ഡാര്‍ക്ക് ഫാന്റസി
മെഡിക്കല്‍ കോളേജില്‍ നിന്നും അടുത്തിടെ ഒരു എക്സ്ക്ലൂസീവും കിട്ടുന്നില്ലെന്നാണ് ബ്യൂറോ ചീഫ് ബഷീറിക്കയുടെ പരാതി.
ചീഫിനെ ഞെട്ടിക്കാന്‍ ഒരു ‘എക്സ്ക്ലൂസീവ് സ്റ്റോറി’ തപ്പിയിറങ്ങിയതാണ് അന്ന് ഞാൻ.
ഇടവപ്പാതിയിലെ ഒരു ത്രിസന്ധ്യക്ക്. ലോഷന്‍ മണക്കുന്ന വാര്‍ഡുകളും തീവ്രപരിചരണ വിഭാഗങ്ങളും താണ്ടി പതിനാറാം വാര്‍ഡിന് സമീപത്തെ ഇടനാഴിയിലൂടെ മോര്‍ച്ചറി ഭാഗത്തേക്ക് നടക്കുമ്പോഴാണ് ആ നിലവിളി കാതുകളില്‍ വന്നലച്ചത്.
വരാന്തയില്‍ ഒരാള്‍ക്കൂട്ടം.
വെറുതെ ഒന്ന് നോക്കിയേക്കാമെന്ന് നിനച്ചു.
വരാന്തയില്‍ ഒരു യുവതി വാവിട്ട് നിലവിളിക്കുകയാണ്. അവളുടെ മടിയില്‍ ഒരു കുഞ്ഞും. ഏറിയാല്‍ മൂന്ന് വയസുള്ള ഒരു ബാലന്. മെഡിക്കല്‍ കോളേജില്‍ ഇത്തരം രംഗങ്ങള്‍ സര്‍വ്വസാധാരണമാണ്. കണ്ടും കേട്ടും മനസ് മരവിച്ചുപോയിട്ട് വര്‍ഷങ്ങളായി. മാധ്യമത്തിലെ ഒരു വ്യാഴവട്ടക്കാലത്തെ ‘മാധ്യമപ്രവര്‍ത്തനം’ സമ്മാനിച്ച ജീവിതത്തിന്റെ ബാക്കിപത്രം. എങ്കിലും ആ നിലവിളി കേള്‍ക്കാതിരിക്കാൻ കഴിഞ്ഞില്ല.
ചുറ്റിലും കൂടി നിന്നവരില്‍ ഒരാളോടെ കാര്യങ്ങള്‍ തിരക്കി.
ആലപ്പുഴയില്‍ നിന്നും ഭര്‍ത്താവിന്റെ ചികിത്സക്കായി എത്തിയ യുവതിയാണ്. രോഗം കലശലായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഭര്‍ത്താവ് മരിച്ചു. ഉറ്റവരോ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും സഹായത്തിനില്ല.
നെഞ്ചുപിളര്‍ക്കുന്ന അവളുടെ നിലവിളി മനസിനെ മഥിച്ചു. കാരണമന്വേഷിച്ചെത്തിയവര് കുറച്ചുനേരം ചുറ്റിപ്പറ്റി നിന്നശേഷം നിസഹായരായി പിരിഞ്ഞു. നാലഞ്ചുപേരും ഞാനും മാത്രം അവശേഷിച്ചു.
അവള് മുഖമുയര്‍ത്തി കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് കരഞ്ഞുകൊണ്ട് സഹായത്തിനായി വിതുമ്പി.
ബന്ധുക്കളെ അറിയിക്കാമെന്നും ആലപ്പുഴയില്‍ നിന്നും ബന്ധുക്കള്‍ എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും ഞാന്‍ പറഞ്ഞു.
മറുപടിയും കരച്ചിലായിരുന്നു.
ഞങ്ങള്‍ക്ക് ആരുമില്ല….. മകനെ ചേര്‍ത്തുപിടിച്ചവള്‍ വിങ്ങിപ്പൊട്ടി.
ഇതിനിടെ ചില സന്മനസുകള്‍ വാര്‍ഡുകളില്‍ നിന്നും സമാഹരിച്ച കുറച്ചു പണം അവളെ ഏല്‍പ്പിച്ചു. വ്യര്‍ത്ഥമായ ആശ്വാസവാക്കുകൾ പറഞ്ഞ് അവരും പിരിഞ്ഞു.
അവളുടെ മടിയില്‍ ക്ഷീണിച്ച് തളര്‍ന്ന് പേടിച്ചരണ്ടിരിക്കുകയാണ് മകന്. ഞാന്‍ അവനെ എടുത്തു. പരിഭവങ്ങളോ പിണക്കങ്ങളോ ഇല്ലാതെ അവന് വന്നു.
അപരിചത്വം മാറാന്‍ അവനോട് ഞാന്‍ പേര് ചോദിച്ചു.
അവന് പറഞ്ഞു – സാമിര്‍ അശോക്.
