ഒരു “ചരക്കിന് ” മാവോയിസ്റ്റാകാൻ കഴിയുമായിരിക്കും, മലയാള സിനിമ അതാണു പറയുന്നത്

0
167
അജിത് എം. പച്ചനാടൻ
മിസ്.മാവോയിസ്റ്റ്
– ധീര രക്തസാക്ഷികൾ, സഖാവ് ലതയ്ക്ക് സഖാവ് അജിതയ്ക്ക് രക്താഭിവാദ്യങ്ങൾ-
പത്രവാർത്തകളിലൂടെയാണ് മാവോയിസ്റ്റ് എന്ന വാക്ക് കേൾക്കുന്നത്. നല്ല രസം പിടിച്ച് വായിക്കാൻ തക്ക റീഡബിലിറ്റിയുള്ള ഹേഡ്കുട്ടൻപിള്ള സാഹിത്യമാണതെന്ന് ഇന്നും മനസിലായിട്ടില്ല. പിന്നെയാണോ കുന്നിക്കൽ നാരായണനെ അറിയാനുള്ള വ്യുൽപത്തി തിരിയുക?!
അങ്ങനെയിരിക്കേ ചില ദിക്കിൽ ചില വിദ്വാന്മാർ പറയുന്നു; കമ്യൂണിസത്തിന്റെ വികാസവും സ്വാഭാവിക പരിണതിയുമാണ് മാവോയിസമെന്ന്! ആർക്കറിയാം. ഇതൊക്കെ മൂളയൊള്ളവരുടെ ബൗദ്ധികവ്യായാമം.
പണ്ടു മുതല്ക്കേ കണ്ട സിനിമയിലും നാടകത്തിലും വായിച്ച കഥയിലും കവിതയിലും കേട്ട പ്രസംഗത്തിലും കഥാപ്രസംഗത്തിലും ഒക്കെ പടിയിറങ്ങിപ്പോയ “പുകഞ്ഞ ഉണ്ണി ” നക്സലൈറ്റായിരുന്നു. ചെറുമരുടെ ചാളയിലായിരുന്നു ആളുടെ സഹവാസം. ‘ഉണ്ട’യിലെ സാദാപ്പോലീസുകാരെപ്പോലെ പത്രവാർത്തയിലൂടെ അറിഞ്ഞ മാവോയിസ്റ്റിനെ നേരിൽ കണ്ടാലത് അഞ്ജനം പോലെ വെളുത്തിരിക്കുമോന്ന് ചെറുതല്ലാത്ത ഉത്കണ്ഠ കലർന്ന കൗതുകം ദിനേന വളർന്നു. മാവോവാദി മഹത്വവത്ക്കരണ ചലച്ചിത്രമായി ‘കമല’യാണ് അവസാനം കണ്ടത്. അത് ചലച്ചിത്രകാരന്റെ രാഷ്ട്രീയമല്ല. നീതിയ്ക്കായി അല്പം ബലപ്രയോഗമാകാമെന്ന തമ്പുരാൻ സിനിമയുടെ ലോജിക്ക് മറിച്ചിട്ട് ഗുണിക്കുന്നുണ്ടത്. ഇനി വരുന്ന സിനിമകളുടെ ക്ലൈമാക്സിന്റെ ഫ്ളേവറുമതായിരിക്കുമല്ലോ.
….. അങ്ങനെ ആകാംക്ഷ പൂണ്ടിരിക്കവാറേ ഡോ.ബിജുവിന്റെ ‘കാടു പൂക്കുന്ന നേരം’ കണ്ടു. ഹെഡ്കുട്ടൻ പിള്ളസാഹിത്യത്തിന്റെ മറുപുറമാണതെന്ന് തോന്നാതിരുന്നില്ല. സിനിമയിലൂടെയെങ്കിലും പത്ത് മാവോയിസ്റ്റിനെ കാണാമല്ലോ എന്ന പത്രം മാത്രം വായിച്ച് ധാരണയും അഭിപ്രായവും രൂപപ്പെടുത്തുന്ന ഒരു “സാദാ അടിയാള മലയാളിയുടെ ” ബുദ്ധിഅടിയറവയ്ക്കൽ ഇന്നും ഞാൻ തുടരുന്നതിന്റെ തിടുക്കമായിരിക്കാം അതു.
