ഉറുമ്പുകൾക്കു ഒരു കൃതജ്ഞാതാ പത്രം

69

അജിത് ആനാരി 

ഉറുമ്പുകൾക്കു ഒരു കൃതജ്ഞാതാ പത്രം

ഉറുമ്പുകൾ നമ്മുടെ ശരീരത്തിന്റെ അവകാശികൾ ആണെന്നാണ് തോന്നുന്നത്.ചൂടൊത്തൊരല്പം തണുവുകിട്ടാൻ താഴെയിറങ്ങിക്കിടക്കുമ്പോൾ കിടയ്കക്കു ചുറ്റും ഇപ്പോഴായി അവ പ്രത്യക്ഷപ്പെട്ടുതുടങ്ങി.പഞ്ചസാരയുടെ ആധിക്യമുള്ള ശരീരമായതിനാൽ അവ എന്നെ തേടിയെത്തുന്നതാവാം.രാത്രിയുടെ യാമങ്ങളിൽ എപ്പോഴൊക്കെയോ നാം മരിക്കുന്നുണ്ടാവാം. ആ മരണം അറിഞ്ഞാവും ഈ ഉറുമ്പുകൾ നമ്മുടെ മെത്തയിൽ കയറിക്കൂടുന്നത്. ചിലവ കാതിൽ വന്നൊന്നു കുത്തിമറിയാൻ ശ്രമിക്കും. ചിലതു വന്നു ഒന്ന് കടിച്ചുനോക്കും ഈ കിടക്കുന്നവർ കാഞ്ഞോ എന്നറിയാൻ .

ചില ഉറുമ്പുകൾ നമ്മളെ നാണംകെടുത്തുന്നതിലാവും ശ്രദ്ധ വയ്ക്കുന്നത് . അവ , നമ്മൾ ധൃതിയിൽ എവിടേക്കെങ്കിലും പോകുമ്പോൾ നാം ആദ്യം അണിയുന്ന അടിവസ്ത്രത്തിന്റെ ഇരുട്ടിൽ പതിയിരിക്കും. റയിൽവേ സ്റ്റേഷനിലെ ആൾക്കൂട്ടത്തിൽ , ഓഫിസിൽ ബോസ്സിന്റെ മുന്നിലോക്കെ നമ്മൾ എത്തിയെന്നുറപ്പാകുമ്പോൾ അവർ പണിതുടങ്ങും. നമ്മുടെ തലസ്ഥാനത്ത് അവ കടിക്കാൻ തുടങ്ങും. കാലടുപ്പിച്ചും അകറ്റിയും ഞെരുക്കിയും അവരെ ഒതുക്കാൻ നോക്കിയാലും ഒരു രക്ഷയും ഉണ്ടാവില്ല. കടി, കടിയോടു കടി. ചൊറിയാൻ പറ്റുമോ , ചൊറിയാതിരിക്കാൻ പറ്റുമോ ? ചൊറിഞ്ഞാൽ നാണക്കേടാവില്ലേ ? എല്ലാം സഹിച്ചു ഉപ്പൂറ്റിയൂന്നി ബോസ്സിന്റെ മുന്നിൽ നിന്നോ ആൾക്കൂട്ടത്തിൽ നിന്നോ രക്ഷപ്പെട്ടു ഒടുവിലാ വിദ്വാനെ വാഷ്‌റൂമിലെത്തി ഞെരിച്ചു കൊല്ലും. കലിയാവും അപ്പോൾ ഉറുമ്പിനോട് . കേവലം ഒരു ഉറുമ്പിനുമുന്നിൽ ആനപോലും നിസ്സാരൻ എന്ന പഴമൊഴി ഓർമ്മയിൽ വച്ച് ചിലപ്പോഴൊക്കെ അവയെ വെറുതെ വിടാറുമുണ്ട്.