അവനെയും കൂട്ടി സമീപത്തെ കോഫീ ഷോപ്പിലേക്ക് നടന്നു. വാങ്ങിക്കൊടുത്ത ബണ്‍ ആര്‍ത്തിയോടെ അവന് കഴിക്കുന്നത് ഞാന്‍ നോക്കി നിന്നു. ഒരു ഗ്ലാസ് പാല് വാങ്ങി തണുപ്പിച്ച് നല്കി. അവനത് മുഴുവന്‍ കുടിച്ചു. ഇനിയൊന്നും വേണ്ടാന്ന് അവന് തലയാട്ടിയെങ്കിലും ഒരു പായ്ക്കറ്റ് ബിസ്കറ്റും ഒരു കുപ്പി വെള്ളവും കൂടി വാങ്ങി. തിരികെ എത്തുമ്പോള്‍ മിക്കവരും പിരിഞ്ഞുപോയിരുന്നു.
ഞാന്‍ അവളുടെ അടുത്തിരുന്നു.
അവള് എന്നെ നോക്കി. ഞങ്ങള്‍ക്ക് ആരുമില്ല ചേട്ടാ…. സഹായിക്കണം.
അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകളില്‍ ദൈന്യതയും നിസാഹായാവസ്ഥയും മാറിമാറി നിഴലിച്ചു.
ഞാന്‍ അവളുടെ അടുത്തിരുന്നു.
എന്താപേര്?
സമീറ…. സമീറാ ജാസ്മിന്.
കരച്ചിലടക്കി അവള് പറഞ്ഞു.
ആലപ്പുഴ തട്ടാശ്ശേരിക്ക് സമീപത്താണ് വീട്.
ഭര്‍ത്താവ്…?
അശോകന്…!
ഒത്തിരി സംശയങ്ങള്‍ മനസ്സില്‍ ഉരുള്‍പൊട്ടിയെങ്കിലും ഒന്നും ചോദിക്കാന്‍ മനസനുവദിച്ചില്ല.
ബന്ധുക്കള്‍….?
ഞങ്ങള്‍ക്ക് ആരുമില്ല ചേട്ടാ… സഹായിക്കണം. അവള് പിന്നെയും വിതുമ്പി.
ഞാന്‍ അവളെ സമാധാനിപ്പിച്ചു. കരയാതെ, നമുക്ക് നോക്കാം.
ഞാന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദീനെ ഫോണില്‍ വിളിച്ചു. സംഭവം പറഞ്ഞു. പത്തുമിനുട്ട് കഴിഞ്ഞ് തിരികെ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ അദ്ദേഹം തിരികെ വിളിച്ചു.
മെഡിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് ഇപ്പോള്‍ മൃതദേഹമുള്ളതെന്നും ബോഡി വിട്ടുകിട്ടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.
രാത്രി എട്ടായി.
ഈ രാത്രി ഭര്‍ത്താവിന്റെ മൃതദേഹവുമായി സമീറാ ജാസ്മിന് എവിടേക്ക് പോകാനാണ്?
ഞാന്‍ വിശദമായി കാര്യങ്ങള്‍ ഡോ. നിസാറുദീനെ ധരിപ്പിച്ചു. രാത്രി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കാമെന്നും രാവിലെ ബാക്കി നടപടികള്‍ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. സമീറക്കും അത് സമ്മതമായിരുന്നു. വൈകാതെ മെഡിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കയറി ഞാന്‍ അശോകന്റെ മൃതദേഹം കണ്ടു. വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരന്റെ കണ്ണുകള്‍ അപ്പോഴും അടഞ്ഞിട്ടില്ലായിരുന്നു. ശരീരത്തിന്റെ ചൂട് തണുപ്പിന് വഴിമാറുന്നു.
ചില്ലിട്ട ശീതീകരിച്ച ഇന്റന്‍സീവ് കെയര്‍ യൂണിറ്റിനുള്ളില്‍ അവസാന ശ്വാസം ഉള്ളിലെടുക്കുമ്പോൾ സമീറയെയും മകനെയും കാണാന്‍ കണ്ണുകള്‍ ആ കൊതിച്ചിട്ടുണ്ടാകണം, ആ കണ്ണുകള്‍ ചുറ്റിലും അവരെ തെരഞ്ഞിട്ടുണ്ടാകണം.
മനസ്സില്‍ എവിടെയോ ഒരു ചെറിയ പിടച്ചിലും നോവും.
ഞാന്‍ അശോകന്റെ കണ്ണുകള്‍ മെല്ലെയടച്ചു.
ഡോ. നിസാറുദ്ദീന്‍ മുന്നേതന്നെ പറഞ്ഞതിനാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ധന്യയും അറ്റന്റര്‍ രാധാകൃഷ്ണനും സഹായവുമായി എത്തി. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ ഫോറം നീട്ടി ഡോ.ധന്യ പറഞ്ഞു. പേരും അഡ്രസ്സും വിവരങ്ങളും എഴുതി ജനന-മരണ രജിസ്ട്രേഷന് കൌണ്ടറില്‍ നല്‍കണം. അപ്പോഴേക്കും ഇവിടുത്തെ നടപടികള്‍ പൂര്‍ത്തിയാക്കാം.
സഹായത്തിനായി അറ്റന്റര്‍ രാധാകൃഷ്ണന് കൂടെ വന്നു.
