ഞങ്ങളുടെ രക്ഷിതാക്കളോടൊത്ത് ഡിന്നർ കഴിക്കാൻ ഞങ്ങൾക്ക് അമേരിക്കയിലെപ്പോലെ അപ്പോയ്ന്റ്മെന്റ് എടുക്കേണ്ട ആവശ്യമില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
5 SHARES
65 VIEWS

Dr Nisha Subaier

ഐശ്വര്യ റായിയുടെ ഒരു ടോക് ഷോ കണ്ടിട്ടുണ്ട്. അമേരിക്കൻ ആണ് അവതാരകൻ എന്ന് തോന്നുന്നു.
അയാൾ ചോദിക്കുന്നു -മുതിർന്ന മക്കൾ പേരന്റ്സിന്റെ കൂടെയാണ് ഇന്ത്യയിൽ താമസിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. How is that possible?

ഐശ്വര്യ – അതേ. പക്ഷെ, ഇന്ത്യയിൽ മറ്റൊന്ന് കൂടിയുണ്ട്. ഞങ്ങളുടെ രക്ഷിതാക്കളോടൊത്ത് ഡിന്നർ കഴിക്കാൻ ഞങ്ങൾക്ക് അമേരിക്കയിലെപ്പോലെ അപ്പോയ്ന്റ്മെന്റ് എടുക്കേണ്ട ആവശ്യമില്ല.ഭയങ്കരമായി അപ്രീഷ്യേറ്റ് ചെയ്യപ്പെട്ട ഒരു മറുപടിയാണ്. പക്ഷെ ആ മറുപടിയുടെ കോർ ഭയങ്കര വിവരക്കേടാണ്. അത് പറയുന്നതിന് മുൻപ് അഭിഷേക് ഒരു ഷോയിൽ കൊടുത്ത മറുപടി കൂടി പറയാം.-അവതാരക -വിവാഹശേഷം നിങ്ങൾ രക്ഷിതാക്കൾക്ക് ഒപ്പം താമസിക്കുന്നു. How is that possible? ഐശ്വര്യയും ഉണ്ട് ഷോയിൽ.അവർ അഭിഷേകിനോട് താങ്കൾ മറുപടി പറയൂ എന്ന് പറയുന്നു.
അഭിഷേക് -നിങ്ങൾ ഒറ്റയ്ക്ക് താമസിക്കുന്നു. How is that possible?

ഐശ്വര്യ ആസ്വദിച്ചു ചിരിക്കുന്നു.കാരണം ചോദ്യകർത്താവ് അവരുടെ ഭർത്താവിനാൽ മലർത്തി അടിക്കപ്പെട്ടിരിക്കുന്നു എന്നവർ കരുതുന്നു 😊.ഈ രണ്ടു മറുപടികളും ചടുലവും രസകരവും ബുദ്ധിപരം എന്ന് തോന്നിക്കുന്നതുമാണ്. പക്ഷെ, അടിസ്ഥാനപരമായി ഈ രണ്ട് വ്യക്തികളും മനസിലാക്കാതെ പോകുന്നത് അവർ നേരിട്ട ചോദ്യത്തിന്റെ കാതലാണ്.അത് അവരുടെ ബുദ്ധിശൂന്യത കൊണ്ടല്ല, വിവരക്കേട് കൊണ്ടാണ്. ചോയിസ് എന്നതല്ല ഇവിടെ പ്രസക്തമായ വിഷയം.

1. ഐശ്വര്യ പറഞ്ഞ ഉത്തരം മികച്ചത് എന്ന് പുള്ളിക്കാരിക്ക് തന്നെ തോന്നി എന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് വ്യക്തമാണ്. അച്ഛനോടും അമ്മയോടും ഒപ്പം അല്ലാതെ താമസിക്കുന്ന മക്കൾ അവരോടൊപ്പം ഡിന്നർ കഴിക്കണമെങ്കിൽ അവരെ വിളിച്ചു സൗകര്യപ്പെടുമോ എന്ന് ചോദിക്കേണ്ടി വരുന്നതിൽ എന്ത് അപാകത ആണുള്ളത്? അവർക്ക് അവരുടേതായ ഒരു ജീവിതവും രസങ്ങളും രസക്കേടുകളും ഇല്ലേ? ഇനി കൂടെ താമസിക്കുന്ന മക്കൾ ആണെങ്കിലും രക്ഷിതാക്കളെ കൂട്ടി എന്തെങ്കിലും കാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ അത് അവരോട് നേരത്തെ ചർച്ച ചെയ്യേണ്ടതില്ലേ? തിരിച്ചും മുതിർന്ന മക്കൾ /മരുമക്കളോടൊപ്പമുള്ള ജീവിതത്തിൽ അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കുന്ന അതിർവരമ്പ് എവിടെ വരയ്ക്കണം എന്ന് രക്ഷിതാക്കളും അറിയേണ്ടേ?പരസ്പരബഹുമാനത്തിന്റെ ആദ്യപാഠങ്ങൾ കുടുംബത്തിൽ നിന്നാണല്ലോ തുടങ്ങേണ്ടത്?

