ആരെങ്കിലും തുപ്പിയെണ്ണിക്കിട്ടിയ നോട്ടിലൂടെ കോവിഡ് പകർന്ന് കിട്ടുന്നില്ല എന്ന് ശ്രദ്ധിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്

36

Ajith Kumar

നോട്ട് തുപ്പലിൽ തൊട്ട് എണ്ണുന്നവർ

ഇന്നലെ അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങി ഇരുനൂറു രൂപ കൊടുത്ത് ബാക്കി നോട്ടുകൾ എണ്ണിതരുമ്പോൾ കടക്കാരൻ തുപ്പല് കൂട്ടി പണം എണ്ണിയപ്പോൾ അയാൾ തന്ന സാധനം അയാളുടെ മുഖത്തേക്ക് എറിഞ്ഞ് എൻ്റെ പണവും തിരികെ വാങ്ങി നല്ല പത്ത് പുളിച്ചതും പറഞ്ഞിട്ടാണ് പോന്നത്.

ഈ കാഴ്ച നേരിട്ട് കാണുന്നത് എനിക്ക് ഏറെ അരോചകമാണ്. ബോംബെയിൽ ജോലിയുമായി എത്തിയപ്പോഴാണ് ഇത് ഞാൻ സർവസാധാരണയായി കണ്ടു തുടങ്ങിയതും ഈ വിഷയത്തിൽ എൻ്റെ അറപ്പ് വർദ്ധിച്ചതും.അവിടത്തെ BEST ബസുകളിലെ കണ്ടക്ടർമാർ തുപ്പൽ നക്കിയാണ് ടിക്കറ്റ് മുറിച്ചു തരുന്നതും ബാക്കി തരുന്നതും. ഇതിൽ പേടിച്ച് കഴിയുന്നതും ഞാൻ കൃത്യം പണം ബസ്സ് കൂലി നൽകും.

അയാൾ തുപ്പലൊട്ടിച്ച ടിക്കറ്റ് ൻ്റെ മറു ഭാഗം പിടിച്ച് ബസിൽ യാത്ര ചെയ്ത് ഇറങ്ങുന്ന മുറക്ക് അത് വലിച്ചെറിയും.നാട്ടിലെ ഇന്നത്തെ സ്ഥിതിഗതികളും സാഹചര്യങ്ങളും പരിസര / വ്യക്തി ശുചിത്വം അങ്ങേയറ്റം ആവശ്യപ്പെടുന്ന ഒന്നാണ്.ഒരു കടയിൽ കറൻസി കൗണ്ടറിൽ നോട്ടെണ്ണി കൈ കൊണ്ട് തൊടാതെ ത്തന്നെ തന്നാലും ആ കടയിൽ ആ നോട്ട് എത്തുന്നതിന് മുമ്പ് എത്ര പേരുടെ തുപ്പൽ ഏറ്റുവാങ്ങിയിരിക്കും എന്ന് ചില ദോഷൈകദൃക്കുകൾ ഇവിടെ ചൂണ്ടിക്കാണിക്കാൻ സാദ്ധ്യതയുണ്ട്.
ശരിയാണ് അവരുടെ വാദം.

അത്തരം കറൻസികളൊക്കെ തന്നെയാണ് നാം പോക്കറ്റിലും പേഴ്സിലുമൊക്കെ ഇട്ട് നടക്കുന്നത് എന്നോർക്കുമ്പോൾ ശരിക്കും വമനേഛ തന്നെയുണ്ടാകും.ഇവിടെയാണ് നാം ഇലട്രോണിക് പണമിടപാടുകളെ പ്രോൽസാഹിപ്പിക്കണമെന്ന് പറയുന്നത്.വിദേശങ്ങളിലൊക്കെ അഞ്ചോ പത്തോ ഉറുപ്പിക്കു വരെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് സ്വയ്പ് ചെയ്ത് പണം നൽകാം.എന്നാൽ ഇന്ത്യയിൽ പലയിടത്തും ഈയൊരു സംഗതി ഇപ്പോഴും സാദ്ധ്യമായിട്ടില്ല. (ബാംഗ്ളൂർ പോലെ ചിലയിടങ്ങളിൽ വഴിവക്കിൽ കരിക്കും മീനും വിൽക്കുന്നത് QR കോഡ് സ്കാൻ ചെയ്തു കൊണ്ടാണെന്ന കാര്യം വിസ്മരിച്ചല്ല ഇതെഴുതുന്നത് )ഇതിനായി നിരവധി ഇലട്രോണിക് സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്.

നാം കയറുന്ന കടക്കാരനോട് ആദ്യം തന്നെ പെയ്മെൻ്റ് സംവിധാനം എങ്ങനെയെന്ന് അന്വേഷിക്കണം. അതെത്ര ചെറിയ കടക്കാരനായാലും ശരി. അവർക്ക് ഇ – പേയ്മെൻറ് സംവിധാനങ്ങൾ ഇല്ലയെങ്കിൽ അവരെ നാം തന്നെ അത് ചെയ്യാൻ പ്രോൽസാഹിപ്പിക്കണം. അടുത്ത തവണ നിങ്ങളുടെ കടയിൽ നിന്ന് സാധനം വാങ്ങിക്കണമെങ്കിൽ ഈയൊരു സംവിധാനം കൈക്കൊള്ളണം എന്ന് സ്നേഹത്തോടെയും എന്നാൽ കുറച്ച് ഗൗരവത്തോടെയും തന്നെ പറയണം.ബാങ്ക് മാനേജർമാരെ പരിചയമുള്ളവർ അവരോട് ഈ ആവശ്യം പറയണം. പല കച്ചവടക്കാർക്കും ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടാകണം. ബാങ്ക് മാനേജർമാർക്ക് തങ്ങളുടെ ബാങ്കിൽ ഇടപാട് നടത്തുന്ന വ്യാപാരികളെ സ്വാധീനിക്കാൻ കഴിയുമല്ലൊ?