ഞാന്‍ സമീറയുടെ അടുത്തെത്തി. മൃതദേഹം രാത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാമെന്നും രാവിലെ ബാക്കി കാര്യങ്ങള്‍ ആലോചിക്കാമെന്നും പറഞ്ഞു.
മരണസര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ പൂരിപ്പിക്കാനുള്ള വിവരങ്ങള്‍ പറയുന്നതിനിടയില്‍ അവള് പലതവണ വിതുമ്പിക്കരഞ്ഞു. അവളെയും മകനെയും ഇടനാഴിയിലിരുത്തി ഞാനും രാധാകൃഷ്ണനും ജനന-മരണ രജിസ്ട്രേഷന് കൌണ്ടറിലെത്തി. യാത്രക്കിടെ മരിച്ചത് എന്റെ ആരാണെന്ന് അയാള്‍ ചോദിച്ചു. ആരുമല്ലെന്ന എന്റെ ഉത്തരം രാധാകൃഷ്ണനില്‍ സംശയങ്ങള്‍ നിറച്ചിരിക്കണം. ഞാന്‍ കാര്യങ്ങള്‍ രാധാകൃഷ്ണനെ ധരിപ്പിച്ചു. കഥ കേട്ടപ്പോള്‍ അയാളും എന്നോടൊപ്പം സമീറയെ സഹായിക്കാന്‍ കൂടി.
ജനന-മരണ രജിസ്ട്രേഷന് കൌണ്ടറിലെത്തി അപേക്ഷ നല്കി രസീത് വാങ്ങി. തിരികെ ഞങ്ങള്‍ അവളുടെ അടുത്തേക്ക് എത്തി.
ഇന്റന്‍സീവ് കെയര്‍ യൂണിറ്റിന്റെ ഇടനാഴിയില്‍ അവള് മകനെയും കെട്ടിപ്പിടിച്ച് തലകുനിച്ച് ഇരിക്കുകയാണ്. ഞങ്ങളെ കണ്ടതും അവള് മുഖമുയര്‍ത്തി കെഞ്ചി.
എനിക്ക് മച്ചായെ കാണണം.
വിഷമിക്കേണ്ട, എല്ലാത്തിനും പരിഹാരമുണ്ടാക്കാം. രാധാകൃഷ്ണന് അവളെ സമാധാനിപ്പിച്ചു.
ഞാന്‍ അശോകനെ പുതപ്പികാനുള്ള വെള്ളമുണ്ടും തോര്‍ത്തും വാങ്ങി.
വൈകാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അശോകന്റെ മൃതദേഹം ഇന്റന്‍സീവ് കെയര്‍ യൂണിറ്റിനുള്ളില്‍ ഞാനും രാധാകൃഷ്ണനും ചേര്‍ന്ന് പുറത്തേക്ക് എടുത്തു.
ഇന്റന്‍സീവ് കെയറിന്റെ ചില്ലുവാതിലും കഴിഞ്ഞ് ട്രോളി പുറത്തേക്ക് എത്തിയപ്പോള്‍ സമീറ ഒരു കൊടുങ്കാറ്റായി. ട്രോളിക്ക് അടുത്തേക്ക് പാഞ്ഞടുത്ത അവള് അശോകനെ പുതപ്പിച്ചിരുന്ന വെള്ളമുണ്ട് വലിച്ചുമാറ്റി. അയാളുടെ മുഖത്ത് മുഖമമര്‍ത്തി കേണു.
എനിക്കും മോനും ആരുണ്ട് മച്ചാ…?
ഞങ്ങളെ വിട്ടിട്ട് പോവല്ലേ… മച്ചാ…
പോവല്ലേ… മച്ചാ…
പേടിച്ചരണ്ട സാമീറും കരയുന്നുണ്ട്.
ഞാന്‍ അവളെ പിടിച്ചുമാറ്റി.
രാധാകൃഷ്ണനും ഞാനും ചേര്‍ന്ന് ട്രോളി മോര്‍ച്ചറി ലക്ഷ്യമാക്കി തള്ളി.
മോനെയും മാറോട് ചേര്‍ത്ത്പിടിച്ച് വാവിട്ട് കരഞ്ഞ് അവള് ട്രോളിയെ അനുഗമിച്ചു.
ഇനിയും മനസ്സില്‍ നിന്നും മായ്ച്ചു കളയാന്‍ കഴിയാത്ത ഒരുയാത്ര.
മോര്‍ച്ചറിക്ക് മുന്നില്‍ സുരക്ഷാ ജീവനക്കാരന് സത്യേട്ടന് ഞങ്ങളെ കാത്തുനിന്നു. മോര്‍ച്ചറി വാതില്‍ തുറന്നപ്പോള്‍ സമീറ ഒരിക്കല്‍ കൂടി അശോകന്റെ മുഖം കാണണമെന്ന് കേണു. ഞാന്‍ അശോകന്റെ മുഖം മറച്ചിരുന്ന വെള്ളമുണ്ട് മെല്ലെ മാറ്റി.
ഇക്കുറി സമീറ നിലവിളിച്ചില്ല.
