നിങ്ങൾക്കറിയാമോ കേരളത്തിൽ ബിജെപിയിലേക്ക് ആളുകൾ ഒഴുകുകയാണ്

382

Ajay Balachandran

തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞ സ്ഥിതിക്ക് ഞാൻ കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ പറയാം. എനിക്ക് പത്ത് നാല്പത്തഞ്ച് വയസ്സായി. സ്കൂൾ വിദ്യാഭ്യാസകാലം മുതൽ ബോധപൂർവ്വമായോ അല്ലാതെയോ കേരളത്തിലെ രാഷ്ട്രീയം നിരീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ മുപ്പത് മുപ്പത്തഞ്ച് വർഷമായി എനിക്ക് അറിയാവുന്ന പലരുടെയും രാഷ്ട്രീയ ചായ്‌വ് കോൺഗ്രസ്സിൽ നിന്നും ഇടത് പാർട്ടികളിൽ നിന്നും ബിജെപിയിലേയ്ക്ക് മാറിയിട്ടുണ്ട്. എന്റെ ബന്ധുക്കൾ ഏകദേശം പൂർണ്ണമായി ഇപ്പോൾ ബിജെപിക്കാരാണ് (മുപ്പത് വർഷം മുൻപ് ഇത് വളരെ തുച്ഛമായിരുന്നു). സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് എന്റെ സഹപാഠികളാരും ബിജെപി അനുഭാവികളായിരുന്നില്ല. കോളേജ് വിദ്യാഭ്യാസ കാലത്താണ് ആർ.എസ്.എസ്. അനുഭാവികളുമായി ഞാൻ ആദ്യമായി ഒരുമിച്ച് പഠിച്ചത്. അന്നത്തെ സഹപാഠികളിൽ സംഘി ചായ്‌വില്ലാതിരുന്ന പലരും ഇന്ന് തികഞ്ഞ സംഘികളാണ്.
പല പല രീതികളിലൂടെയാണ് ഈ മാറ്റം നടക്കുന്നത്. ചില ഉദാഹരണങ്ങൾ പറയാം.

UDF, LDF leave little on the table for BJP in Kerala1. എനിക്ക് ഇടയ്ക്കിടെ ബിജെപി നുണ ഫാക്ടറിയിൽ നിന്നുള്ള സന്ദേശങ്ങൾ അയയ്ക്കുന്ന ഒരു വ്യക്തിയുടെ കാര്യം ആദ്യം പറയാം. ആൾ പണ്ട് തികഞ്ഞ കോൺഗ്രസ്സുകാരനായിരുന്നു – ഇപ്പോഴും കോൺഗ്രസ്സുകാരനാണ് എന്നും മോദിജിക്കേ ഇന്ത്യ ഭരിക്കാൻ സാധിക്കൂ എന്നതിനാലാണ് ബിജെപി ചായ്‌വ് എന്നുമാണ് അദ്ദേഹത്തിന്റെ വാദം.

ഇടയ്ക്കിടെ ഇദ്ദേഹത്തിന്റെ വക “ഹിന്ദു ഖതരേ മേം ഹേ“ മെസേജുകൾ വരും. കാസർകോടും കോഴിക്കോടും മലപ്പുറത്തും ഒന്നും ഹിന്ദുക്കൾക്ക് മത്സരിക്കാൻ പോലും സാധിക്കുന്നില്ല എന്ന വാദം അടുത്തകാലത്ത് അയച്ച വോ‌യ്സ് മെസേജിൽ ഉണ്ടായിരുന്നു. ഇത് ഒന്ന് ഫാക്റ്റ് ചെക്ക് ചെയ്ത് നോക്കി. കാസർഗോഡ് ജില്ലയിൽ 55.83% ആണ് ഹിന്ദു ജനസംഖ്യ. അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. അതിൽ മൂന്നെണ്ണത്തിലെ ജനപ്രതിനിധികൾ ഹിന്ദു നാമധാരികളാണ്. കെ. കുഞ്ഞിരാമൻ, ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ എന്നിവർ. 60% ഹിന്ദു പ്രാതിനിധ്യം!

കോഴിക്കോട് ജില്ലയിൽ 56.21% ഹിന്ദുക്കളാണുള്ളത്. അവിടെ 13 മണ്ഡലങ്ങൾ. അതിൽ 7 എം.എൽ.എ.മാർ ഹിന്ദു നാമധാരികൾ. (സി.കെ. നാണു, ഇ.കെ. വിജയൻ, കെ. ദാസൻ, ടി.പി. രാമകൃഷ്ണൻ, പുരുഷൻ കടലുണ്ടി, എ.കെ. ശശീന്ദ്രൻ, എ. പ്രദീപ് കുമാർ എന്നിവർ). 54% ഹിന്ദു പ്രാതിനിധ്യം!

