മാറ്റി നിർത്തപ്പെട്ടവർ (അന്ധവിശ്വാസവും അനാചാരങ്ങളും കൊണ്ട് നോവിക്കപ്പെടുന്നവർ)

66

അജേഷ് കുട്ടമ്പേരൂർ

മാറ്റി നിർത്തപ്പെട്ടവർ

ഇന്ന് എന്റെ അടുത്തവീട്ടിൽ ഒരു ചടങ്ങു നടന്നു. നടത്തിയ ആളുകളുടെ ജാതിയും മതവും ആചാരവും ഇവിടെ വിഷയമല്ല . ഇനി വിഷയത്തിലേക്കു വരാം. നടന്ന ചടങ്ങ് വയറുകാണൽ. ഗർഭിണിയായ പെൺകുട്ടിക്ക് അവളുടെ ഗർഭകാലത്തിന്റെ ഒമ്പതാം മാസം നടത്തുന്ന ഒരു ചടങ്ങ് . ഓരോ സ്ഥലങ്ങളിലും വിഭാഗങ്ങളിലും പലവിധമായ ചടങ്ങ്. ആചാരത്തിന്റെ ശരിതെറ്റുകൾ അല്ല ഇവിടുത്തെ വിഷയം.

അവിടെ നടന്നത്. ഗർഭിണിയായ പെൺകുട്ടിയെ ഒരു മുറിയിൽ കൊണ്ടിരുത്തിയിട്ട് വെറ്റില കുമ്പിൾ പോലെ കുത്തി ആ കുമ്പിളിൽ കൂടി ബന്ധുക്കളായ സ്ത്രീകൾ ഓരോരുത്തരായി പാത്രത്തിൽ വെച്ചിരിക്കുന്ന പാൽ ഗർഭിണിയായ പെൺകുട്ടിയുടെ പൊക്കിളിലേക്ക് കുറേശ്ശെ ഒഴിക്കുന്നു. ഓരോരുത്തരായി ഇതു ചെയ്തു മാറുന്നു. ആ മുറിയിലേക്ക് അടുത്തതായി കയറിയ പെൺകുട്ടി കയറിയ അതേ വേഗത്തിൽ തിരിച്ചു കരഞ്ഞുകൊണ്ട് വെളിയിലേക്കോടി. ആ കുട്ടിയുടെ ഭർത്താവിന്റെ അടുത്തേക്ക് ചെന്നിട്ടു പറഞ്ഞു, ‘മനു ചേട്ടാ നമുക്ക് പോകാം’. പരിഭ്രമത്തോടെ മനു ചോദിച്ചു ‘എന്താണ് മായേ കാര്യം ?’ ആ കുട്ടി ഒന്നും പറയുന്നില്ല, ഏങ്ങലടിച്ച് കരച്ചിൽ മാത്രം.

അകത്തുനിന്നും മറ്റൊരു സ്ത്രീ ഇറങ്ങിവന്നിട്ട് പറഞ്ഞു “പോട്ടെ മോളെ…അവരുടെ അറിവില്ലായ്മ കൊണ്ടു പറഞ്ഞതാ…മോളു വാ..കരയാതെ മോളെ..” ഞങ്ങളു ചോദിച്ചു “എന്താ ചേച്ചി കാര്യം?” “മോനെ ഈ മോളു വെറ്റില എടുത്തുകൊണ്ട് ചെന്നപ്പോൾ അകത്തുനിന്ന ഓമനചേച്ചി അത് പിടിച്ചു വാങ്ങിയിട്ട് പറഞ്ഞു മക്കളില്ലാത്തവർ ഗർഭിണിക്ക് ചടങ്ങ് ചെയ്യേണ്ടെന്ന്. അതുകേട്ടുകൊണ്ടുനിന്ന എനിക്കുപോലും പോലും അത് വിഷമമായി. പിന്നെ ഈ മോളുടെ കാര്യം പറയണോ…”