പകരം മകനെ അശോകന്റെ മുഖത്തേക്ക് അടുപ്പിച്ചു. അവള് മോനോട് പറഞ്ഞു.
മക്കളെ അച്ഛന്…..!!!
സത്യേട്ടനും ഞാനും രാധാകൃഷ്ണനും ചേര്‍ന്ന് അശോകന്റെ മൃതദേഹം മോര്‍ച്ചറിയിലാക്കി. രസീത് വാങ്ങി.
മോര്‍ച്ചറിക്ക് പുറത്ത് സമീറയും മോനും കാത്തുനില്‍ക്കുകയാണ്.
എന്തൊക്കെയോ സമാധാന വാക്കുകള്‍ പറഞ്ഞ് രാധാകൃഷ്ണന് ഒഴിഞ്ഞ ട്രോളിയുമായി മറ്റൊരു പരേതനെ തേടി മടങ്ങി.
മോര്‍ച്ചറിക്ക് മുന്നില്‍ സമീറയും മോനും ഞാനും മാത്രമായി.
ഞാന്‍ വാച്ചിലേക്ക് നോക്കി. സമയം രാത്രി ഒന്‍പത് കഴിഞ്ഞിരിക്കുന്നു.
മോര്‍ച്ചറിക്ക് മുന്നിലെ ഷെഡിലെ സിമന്റ് ഇരിപ്പിടത്തില്‍ അവള് മകനെയും ചേര്‍ത്തുപിടിച്ചിരുന്നു.
സമീറയെയും മകനെയും ഈ രാത്രി എവിടെയാണ് പാര്പ്പിക്കാനാവുക്കുക?
കൂടുതലൊന്നും ആലോചിക്കാതെ ഞാന്‍ ചോദിച്ചു.
എന്റെ വീട്ടിലേക്ക് പോകാമോ?
ഇല്ല…
മച്ചായെ തനിച്ചാക്കി ഞാന്‍ എങ്ങോട്ടുമില്ല.
ഇടവപ്പാതിക്കൊപ്പം അവളുടെ കണ്ണുകളില്‍ നിന്നും കണ്ണീര് ധാരധാരയായി പെയ്തിറങ്ങി.
സമയം രാത്രി പത്തോട് അടുക്കുന്നു.
അവളുടെ മുഖത്തേക്ക് നോക്കാന്‍ ഞാന്‍ മടിച്ചു. എങ്കിലും ചോദിച്ചു.
എന്തെങ്കിലും കഴിക്കണ്ടേ…?
വേണ്ടാന്ന് അവള് തലയാട്ടി പിന്നെയും കരഞ്ഞു.
മോര്‍ച്ചറിക്ക് സമീപത്തുനിന്നും അവളെയും കുഞ്ഞിനേയും ഞാന്‍ ബലമായി പിടിച്ചെഴുന്നേല്‍പ്പിച്ചു.
മകനെയും എടുത്ത് ഞാന്‍ മുന്‍പേ നടന്നു. അനുസരണയുള്ള കുട്ടിയെപ്പോലെ അവള് പിറകെ നടന്നുവന്നു.
കോഫീ ഹൌസില്‍നിന്നും സമീറിന് ഒരു മസാല്‍ദോശ വാങ്ങിക്കൊടുത്തു.
നാലഞ്ചു തവണ അവള് ദോശ പിച്ച് അവന് വായില്‍ വച്ചുകൊടുത്തു. ദോശയുടെ ബാക്കി അവള് കഴിച്ചെന്ന് വരുത്തി. ഒരു കോഫിയും. കോഫീ ഹൌസില്‍ നിന്നും ഇറങ്ങുമ്പോള്‍ ആലോചിച്ചു.
ഈ രാത്രി സമീറയെയും മകനെയും സുരക്ഷിതമായി എവിടെ താമസിക്കും?
പെട്ടന്നാണ് ശ്രീലതയെ ഓര്‍മ്മ വന്നത്.
ഭര്‍ത്താവും മകളും മകനും ശ്രീലതയും മാത്രമുള്ള ഉള്ളൂരിലെ വീട്ടില്‍ സമീറക്കും മകനും ഒരു രാത്രി അന്തി ഉറങ്ങാനുള്ള സ്ഥമുണ്ടാകും. ഞാന്‍ ശ്രീലതക്ക് ഫോണ്‍ ചെയ്ത് കാര്യം പറഞ്ഞു. ശ്രീലത മറുത്തൊന്നും പറഞ്ഞില്ല. അവള് കാറുമായി വരാമെന്ന് പറഞ്ഞു. ഞങ്ങളുടെ ഫോണ്‍ സംഭാഷണം കേട്ടുനിന്ന സമീറ എന്നെ തടഞ്ഞു.
വേണ്ട ചേട്ടാ…
ഞാനും മോനും എങ്ങോട്ടുമില്ല.
ഞങ്ങള്‍ മച്ചായുടെ അടുത്തിരുന്നുകൊള്ളാം.
എന്തോ തീരുമാനിച്ചുറച്ച പോലെയായിരുന്നു അവളുടെ വാക്കുകള്‍. മറുത്തൊന്നും ഞാന്‍ പറഞ്ഞില്ല.