ഉറുമ്പുകൾ എത്ര നിസാരമായിട്ടാണ് കോൺക്രീറ്റു തൂണുകൾക്കിടയിലും ടൈൽസുകൾക്കിടയിലും കൂടുകൂട്ടി മണ്ണുതള്ളി പുറത്തേക്കിടുന്നത്. ഇത്രയും വലിയ മനുഷ്യന്റെ മുന്നിൽ അത്യന്തം വാശിയോടും ധിക്കാരത്തോടും കൂടി ഞാനുമീ മണ്ണിന്റെ അവകാശിയാണെന്ന പ്രഖ്യാപനമാണ് അപ്പോഴവ നടത്തുന്നത്. കറുത്തുറുമ്പുകൾ മധുരം തേടിനടക്കും. അവ മുറുക്കിയടച്ച പഞ്ചസാരഭരണിയിൽ ഓരോ പിരിയും കടന്നു അകത്തുപ്രവേശിക്കുന്നതു ഒരു കടങ്കഥപോലെ ഉത്തരം കിട്ടാത്ത ചോദ്യമാണ് പലപ്പോഴും. ചെമ്പൻ കളറിലുള്ള കുഞ്ഞനുറുമ്പുകലുണ്ടല്ലോ അവയാണ് ശവംതീനികൾ. മരണം ഓർമ്മപ്പിക്കാൻ നമ്മുടെ മുകളിലേക്ക് ഇഴഞ്ഞു കയറുന്ന ഇത്തിരിക്കുഞ്ഞന്മാൻ .

പുളിയുറുമ്പുകൾ മാവുകളിലും പറങ്കാവിലും കൂടുകൂട്ടാൻ വിദഗ്ദ്ധരാണ് . പണ്ടൊരിക്കൽ കൂടെപ്പഠിക്കുന്ന പെൺകുട്ടിയെ കളിയാക്കിയതിനു മുറ്റത്തെ തൈമാവിൽ കെട്ടിയിട്ടു പുളിയുറുമ്പിന്റെ കൂടുപൊട്ടിച്ചു കാലിലിട്ടു വെള്ളമൊഴിച്ചു എന്റെ സ്വഭാവം നേരെയാക്കാൻ അമ്മാവനെ സഹായിച്ചവയാണ് അവ. അവയോടെയുള്ള സ്മാരകമായി അവയുടെ കുണ്ടിയിലെ ആസിഡ് നെറ്റിയിൽ വച്ച് പൊള്ളിച്ചു ഒരിക്കലും മായാത്ത പൊട്ട് എന്റെ നെറ്റിയിൽ ഞാൻ ഉണ്ടാക്കിയെടുത്തു. ചാരം വാരിയെറിഞ്ഞാണ് അവ വസിക്കുന്ന മാവിൽ മാങ്ങാപറിക്കാൻ നമ്മൾ കയറിയിരുന്നതു. പല കുസൃതിപിള്ളേരെയും നേരെയാക്കാൻ ഈ പുളിയുറുമ്പും പുളിവടിയും സഖ്യകക്ഷികളായി പ്രവർത്തിച്ചിട്ടുണ്ട്.

