകുകയാണ്. ചിത്രത്തിനുവേണ്ടി ഗുസ്തി പരിശീലനം ചെയുന്ന ഐശ്വര്യ ലക്ഷ്മിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഐശ്വര്യയുടെ സുഹൃത്തും ഫിറ്റ്നസ് ട്രെയിനറുമായ ലക്ഷ്മി വിശ്വനാഥാണ് വിഡിയോയും അതിനൊപ്പം കുറിപ്പും പങ്കുവച്ചത്. ലക്ഷ്മി വിശ്വനാഥ് ഇങ്ങനെ കുറിച്ചു.
“ഒരു പാട് വിയർപ്പും കണ്ണുനീരും (ചിരിച്ചു ചിരിച്ച് ആണെന്ന് മാത്രം) ഒപ്പം മൊത്തത്തിൽ രസകരവുമായ ഒരു വർക്ക്ഔട്ട് സെഷൻ. എന്നോടും റെനീഷ് സുബൈറിനോടൊപ്പമാണ് ഐശ്വര്യ വർക്ക്ഔട്ട് ചെയ്തത്. ഷൂട്ടിങ്ങിനിടെ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുത്ത് കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടുക എന്ന വെല്ലുവിളി പോലും ഏറ്റെടുത്ത ഐശ്വര്യയെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനമുണ്ട്. നിങ്ങളുടെ ശരീരം മനഃപൂർവം തടി വയ്പ്പിക്കുക എന്നത് മാനസികമായി അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. പക്ഷേ ഐശ്വര്യ അതൊരു വെല്ലുവിളിയായി, സ്പോർട്സ്മാൻ സ്പിരിറ്റോടെ ഏറ്റെടുത്തു. അവളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. ഗാട്ട കുസ്തി ഇതുവരെ കാണാത്തവർ തിയറ്ററുകളിൽ പോയി കാണുക.’’– ലക്ഷ്മി വിശ്വനാഥൻ കുറിച്ചു.