സാമിറിനെയും എടുത്ത് ഞാന്‍ മോര്‍ച്ചറി ലക്ഷ്യമാക്കി നടന്നു.
മോര്‍ച്ചറിക്ക് എതിര്‍വശത്തെ ഷെഡില്‍ സമീറ ഇരുന്നു. മകനെ കൈയ്യില്‍ വാങ്ങി. അവന് ഉറക്കം പിടിച്ചുതുടങ്ങിയിരുന്നു.
അവള്‍ക്കരുകില്‍ ഞാന്‍ ഇരുന്നു.
ഞങ്ങള്‍ക്കിടയില്‍ മൌനം കനത്തു.
ആ മൌനത്തിനെയും കീറിമുറിച്ച് ഇടവപ്പാതി പെയ്തിറങ്ങി.
മഴയില്‍ അരിച്ചുകയറിയ തണുപ്പില്‍ സാമിര്‍ അമ്മയുടെ മാറില്‍ പറ്റിക്കിടന്നു. ചുരിദാര്‍ ഷാള്കൊണ്ടവള് കുഞ്ഞിനെ പുതപ്പിച്ചു.
മോര്ച്ചറിമുന്നിലെ ഷെഡിലിരുന്ന് മകനെയും മാറോട് ചേര്‍ത്തുപിടിച്ച് ഇടവപ്പാതി മഴയുടെ പശ്ചാത്തലത്തില്‍ പിന്നെ സമീറ പറഞ്ഞത് ഒരു പ്രണയകഥയായിരുന്നു.
അശോകന്റെയും സമീറാ ജാസ്മിന്റെയും ദുരന്തപ്രണയകഥ.
സമീറാ ജാസ്മിനെന്ന അഞ്ചുനേരം നിസ്കാരവും ദീനിബോധമുള്ള യുവതി കമ്പ്യൂട്ടര്‍ പഠിക്കാനായിട്ടാണ് തട്ടാശേരിയിലെ ബോട്ട് ജെട്ടിയില്‍ നിന്നും ആലപ്പുഴയിലേക്ക് പോയത്… ഇതേ ബോട്ടിലെ യാത്രക്കാരനായി അശോകന് എത്തിയത്….
നിത്യേന ഒരേ ബോട്ടിലെ യാത്രയും നോട്ടവും ചിരിയും പ്രണയത്തില്‍ കലാശിച്ചത് ….
ബോട്ടിലെ പ്രണയം നാട്ടീല് പാട്ടായത്…
സമീറ വീട്ടുതടങ്കലിലായത് …
പാതിരാത്രി കൂട്ടുകാരുടെ സഹായത്തോടെ അശോകന് സമീറയെ ഒരു വള്ളത്തില്‍ ഇരുചെവിയറിയാതെ കായല്കടത്തിയത്…
രണ്ടുതവണ അശോകന് നേരെ ആക്രമണം ഉണ്ടായത് …
പിടിച്ചുനില്‍ക്കാനാവാതെ ഒരു പാതിരാവില്‍ ആരോരുമറിയാതെ അവര്‍ നാടുവിട്ടത് …
പലായനം അവസാനിച്ചത് പുന്നപ്രയിലായിരുന്നു.
പുന്നപ്രയിലെ ഒരു വീടിന്റെ ചായ്പ്പിലെ രണ്ടുമുറിയില്‍ അവര്‍ ജീവിതം കരുപ്പിടിപ്പിച്ചു. കൂലിപ്പണിക്കിറങ്ങിയ അശോകന് അവളെ പുലര്‍ത്തി. സമീറ അയല്പക്കത്തെ കുട്ടികള്‍ക്ക് ട്യൂഷനെടുത്തു. ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ അവരുടെ ദാമ്പത്യജീവിതത്തിലേക്ക് ഒരു കുഞ്ഞിക്കാല് പിറന്നുവീണു. സമീറയുടെയും അശോകിന്റെയും പേരുകള്‍ കോര്‍ത്തെടുത്ത് അരുമക്കണ്മണിക്ക് അവര്‍ “സാമിര്‍ അശോക്” എന്ന് പേര്‍വിളിച്ചു.
കാലചക്രത്തിന്റെ കറക്കത്തിനോപ്പം കിതച്ചും തളര്‍ന്നും അവരുടെ ജീവിതവും മുന്നേറി. ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ട് ഒറ്റപ്പെട്ടെങ്കിലും അവരുടെ ജീവിതവും പുലര്‍ന്നു. പുലരികള്‍ അസ്തമയങ്ങള്‍ക്ക് വഴിമാറി, അസ്തമയങ്ങള്‍ പുലരികളിലേക്കുള്ള വാതിലുകള്‍ തുറന്നു. കാലം പിന്നെയും കടന്നുപോയി. അല്ലലുകളും ദാരിര്യവുമില്ലാത്ത പുലരികള്‍ പിറന്നു. അവര്‍ക്കിടയില്‍ കൊച്ചുകൊച്ച് സന്തോഷങ്ങള്‍ മുളപൊട്ടി. കാലത്തിനൊപ്പം കുഞ്ഞുകുഞ്ഞ് സ്വപ്നങ്ങള്‍ കണ്ടും കൊതിച്ചും അവരും ഒഴുകി.
