Ajay Balachandran
കാപികോ റിസോർട്ടിൻ്റെ 2006 ഫെബ്രുവരിയിലെ സാറ്റലൈറ്റ് ചിത്രമാണ് ആദ്യചിത്രം. തെങ്ങ് കൃഷി ചെയ്യുന്ന മനുഷ്യവാസമില്ലാത്ത ഒരു സ്വകാര്യ ദ്വീപായിരുന്നു ഇത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അന്ന് റിസോർട്ട് പണിഞ്ഞിട്ടില്ല! തെങ്ങുകൾക്ക് നല്ല വലിപ്പമുണ്ട് എന്നും തോന്നുന്നു. പതിറ്റാണ്ടുകളായി സ്വകാര്യഭൂമിയായിരുന്ന സ്ഥലമാണെന്നാണ് എൻ്റെ അനുമാനം.
2022 ജനുവരിയിലെ സാറ്റലൈറ്റ് ചിത്രമാണ് രണ്ടാമത്തേത്. അതിൽ റിസോർട്ട് പണിഞ്ഞിരിക്കുന്നതായി കാണാം. 2006 -ൽ ഉണ്ടായിരുന്ന അതിരിൽ നിന്ന് പുറത്തേയ്ക്ക് പോകാതെയാണ് ഞാൻ നോക്കിയിട്ട് നിർമാണം മുഴുവൻ നടന്നിരിക്കുന്നത്. നിർമാണത്തിൻ്റെ ഭാഗമായി കായൽ കയ്യേറ്റമുണ്ട് എന്ന് എനിക്ക് കണ്ടിട്ട് തോന്നുന്നില്ല.
ഇതെപ്പറ്റിയുള്ള പോസ്റ്റുകൾക്കടിയിലെ കമൻ്റുകളിൽ ഇത് തെറ്റായ നിർമാണമാണെങ്കിൽ ഇടിച്ച് പൊളിച്ച് കളയുന്നതിനേക്കാൾ പ്രകൃതിസൗഹൃദമാവുക ഗവണ്മെൻ്റ് ഏറ്റെടുത്ത് എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിച്ചാലല്ലേ എന്ന ചോദ്യത്തിന് കണ്ട ഒരു മറുപടി ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
ഗവണ്മെൻ്റ് ഏറ്റെടുത്താൽ നീണ്ട നിയമയുദ്ധത്തിന് ശേഷം മുതലാളിക്ക് ചിലപ്പോൾ കോടതി ഉത്തരവ് പ്രകാരം തിരികെ കിട്ടിയാലോ എന്ന സംശയമായിരുന്നു സൂർത്തുക്കളേ ആ കമൻ്റ്!
കോടതിവിധി പ്രകാരം തിരികെ കിട്ടുന്നെങ്കിൽ അത് നീതി അങ്ങനെ ആയതുകൊണ്ടാവില്ലേ, എന്ന സംശയം കമൻ്റ് ചെയ്ത ആൾക്കില്ല! പൊളിച്ചാൽ അതുകാരണം മലിനീകരണമുണ്ടായി പ്രകൃതിക്ക് ആഘാതമുണ്ടാവില്ലേ എന്ന സംശയം പോലുമില്ല! മുതലാളിക്ക് പണികൊടുക്കണം എന്ന അതിയായ ആഗ്രഹം മാത്രമല്ലേ ആ കമൻ്റിൽ? പ്രകൃതിസ്നേഹികളായി നടിക്കുന്നവരെല്ലാം പ്രകൃതിസ്നേഹികളല്ല!
ചില കാര്യങ്ങൾ ആവർത്തിക്കട്ടെ.
1. പത്ത് നാല്പത് വർഷം മുൻപ് ഇവിടെ ഒരു റിസോർട്ട് പണിയുന്നതിന് ഒരു നിയമതടസ്സവും ഉണ്ടായിരുന്നില്ല.
