Ajish Mundakkal
“സിനിമ കാണുന്നവരെ നിങ്ങൾ നിർമ്മാതാക്കൾ വില കുറച്ചു കാണുകയാണ് ..
നല്ല സിനിമകൾ ഇറങ്ങാത്തതു കൊണ്ടാണ് അവർ മിമിക്രി കണ്ട് കയ്യടിക്കുന്നത് ..
അത് കണ്ടു നിങ്ങൾ തീരുമാനിക്കുന്നു വില കുറഞ്ഞതെ അവർക്ക് വേണ്ടൂ എന്ന് ..!!”
2005 ൽ ഇറങ്ങിയ റോഷൻ ആൻഡ്രൂസിന്റെ ഉദയനാണ് താരത്തിലെ നായകനായ സംവിധായകൻ ഉദയഭാനു പ്രൊഡ്യൂസർ ബേബി കുട്ടനോട് പറയുന്ന ഡയലോഗ് ആണിത് .അതേ സിനിമ ഇറക്കിയ സംവിധായകൻ കഴിഞ്ഞ ദിവസം സിനിമാസ്വാദകന് വിമർശിക്കണമെങ്കിൽ എന്തൊക്കെയോ യോഗ്യതയോ മറ്റോ ആവശ്യമുണ്ടെന്നും പറയുന്നത് കേട്ടു .സിനിമയിൽ പറഞ്ഞു വെച്ചത് പ്രേക്ഷകരെ കയ്യടിപ്പിച്ച ഒരു ഗംഭീര സംഭാഷണം മാത്രമായി ഒതുങ്ങിപ്പോവുകയും ജീവിതത്തിലേക്ക് വരമ്പോൾ അന്ന് പറഞ്ഞതിനോട് പുലബന്ധം പോലുമില്ലാതെ ആയിപ്പോവുന്നതിനു പിന്നിലെ നിഗൂഢ രഹസ്യം എന്താണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു ..!!ഇനി അത് മനസ്സിലാക്കണമെങ്കിലും മറ്റെന്തെങ്കിലും യോഗ്യതയുടെ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ എന്നറിയില്ല ..!!
മോശം സിനിമ കണ്ട് പ്രേക്ഷകൻ കയ്യടിക്കേണ്ടി വരുന്നുണ്ടെന്ന സത്യം പറഞ്ഞെങ്കിലും ആദ്യത്തെ സെന്റെൻസിലെ അപാകതയെപ്പറ്റി തന്നെ ആദ്യം സംസാരിക്കാം .. മിമിക്രിക്ക് എന്താണ് സർ കുഴപ്പം . ഒരു മോശം സിനിമയെ എന്തിനാണ് മിമിക്രിയുമായി താരതമ്യപ്പെടുത്തുന്നത് .. പലപ്പോഴും കണ്ടാൽ ഓക്കാനം വരുന്ന രണ്ടര മണിക്കൂർ സിനിമ തരുന്നതിനേക്കാൾ നൂറിരട്ടി കിട്ടാറുണ്ട് ഒരു 10 minute മിമിക്രിയിൽ നിന്നും .ഇനി വിഷയത്തിലേക്ക് വന്നാൽ .. ഒരു മോശം സിനിമ കാണുന്ന പ്രേക്ഷകന്റെ മനസ്സിനെ ഒരു പരിധി വരെയെങ്കിലും അടയാളപ്പെടുത്തിയ തന്റെ ആദ്യ സിനിമയിലെ സംഭാഷണം എന്താണ് സാർ മറന്നു പോയത് ..!
വീക്കെൻഡിൽ ബീച്ചിൽ പോയി കടലയും കൊറിച്ചു തിരകളെണ്ണി ഒരു ബിരിയാണിയും കഴിച്ചു വരേണ്ട കാശിനു ഒരു സിനിമ കണ്ടാൽ അതിനെ വിമർശിക്കാനുള്ള അവകാശം സംവിധായകനും തിരക്കഥാകൃത്തിനും ബാക്കി സിനിമാ പ്രവർത്തകർക്കും മാത്രമേ പറ്റൂ എന്നതിലെ ഔചിത്യം എന്താണ് സാർ ( പറഞ്ഞതിൽ നിന്നും അങ്ങനെയാണ് മനസ്സിലായത് ).പുതു തലമുറയിലെ സംവിധായകർ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് അങ്ങേ അറ്റം നിരാശാജനകമാണെന്ന് പറയാതെ വയ്യ .. സിനിമാ ആസ്വാദകർ എന്നാൽ സിനിമ ആസ്വദിക്കുന്ന സാധാരണ ജനങ്ങൾ മുതൽ അങ്ങേ അറ്റം അറിവുള്ള അവിടേക്ക് എത്തിപ്പെടാൻ ശ്രമിക്കുന്ന മിടുക്കന്മാരും ഉണ്ടെന്ന് എല്ലാവരും മനസ്സിലാക്കേണ്ടിയിരിക്കുന്നു .. അതിൽ ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങൾ ഇനിയും അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കും .ഉദയനാണ് താരത്തിലെ രംഗത്തിൽ അഭിനയിച്ച നായകനും സംവിധായകനും ഒരേ അഭിപ്രായം തന്നെയാണ് എന്നതാണ് മറ്റൊരു വേദനാജനകമായ വസ്തുത ..!
