Ajayan Karunagappally
ആരോപിത വ്യക്തിത്വങ്ങൾക്കും അപരത്വത്തിലേക്കുള്ള എംപതികൾക്കും ഇടയിൽ യഥാർത്ഥ നാം, മുഖം അറിയാതെയും വെളിവാക്കപ്പെടാതെയും വിറങ്ങലിച്ചു കിടക്കുകയാണ്…”നോക്കൂ, എന്നിലെ ഞാൻ ഇതാണ് “എന്ന് ഡിക്ലയർ ചെയ്യപ്പെടാൻ എല്ലാരും ഉള്ളിൽ സ്വകാര്യ ആരാധനയോടെ മൂടി വെയ്ക്കുന്ന ഒരാൾ.ഐഡന്റിറ്റി ക്രൈസിസ് എന്നത് മനുഷ്യചിന്ത ഉന്നതമാനം ആർജ്ജിച്ച കാലം മുതൽ കലയുടെ ഏതു സങ്കേതവും വ്യാപകമായി ചർച്ചയ്ക്കു വെക്കാറുള്ളതും ആവർത്തനവിരസത തോന്നിപ്പിക്കാത്തതുമായ ഒരു ഡിസ്കഷൻ ആണ്..
“മാലിക്കി”നും, “മലയൻ കുഞ്ഞി”ന്റെ രചനയ്ക്കും ശേഷം എന്നാൽ ഒട്ടും കച്ചവടപരത ലക്ഷ്യം വെയ്ക്കാതെ മഹേഷ് നാരായണന്റേതായി റിലീസ് ചെയ്യപ്പെട്ട മലയാള സിനിമയാണ് അറിയിപ്പ് ( declaration )സമ്പന്നന്റെ സ്വേച്ഛാപരവും അസാന്മാർഗ്ഗികവുമായ രഥ്യയിൽ പലപ്പോഴും നാവു പൊന്തിക്കാനാവാത്ത വിധേയവർഗ്ഗം രക്തം ചൊരിയുകയോ ജീവൻ വെടിയുകയോ ചെയ്യുക എന്നത് ഉത്കൃഷ്ട ഭാരതത്തിന്റെ ആധുനികതയായി കഴിഞ്ഞിരിക്കുകയാണല്ലോ..
രണ്ടു ജീവിയ ശരീരങ്ങൾക്കിടയിലായി പ്രകടമെങ്കിലും മനസ്സോടു മനസ്സ് വിലയം പ്രാപിക്കാൻ രണ്ടു പൂർണ്ണ വ്യക്തിത്വങ്ങൾ നടത്തുന്ന വെമ്പലിന്റെ ശുഭസൂചനയാണ് ജൈവികമായി സെക്സ് എന്ന് നിർവചിക്കപ്പെടുന്ന ഒന്ന്..ആണധികാരവും മ്ലേച്ചമായ പുരുഷകാമനയും സ്ത്രീയുടെ നിസ്സഹായതയ്ക്കുമേൽ അടിച്ചേൽപ്പിക്കുന്നത് ഒരിക്കലും ന്യായീകരിക്കപ്പെടാൻ പാടില്ലാത്തതോ വൈരൂപ്യമേറിയതോ ആണ്..
“അതിജീവിത” എന്ന ഓമനപ്പേരിൽ മലയാളം ആഘോഷിക്കുന്ന “സ്ത്രീ നിസ്സഹായത” നാളെ ഒരുകാലത്ത് യാദൃശ്ചികമായോ മറ്റോ തന്റേതായി ഒരിക്കൽ ഷൂട്ട് ചെയ്യപ്പെട്ട വിഷ്വൽ വീക്ഷിക്കുന്ന ഒരാളോട് സ്വന്തം മുഖം തന്നെയായ ആ ഒന്നിനെ ചൂണ്ടി “നോക്കൂ ഇതെന്റെ സ്വത്വമല്ല, ഭീഷണിയുടെ മുൾമുനയിൽ ഞാൻ ആടി മുഴുമിപ്പിച്ച കണ്ണീർ ഖാണ്ഡമാണിത് ” എന്നു പറയേണ്ടി വരുന്ന ഗതികേട് ഒന്നാലോചിച്ചു നോക്കൂ -കിടപ്പറകളിലും അടുക്കളയിൽ പോലും അവൾ അവളാകാനാവാതെ നൊമ്പരമുണ്ണുന്നതിന്റെ നീണ്ട പട്ടികയാണ് ഇന്ന് ഭാരതം എന്നത്..
സിനിമ സർവ്വതലസ്പർശിയായ ഏറെ ഗഹന മുഖങ്ങളെ ചർച്ചയ്ക്കു വെയ്ക്കുന്നുണ്ട്..മഹാമാരിയെ അതിജീവിക്കാൻ പെടാപ്പാട് പെടുന്ന അടിസ്ഥാനവർഗ്ഗമനുഷ്യന്റെ നീറുന്ന നിസ്സഹായത കൃത്യപ്പെടുത്തുന്നുമുണ്ട്..എല്ലാ തോൽവികൾക്കുമിടയിലും താനായി ഒന്നു നെടുതായി നിശ്വസിക്കാൻ ആയുന്ന ഒരു ഇളം സ്ത്രീ യഥാർത്ഥത്തിൽ ഇന്നിന്റെ പ്രതിനിധീകരണമാണ് അടയാളപ്പെടുത്തുന്നത്..
സിനിമ എന്ന കലയെ അതിന്റെ വ്യാകരണഭദ്രമായ വഴക്കങ്ങളിലേക്ക് പരിചയമാക്കി സൃഷ്ടിധർമ്മം നിർവ്വഹിക്കുന്ന കലാകാരന്മാർ രംഗത്ത് തുലോം കുറവായി തുടങ്ങിയിരിക്കുന്ന കാലത്ത് മഹേഷ് നാരായണനും അയാളുടെ “അറിയിപ്പും” നമ്മുടെ സിനിമയുടെ പുതിയ പ്രതീക്ഷയായാണ് കൊടിപ്പടം ഉയർത്തുന്നത്..
ഏറെ സ്വാഭാവികവും സത്യസന്ധവുമായ രചനയും അഭിനയമുഹൂർത്തങ്ങളും അതിസുന്ദരമായി സന്നിവേശിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ .മുന്നറിയിപ്പ് :ഗതിവേഗം ഏറിയ ഷോട്ട് ആൻഡ് കട്ട് മസ്സാലക്കൂട്ടുകൾ രുചിച്ചു രുചിച്ചു സ്വാദ് മുകുളങ്ങൾ തകരാറിലായ ബഹുമാന്യർക്കു ഈ വഴി പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു .നല്ല സിനിമയെയും നല്ല സിനിമാമാർഗ്ഗത്തെയും ആഗ്രഹിക്കുന്നവർ ദയവായി ഇതു നഷ്ടപ്പെടുത്താതെയുമിരിക്കുക..