“കുഞ്ഞിക്കൂനൻ” സിനിമ കണ്ടിട്ടു പേശികൾ വിടർത്തി തിയറ്റർ വിടുന്നവരെ ശ്രദ്ധിച്ചിട്ടുണ്ട്

0
176
അജിത് എം. പച്ചനാടൻ
അഹങ്കാരമെന്ന് ധ്വനിപ്പിക്കുന്ന ആത്മവിശ്വാസം
(നടമ്പിളങ്ങന്റെ സുവിശേഷം )
“ഇവിടെ ആരുമില്ലേ?” എന്ന ചോദ്യത്തിന് പ്രത്യുത്തരമായി, “ഇവിടെ സ്ത്രീകൾ മാത്രമേയുള്ളൂ” എന്നു കല്പറ്റ നാരായണന്റെ ‘മുടന്തന്റെ സുവിശേഷ ‘ത്തിലെ വീട്ടിനുള്ളിലെ നടമ്പിളങ്ങൻ പറയുന്നുണ്ട്. ചട്ടുകാലൻ പുരുഷനല്ല(!); അവൻ സ്ത്രീയായി തരം താഴ്ത്തപ്പെടുന്നു… ഒരു വരിയിൽ കല്പറ്റ ധ്വനിപ്പിച്ച രണ്ടുതരം വ്യക്തിത്വരഹിത മർദ്ദിതജീവിതം. അതു നമ്മുടെ ആൺപൊതുബോധത്തെ അഭിസംബോധന ചെയ്തു.
എങ്ങനെയാണ് കല്പറ്റ ഇത്ര കൃത്യമായി ഒരു മുടന്തനെ ഇരുപത്തൊന്ന് കവിതകളിൽ എഴുതിയത്!!
ഒരു ചട്ടുകാലനെ ലോട്ടറി വില്പനക്കാരനായ ദയനീയനായി കാണുന്നതിനപ്പുറം ഒരു ദൃശ്യം നമ്മുടെ സാംസ്കാരിക മേഖലയിലെ കണ്ണുകൾക്കും നോക്കാനാവില്ല. ഇത് വഴിയേ പറയാം…
’90കൾക്കുശേഷം അസ്ഥിവൈകല്യവും അതുമൂലമുണ്ടാകുന്ന ചലനപ്രശ്നങ്ങളുമുള്ള കുട്ടികളുടെ ജനനം തുലോം കുറവാണ്. നേരത്തേ കണ്ടെത്തി പരിഹരിക്കാനുള്ള വൈദ്യശാസ്ത്ര മുന്നേറ്റം അതു സാധ്യമാക്കി. എന്നാൽ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങളുടെ ജനനത്തിൽ നേരിയ വർദ്ധനയുണ്ടുതാനും.
വീട്ടിലെ ഏക മകനാണ് ഞാൻ. കിടുക്കാച്ചി ചട്ടുകാലൻ. (ജന്മസിദ്ധമാണ്. ‘ 70 കളുടെ രണ്ടാം പാതിയിലും വിരുന്നു വരാറുള്ള പോളിയോ അല്ല.)രണ്ടാമതൊരു കുട്ടി, എനിക്കു കിട്ടേണ്ടുന്ന സ്പെഷ്യൽ ശ്രദ്ധ അപഹരിച്ചേക്കാമെന്ന വിചാരമാകാം അമ്മയെ മറ്റൊരു പേറ്റുശ്രമത്തിൽ നിന്നു പിന്തിരിപ്പിച്ചതെന്ന് പല സീനുകളിലായി ചിതറിക്കിടന്ന ഡയലോഗുകൾ ചേർത്തുവെച്ച് മനസിലാക്കിയിട്ടുണ്ട്.
നിലത്തെഴുത്തു കളരി മുതൽ കലായയ തലം വരെയുള്ള പഠനകാലത്ത് ബോഡി ഷെയ്മിങ്ങ് നേരിടേണ്ടി വന്നിട്ടില്ല. വികലാംഗരുടെ സ്പെഷ്യൽ സ്കൂളിങ്ങിനെ ഒഴിവാക്കി സാദാ പള്ളിക്കൂടത്തിൽ വിദ്യാഭ്യാസത്തിനയച്ച അമ്മയ്ക്കാണ് ആദ്യ ക്രെഡിറ്റ്. അധ്യാപകരും അതിലുപരി ചങ്ങാതിമാരും ഒപ്പം നിന്നു. വളരെ സ്വാഭാവികമായി. മേലാത്ത കുട്ടി എന്ന പരിഗണനയിൽ അധ്യാപകർ ശിക്ഷയിൽ നിന്നു ഒഴിവാക്കിയില്ല.