പക്ഷേ ദുര്‍വിധി അവരെ വിടാന്‍ ഒരുക്കമായിരുന്നില്ല. ഒരുനാള്‍ ജോലികഴിഞ്ഞ് സമീറയുടെയും മകന്റെയും ചാരത്തെത്താന്‍ തിടുക്കംകൂട്ടിയ അശോകനെ കാത്തിരുന്ന വാഹനാപകടം അവരുടെ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞുകളഞ്ഞു. അജ്ഞാതവാഹനം അശോകനെ ഇടിച്ച് തെറിപ്പിക്കുമ്പോൾ ചിതറിപ്പോയത് ഒരു കുടുംബമായിരുന്നു. അവരുടെ കുഞ്ഞുകുഞ്ഞു സ്വപ്നങ്ങളായിരുന്നു.
നാലോളം ശസ്ത്രക്രീയകള്‍, നാലര മാസത്തെ വിവിധ ആശുപത്രി ജീവിതം. ഇതിനിടെ രോഗം കലശലായപ്പോള്‍ നേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക്. ഒടുവില്‍ അശോകന്റെ ദുരിത ജീവിതത്തിന് വിധി ദയാവധം നല്കി. ശേഷിച്ച സമീറയും സാമിറും വലിയ രണ്ട് ദുരന്തങ്ങളായി മോര്‍ച്ചറി വരാന്തയില്‍. മഴ വീണ്ടും കനത്തു. മോര്‍ച്ചറിക്ക് പുറത്തെ ട്യൂബിന്റെ വെട്ടത്തില്‍ ഞാന്‍ ആ മഴനോക്കിയിരുന്നു. പുലരാന്‍ ഇനിയുമുണ്ട് മണിക്കൂറുകള്‍.
സ്വന്തം കഥ പറഞ്ഞുനിർത്തി ഏറെ നേരത്തെ മൗനത്തിനു ശേഷം സമീറ എന്നെ സൂക്ഷിച്ച് നോക്കി. അവൾക്കെന്തോ പറയാനുള്ളതുപോലെ.
ഞാൻ അവളെ നോക്കി. “എനിക്കുമുണ്ടായിരുന്നു ങ്ങളെപോലെ ഒരു ഉടപ്പിറന്നോൻ”. അവളുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു. ഞങ്ങൾക്കിടയിൽ വീണ്ടും മൗനം കനത്തു. മഴയും.
ഉറങ്ങാതിരുന്ന എന്നോട് അശോകൻെറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്നും ഇവിടെഎവിടെയെങ്കിലും സംസ്കരിക്കണമെന്നും സമീറ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി.. ഞാന്‍ പലതും ആലോചിച്ചു.
സമീറ പറഞ്ഞതാണ് ശരി.
ഈ മൃതദേഹവുമായി മടങ്ങിപ്പോയിട്ട് അവള് എന്ത് ചെയ്യാനാണ്?
നോക്കാം…. സമാധാനമായിരിക്ക്. ഞാന്‍ അവളെ സമാധാനിപ്പിച്ചു.
പെട്ടന്ന് നേരം പുലരാന്‍ ഞാന്‍ കാത്തിരുന്നു. പുലരും മുന്‍പേ പെയ്തൊഴിയണമെന്ന വാശിയായിരുന്നു മഴക്ക്. രാത്രി വൈകി എപ്പഴോ സമീറ ചുമരില്‍ തലചാച്ച് മയങ്ങി. കോരിച്ചൊരിയുന്ന മഴയില്‍ അമ്മയുടെ മടിയില്‍ സാമിര്‍ ചുരുണ്ടുകൂടിക്കിടന്നു.
ഒരു ദുരന്തം ബാക്കിയാക്കിപ്പോയ ആ രണ്ട് ഹതഭാഗ്യര്‍ക്ക് ഞാന്‍ കാവലിരുന്നു.
രാവിലെ നാലരയോടെ അന്നത്തെ ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാറിനെ ഞാൻ ഫോണില്‍ വിളിച്ചു. കാര്യം പറഞ്ഞു. തൈക്കാട് ശാന്തികവാടത്തില്‍ അശോകന്റെ മൃതദേഹം സംസ്കരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന് ഹാപ്പികുമാര്‍ ഉറപ്പു തന്നു. പിന്നെ ജയേട്ടനെ വിളിച്ചു. കാര്യം പറഞ്ഞു. മൃതദേഹം സൗജന്യമായി ശാന്തികവാടത്തില്‍ എത്തിക്കാമെന്നും സഹായിക്കാമെന്നും ജയേട്ടനും വാക്കുതന്നതോടെ ആശ്വാസമായി.
എന്റെ ഫോണ്‍ സംഭാഷണങ്ങള്‍ കേട്ടിട്ടാകണം സമീറ ഉണര്‍ന്നു. ഞാന്‍ അവളോട് കാര്യങ്ങള്‍ പറഞ്ഞു. അവള്‍ക്ക് കുറച്ചൊരു സമാധാനമായി. ഇതിനിടെ സമീര്‍ ഉണര്‍ന്നു. പുതിയൊരു ലോകത്ത് എത്തിയപോലെ അവന് ചുറ്റും നോക്കി പകച്ചു.