2. ഒരു സുപ്രഭാതത്തിൽ കേന്ദ്ര ഗവണ്മെൻ്റ് തീരദേശ സംരക്ഷണ നിയമം കൊണ്ടുവന്ന് സ്ഥലമുടമയ്ക്ക് ഒരു നഷ്ടപരിഹാരവും കൊടുക്കാതെ ഇവിടെ ഉപ്പുവെള്ളമുള്ള സ്ഥലമായതിനാൽ തീരത്തുനിന്ന് ഇത്ര മീറ്റർ മാറിയേ നിർമാണം പാടുള്ളൂ എന്ന് നിഷ്കർഷിക്കുകയായിരുന്നു.
3. ഇത്തരമൊരു ബഫർ സോൺ ന്യായമാണോ? ഇത് റിസോർട്ടുകൾക്ക് മാത്രമല്ല ബാധകമാവുക, ഒറ്റമുറി വീടുകൾക്കും ഈ നിയമം ബാധകമാണ്. ഞാൻ ഒരു പ്രദേശത്ത് 100 ചെറിയ വീടുകൾ ഈ നിയമം ലംഘിച്ച് കെട്ടിയിരിക്കുന്നത് സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചപ്പോൾ കണ്ടു.
***********
Jomy Pl
തീരദേശ പരിപാലന ചട്ടം ല൦ഘിച്ചതിന്റെ പേരിൽ തകർക്കപ്പെടുന്ന നെടിയൻത്തുരുത്തിലെ കാപ്പിക്കോ റിസോർട്ടാണ്. ഇത് തകർക്കപ്പെടുമ്പോഴുണ്ടാവുന്ന പാരിസ്ഥിതികാഘാതത്തിനും മലിനീകരണത്തിനും ആരാണ് ഉത്തരവാദികളാവുക ?നിയമം യാന്ത്രികവും നിയമജ്ഞർ അതിന്റെ മനുഷ്യപ്പറ്റില്ലാത്ത നിർവാഹകരുമാവുമ്പോൾ സാമാന്യ ബോധത്തെ അപഹസിക്കുന്ന ഇത്തരം ഉൻമാദങ്ങളുണ്ടാവും.
35900 ചതുരശ്ര അടിയിൽ തീർത്ത 54 വില്ലകളും പ്രധാന കെട്ടിടവുമുൾപ്പടെ 350 കോടി രൂപയാണ് ഈ റിസോർട്ടിന്റെ നിർമാണച്ചെലവ്. പൊളിക്കാനുള്ള ചെലവ് എത്രയാകുമെന്നറിയില്ല. പൊളിക്കുമ്പോൾ ഒരു തരി പോലും കായലിൽ വീഴരുതെന്ന് മേലാവിൽ നിന്നും കൽപ്പനയുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഉണ്ടായ പാരിസ്ഥിതികപ്രശ്നങ്ങൾ ഈ നിർമ്മിതികൾ തകർക്കുമ്പോൾ ഇല്ലാതാവുമോ? യഥാർത്ഥത്തിൽ ഈ സംഹാരവും അവശിഷ്ടങ്ങളും പുതിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുകയല്ലേ ചെയ്യുക ?
ഒരു നിർമാണ പ്രവർത്തനത്തിന് ഭരണകൂടം അനുവാദം നൽകുന്നു. അതിനു ശേഷം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു. തുടർന്ന് അതേ ഭരണകൂടത്തിന്റെ ഭാഗമായ കോടതി കെട്ടിടങ്ങൾ നിർമ്മാതാവിന്റെ ചെലവിൽ സംഹരിക്കാൻ ഉത്തരവിടുന്നു.ഈ വിഷയത്തിലെ നിയമ ലംഘകർ റിസോർട്ട് ഉടമകൾ മാത്രമല്ലാതിരിക്കെ അവർ മാത്രം ശിക്ഷിക്കപ്പെടുന്നതിന്റെ നീതിയെന്താണ് ?
