അജയ് വി.എസ്
തമിഴ്നാട്ടിലെ ജാതി വിവേചനങ്ങളെ കാണിക്കുന്ന സിനിമകളെല്ലാം ദളിത് വിഭാഗത്തിൽപ്പെട്ട മനുഷ്യർ അനുഭവിക്കുന്ന ചൂഷണങ്ങളും, പീഡനങ്ങളുമാണ് നമ്മുക്ക് കാണിച്ചുതന്നത്. ഇവിടെ കവിയും, മനുഷ്യാവകാശ പ്രവർത്തകയും, സംവിധായകയുമായ leena manimekalai മാടത്തി എന്ന സിനിമയിലൂടെ പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുന്നത് ദളിതർക്കും താഴെ നിൽക്കുന്ന പുതിറൈ വണ്ണർ എന്ന സമൂഹത്തിലെ മനുഷ്യരുടെ ദുരിത കഥയാണ്. പുതിറൈ വണ്ണർ സമൂഹത്തിലെ മനുഷ്യർ പരമ്പരാഗതമായി അലക്കുജോലിയാണ് ചെയ്തുപോകുന്നത്. ഇന്നും തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിൽ രാത്രിയിൽ മാത്രമാണ് ഇവർക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളു.
തൊട്ടുകൂട്ടായ്മയ്ക്ക് കീഴ്പ്പെടുത്തുന്ന ഈ മനുഷ്യരെ അദൃശ്യമായ ജാതിയിൽപ്പെട്ടവർ എന്നും വിളിക്കാറുണ്ട്. മേൽജാതിയിൽപ്പെട്ടവരുടെ ക്രൂരമായ മർദ്ദനങ്ങൾക്ക് എന്നും വിധേയമാവേണ്ടി വരുന്ന ജനവിഭാഗമാണ് പുതിറൈ വണ്ണർ. ഇങ്ങനെ നിരന്തരം മേലാളന്മാരുടെ ശാരീരിക പീഡനങ്ങൾക്ക് ബലിയാടായി കാടിനുള്ളിൽ ജീവിക്കേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ കഥയാണ് മാടത്തി.
മാടത്തി എന്ന സിനിമയിലേക്ക് ലീന മണിമേഖലയെത്തുന്നത് ബി ആർ അംബേദ്കർ എഴുതിയ വാക്കുകളാണ്. ആ വാക്കുകൾ ഇങ്ങനെയാണ്
” മദ്രാസ് പ്രസിഡൻസിയിലെ തിന്നെവല്ലി ജില്ലയിൽ പുതിറൈ വണ്ണർ എന്നൊരു അദൃശ്യ വിഭാഗമുണ്ട്, അവർ പകൽ സമയത്ത് പുറത്തിറങ്ങാറില്ല കാരണം അവരെ കണ്ടാൽ കാണുന്നവർ മലിനമാകുമെന്നാണ് വിശ്വാസം ” ഈ വാക്കുകൾ വായിച്ച ലീന മണിമേഖല പുതിറൈ വണ്ണർ സമൂഹത്തിലെ മനുഷ്യരെ കാണാൻ തമിഴ്നാട്ടിലെ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തു, ആ യാത്രയിൽ ഒരു ലക്ഷത്തോളം പുതിറൈ വണ്ണർ കുടുംബങ്ങൾ ജാതി വ്യവസ്ഥയുടെ അടിമകളാണെന്ന് ലീന തിരിച്ചറിഞ്ഞു. ലീന മണിമേഖലയുടെ ഈ അനുഭവങ്ങളാണ് മാടത്തി എന്ന സിനിമ പിറക്കുന്നതിന് കാരണമായത്. ദൈവ സങ്കൽപ്പങ്ങളെയെല്ലാം തകർക്കുന്ന മാടത്തി എന്ന സിനിമ യോസന എന്ന പെൺകുട്ടിയിലൂടെയാണ് സഞ്ചരിക്കുന്നത്. സ്വപ്നങ്ങളും, ആഗ്രഹങ്ങളുമെല്ലാം ഉണ്ടായിരുന്നിട്ടും ജാതിവെറികൾക്ക് ഇരയാവേണ്ടി യോസനയുടെ കഥ കണ്ണീരണിയാതെ കാണാനാവില്ല. മേലാളവർഗ്ഗത്തിന്റെ ക്രൂരമായ പീഡനങ്ങൾ, അപമാനിക്കൽ, അടിച്ചമർത്തൽ എന്നിവയെല്ലാം നിലനിൽക്കുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് മാടത്തി. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥ പറയുന്ന സിനിമ വെറുമൊരു കെട്ടുകഥയാണെന്ന് പറയാനാവില്ല.
” എന്റെ ചോദ്യം ഈ അനീതി എത്രകാലം തുടരാൻ അനുവദിക്കും എന്നതാണ്, ഈ ചോദ്യമാണ് എന്നെ സിനിമയിലേക്ക് നയിച്ചത് “. ലീന മണിമേഖല ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഈ വാക്കുകൾ. കവിതയിലൂടെയും സിനിമകളിലൂടെയും രാഷ്ട്രീയം വ്യക്തമാക്കുന്ന ലീന മണിമേഖല ഇന്ത്യൻ സിനിമയ്ക്ക് ഒരു പ്രതീക്ഷയാണ്.
Maadathy, an Unfairy Tale ❤️