മോര്‍ച്ചറിക്ക് സമീപത്തെ ഷെഡില്‍ നിന്നും എഴുന്നേറ്റ് മകനുമായി അവള് അശോകനെ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നിടത്തേക്ക് പോയി. ഏറെ വൈകാതെ ഒരു ബാഗും ഫ്ലാസ്കും ഏതാനും മുഷിഞ്ഞ തുണികളുമായി തിരിച്ചെത്തി. എസ്.എ.ടിയിലെ കാന്റീല്‍ നിന്നും ഞങ്ങള്‍ കാപ്പികുടിച്ചു. ഒന്‍പതോടെ ജയേട്ടന് എത്തി.
ഇതിനിടെ ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാറിന്റെ ഫോണ്‍കോള്‍ എത്തി. രാവിലെ പതിനൊന്നിന് ശാന്തികവാടത്തിലെ വൈദ്യുതി ശ്മശാനത്തില്‍ അശോകന്റെ മൃതദേഹം സംസ്കരിക്കാനുള്ള എല്ലാവിധ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ടെന്നും അവിടെ എത്തിയാലുടന്‍ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പത്തോടെ ജയേട്ടന് കൂട്ടുകാരുമായി ആംബുലന്‍സുമായി എത്തി. മോര്‍ച്ചറിയില്‍ നിന്നും ഞാനും ജയേട്ടനും കൂട്ടുകാരും ചേര്‍ന്ന് അശോകന്റെ മൃതദേഹം ആംബുലന്‍സിലേക്ക് കയറ്റി. സമീറയും സാമിറും ജയേട്ടനും ഞാനും ആംബുലന്‍സില്‍ കയറി.
ആംബുലന്‍സില്‍ തണുത്ത് വിറങ്ങലിച്ച അശോകന്റെ മൃതദേഹം. സമീറ മെല്ലെ അയാളുടെ മുഖത്തുനിന്നും വെളുത്ത തുണി മാറ്റി. ഒരു പൊട്ടിക്കരച്ചില്‍ ഞാന്‍ പ്രതീക്ഷിച്ചെങ്കിലും അവള് കരഞ്ഞില്ല. അവള് ബാഗ് തുറന്ന് ഒരു തുണിയെടുത്ത് അയാളുടെ മുഖം തുടച്ചു. മീശയില്‍ മെല്ലെ തടവില്‍. കവിളുകളില്‍ ആ കൈവിരലുകള്‍ എന്തോ പരതി. എല്ലാം ഒരമ്പരപ്പോടെ സാമിര്‍ നോക്കിയിരിക്കയാണ്.
അശോകനോടൊപ്പമുള്ള അവരുടെ അവസാന യാത്ര.
ആംബുലന്‍സ് ശാന്തികവാടത്തിന്റെ പടിവാതിലില്‍ എത്തിനിന്നു.
അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള സ്ഥലത്ത് ഞങ്ങൾ അശോകന്റെ മൃതദേഹം കിടത്തി. നിര്വ്വികാരമെന്ന ഒറ്റ വികാരം മാത്രം പ്രകടിപ്പിക്കാന്‍ ശീലിച്ച ശ്മശാനജീവനക്കാരന് എത്തി.
അന്ത്യചടങ്ങുകള്‍ ചെയ്യാന്‍ ആ മൂന്നുവയസുകാരനെ ഒക്കത്തെടുത്ത് ഞാൻ അശോകനെ വലംവച്ചു. സമീറിന്റെ കുഞ്ഞുകൈകള്കൊണ്ട് പൂവും നീരുമെന്ന വായ്ക്കരി. ഭൂമിയിലെ അശോകന്റെ അവസാനത്തെ ആഹാരം.
അശോകന്റെ മൃതദേഹം ചിതയിലേക്കെടുത്തപ്പോള്‍ അതുവരെ പിടിച്ചുനിന്ന സമീറ സര്‍വ്വ നിയന്ത്രണങ്ങളും വിട്ട് നിലവിളിച്ചു. പേടിച്ചരണ്ട സാമിര്‍ അവളെ മുറുകെപ്പിടിച്ചു.
അശോകനെ ശാന്തികവാടത്തിലെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.
ശാന്തികവാടത്തിലെ നടപടികള്‍ കഴിഞ്ഞ് പുറത്തേക്കിറങ്ങി ഞാന്‍ ഹാപ്പികുമാറിനെ വിളിച്ചു. നന്ദിപറഞ്ഞു. ജയേട്ടന് അപ്പോഴേക്കും നിരവധി ഫോണ്‍ കോളുകള്‍ വന്നു കഴിഞ്ഞിരുന്നു. ആംബുലന്‍സിന്റെ കാശ്പോലും വാങ്ങാതെ ജയേട്ടനും യാത്ര പറഞ്ഞുപോയി.
