അജയ് പള്ളിക്കര
വിനയന്റെ ഒരു ഇന്റർവ്യൂ. 2003 അല്ലെങ്കിൽ 2004 സമയത്ത് നിർമ്മാതാക്കൾ എഗ്രിമെന്റ് വേണം എന്ന് ഫിലിം ചേമ്പറിനോട് പറഞ്ഞ സമയം. നടീനടന്മാരുടെ സിനിമയിലേക്കുള്ള ഡേറ്റിന്റെയും അതിന്റെ തുകയുടെയും, ഷൂട്ട് എത്ര ദിവസം വരും എന്നതിന്റെയും എല്ലാം.. ആയിരുന്നു ആ എഗ്രിമെന്റ്.
താരങ്ങൾ അന്ന് ആ എഗ്രിമെന്റിനോട് വിയോജിച്ചുകൊണ്ടു അത് സമ്മതിക്കാത്ത അവസ്ഥ, കമൽ ഒഴികെ എല്ലാവരും ഇതിനെതിരെ തന്നെ ആയിരുന്നു.പക്ഷെ പൃഥ്വിരാജ്, വിനയൻ എന്നിവർ ഇത് വേണം എന്ന നിലപാടിൽ ഉറച്ചു നിന്നു.
താരങ്ങൾ എല്ലാം സിനിമയിൽ നിന്ന് വിട്ടുനിന്ന അവസരം. അങ്ങനെ ആ സമരത്തെ പൊളിക്കാൻ വേണ്ടി ചെയ്ത സിനിമകളിൽ ഒന്നായിരുന്നു “സത്യം”. ആ സത്യം പുറത്ത് വന്ന സമയം. അന്ന് പൃഥ്വിരാജിനെ വിലക്കി. ആ വിലക്ക് മാറ്റാൻ വിനയൻ പുതിയ സിനിമയുമായി ചില ‘കള്ളങ്ങൾ’ പറഞ്ഞു വന്നു. മനഃപൂർവ്വം വിലക്ക് മാറ്റാൻ. പക്രുവാണ് സിനിമയിലെ നായകനടൻ എന്ന് പറയുകയും, എല്ലാവരുടെയും ഒപ്പ് വാങ്ങുകയും പിന്നീട് 100 ൽ പരം കുള്ളന്മാരുടെ നടുക്ക് രാജുവിന്റെ പോസ്റ്റർ വരുകയും, ശേഷം പൃഥ്വിരാജ് മലയാള സിനിമയിലേക്ക് വീണ്ടും വരുകയും ചെയ്ത സമയം.
സിനിമയുമായി ബന്ധപ്പെട്ടതാണെങ്കിലും ഈ സിനിമയെ കുറിച്ച് പറയുമ്പോൾ ഇത് ഇത്രയും പറയാതെ തുടങ്ങാൻ കഴിയില്ലല്ലോ എന്ന് തോന്നി. 2005 ൽ വിനയൻ കഥയും, തിരക്കഥയും, സംവിധാനവും ചെയ്ത് മലയാളത്തിൽ റിലീസ് ചെയ്ത അത്ഭുതകരമായ സിനിമ അത്ഭുത ദ്വീപ്. അന്നത്തെ സമയത്ത് ഇങ്ങനെയൊരു സിനിമയും, കാഴ്ച്ചയും തികച്ചും ഉറ്റുനോക്കുന്നത് തന്നെയായിരുന്നു മനസ്സിൽ തട്ടും വിധം, ഓർക്കും വിധം എപ്പോഴും കേട്ടിരിക്കാൻ കഴിയും വിധം എം ജയചന്ദ്രന്റെ മ്യൂസിക്കും കൂടിയുള്ള സിനിമ.
1 :shyama Mohini
2 :chakkaramavinte
3 :oridathoridath orukarayunde
4 :Oh Raja Gajaraja
ഇഷ്ട്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ പാട്ടുകൾ ഉണ്ടെങ്കിലും. ഇപ്പോഴും കേൾക്കുന്ന ഒരു പാട്ട്, അല്ലെങ്കിൽ കേട്ടാൽ വീണ്ടും കേൾക്കുന്ന പാട്ട് എനിക്ക് ‘ചക്കരമാവിന്റെ’ ആണ്. എന്തോ ഭയങ്കര ഇഷ്ട്ടമാണ് ആ വേർഷൻ. സിനിമയിലേക്ക് വന്നാൽ വാമനപുരി എന്ന സ്ഥലവും അവിടെ ജീവിക്കുന്ന കുള്ളന്മാരായ പുരുഷന്മാരുടെയും, സ്ത്രീകളുടെയും ജീവിതവും ഒപ്പം അവിടേക്ക് നുഴഞ്ഞു കയറിയ മനുഷ്യരുടെയും ശേഷം ആ ദ്വീപ് നശിപ്പിക്കാൻ വരുന്ന നരഭോജികളുടെയും കഥയും ഒട്ടുംലാഗ് ഇല്ലാതെ കഥയോടൊപ്പം നമുക്ക് കാണിച്ചു തരുവാനും, നല്ല രീതിയിൽ അവതരിപ്പിക്കാനും, എടുക്കാനും ഒക്കെ കഴിഞ്ഞ സിനിമ.