കുറെ പേർ ഇക്കാര്യം സമൂഹത്തിൽ പറയുകയും ആവശ്യപ്പെടുകയും അതിൻമേൽ ചർച്ചകൾ വരികയും ചെയ്യുമ്പോൾ എന്തെങ്കിലുമൊക്കെ മാറ്റം ഇവിടെ സംഭവിക്കും.ഇന്ത്യയിൽ ഗവർമെണ്ട് വക UPI (unified payment interface) എന്നൊരു സംവിധാനവും അതുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നിരവധി ബാങ്കുകളും ഉണ്ട്. ഭീം (BHIM) എന്നൊരു ആപ് തന്നെയുണ്ട്. കൂടാതെ ഈ സിസ്റ്റത്തിൽ ചേർന്ന് പ്രവർത്തിക്കാൻ ഓരോ ബാങ്കിനും തങ്ങളുടെ തായ App തന്നെയുണ്ട്. Google pay, Pay Tm ഇവയിൽ വിശ്വാസ്യത തോന്നാത്തവർക്ക് മേൽ പറഞ്ഞ UPI സംവിധാനം ഉപയോഗിക്കാം.

ATM ൽ പോകാതെ തന്നെ പണം പിൻവലിക്കാൻ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടാൽ മതി. ആധാർ ലിങ്ക്ഡ് ബാങ്ക് എക്കൗണ്ട് ഉള്ളവർക്ക് ആ അക്കൗണ്ടിൽ നിന്ന് പണം പോസ്റ്റ് മേൻ വീട്ടിൽ പണം എത്തിച്ചു തരും. ഒരു ദിവസം ഇരുപതിനായിരം രൂപ വരെ (?) ഇങ്ങനെ പിൻവലിക്കാം.ഇന്ത്യൻ പോസ്റ്റൽ സർവീസ് നടത്തുന്ന റുപ്പേ കാർഡ് ഉപയോഗിച്ചും അവശ്യസാധനങ്ങൾക്കും സർവ്വീസുകൾക്കും പണം നൽകാം.ഇതിനൊന്നും കറൻസി കൈ കൊണ്ട് തൊടുകയോ ATM ൽ കാശെടുക്കാൻ പോയി കഷ്ടപ്പെടുകയോ റിസ്ക് എടുക്കുകയോ വേണ്ടതില്ല.കൂടാതെ ചില പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മൈക്രോ ATM അഥവാ ഹ്യുമൻ ATM എന്ന പേരിൽ കേന്ദ്ര ഗവർമെണ്ടിൻ്റെതായി സേവനം ലഭ്യമാണ്.

ഇതുപയോഗിച്ച് സാധാരണ ATM ൽ ലഭ്യമാകുന്ന പണം നിക്ഷേപിക്കൽ/ പണം പിൻവലിക്കൽ (രണ്ടും ) കാര്യങ്ങൾ ATM മെഷീൻ്റെ മുന്നിൽ Q നിൽക്കാതെ തന്നെ ചെയ്യാനാകും. ഇനിയെങ്കിലും നോട്ടെണ്ണി നൽകുന്ന / വാങ്ങുന്ന പരമ്പരാഗത ഏർപ്പാട് നിർത്തലാക്കിക്കാൻ നാം ശ്രമം നടത്തുക. ഇതായിരിക്കട്ടെ സമൂഹത്തിൽ നടക്കേണ്ട പുരോഗമനവും നവോത്ഥാനവും. കറൻസി ഒരു നിലക്കും തുപ്പി എണ്ണില്ല എന്ന് സ്വയം തീരുമാനിക്കുക.അങ്ങനെ ലഭിക്കുന്ന കറൻസി സ്വീകരിക്കുകയില്ല എന്ന് മാത്രമല്ല അങ്ങനെ ചെയ്യുന്നയാളെ നിരുൽസാഹപ്പെടുത്തുകയും ശാസിക്കുകയും ചെയ്യും അതെത്ര പ്രായക്കൂടുതൽ ഉള്ളവരായാൽ കൂടി എന്ന് തീരുമാനിക്കുക.

ഇവിടുന്നങ്ങോട്ടുള്ള ഒരു മാസക്കാലമെങ്കിലും കോവിഡ് 19 നെ സംബ്ധിച്ച് കേരളത്തിൽ വളരെ നിർണ്ണായകമാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ആരെങ്കിലും തുപ്പിയെണ്ണിക്കിട്ടിയ നോട്ടിലൂടെ എനിക്കത് പകർന്ന് കിട്ടുന്നില്ല എന്ന് ശ്രദ്ധിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതും എൻ്റെ കൂടി ഉത്തരവാദിത്വമാണ്.