ആംബുലന്‍സ് അകന്ന് പോകുന്നത് ഞാന്‍ നോക്കി നില്‍ക്കെ പിന്നില്‍ നിന്നും സമീറയുടെ ചോദ്യം. റയില്‍വേ സ്റ്റേഷനിലേക്ക് ഇവിടുന്ന് ശരിക്ക് ദൂരമുണ്ടോ?
ഞാന്‍ ഒരു ഓട്ടോക്ക് കൈകാണിച്ചു. സമീറ ഒരിക്കല്‍ കൂടി ശാന്തികവാടത്തിലേക്ക് തിരിഞ്ഞു നോക്കി.
ഞങ്ങള്‍ പോവേണ് മച്ചാ…. അവള് വിതുമ്പി.
ഓട്ടോ ഞങ്ങളെയും കൊണ്ട് റയില്‍വേ സ്റ്റേഷന് ലക്ഷ്യമാക്കി നീങ്ങി.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചില്‍ ഞാനും സമീറയും സാമീറും തീവണ്ടിയുടെ വരവും പ്രതീക്ഷിച്ചിരുന്നു. സാമീറിന് നല്കാന് ഒരു കുപ്പി നിറയെ ഞാന്‍ ചൂട് പാല് വാങ്ങി. അവന് ചൂണ്ടിക്കാട്ടിയ രണ്ടുകവര്‍ ഡാര്‍ക്ക് ഫാന്റസി ബിസ്കറ്റും. പിന്നെ അവനൊരു കളിപ്പാട്ടവും.
പുതിയ കളിപ്പാട്ടം കിട്ടിയ സന്തോഷത്തിലായി അവന്.
തീവണ്ടിയുടെ വരവറിയിച്ച് സ്റ്റേഷനില്‍ അറിയിപ്പ് മുഴങ്ങി.
ദൂരെനിന്നും തീവണ്ടി അടുത്തടുത്തു വന്നു. അവള് ബഞ്ചില്‍ നിന്നും എഴുന്നേറ്റു. പേഴ്സില്‍ ബാക്കിയുണ്ടായിരുന്ന കാശെടുത്ത് ഞാന്‍ അവള്‍ക്ക് നേരെ നീട്ടി. അവള് വാങ്ങാന്‍ മടിച്ചുനിന്നു. ബലമായി ഞാന്‍ അവളുടെ കൈകളില്‍ കാശ് വച്ചുകൊടുത്തു. അവളുടെ കൈത്തലങ്ങള്‍ തണുത്തിരിക്കുന്നു.
നാട്ടിലെത്തിയാല്‍ വിളിക്കണം. വിഷമിക്കരുത്. മകന് വേണ്ടി ജീവിക്കണം. നല്ലകാലം വരും എന്നൊക്കെ പറയാന്‍ ശ്രമിച്ചു. ശബ്ദം പുറത്തേക്ക് വന്നില്ല. അവള് കുഞ്ഞിനെ ഒക്കത്തെടുത്തു. തീവണ്ടിക്കടുത്തെക്ക് നടന്നു. സ്ത്രീകളുടെ കൂപ്പയില്‍ ആളൊഴിഞ്ഞ സീറ്റില്‍ ജാനാലക്കരുകില് അവള് കുഞ്ഞുമായി ഇരുന്നു. പുറത്ത് അവള്ക്കരുകിലെ ജനാലക്കമ്പിയില്‍ പിടിച്ചു ഞാന്‍ നിന്നു.
എന്തുപറഞ്ഞാണ് ഞാന്‍ അവളെ യാത്രയാക്കേണ്ടത്?
ഞങ്ങൾക്കിടയിൽ മൗനം കനത്തു.
തീവണ്ടി പുറപ്പെടാനുള്ള ചൂളംവിളിയുയര്‍ന്നു.
ഉരുക്ക് പാളങ്ങളില്‍ ലോഹചക്രങ്ങള്‍ ഉരഞ്ഞുകരഞ്ഞു.
തീവണ്ടി നീങ്ങിത്തുടങ്ങി.
അവള് ഒരിക്കല്‍ക്കൂടി തലയുയര്‍ത്തി എന്നെ നോക്കി.
കണ്ണീര് കാഴ്ച്ചയെ മറച്ചു.
പറയാന്‍ തുടങ്ങിയ വാക്കുകള്‍ മുറിഞ്ഞു.
അകന്ന് തുടങ്ങിയ തീവണ്ടിയുടെ ജനാലയിലൂടെ അവള് അവസാനമായി ഏന്തിവലിഞ്ഞ് എന്നെ നോക്കി.
ഞാന്‍ കൈവീശി.
ഞങ്ങളുടെ കണ്ണീരിനും മേലെ ഇടവപ്പാതി കനത്തു.
തീവണ്ടി ചക്രങ്ങള്‍ ഉരഞ്ഞുകരഞ്ഞ് അകന്നുപോയ പാളങ്ങളെയും മറച്ച് ഇടവപ്പാതി പെയ്തിറങ്ങി. അടക്കാനാവാത്ത കണ്ണീര് മറയ്ക്കാന്‍ പെരുമഴയിലേക്ക് ഞാന്‍ നടന്നിറങ്ങി.
അജിത് കട്ടയ്ക്കാല്‍,
2019 ജൂലൈ 17
1194 കർക്കടകം 01.