ഒരു സംഘത്തിലേക്കു പോവുകയായിരുന്നില്ല. ഇരിക്കുന്നതിനു ചുറ്റും ഒരു സംഘം രൂപപ്പെടുകയായിരുന്നു. മാരക്കാന സ്റ്റേഡിയം എന്നു സങ്കല്പിച്ചു കക്കുഴി പള്ളുക്കൂടത്തിന്റെ മൈതാനത്തെ ഫുട്ബോൾ മാച്ചിൽ ഗോളിയായി. എതിർ ടീമിലെ ഊക്കനടികാരന്മാരായ ഫോർവേഡുകൾ സ്നേഹനിർഭരമായി ഓരോ ഷോട്ടിന്റെയും കനം കുറച്ചു. വാലറ്റക്കാരനായി ക്രീസിൽ തുഴഞ്ഞപ്പോൾ, അവിചാരിതമായി ബാറ്റിലേക്കു വീണ പന്തിനെ റണ്ണാക്കാൻ ഔട്ടായ മിടുക്കൻ ഓപ്പണർ റണ്ണറായി. (ODI യിൽ അക്കാലത്ത് അതു നിയമവിധേയമായിരുന്നില്ല) മോഹൻലാൽ ചിത്രങ്ങളുടെ ആദ്യ പ്രദർശനത്തിന് കൈനീട്ടംവച്ചു . ഇൻട്രോ സീനിൽ ലാലേട്ടനെ പ്രോത്സാഹിപ്പിക്കാൻ കിണഞ്ഞു അധ്വാനിച്ചു. ഉത്സവപ്പറമ്പുകളിലെ ഗാനമേളയിൽ ദേവയുടെ ഫാസ്റ്റ് നമ്പറുകൾക്കു കാതോർത്തുലഞ്ഞിരുന്നു; ഇളകിയാടി…
…. സമാന്തരമായി തീവ്രഇടതു രാഷ്ട്രീയത്തോടു ആഭിമുഖ്യമുണ്ടായിരുന്നു. ‘ 70 കളിലെ മുതിർന്ന സഖാക്കൾ സുഹൃത്തുക്കളായി. വായന ഗൗരവത്തിലായി. ലോർക്കയും മനുഷ്യപുത്തിരനുമൊക്കെ സാഹിത്യച്ചങ്ങാതിമാരായി.
എന്നാൽ,
ഉറച്ച നിലപാടെടുക്കുക, ഒരുപ്പോക്ക് അഭിപ്രായം പറയുക, ഇലയ്ക്കും മുള്ളിനും കേടില്ലാത്തിടത്തോട്ട് പോകാതിരിക്കുക, സാ.. മട്ടിൽ നിലകൊള്ളുക എന്നിങ്ങനെയൊക്കെ ആയാൽ, രണ്ടു കാലും ഉണ്ടായിരുന്നെങ്കിൽ ഭൂലോകം പുല്ലു കഞ്ഞിയാക്കിയേനെ എന്ന റിപ്പോർട്ടടിച്ച് കൈയിൽ തരും.
എവിടെയും ഒപ്പം വരുന്ന എന്റെ കട്ടച്ചങ്കു കൂട്ടുകാരിയോടു ഞങ്ങളുടെ പൊതു സുഹൃത്തായ കവി നിഷ്ക്കളങ്കമായി ചോദിച്ചത്, ” ആ വണ്ടിയിൽ നീ സഞ്ചരിക്കുമോടീ!!! ” എന്നാണ്.
പരസഹായമില്ലാതെ സഞ്ചരിക്കാനാവുക എന്നത് സ്വാതന്ത്ര്യവുമാണ്. ചലനപാരതന്ത്ര്യം അനുഭവിക്കുന്നവർക്ക് പ്രത്യേകം രൂപകല്പന ചെയ്ത ടൂ വീലർ റക്കകെട്ടിയ കാലുകളാണ്. പറക്കും. അതിൽ ഒരു പെൺകുട്ടി സഞ്ചരിക്കുന്നത്, അല്ലെങ്കിൽ ആ കവി തന്നെയും അതിൽ സഞ്ചരിക്കുന്നത് അത്രമേൽ അഭിമാനക്ഷതമാകുന്നതെങ്ങനെയാണ്!