BJP national leaders to visit Kerala ahead of appointing Kerala chief | BJP  National leaders to reach Kerala| Amit Shah| GVL Narasimha Raoമലപ്പുറം ജില്ലയിൽ 27.6% ഹിന്ദുക്കളാണുള്ളത്. അവിടെ 16 മണ്ഡലങ്ങൾ. അതിൽ 2 പേർ ഹിന്ദു നാമധാരികൾ – എ.പി. അനിൽകുമാർ, പി ശ്രീരാമകൃഷ്ണൻ എന്നിവർ!! 12.5%!! എനിക്ക് ഈ അനുപാതങ്ങളിൽ വലിയ പ്രശ്നമൊന്നും തോന്നുന്നില്ല (ഇങ്ങനെയുള്ള ഫാക്‌റ്റ് ചെക്കിങ് ഒന്നും നടത്താതെ ഇത്തരം നുണകളിൽ വിശ്വസിക്കുന്ന ചിലരെങ്കിലും ഉണ്ടാവും). വലതുപക്ഷം ഭരിക്കുമ്പോൾ അനുപാതം കുറച്ചുകൂടി മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും അനുകൂലമായി വ്യത്യാസപ്പെടും എന്നും ഓർക്കുക.

മന്ത്രിസഭയിലെ ആനുപാതിക ഹിന്ദു പ്രാതിനിധ്യം യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കുറവായിരുന്നപ്പോഴുണ്ടായിരുന്ന ഏതോ ബിജെപി പ്രചാരണത്തിൽപ്പെട്ടാണോ ഇദ്ദേഹം മോദി ഭക്തനായി മാറിയതെന്ന് എനിക്ക് നല്ല സംശയമുണ്ട്. നേരിട്ട് ചോദിച്ചിട്ട് വ്യക്തമായ മറുപടി കിട്ടുന്നില്ല. കേരളത്തിലെ മുന്നണികൾ ഹിന്ദുക്കൾക്കെതിരാണ് എന്ന തരം പ്രചാരണത്തിലൂടെ ബിജെപി പതിയെപ്പതിയെ ഹിന്ദുക്കളെ ചേർക്കുന്നുണ്ട് എന്നതാണ് ചുരുക്കത്തിൽ ആദ്യത്തെ പോയിന്റ്.

  1. ഇനി അൽപ്പം ജാതി പറയാം. അടുത്ത കാലത്തായി ബിജെപിയിലേയ്ക്ക് വലിയ ഒഴുക്കുണ്ടായിട്ടുള്ള ഒരു വിഭാഗമാണ് കേരളത്തിലെ ധീവര സമുദായം (മുക്കുവർ). ധീവരസമുദായത്തെ ഇരു മുന്നണികളും അവഗണിക്കുന്നു എന്ന വാദം ഒരു ഗ്രൂപ്പിൽ അടുത്ത കാലത്തായി കേട്ടു. അടിസ്ഥാന വാദം ഇതൊക്കെയാണ്. കേരളത്തിൽ ഹിന്ദു ധീവരർ 15 ലക്ഷത്തിലധികമുണ്ട്. ജനസംഖ്യയുടെ നാല് – അഞ്ച് ശതമാനം. ആനുപാതിക കണക്കനുസരിച്ച് രണ്ട് മുന്നണികളും ശരാശരി എല്ലാ ഇലക്ഷനും 7 ടിക്കറ്റെങ്കിലും ധീവരർക്ക് മത്സരിക്കാനായി നൽകണമെങ്കിലും നൽകുന്നില്ല എന്നും ലോക് സഭ ഇലക്ഷന് ശരാശരി 1 ടിക്കറ്റെങ്കിലും ധീവരർക്ക് ലഭിക്കണമെങ്കിലും ലഭിക്കുന്നില്ല എന്നതുമാണ് വാദം. ബിജെപി എല്ലാ തിരഞ്ഞെടുപ്പിലും കുറഞ്ഞത് അഞ്ച് നിയമസഭാ ടിക്കറ്റും ഒരു ലോക്‌സഭ ടിക്കറ്റും ധീവരരെ മത്സരിപ്പിക്കാൻ നീക്കി വയ്ക്കും എന്നതാണ് കേന്ദ്ര നേതൃത്വത്തിൽ നിന്ന് ലഭിച്ച വാഗ്ദാനം എന്നാണ് വെളിപ്പെടുത്തൽ.

