അജയ് വി.എസ്
ലെസ്ബിയൻ-ഗേ റിലേഷനുകളെ പറ്റിയെല്ലാം കുറെയധികം മിഥ്യാധാരണകൾ സമൂഹത്തിൽ നിർമ്മിച്ചെടുത്തിട്ടുണ്ട്. ലെസ്ബിയൻ-ഗേ പ്രണയബന്ധങ്ങളെ കുറിച്ച് സംസാരിക്കുന്ന സിനിമകളെല്ലാം ആ പൊതുബോധത്തിനനുസരിച്ച് അവതരിപ്പിക്കപ്പെടുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. തീർച്ചയായിട്ടും ഇന്നീ സമൂഹത്തിൽ ലെസ്ബിയനായും, ഗേയായും നിൽക്കുക എന്നത് പ്രയാസം തന്നെയാണ്, തന്റെ സെക്ഷ്യാലിറ്റി തുറന്നു പറയാൻ കഴിയാത്ത സമൂഹം തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്.
സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളും, വിവേചനാക്രമണങ്ങളും അടങ്ങുന്ന ഒരു സമൂഹത്തെ സിനിമകൾ അഡ്രസ്സ് ചെയ്യണം അത് അനിവാര്യമാണ്. ഇങ്ങനെ സമൂഹത്തിൽ സ്വവർഗാനുരാഗികൾ അനുഭവിക്കുന്ന വിവേചനങ്ങൾ കാണിക്കുന്ന സിനിമകളിലെ ലെസ്ബിയൻ-ഗേ കഥാപാത്രങ്ങളെയെല്ലാം മറ്റൊരു രീതിയിൽ അല്ലെ സംവിധായകർ പരിചയപ്പെടുത്തി തന്നിട്ടുള്ളത്? അവരുടെ സ്വഭാവം, വസ്ത്രധാരണം എന്നിവയിലെല്ലാം ഒരു അൺനോർമാലിറ്റി കുത്തികയറ്റിയതായി പലപ്പോഴും തോന്നിയിട്ടുണ്ട്, ചില സിനിമകൾ അസ്വസ്ഥമാക്കിയിട്ടുണ്ട്, നോർമലായിട്ട് അവതരിപ്പിക്കേണ്ട ഒരു കാര്യത്തെ പൊതുബോധത്തിനുനസരിച്ച് നിർമ്മിക്കുന്നതായി തോന്നിയിട്ടുണ്ട്.
ഇത്തരത്തിൽ വരുന്ന ക്വീർ സിനിമകൾ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ അടുത്തേക്കാണ് ഒരു ഹാഷ്ടാഗുകളിലേക്കും എത്തിക്കാതെ മോനിഷയെന്ന ഫിലിം മേക്കർ പ്രണയത്തിന്റെ പുതിയ തലത്തെ അവതരിപ്പിച്ചത്. 20 മിനുറ്റ് ദൈർഘ്യമുള്ള “NEW NORMAL” എന്ന സിനിമയുടെ തുടക്കം മുതൽ അവസാനം വരെയുള്ള കാര്യങ്ങളെല്ലാം തന്നെ നോർമലായിരിന്നു, ആ നോർമാലിറ്റി തന്നെയാണ് സിനിമയുടെ വിജയവും.
വ്യത്യസ്ത ലിംഗത്തിൽപ്പെട്ട മനുഷ്യരുടെ പ്രണയവും, ഒരേ ലിംഗത്തിൽപെട്ട മനുഷ്യരുടെ പ്രണയവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലായെന്ന് കൃത്യമായി കാണിച്ചുതരുന്നുണ്ട് “NEW NORMAL”. റിലേഷനുകളിലുണ്ടാകുന്ന പൊസ്സസീവനസ്സും, ബ്രെക്കപ്പിനു ശേഷമുണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം മികച്ച ഫിലിം മേക്കിങ്ങിലൂടെ, വൃത്തിയായി അവതരിപ്പിക്കാൻ മോനിഷക്ക് സാധിച്ചിട്ടുണ്ട്.
ന്യൂ നോർമൽ നല്ലൊരു സിനിമയാണ്