***
Sreenivasan Ramachandran
റോഷന് ആന്‍ഡ്രൂസ് പറഞ്ഞത്:
” ഒരു സിനിമ എന്ന് പറയുമ്പോള്‍ 140-150 കുടുംബങ്ങളാണ് അവിടെ ജോലിക്ക് വരുന്നത്. പിന്നെ ആ സിനിമ തിയേറ്ററിലേക്ക് വരുമ്പോള്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന ആളുകള്‍ മുതല്‍ അഭിനയിക്കുന്ന നടീ നടന്മാര് വരെ നോക്കിയാല്‍, ഒരു 2500 കുടുംബങ്ങള്‍ ഒരു സിനിമ കൊണ്ട് ജീവിക്കുന്നുണ്ട്. പിന്നെ കൊറിയന്‍ രാജ്യങ്ങളില്‍ ഒരു സിനിമയെ വിമര്‍ശിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവര്‍ ആ സിനിമയുടെ നല്ല വശങ്ങളാണ് പറയുന്നത്. ഇവിടെ നമ്മള് സിനിമയെ നശിപ്പിച്ച് താഴെ ഇട്ട് കളയും. വിമര്‍ശിക്കാം നമുക്ക്. പക്ഷെ നിങ്ങള്‍ക്ക് എന്താണ് യോഗ്യത എന്നുള്ളത് കൂടെ പ്രധാനമാണ്.
ഇപ്പോള്‍ തിയേറ്ററില്‍ സിനിമയുടെ ഫസ്റ്റ് ഹാഫ് കഴിയുമ്പോള്‍ തന്നെ മൈക്കുമായി വന്ന് എങ്ങനെയുണ്ട് സിനിമ എന്നാണ് ചോദിക്കുന്നത്. അപ്പോള്‍ പ്രേക്ഷകര്‍, അത് ആരാധകരാവാം അല്ലാതിരിക്കാം. അവര്‍ അപ്പോള്‍ തന്നെ ആ സിനിമയെ കീറി മുറിക്കുകയല്ലേ. പിന്നെ സിനിമ കാണാന്‍ പോകുന്നതിന് മുമ്പ് യൂട്യൂബ് എടുത്ത് നോക്കും, പടത്തെ കുറിച്ച്. പണ്ട് ഇത് ഉണ്ടായിരുന്നോ? എന്റെ ഓര്‍മ്മയില്‍ അതില്ല. ഇനി മൈക്ക് പിടിച്ച് ആളുകള്‍ തിയേറ്ററിന് ഉള്ളിലേക്ക് കയറുമെന്നാണ് തോന്നുന്നത്.
ആദ്യത്തെ മൂന്ന് ദിവസമെങ്കിലും തിയേറ്ററില്‍ പോയി അഭിപ്രായം ചോദിക്കുന്നത് ഒഴിവാക്കണം. ജനം പടം കാണട്ടെ. മുടക്കുമുതല്‍ കിട്ടട്ടെ. നിങ്ങള്‍ കുടുംബമായി ഒരു നൂറോ അന്‍പതോ കൊടുത്ത് എവിടെയൊക്കെ ഔട്ടിംഗിന് പോകുന്നുണ്ട്. ഇതൊരു എന്റര്ട്ടെയിന്മെന്റ് മീഡിയമാണ്. നിങ്ങള്‍ ഒരു നാടകം കണ്ട് കയ്യടിക്കുന്നത് പോലെയാണ് ഒരു ഫിക്ഷന്‍ കണ്ട് കയ്യടിക്കുന്നത്. നിങ്ങള്‍ ഒരു പുസ്തകം വായിച്ച് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് കത്തിച്ച് കളയാറുണ്ടോ? അത് മാറ്റിവെക്കുകയല്ലേ ചെയ്യുക. അതുപോലെ സിനിമയെ കത്തിക്കാതിരിക്കുക.
നിങ്ങള്‍ സിനിമയെ വിമര്‍ശിച്ചോളു. കൊല്ലരുത്. വിമര്‍ശിക്കുമ്പോള്‍ നമ്മള് ആദ്യം ചിന്തിക്കേണ്ടത്, എനിക്ക് എന്ത് യോഗ്യതയുണ്ട് എന്നതാണ്. ഞാന്‍ ഒരു കഥയോ തിരക്കഥയോ എഴുതിയിട്ടുണ്ടോ. പിന്നെ ഞാന്‍ ആരാണ്. അതോ എനിക്ക് അവിടെ എത്തിപ്പെടാന്‍ പറ്റാത്തതിന്റെ ഫ്രസ്ട്രേഷനാണോ ഇതെല്ലാം ചെയ്യിപ്പിക്കുന്നത്. ഇത്രയും കാര്യങ്ങള്‍ ഒന്ന് ചിന്തിക്കണം.
പണ്ട് സിദ്ദിഖ്-ലാലിന്റെ രാംജി റാവു സ്പീക്കിംഗ് ഇറങ്ങിയപ്പോള്‍, ആദ്യത്തെ കുറച്ച് ദിവസം തിയേറ്ററില്‍ ആളില്ലായിരുന്നു. എന്നാല്‍ പിന്നീട് അത് മലയാളത്തിലെ ഇന്ടസ്ട്രി ഹിറ്റായി മാറി. പക്ഷെ ഇന്ന് അങ്ങനെയല്ല. ആദ്യത്തെ ദിവസങ്ങളില്‍ ആളുകള്‍ കയറിയില്ലെങ്കില്‍ പിന്നെ സിനിമ പൊങ്ങി വരില്ല. നശിപ്പിച്ച് കളയും. അത് നശിക്കുമ്പോള്‍ ചിന്തിക്കേണ്ടത്, ഒരു 1500 കുടുംബങ്ങള്ക്കിട്ടാണ് അടി കൊടുക്കുന്നത് എന്നത് കൂടിയാണ്. ആ സിനിമയുടെ നിര്‍മ്മാതാവ് മുതല്‍ അണിയറ പ്രവര്‍ത്തകരെ വരെ നിങ്ങള്‍ മാറ്റികളയുകയാണ്. “