“അടുത്ത ഭ്രഷ്ട് നീയാ.. ” “അടുത്ത സുമംഗലിയും നീയാ.. “

29

Ajish

“അടുത്ത ഭ്രഷ്ട് നീയാ.. ” “അടുത്ത സുമംഗലിയും നീയാ.. “

അധികം സുപരിചിതമല്ലാത്ത ജോണറാണ് മലയാളത്തിന് ഫാന്റസി എന്നത്.. എന്നാൽ ഇത്തിരി mysterious ആയോ fantasy നിറച്ചോ വന്ന ചിത്രങ്ങൾ മലയാളികൾ ആഘോഷിച്ചിട്ടുണ്ട്.. അതിൽ തന്നെ “ഗുരു ” മലയാളത്തിൽ ഓസ്കാർ നോമിനേഷൻ പോയ ആദ്യ മലയാള ചിത്രമാവുന്നത് അതവതരിപ്പിക്കപ്പെട്ട ക്വാളിറ്റി കൊണ്ടോ പെർഫോമെൻസ് കൊണ്ടോ മാത്രമല്ല കഥയ്ക്ക് പിന്നിൽ പങ്കു വെച്ച ആശയം കൊണ്ട് കൂടിയാണ്…

അത്തരത്തിൽ ഇന്നും ഒരുപാട് സിനിമാ ആസ്വാദകർ പങ്ക് വെക്കാറുള്ള ഒരു കഥയെപ്പറ്റി സംസാരിക്കാം… സ്വപ്നനഗരിയിൽ ഒരു കിണർ കുഴിക്കാൻ വന്ന ഒരു സുന്ദര കില്ലാഡി പറഞ്ഞ, പറയാത്ത കഥയെപ്പറ്റി ..!!
ഏത് കാലത്തും relevent എന്ന് തോന്നിക്കാവുന്ന ഒരാശയം സ്വപനഗരിയിലെ അവിശ്വസനീയമായ ജീവിതത്തിലൂടെ ചലച്ചിത്രകാരൻ വരച്ചിട്ടപ്പോൾ ഒരുപാട് വർഷങ്ങൾക്കിപ്പുറം ഇന്നത്തെ സമൂഹ മാധ്യങ്ങൾ ഒരു സ്വപ്ന നഗരിയായും അവയിലെ ഓരോ മുഖങ്ങളും അവിടത്തെ ജനങ്ങളായി മാറുകയും അതിലെ തന്നെ തുടക്കത്തിലെഴുതിയ ഒരു സംഭാഷണം പലപ്പോഴും മനസ്സിലൂടെ കടന്ന് പോവുകയും ചെയ്യും.. !!

ഒരുപാട് വലിയ വിശദീകരണങ്ങൾക് മുതിരുന്നതിന് മുൻപ് ഒരേ ഒരു പേരിലൂടെ ആശയം പങ്കു വെക്കാം… ‘ബോബി ചെമ്മണ്ണൂർ ❤️’
നോക്കുക ഇന്ന്അയാളുടെ പേരെഴുതിയതിനു അവസാനം ഒരു സ്നേഹത്തിന്റെ ചിഹ്നം പതിഞ്ഞു കിടപ്പുണ്ട്. എന്നാൽ കുറച്ചു നാളുകൾക്കു മുൻപ് അത് പൊട്ടിച്ചിരികളായിരുന്നു.. ഒരു കോമാളിയുടെ മുഖഭാവമുണ്ടായിരുന്നു അയാൾക്ക്.. പിന്നീട് എന്ന് മുതലാണ് അത് സ്നേഹത്തിനു വഴി മാറിയത്… !!!