2.അഭിഷേകിന്റെ മറുപടിയുടെ പ്രശ്നം, വിവാഹശേഷം രക്ഷിതാക്കളുടെ കൂടെ നിൽക്കുന്നവരിൽ ഭൂരിപക്ഷവും ഭർത്താവിന്റെ രക്ഷിതാക്കൾക്ക് ഒപ്പമാണ് ജീവിക്കുന്നത്. ഒരു സാധാരണ സ്ത്രീയുടെ സ്വകാര്യതയെയും ജീവിതഗതിയെയും അത്തരം ഒരു പരിസരം എങ്ങനെ ഒക്കെ ബാധിക്കുമെന്ന് എന്റെ സ്വന്തം അനുഭവത്തിൽ നിന്നും ചുറ്റുപാടു നിന്നുള്ള കാഴ്ചകളിൽ നിന്നും എനിക്ക് നന്നായി അറിയാം.സ്വന്തം പ്ലാൻ ഓഫ് ലൈഫ് എന്നത് പൊരുതി നേടേണ്ടതും ചിലപ്പോൾ പൊരുതിയാലും കിട്ടാത്തതുമാണ് അത്തരം ഒരു സ്ത്രീക്ക്. കല്യാണം വരെ രക്ഷിതാക്കൾക്ക് ഒപ്പവും കല്യാണം കഴിഞ്ഞു ഭർത്താവിന്റെ രക്ഷിതാക്കൾക്ക് ഒപ്പവും ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയ്ക്ക് ഏറ്റവും മോഹിപ്പിക്കുന്ന കനി പ്രൈവസി ആയിരിക്കാൻ സാധ്യത ഉണ്ട്.

തലയണമന്ത്രത്തിലെ ഉർവശി നെഗറ്റീവ് ക്യാരക്ടർ ആകുന്നത് ഈ വിഷയത്തിന്റെ ഉപരിപ്ലവബോധ്യങ്ങൾ മാത്രമുള്ള സിനിമാഎഴുത്തുകാർ മൂലമാണ്.ഉർവശി ചെയ്ത കഥാപാത്രത്തിന്റെ അതിജീവനശ്രമങ്ങൾ ഭയങ്കര കോമഡിയും പരാജയത്തിൽ അവസാനിക്കേണ്ടതുമാണ് എന്ന് ആ എഴുത്തുകാർ പഠിപ്പിച്ചു. അവരൊക്കെ നമ്മുടെ സമൂഹത്തോട് ചെയ്ത നിശബ്ദമനോഹരദ്രോഹം നൊസ്റ്റാൾജിയ എന്ന ഗതികിട്ടാത്ത ആത്മാവായി ഇപ്പോഴും നമുക്കിടയിൽ അലയുന്നുണ്ട്.മുതിർന്ന ഒരാളുടെ /അണുകുടുംബത്തിന്റെ ഒറ്റയ്ക്കുള്ള ജീവിതം പോസിബിൾ ആകുന്ന അത്രയും ലാഘവം ഉള്ള കാര്യമാണ് കൂട്ടുകുടുംബത്തിലെ ജീവിതം എന്ന് നിസാരമായി ബാലൻസ് ചെയ്യൽ അസൽ വിവരക്കേടാണ്.

ഇത് പോലെ ഉള്ള ഷോകളുടെ റീലുകൾ വൈറൽ ആയാൽ ഉള്ള പ്രശ്നം എന്താണെന്ന് വെച്ചാൽ ആ മറുപടിക്ക് കിട്ടുന്ന കയ്യടിയും കമന്റും സ്വന്തം വ്യക്തിരാഷ്ട്രീയം രൂപപ്പെടുത്തുന്ന ഘട്ടത്തിൽ കാതലായ ഘട്ടത്തിൽ നിൽക്കുന്ന യുവാക്കളെ /കൗമാരക്കാരെ നെഗറ്റീവ് ആയി ബാധിക്കും. അവരാണല്ലോ റീലുകൾ കൂടുതൽ കാണുന്നത്. അവയുടെ താഴെ ഈ അഭിപ്രായത്തെ വിമർശിച്ചു വസ്തുനിഷ്ഠമായി പ്രതികരിക്കുന്ന ആളുകളുണ്ട്. സത്യത്തിൽ സ്വന്തം സമയം മെനക്കെടുത്തി അവർ ആ കമന്റ് ഇടുമ്പോൾ സാമാന്യം ഗൗരവപ്പെട്ട ഒരു രാഷ്ട്രീയപ്രവർത്തനമാണ് നടത്തുന്നത് എന്ന് ഞാൻ അതിനാൽ കരുതുന്നു.

കൂട്ട് കുടുംബത്തിൽ വർഷങ്ങൾ ജീവിച്ച ഒരു പ്രായമായ ഉമ്മ നിസംഗമായ മുഖത്തോടെ ഈ അടുത്ത് പറഞ്ഞത് ഓർമിച്ചു നിർത്തുന്നു – ‘വർഷങ്ങൾ… വർഷങ്ങൾ ആണ് മോളെ സന്തോഷത്തോടെ എന്ന് കരുതി ഞാൻ ഏതോ വീടിനു വേണ്ടി, കുറേ ആൾക്കാർക്ക് വേണ്ടി ജീവിച്ചു തീർത്തത്.അത് എന്റെ സന്തോഷം അല്ലായിരുന്നു എന്നും വേറെ ആരുടെയൊക്കെയോ സൗകര്യം ആയിരുന്നു എന്നും ഞാൻ തിരിച്ചറിഞ്ഞപ്പോൾ ഒരുപാട് വൈകി.’ അനുഭവം പഠിപ്പിച്ച ഒരു വലിയ പാഠമാണ് അവർ പറഞ്ഞത്.😊

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്