കുഞ്ഞുന്നാളിൽ എന്റെ കുടുംബക്ഷേത്രത്തിലെ ഓരോ പതിയുടെയും താഴെ നീണ്ടുകിടക്കുന്ന കുടുക്കനൂലിയുടെ തണ്ടുകൾക്കടിയിൽ പഞ്ചരമണ്ണിൽ പാഞ്ഞുപോകുന്ന ഒരുകൂട്ടം ഉറമ്പുകളെ ഞാൻ പേടിയോടെ വീക്ഷിച്ചിട്ടുണ്ട്. അവയാണ് കട്ടുറുമ്പുകൾ. മഹാ അഹങ്കാരികൾ. അതിവേഗത്തിലാണ് അവയുടെ പാച്ചിൽ. എങ്ങോട്ടോ വണ്ടികിട്ടാൻവേണ്ടി ഓടിപ്പോകുന്ന ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ജീവനക്കാരെപ്പോലെ ധൃതിയാണവയ്ക്കു. അവയുടെ കൂട്ട് ഓട്ടോറിക്ഷാ പോലുള്ള ഇരുട്ടൂചികലാണ് . രണ്ടും അക്രമണകാരികൾ. ഇരുട്ടൂച്ചിയെ തൊട്ടാൽ അവ ഊച്ചും. കൈ പൊള്ളിപ്പോകും. തേരട്ടയുടെമാതിരി ഒരു വൃത്തികെട്ട ഗന്ധം പുറപ്പെടുവിക്കും. എങ്കിലും മഞ്ഞയും കറുപ്പും ചേർന്ന അവയുടെ ഡിസൈൻ മനോഹരമാണ്. അവരോടു ചേർന്ന് പതിയുടെ അടിയിൽ ഇഷ്ടംപോലെ കാണും കട്ടുറുമ്പ്. കട്ടുറുമ്പു കാണുന്നയിടത്തു പാമ്പും കാണും. ക്ഷുദ്രജന്തുക്കൾ എല്ലാം നല്ല കൂട്ടാണ് . കട്ടുറുമ്പിന്റെ കുത്തുകൊണ്ടു വാവിട്ടുകരഞ്ഞിട്ടുള്ള ബാല്യമാണ് നമ്മളിൽ ഏറെപ്പേർക്കും.

പിന്നെയുമുണ്ട് കൂനൻ ഉറുമ്പു. അവ അത്രയധികമൊന്നും ആരോഗ്യമില്ലാത്തവയാണ്. ഉണങ്ങി കൊന്തൊടിഞ്ഞുകിടക്കുന്ന വിറകിലും പൊത്താത്തിലും കൂനനും ചോനലും കൂട്ടമായി ഇഴഞ്ഞു നടക്കും. ചോനൽ ചിലപ്പോൾ കടിക്കും. കൂനൻ അതുമില്ല. പാവം മിട്ടായി ഭരണികളിൽ പമ്മി കയറാൻ നോക്കുമെന്നുമാത്രം. എങ്കിലും മനുഷ്യന് സംഘനാ വൈഭവം ഏറെ പകർന്നു തരുന്ന കുഞ്ഞു ജീവികളാണ് ഉറുമ്പുകൾ. പലതും ഓർമ്മപ്പെടുത്തുന്ന ചെറുജീവികൾ. നമ്മോടൊപ്പം വിട്ടുമാറാതെ നടക്കുന്ന സന്തത സഹചാരി. അങ്ങനെയുള്ള ഉറമ്പുകളാണ് എന്നെ വീണ്ടും വീണ്ടും ഭീഷണമായ രീതിയിൽ ഓർമ്മിപ്പിക്കുന്നത് സമയമായി സമയമായി .
ഉറുമ്പുകൾ ശരീരത്തിൽ കയറുമ്പോൾ ഒരുകാര്യത്തിൽ ഞാൻ അഭിമാനിക്കും. ഗള്ളിവർ ഇൻ ലില്ലിപ്പുട്ടിലെപ്പോലെ ഈ അഞ്ചടി നാലിഞ്ചു ശരീരം ഹോ അപരാവലിപ്പം തന്നെ എന്ന്. ഹ്ഹ്ഹ്ഹ് . കുഞ്ഞൻ മനുഷ്യർ ഗളിവരുടെ പുറത്തുകയറി നടക്കുന്ന പ്രതീതിയാണ് ഉറുമ്പുകൾ കയറി നടക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ.