ധീവര സമുദായത്തോടുള്ള അവഗണനയുടെ അടുത്ത ഉദാഹരണം പറയുന്നത് കേരളത്തിലെ എയ്‌ഡഡ് സ്കൂളുകളുടെയും കോളേജുകളുടെയും ഉടമസ്ഥതയിലെ സാമുദായിക അനുപാതമില്ലായ്മയാണ്. സർക്കാർ ശമ്പളം കൊടുക്കുകയും മാനേജ്മെന്റ് കൈക്കൂലി വാങ്ങുകയും ചെയ്യുന്ന ഒരു ഉഡായിപ്പ് സെറ്റപ്പാണ് എയ്ഡഡ് സ്ഥാപനങ്ങൾ എന്നത് അറിയാമല്ലോ? സമുദായങ്ങൾക്ക് ശക്തിയും സ്വാധീനവും സമ്പത്തും ഉണ്ടാക്കാനുള്ള ഒരു സംവിധാനം! ധീവരരുടെ നടത്തിപ്പിൽ എത്ര എ‌യ്ഡഡ് സ്ഥാപനങ്ങൾ ഉണ്ട്? (എനിക്കറിയില്ല) ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഈഴവർക്കും ഇത്ര വീതം ഉണ്ട് എന്നും ഇതിൽ ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മാനേജ്‌മെന്റിലുള്ള ചിലതൊക്കെ പിടിച്ചെടുത്ത് ധീവരർക്ക് കൊടുക്കാം എന്നുമൊക്കെ ബിജെപി വാഗ്ദാനം ചെയ്താൽ ഒരു സമുദായത്തിന്റെ വോട്ട് പിടിക്കാൻ എളുപ്പമാണ്. (ക്രിസ്ത്യാനികളോടൊക്കെ ബിജെപി വേറേ രീതിയിൽ ചർച്ച നടത്തുന്നുണ്ട് – അവർക്കുള്ള വാഗ്ദാനം ഇതിന് നേരേ എതിരായിരിക്കാം).

വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകൾ ഇല്ലാത്തതിനാൽ ഈ വാദങ്ങളെ വിശകലനം ചെയ്യാൻ പോലും എനിക്ക് സാധിക്കുന്നില്ല. കേരളത്തിൽ ഇതുവരെ ഉണ്ടായ എം.എൽ.എ മാരുടെയും ജാതി തിരിച്ചുള്ള കണക്ക് എവിടെ അന്വേഷിച്ചിട്ടും കിട്ടിയതുമില്ല. ധീവര സമുദായത്തിന് ഉടമസ്ഥതയുള്ള എയ്ഡഡ് കോളേജുകൾ ഒന്ന് ഇന്റർനെറ്റിൽ തിരഞ്ഞ് നോക്കി. കിട്ടിയില്ല.
കേരളത്തിലെ ഹിന്ദു സമൂഹത്തിലെ എല്ലാ ജാതികൾക്കിടയിലും ഈ ജാതി അവഗണന കാർഡ് ഉപയോഗിച്ച് ബിജെപി പതിയെ വളരുന്നുണ്ട്.

3. അടുത്ത കാലത്ത് ഷെഡ്യൂൾഡ് കാസ്റ്റുകാരനോ സംഘിയോ അല്ലാത്ത ഒരു സുഹൃത്ത് ചോദിച്ച ചോദ്യങ്ങളാണ് അടുത്ത പോയിന്റ്. കേരളത്തിൽ ഷെഡ്യൂൾഡ് കാസ്റ്റുകാരനായ ഒരു മന്ത്രിക്ക് ‘പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമം’ എന്ന വകുപ്പും അതിനോടൊപ്പം അല്ലറ ചില്ലറ വകുപ്പും അല്ലാതെ കാര്യമായ ഏതെങ്കിലും വകുപ്പ് ലഭിച്ചിട്ടുണ്ടോ? മന്ത്രിസഭയിൽ ഒരേ സമയം ഒന്നിലധികം ഷെഡ്യൂൾഡ് കാസ്റ്റുകാരോ ട്രൈബുകാരോ ഉണ്ടായിട്ടുണ്ടോ? കേരളത്തിലെ എ‌യ്ഡഡ് സ്ഥാപനങ്ങളിൽ മെരിറ്റ് അനുസരിച്ചാണ് നിയമനം നടക്കുന്നതെങ്കിൽ എന്തുകൊണ്ടാണ് ഷെഡ്യൂൾഡ് കാസ്റ്റുകളുടെ എണ്ണത്തിൽ ഇത്ര കുറവ്? അതും പോട്ടെ – കേരളത്തിൽ എസ്.സി./എസ്.ടി. മാനേജ്‌മെന്റിന് കീഴിൽ എത്ര എയ്ഡഡ് സ്ഥാപനങ്ങളുണ്ട്? ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടുപിടിക്കണം എന്നുപോലും തോന്നുന്നില്ല. ഉത്തരങ്ങൾ അത്ര മോശമായിരിക്കും.