മായ അപ്പോഴേക്കും കരഞ്ഞുകൊണ്ട് മനുവിന്റെ നെഞ്ചിലേക്ക് വീണു. “ഈശ്വരൻ എന്താ ചേട്ടാ നമുക്ക് മക്കളെ തരാത്തെ…ദൈവം എന്നത് വെറും കള്ളമാ… ഞാനിനി വീട്ടിൽ നിന്നും എങ്ങോട്ടുമില്ല…”. മനുവും കരഞ്ഞുപോയി. “വേണ്ട മോളെ… എങ്ങും പോകണ്ട നമുക്ക്‌..”. അവളെ ചേർത്തുപിടിച്ചു റോഡിലേക്കിറങ്ങി. ഇതുകണ്ടുനിന്ന എല്ലാവരും വിഷമിച്ചു .

ഞാൻ കരഞ്ഞുപോയി കാരണം ആ നടന്നു മറയുന്ന ചെറുപ്പക്കാരൻ എന്റെയും ആ പെൺകുട്ടി എന്റെ ജീനയുടെയും പ്രതിരൂപങ്ങളാണ്. ഞങ്ങളുടെ ജീവിതം തന്നെയാണ് ഇവിടെ അവരും അനുഭവിച്ചത്.  ഇതിലും ഒരുപാട് സ്ഥലങ്ങളിൽ നിന്നും അവഹേളനങ്ങളും കുത്തുവാക്കുകളും കേട്ട് കരഞ്ഞുകൊണ്ടിറങ്ങി വന്നിട്ടുണ്ട് .ഞാനും ജീനയും എത്രയോ ചടങ്ങുകളിൽ മച്ചിയെ ആരാണ് വിളിച്ചത് എന്ന് പരസ്യമായും രഹസ്യമായും പലരും പറയുന്നതുകേട്ടിട്ടുണ്ട്. പ്രസവത്തിനു വിളിക്കുന്നതിനും മറ്റു ചടങ്ങുകൾക്ക് പോകുന്നതിനും മറ്റു ചടങ്ങുകൾക്ക് പോകുവാനും വീട്ടിൽ വിളിക്കാൻ വരുന്നവർ പ്രത്യേകം പറയും ജീനമോളു വരേണ്ട നല്ലൊരു ചടങ്ങല്ലേ അമ്മ വന്നാൽ മതി.

ഞങ്ങൾക്കും അതാണ് സന്തോഷം കാരണം പോയി അപമാനപെടേണ്ടല്ലോ. എത്രയോ പേർ കുഞ്ഞുങ്ങളെ അവളുടെ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് കണ്ണുകിട്ടും പോലും. പിന്നെ വിളിച്ചാലും ഒരു ചടങ്ങിലും പോകാതെയായി. മനസ്സു മരവിച്ചു കണ്ണുനീർ വറ്റി ഞങ്ങളുടെ കണ്ണുനീർ തലയിണകൾ കുടിച്ചു തീർത്തു. ചിലപ്പോൾ ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകും അല്ലെങ്കിൽ ഇല്ല. പക്ഷെ നിങ്ങൾ ഒന്നോർക്കണം,കുട്ടികൾ ഇല്ലെങ്കിലും ഞങ്ങളും മനുഷ്യരാണ്. രഹസ്യമായ് ഞങ്ങളെ പരിഹസിച്ചോളു, പക്ഷെ ദയവായി ഇങ്ങനെയുള്ള ചടങ്ങുകൾക്ക് വിളിച്ചു പരിഹസിക്കരുത്.  പേറ്റുനോവറിയാൻ കാത്തിരിക്കുന്ന എന്റെ എല്ലാ സഹോദരിമാർക്കും താരാട്ടു പാട്ടുകൾ മനസ്സിൽ മൂളിനടക്കുന്ന എല്ലാ സഹോദരന്മാർക്കും സ്നേഹം.