അതിക്രമിച്ചു കയറുന്ന ഉറുമ്പിൻ കൂട്ടിൽ ഹിറ്റ് അടിച്ചു കഴിയുമ്പോൾ കൂട്ടമായി ഒരു മിനിറ്റിൽ അവ ചത്തുപൊങ്ങുമ്പോൾ ഹിരോഷിമയിലും , നാഗസാക്കിയിലും ബോംബ് വർഷിച്ച അമേരിക്കൻ ഫൈറ്ററുകളെ ഞാൻ ഓർക്കും. ഞാനും എത്രക്രൂരൻ എന്ന് ചിന്തിക്കും. ചത്തുമലച്ച അവയെ ഒരുമിച്ചു കോരി കളയുമ്പോൾ ഹിറ്റ്ലറെപ്പോലെ ഞാൻ എന്നെ കാണും. ദുഷ്ടൻ. ക്രൂരൻ. എന്നെത്തന്നെ ഞാൻ കുറ്റപ്പെടുത്തും.

ഇനി ടോയ്‌ലെറ്റിൽ ചിലനേരം മൂലയിൽ അവ കൂടുകൂട്ടി നടക്കുമ്പോൾ വെള്ളം കോരിയൊഴിക്കും. അവ ഇന്ത്യൻ ക്ലോസറ്റിലൂടെ അകത്തേക്ക് ഒഴുകിപ്പോകും. ഒഴുകുന്ന വെള്ളത്തിൽ അവ പൊങ്ങിക്കിടക്കുമ്പോൾ രണ്ടായിരത്തി പതിനെട്ടിൽ വെള്ളം പൊക്കിയ ദൈവത്തോട് എനിക്കുണ്ടായിരുന്ന പരിഭവമൊക്കെ മാറും. കാരണം ഒരു ഗതിയുമില്ലാതെ അഗതികളെപ്പോലെ നിഷ്കരുണം അവ ഒഴുകുകയാണ് ക്രൂരമായി ക്ളോസറ്റിലേക്കു. ഇനിയും വെള്ളം പൊങ്ങിയാലും ഞാനാരെ കുറ്റപ്പെടുത്തും ? എനിക്കെന്താണ് അതിനു അർഹത ?

ഉറുമ്പുകൾ അദ്ധ്വാനികളാണ്. ജീവിതം മുഴുവൻ അദ്ധ്വാനിച്ചു ജീവിക്കുന്നു അവ. നാം ശക്തിയായി ഊതുമ്പോൾ പതുങ്ങിയിരുന്ന് അവ അതിജീവിക്കാൻ ശ്രമിക്കും. ആ കുഞ്ഞിക്കാലുകൾ അതിജീവനത്തിന്റെ വലിയ കാലുകളാണ്. അവ ഉമ്മകൊടുത്തു വരിവരിയായി നടന്നുപോകുമ്പോൾ ജാതിയും മതവും ഒന്നുമില്ലാത്ത ഉറുമ്പുസ്നേഹം മനുഷ്യനിൽ എത്താൻ ഞാൻ കണ്ണടച്ചു പ്രാർത്ഥിക്കും.
പ്രതികൂലങ്ങളെ അതിജീവിക്കാൻ ഉറുമ്പുകൾ നൽകുന്ന പാഠം വലുതാണ്. തിരിച്ചറിവില്ലാത്ത അവ പലപ്പോഴും അപകടങ്ങളിൽ ചെന്നുപെടാറുണ്ട്. അത് അവയുടെ വിധി. നടപ്പിൽ ഒരു ശ്രദ്ധ വേണം എന്നതാണ് അപ്പോൾ ലഭിക്കുന്ന പാഠം. അപകടങ്ങൾ ദൂരത്തുവച്ചേ അറിയാൻ അവയുടെ കൊമ്പുകൾക്കു നീലമില്ലാതെ പോയത് ഒരു ദുര്യോഗം. നമ്മെപ്പോലെ മരണം എപ്പോഴെന്നറിയാത്ത ജീവിതം പോലെ.എന്നാലും അനശ്ചിതത്വത്തിൽ നന്നായി ജീവിക്കണം എന്ന് പഠിക്കപ്പിക്കുയാണ് അവ. എന്റെ നന്ദി അവരോടു പ്രകാശിപ്പിക്കാൻ ഈ കുറിപ്പടി ഞാൻ ഉപയോഗിക്കുന്നു.