സുഷമാ സ്വരാജിന് ആദരാഞ്ജലി

202

എൻ.കെ അജിത് ആനാരി എഴുതുന്നു

സുഷമാ സ്വരാജിന് ആദരാഞ്ജലി

ഒരു ട്വീറ്റ് മതിയാരുന്നു കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യാക്കാരന് രക്ഷപ്പെടാൻ. ലോകത്തിന്റെ ഏതു കോണിലകപ്പെട്ടാലും ഭാരതീയന് രക്ഷപ്പെടുത്താൻ കൈകളുണ്ട് എന്ന് ലോകത്തെ മനസ്സിലാക്കിക്കൊടുത്ത ആദ്യ വിദേശകാര്യ മന്ത്രി, അതായിരുന്നു സുഷമ സ്വരാജ്. ഇന്ത്യാ മഹാരാജ്യം രാഷ്ട്രീയത്തിനതീതമായി സ്നേഹിച്ചുപോയ മഹനീയ വ്യക്തിത്വം.

ഇന്ദിരാഗാന്ധിക്കുശേഷം ഇന്ത്യകണ്ട മഹത്തായ പെൺകരുത്തായിരുന്നു സുഷമ സ്വരാജ്. വാക്കിനേക്കാൾ പ്രവൃത്തിക്ക് മഹത്വം കല്പിച്ച മഹത്തായ മനുഷ്യസ്നേഹി. എനിക്കുറപ്പുണ്ട്, അവരാൽ സാധാരണ ജീവിതത്തിലേക്കു വന്ന ആയിരക്കണക്കിന് ജീവിതങ്ങളുടെ കണ്ണുകൾ തോരാൻ ദിവസങ്ങൾ വേണ്ടിവരും, അവരെ ഇനി ഓർക്കുമ്പോഴൊകെ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകും.

എൻ.കെ അജിത് ആനാരി
എൻ.കെ അജിത് ആനാരി

ഞാൻ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ വിപരീത ദിശയിലെ നേതാവായിരുന്നെങ്കിലും, ഞാൻ വിശ്വസിക്കുന്ന മനുഷ്യസ്നേഹത്തിന്റെ മഹനീയ മാതൃകയായിരുന്നു സുഷമ സ്വരാജ്. അതിനാൽ തന്നെ എന്റെ കണ്ണും ഇതെഴുതുമ്പോൾ നിറഞ്ഞു തുളുമ്പുകയാണ്.

സ്ത്രീത്വം, അതിന്റെ ശക്തി, അതിന്റെ ആർജ്ജവം, ആജ്ഞാശക്തി, ഇതൊക്കെ മനസ്സിലാക്കിത്തന്ന ഒരു നേതാവായിരുന്നു സുഷമാ സ്വരാജ്. ഈ വിയോഗം അതിനാൽ തന്നെ ഇന്ത്യയുടെ മുഴുവൻ നഷ്ടമാണ്. മഹത്തായ ആ ജീവിതം കൊണ്ട് അവർ തീർത്ത സിംഹാസനത്തിൽ അവർ മാത്രം എന്നും വിരാജിക്കും..

രാഷ്ട്രത്തിന്റെ കൊഴിഞ്ഞു പോയ മഹനീയ പുഷ്പമായ ഈ അമ്മയ്ക്ക് എന്റെ പ്രണാമം.

ജീവിതം ഒറ്റ നോട്ടത്തിൽ 

ഹരിയാന അംബാല കന്റോൺമെന്റിൽ 1952 ഫെബ്രുവരി 14ന് ജനിച്ച സുഷമ, എഴുപതുകളിൽ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. നിയമബിരുദം നേടിയ അവർ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തു. 1977ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. 1980ൽ ജനതാ പാർട്ടിയിൽനിന്നു ജനസംഘ വിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതൽ സുഷമ പാർട്ടിയിലുണ്ട്.

പിന്നീട് ദേശീയ നേതൃത്വത്തിലെത്തിയ അവർ 1990ൽ രാജ്യസഭാംഗമായി. 1998ൽ ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ, രണ്ടു തവണ ലോക്‌സഭയിലെത്തിയതു സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയിൽ നിന്നായിരുന്നു ലോക്‌സഭാ വിജയം. ഹരിയാനയിലെ കർണാൽ ലോക്‌സഭാ മണ്ഡലത്തിൽ 1980, 1989 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ചരിത്രവും സുഷമയ്‌ക്കുണ്ട്.

രാജ്യത്ത് ഒരു ദേശീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോർഡും സുഷമയ്ക്ക് സ്വന്തം. ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി, ബിജെപിയിൽ നിന്നുള്ള ആദ്യ വനിതാ മുഖ്യമന്ത്രി, മുഴുവൻ സമയ വിദേശകാര്യമന്ത്രിയായ ആദ്യ ഇന്ത്യന്‍ വനിത, ലോക്സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ് തുടങ്ങിയ ബഹുമതികളും സുഷമ സ്വരാജിന് സ്വന്തം.

ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്

അജിത് ആനാരി 07.08.2019