ചുരുക്കത്തിൽ നുണകളും ജാതി/മത കാർഡുകളും അതോടൊപ്പം കുറച്ച് സത്യങ്ങളും ഒക്കെ ഉപയോഗിച്ചാണ് ബിജെപി കേരളത്തിൽ വളരുന്നത്. അവർക്ക് അടുത്ത വർഷം കേരളം പിടിക്കണം എന്ന് നിർബന്ധമൊന്നുമില്ല – പത്തോ ഇരുപതോ കൊല്ലം കൊണ്ട് സാവധാനം ചെയ്യേണ്ട കാര്യമേ ഉള്ളൂ. (ഏത് കർഷക പ്രക്ഷോഭം വന്നാലും അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ ജയിക്കും എന്ന് ഒരു പ്രവചനം കൂടി പറയട്ടെ!!) ഇനി ബിജെപിയുടെ ഭാഷയിൽ കേരളത്തിൽ “മാറി മാറി ഭരിക്കുന്ന“ മുന്നണികൾക്ക് രണ്ടിനും ബിജെപിയുടെ ഇത്തരം നിശബ്ദപ്രചാരണത്തെ തടുക്കാൻ കുറച്ച് ഫ്രീ ഉപദേശം തരാം.

  1. കഴിയുമെങ്കിൽ കേരളത്തിലെ എല്ലാ മത വിഭാഗങ്ങളെയും ആനുപാതികമായി ഉൾക്കൊള്ളുന്ന തരത്തിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്തുക. (ഞങ്ങൾ religion blind ആണ് എന്ന് അവകാശവാദം നടത്തിയിട്ട് വലിയ കാര്യമൊന്നുമില്ല).

  2. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങൾക്ക് (പ്രത്യേകിച്ചും ഷെഡ്യൂൾഡ് കാസ്റ്റ്/ഷെഡ്യൂൾഡ് ട്രൈബ്/ഒ.ഇ.സി./ഒ.ബി.സി.) ജനസംഖ്യാനുപാതികമായി സീറ്റുകൾ നൽകുക. ഞങ്ങൾ കഴിവുള്ളവർക്കാണ് സീറ്റ് നൽകുന്നത്, ജാതി നോക്കിയല്ല എന്നൊക്കെ പറഞ്ഞാൽ ബി.ജെ.പി.യിലേയ്ക്കുള്ള ഒഴുക്കൊന്നും തടയാൻ സാധിക്കില്ല. സീറ്റുകൾ ആനുപാതികമായി നൽകാൻ തുടങ്ങിയാൽ മന്ത്രിസഭയിലൊക്കെ പതിയെ ആനുപാതികമായി പ്രാതിനിധ്യം കിട്ടിത്തുടങ്ങിക്കോളും.

  3. എ‌യ്ഡഡ് സ്കൂൾ നിയമനം പി.എസ്.സി. വഴിയാക്കുക. സർക്കാർ ശമ്പളം കൊടുക്കുകയും സംവരണമാനദണ്ഡമൊന്നും പാലിക്കാതെ കോഴ വാങ്ങി നിയമനം നടക്കുകയും ചെയ്യുന്ന സംവിധാനം കേരളത്തിൽ തുടരേണ്ട ഒരാവശ്യവുമില്ല.

  4. 2011-ലെ ജാതി സെൻസസിൽ ശേഖരിച്ച വിവരങ്ങൾ ഇതുവരെ കേന്ദ്ര ഗവണ്മെന്റ് പുറത്ത് വിട്ടിട്ടില്ല. എങ്ങനെയെങ്കിലും ഈ വിവരങ്ങൾ പുറത്താക്കിയെടുക്കുക – സുപ്രീം കോടതിയിൽ കേസ് പറഞ്ഞിട്ടാണെങ്കിൽ പോലും!!