മറ്റൊരു കവി, “ഒന്നിനും കൊള്ളാത്ത ചട്ടനുമായി കൂട്ടുകൂടി, ഞങ്ങളെപ്പോലുള്ള മിടുക്കന്മാരെ നഷ്ടപ്പെടുത്തിയതിൽ നീ ദുഃഖിക്കും”എന്നു അർത്ഥം വരുന്ന വാക്കുകളാണ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്കു വായിച്ചെടുക്കാൻ പാകത്തിനു പറഞ്ഞത്.
പലപ്പോഴും ചട്ടത്തരവുമായി ചേർത്ത് എനിക്കു നേരിടേണ്ടി വന്നിട്ടുള്ളത് ലൈംഗികാസൂയയാണ്. പെൺകൂട്ടിന്റെ സമ്പത്ത് അതിനു കാരണമായി. മുടന്തന്റെ പങ്കാളി കിടപ്പറയിൽ ദീർഘനിശ്വാസത്തോടെ താനേ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണെന്നും ഒരു കൈ സഹായം ആയിക്കളയാമെന്നും അവക്കിതെന്തിന്റെ കേടാന്നും രതിക്കർസേവകർ കരുതുന്നുണ്ടാവുമോ?!
നാം തെരുവിൽ കാണുന്ന ഭിന്നശേഷി വ്യക്തികൾക്കു ദയനീയതയുടെ മുഖത്തെഴുത്താണുള്ളത്.ജീവസന്ധാരണത്തിന് മറ്റുള്ളവരിൽ ദയ ഉണർത്താൻ ആ ഭാവം സ്ഥായിയായി നിലനിർത്തണമായിരിക്കും. എല്ലാ തൊഴിലിനും അന്തസുണ്ടെന്നു പറയുമ്പോൾ ചൂതാട്ടക്കച്ചവടത്തിലെ അവസാന കണ്ണിയായ ലോട്ടറിവില്പനക്കാർ പരസ്യവാചകമായി യാചന മുഖത്തു കരുതണം. തെരുവിലെ ആ ജീവിതങ്ങൾക്കു പിന്നിൽ ശോചനീയമായ രാഷ്ട്രീയ-സാമൂഹിക അവസ്ഥയുണ്ട്. ആ തലം കാണാതെയുള്ള/ പരിഹരിക്കാനുള്ള കൂട്ടായശ്രമമില്ലാത്ത ഏതൊരു കരുണാമയമായ ഇടപെടലും കർതൃത്വ പദവിയിലുള്ളവരുടെ ചാരിറ്റി പ്രവർത്തനമാണ്. ഓസ്ട്രേലിയൻ കുട്ടിയോടുള്ള വാത്സല്യം ന്യൂസ്ഫീഡിൽ നിറയുന്നതുൾപ്പെടെ…
“കുഞ്ഞിക്കൂനൻ” സിനിമ കണ്ടിട്ടു പേശികൾ വിടർത്തി തിയറ്റർ വിടുന്നവരെ ശ്രദ്ധിച്ചിട്ടുണ്ട്. ആണത്തം ബോധ്യപ്പെടുന്നവരെ: ബുള്ളിയിങ്ങ് കുറ്റകൃത്യമായിരിക്കുമ്പോൾത്തന്നെ അതിലൊരു നിഷ്ഠൂരമായ നിഷ്ക്കളങ്കതയുണ്ട്. തങ്ങളേക്കാൾ അനാരോഗ്യരെ നോക്കി യോഗ്യത ഉറപ്പിക്കുന്ന അപകർഷപ്പാവങ്ങൾ.
നമ്മുടെ കരുണയിൽ അപകർഷക്കറയും സഹതാപച്ചുവയും ഉണ്ടാകാതിരിക്കട്ടെ…
അപകർഷം വാരി വിതറുന്നിടത്താണ് നമ്മുടെ സൗന്ദര്യസങ്കല്പങ്ങളും കോസ്മെറ്റിക് വിപണിയും പച്ച പിടിക്കുന്നത്. ഓരോരുത്തരും ഓരോ കുറവുകളുടെ തടവറയിലാണ്. നമ്മുടെ മാനസികാരോഗ്യം എത്ര ദുർബലമാണ്!