അന്നത്തെ അവസ്ഥ വെച്ച് VFX എല്ലാം ഇത്രയും നന്നായി ചെയ്തത് അതിശയിപ്പിക്കുന്ന കാര്യം തന്നെയാണ്. ബ്ലഡ് സീനുകളും, ചില vfx സീനുകളും കാണുമ്പോൾ മനസ്സിലാകും എങ്കിലും കഥയോട് മുഴുകി ചേർന്നാൽ അതെല്ലാം വക വെക്കാതെ കണ്ട് തന്നെ ഇരിക്കും.കോമഡിയും, ആക്ഷനും, അതിനിടയിൽ, ഇമോഷണൽ കണക്ടിലൂടെയും എല്ലാം സിനിമ സഞ്ചരിക്കുന്നുണ്ട്.
പക്രു, പൃഥ്വിരാജ്, മല്ലിക കപൂർ, ജഗതി, ജഗദീഷ് അങ്ങനെ ഒരു വലിയ താര നിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു. ജഗതി ഡബിൾ റോൾ ആണെങ്കിലും രണ്ടും രണ്ടുപേരാണ് എന്നൊക്കെ അന്ന് വിചാരിച്ചിരുന്നു, പെട്ടെന്ന് മരിക്കുമെങ്കിലും ബാബുരാജും സിനിമയിൽ അംഗമായി. ശേഷം നരഭോജികൾ വരുന്നതും, അവർ വന്ന് എല്ലാവരെയും കൊന്നൊടുക്കുന്നതും അന്ന് കണ്ട് ഒരുപാട് പേടിച്ചിട്ടുണ്ട്.
പക്രുവിന്റെ സിനിമ ജീവിതത്തിൽ ഒരു നല്ല വേഷം തന്നെയായിരുന്നു അത്. പ്രത്വിരാജും അത്യാവശ്യം നന്നായി തന്നെ ചെയ്തിട്ടുണ്ട്.ഒരുപാട് നല്ല രംഗങ്ങളും സിനിമയിൽ ഉണ്ടായിരുന്നു, ചില കോമഡികൾ എല്ലാം ഓവർ ആണെങ്കിലും ചിലത് ഒക്കെ ചിരിക്കാനുള്ള വകയും തരുന്നുണ്ട്.ഒരുപക്ഷെ വിനയൻ സിനിമകളിൽ എല്ലാം ഇഷ്ടമില്ലെങ്കിലും ഇഷ്ട്ടമുള്ള കൂട്ടത്തിൽ ഈ സിനിമ എന്തായാലും ഉണ്ട്.
മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, , ദാദാസാഹിബ്,സത്യം, കരുമാടിക്കുട്ടൻ, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ, രാക്ഷസരാജാവ്,അതിശയൻ ,വെള്ളിനക്ഷത്രം, ആകാശഗംഗ.. എന്നിവയാണ് മറ്റു ഇഷ്ടപ്പെട്ട വിനയൻ സിനിമകൾ.സിനിമയുടെ ശേഷം ഇത്രയും കുള്ളന്മാർ പിന്നെ എവിടെപ്പോയി, അവർ ഈ സിനിമക്ക് വേണ്ടി മാത്രം വന്നതാണോ, അവരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നൊക്കെ പലപ്പോഴും ആലോചിക്കുന്ന കാര്യമാണ്. അതിൽ പക്രു മാത്രമാണോ ഇപ്പോഴും ഫിലിം ഫീൽഡിൽ ഉള്ളത്.
വർഷങ്ങൾ കുറേ കഴിഞ്ഞ് വീടിനടുത്ത് ഒരു വലിയ കല്യാണം നടന്നപ്പോൾ അതിൽ ബോഡി ഗാർഡ്സ് ആയി നിന്നിരുന്നത് ഇതിലെ ഒരു ‘നരഭോജി’യായിരുന്നു. ആ കാഴ്ച്ച ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്.എന്തായാലും ആ സിനിമയെ കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ഓർമ്മവരും.