“സ്വപ്ന നഗരിയിൽ കിണർ കുഴിച്ചു വെള്ളം കണ്ട അന്ന് മുതൽ….❤️! ”
ഇവിടെ ഒരിത്തിരി പോന്ന ഡിസ്പ്ലേ യിൽ കണ്ണ് നട്ടിരിക്കുന്ന ഓരോരുത്തരുടെയും മനസ്സ് വറ്റി വരണ്ട കിണറാവുന്ന പോലെ … അയാൾ എന്ന് മുതൽ ആ മനസ്സ് കീഴടക്കിത്തുടങ്ങിയോ അന്ന് മുതൽ അയാൾ ‘സ്വപ്നനഗരിക്ക് ‘ സ്വന്തം “ബോ ചെ ❤️” ആയി മാറുന്നത് കാണാം.. അയാളുടെ വീര വാദങ്ങൾക്ക്, ഇന്നത്തെ പ്രയോഗം ” തള്ളി മറിച്ചിലുകൾക്ക് ” ഭംഗി കൈ വന്നെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ഉടലെടുക്കുന്നത് പിന്നീട് പലപ്പോഴും അയാളെടുത്ത നിലപാടുകൾ കൊണ്ടും ഉറച്ച തീരുമാനങ്ങൾ കൊണ്ടും ആണെന്നുള്ള യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ടാണ്..

ചിലപ്പോ നാളെ ഇനി വീണ്ടും തിരിഞ്ഞെന്ന് വരാം.. ഇവിടം ഇങ്ങനെയാണ്.. !! സ്വപ്ന നഗരിപോലെ ഒരിക്കൽ ഒരാൾ ഭ്രഷ്ട് കല്പിക്കപ്പെട്ടെന്ന് വരും പിന്നീട് ഒരിക്കൽ അവ മാറ്റി സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചെന്ന് വരും..!! അപ്പോഴും അതുൾക്കൊള്ളാൻ പാകത്തിനൊരു മനസ്സ് അനുഭവിക്കപ്പെടുന്നവർക് വന്ന് ചേരേണ്ടതാണ്..
സ്വപ്ന നഗരിയിലെ ദേവയാനിയും ഇങ്ങനെയായിരുന്നില്ലേ.. ഒരിക്കൽ ഗ്രാമത്തിന്റെ എല്ലാമായിരുന്നവൾ.. അവരുടെ ആചാരങ്ങൾക്കെതിരെന്ന് കരുതിയ നിമിഷം മുതൽ ഭ്രഷ്ട് കല്പിക്കപ്പെട്ട കാരിയാത്തൻ മലയിലെ കാടന്മാർക്കുള്ളതാണെന്ന് വിധിയെഴുതി പറഞ്ഞു വിടപ്പെടാനൊരുങ്ങിയവൾ.. പിന്നീട് അവർക്ക് അന്യമെന്ന് കരുതിയ ഒരിത്തിരി വെള്ളം നിറച്ച കിണറിനു അവളൊരു നിമിത്തമെന്നു കരുതിയ നാൾ വീണ്ടും അവൾ ഹൃദയങ്ങിലേക്കെത്തിച്ചേരുന്നു..
ബോബി ചെമ്മണ്ണൂർ നെ പോലെ ഒരുപാട് പേർ ഇനിയുമുണ്ട്.. അങ്ങനെ പല കഥകൾ മാറി മറിഞ്ഞു ഒരാൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുകയോ അവഹേളിക്കപ്പെടുകയോ ചെയ്യുമ്പോൾ അറിയാതെ തോന്നിപോകും
“അടുത്ത ഭ്രഷ്ട് നീയാ.. ”
അല്ലെങ്കിൽ
“അടുത്ത സുമംഗലി നീയാ.. ”

NB: പറഞ്ഞവസാനിപ്പിച്ചത് നെഗറ്റിവ് വാക്കുകളിലാണെന്ന് ചിന്തിക്കരുത്.. വാഴ്ത്തപ്പെട്ടവൻ തരം താഴ്ത്തപ്പെടുകയും താഴ്ത്തപ്പെട്ടവൻ വാഴ്ത്തപ്പെടുകയും ചെയ്യുന്ന ഇന്നിന്റെ ഒരു പ്രതിഭാസത്തെയാണ് സൂചിപ്പിച്ചത്..