അജയ് വി.എസ്
ജീവിതത്തിൽ കേട്ടതിൽവെച്ച് ഏറ്റവും മോശപ്പെട്ട വാക്ക് കഴിവില്ലാത്തവൻ എന്ന വാക്കാണ്. പറഞ്ഞതിൽ ഏറ്റവും വൃത്തികെട്ട വാക്ക് അത് തന്നെ. എങ്ങനെയാണ് കഴിവിനെ അളക്കേണ്ടത്? ആരാണ് കഴിവിന്റെ അളവുകോൽ നിശ്ചയിക്കുന്നത്?
ഹരിയെ കുറിച്ച് ആലോചിക്കുകയായിരുന്നു, ഹരി കടന്നുവന്ന വഴികളെക്കുറിച്ച്, ഹരിയുടെ കഥകളിയെ കുറിച്ച്. ഹരി ജീവിതത്തിൽ തോറ്റുപോയതല്ലായിരുന്നു ഹരിയെ തോൽപ്പിച്ചതായിരുന്നു. ഹരിയെന്നാണോ, ഹരിജൻ എന്നാണോ പേര് എന്ന് ചോദിച്ച ടീച്ചർ മുതൽ ഹരിയുടെ സൗഹൃദവലയത്തിലെ സുഹൃത്തുക്കൾ വരെ ഹരിയെ തോൽപ്പിക്കാനാണ് ശ്രമിച്ചത്. സമൂഹം ഹരിയുടെ കൂടെയല്ലാത്തതിനാൽ അവനു തോറ്റുകൊടുക്കേണ്ടി വന്നു.
ഒന്ന് തിരിഞ്ഞു നോക്കിയാൽ ഹരിയെ പോലെ ഒരുപാട് മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ടാകും, ഒരു പക്ഷേ നമ്മൾ തന്നെയായിരിക്കും ഹരി. ഒരു വലയത്തിനുള്ളിൽ നിന്നുകൊണ്ട് കുറച്ചു മനുഷ്യർ ചേർന്ന് ഒരാളെ മാത്രം ലക്ഷ്യം വെച്ച് അവഗണിക്കുന്നത്തിലും ഒറ്റപ്പെടുത്തുന്നത്തിലും എന്ത് ശരിയാണുള്ളത്. നമ്മൾ തമാശയെന്ന് കരുതുന്നതെല്ലാം മറ്റൊരാൾക്ക് വലിയ പ്രയാസമായിരിക്കും നൽകുക. പരിഹാസം കേൾക്കേണ്ടിവന്ന വ്യക്തി ആ സമയത്ത് കൂടെ ചിരിച്ചേക്കാം, ഗതികേട്കൊണ്ടുള്ള ചിരിയാണത്.
ഒരു സമൂഹത്തിൽ നിന്നും നിരന്തരം വിവേചനം നേരിടേണ്ടി വരുന്ന മനുഷ്യന് സ്വന്തം സുഹൃത്ത് വലയത്തിൽ നിന്ന് പരിഹാസങ്ങൾ നേരിടേണ്ടി വരുമ്പോൾ അയാൾ ചിന്തിക്കുക ആ പരിഹാസങ്ങളും സമൂഹം നിർമ്മിച്ചെടുത്ത വിവേചനത്തിന്റെ ഉൽപ്പന്നമാണ് എന്നാണ്. അത് വർഗ്ഗത്തിന്റെ പേരിലാവാം, തൊഴിലിന്റെ പേരിലാവാം, ജാതിയുടെ പേരിലാവാം, നിറത്തിന്റെ പേരിലാവാം, ലിംഗത്തിന്റെ പേരിലാവാം, മതത്തിന്റെ പേരിലാവാം. ഒരു മനുഷ്യനെ ജഡ്ജ് ചെയ്യാതിരിക്കുന്നതും, എന്തിന്റെയെങ്കിലും പേരിൽ പരിഹസിക്കാതിരിക്കുന്നതുമാണ് ശരിയായ രാഷ്ട്രീയ പ്രവർത്തനം. അത് പൊളിറ്റിക്കൽ കറക്റ്റ്നസ് മാത്രമല്ല, മനുഷ്യത്വം കൂടിയാണ്. ഹരി ഒരുപാട് ചിന്തിപ്പിക്കുന്നു.