ഇത്തരം പ്രശ്നങ്ങളിൽ നിയമ ലംഘനത്തിന് കനത്ത പിഴ ഈടാക്കി കർശനമായ ഉപാധികളോടെ റിസോർട്ട് പ്രവർത്തനം തുടരാൻ അനുവദിക്കുകയായിരുന്നില്ലേ അഭികാമ്യം?കോടതികളുടെ മൂക്കിനു കീഴിൽ നടക്കുന്ന പരിസ്ഥിതി ലംഘനങ്ങൾ എത്രയോ ഉണ്ട് ? എത്രയെണ്ണത്തിൽ നടപടിയുണ്ടാവുന്നു ? ആൾ ദൈവങ്ങളും ഇഷ്ട വ്യവസായികളും കായലും തണ്ണീർ തടങ്ങളും കടലും നികത്തി റിസോർട്ടുകളും വ്യവസായ ശാലകളും തുറമുഖങ്ങളുമുണ്ടാക്കും. പക്ഷേ, പരിസ്ഥിതി ലംഘനമാരോപിച്ച് ഒരു ചെറിയ കേസെടുക്കാൻ പോലും ആരുമുണ്ടാവില്ല.
കച്ചിലെ മുന്ദ്രയിലെ വാട്ടർ ഫ്രന്റ് പ്രോജക്റ്റിന്റെ പേരിൽ അദാനി ഗ്രൂപ്പിന് 200 കോടി രൂപയാണ് 2013 ൽ UPA സർക്കാർ പിഴ ചുമത്തിയത്.2014 ൽ പുതിയ സർക്കാർ വന്നു. ലംഘനങ്ങളുണ്ട് – പഠിച്ച് വേണ്ടതു ചെയ്യും. സർക്കാർ പറഞ്ഞു.2018 ൽ പിഴയേ വേണ്ട എന്ന് സർക്കാർ തീരുമാനിക്കുകയും തുടർന്ന് പ്രോജക്ട് വിപുലീകരിക്കാൻ അനുവാദം നൽകുകയും ചെയ്തു.നമ്മുടെ പരിസ്ഥിതി ബോധം വലിയൊരിരട്ടത്താപ്പാണെന്നതിന് ഉദാഹരണങ്ങളേറെയുണ്ട്. മതവിഭാഗങ്ങൾ,രാഷ്ടീയ സംഘടനകൾ കയ്യേറിയ സ്ഥലങ്ങൾ ; വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന പാരിസ്ഥിതിക വിരുദ്ധമായ ആചാരങ്ങൾ, ആഘോഷങ്ങൾ –
കോടതി ഇടപെടുമോ?
കോടതി ഇടപെടുമോ?
മുന്ദ്രയിൽ ?
വിഴിഞ്ഞത്ത് ?
നിയമ പരിപാലനം അവസരവാദവും ആത്മവഞ്ചനയുമാവരുത് .റിസോർട്ട് ഉടമകളായ മുത്തൂറ്റ് ഗ്രൂപ്പിനോട് യാതൊരു മമതയുമില്ല. പക്ഷേ, ഈ സംഹാരം പരിസ്ഥിതിയോടു ചെയ്യുന്ന മറ്റൊരു കളങ്കമാണ് എന്നു തോന്നുന്നതു കൊണ്ടാണ് ഇതു കുറിക്കുന്നത്.കായലോരങ്ങളിൽ, ബീച്ചുകളോടു ചേർന്ന്, മലഞ്ചെരിവുകളിൽ എല്ലാം പണിതീർക്കപ്പെട്ട നൂറു കണക്കിന് മണിമന്ദിരങ്ങൾ നിയമങ്ങളെ പരിഹസിച്ച് നിലകൊള്ളുന്നുണ്ട്. ജെസിബികൾ അവയ്ക്കെതിരെ നീങ്ങുമോ ? സാധ്യതയില്ല. അങ്ങനെ സംഭവിക്കരുത് എന്നു തന്നെയാണ് എന്റെ ആഗ്രഹം.ഭവനരഹിതരായ 20 ലക്ഷത്തോളം കുടുംബങ്ങളുണ്ടത്രെ ഇന്ത്യയിൽ.ഈ നിയമ വിരുദ്ധ സൗധങ്ങളിൽ നിന്നും പിഴയീടാക്കി ഒരു നിധിയുണ്ടാക്കിയാൽ മാത്രം മതി ഈ 20 ലക്ഷം പേർക്ക് ചെറിയ കൂരകൾ വച്ചു നൽകാൻ !