വായിച്ചറിഞ്ഞ മാവോയിസ്റ്റ് പറയാൻ തെല്ലും സാധ്യത ഇല്ലാത്ത ഒരു ഡയലോഗ് മാവോവാദി കഥാപാത്രം തട്ടിമൂളിക്കുന്നത് കേട്ടു. “രണ്ടുംകെട്ട വർത്തമാനം പറയരുത്” എന്നോ മറ്റോ (2017ൽ ജനുവരിയിലാണ് പടം റിലീസായത്. ഓർമയിൽ നിന്നു എഴുതുന്നു.) എന്നാലും പൈസ വസൂലായി. ഏറ്റുമുട്ടൽ കൊലപാതകത്തിൽ ചത്തീസ്ഗഡിലെയോ ഝാർഖണ്ഡിലെയോ ആന്ധ്രയിലെയോ നിലമ്പൂരിലെയോ വനാന്തരങ്ങളിൽ കൊല്ലപ്പെട്ട “ഓഞ്ഞ കറുത്തുപെടച്ച നരന്ത് മാവോയിസ്റ്റ് സ്ത്രീയല്ല ” സ്ക്രീനിൽ.
നല്ല സൊയമ്പൻ കുട്ടൂസ് മാവോയിസ്റ്റ്.
-ഹോ! രാത്രീൽ ഈ ചരക്കും ആൺ മാവോയിസ്റ്റുകളുമൊക്കെയാന്നോ ഉൾക്കാട്ടിൽ കഴിയുന്നത്? എന്തൊക്കെയായിരിക്കും നടക്കുക! ‘മനോരമേ ‘ൽ വായിച്ചാരുന്നു മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങിയ സായുധസംഘമാണ് തോക്കു കാട്ടി ഊരിൽ നിന്ന് അരീം പരിപ്പും കൊള്ളയടിച്ചതെന്നു. എന്നാലും മൂന്നുആണും ഒരു പെണ്ണുമേ. വല്ലോം നടക്കുമായിരിക്കും. എന്നാലും ഇവൾക്ക് അതിലാരോടായിരിക്കും കൂടുതൽ പ്രേമം!
രാമു കാര്യാട്ടിന്റെ മരക്കാത്തീം ഡോക്ടർ ബിജുവിന്റെ മാവോവാദിയും ക്യാമറ എന്ന മൂലധനമിറക്കലുകാരനായ ആൺകണ്ണിന്റെ താല്പര്യങ്ങളെ സംരക്ഷിച്ചു പോന്നു. അവന്റെ പണ-സാംസ്കാരികാധികാരം അയാളുടെ കലാസൃഷ്ടിയിൽ മുഴച്ചു നിന്നു.
ഒരു “ചരക്കിന് ” മാവോയിസ്റ്റാകാൻ കഴിയുമായിരിക്കും. മലയാള സിനിമ അതാണു പറയുന്നത്. കച്ചവടം പച്ച പിടിക്കാൻ ചരക്കിന് നിലവിലെ ട്രെൻഡും ആവശ്യകതയും അധികാരിവർഗ്ഗത്തിന്റെ സാംസ്കാരിക മേൽക്കൈയ്ക്കു അനുസൃതവുമായ ഗുണമേന്മയുണ്ടാകണം. അത് കാടു പൂക്കുന്ന നേരമായാലും രാച്ചിയമ്മയായാലും കള്ളിച്ചെല്ലമ്മയായാലും കറുത്തമ്മയായാലും…
‘രാധാസ്’ സോപ്പ് പിടിക്കാത്ത നടിമാരില്ല; നാന സിനിമാ വാരികയിൽ. സ്വാമിക്ക് കുങ്കുമവും മുത്തുച്ചിപ്പിയും നാനയും കേരള ശബ്ദവും സോപ്പും അണ്ടിക്കമ്പനിയും ഒരുപോലെ. മോഹൻ കൊല്ലം എന്ന പടം പിടുത്തക്കാരനുമുണ്ട്. “എന്നാൽ മോളേ നാനയിലേക്കുള്ള അഭിമുഖം കഴിഞ്ഞാൽ ഈ സോപ്പ് ഒന്നു പിടിച്ചാട്ടെ… ഇതല്ലേ കച്ചോടം!! ” സോപ്പും നടിയുമൊക്കെ ചരക്കെന്ന ഒരേ ഒരു വസ്തുവാകുന്ന കമ്പോളഅദ്വൈതം.
സൗന്ദര്യവർദ്ധക സാമഗ്രിയാണ് സോപ്പ്. തേച്ചു കുളിച്ചാൽ കറുപ്പ് ഒഴിയും.
റിമ
എത്ര സുന്ദരിയാണീ മാവോവാദിക്കൊച്ച്!!! വെളുത്ത് കൊലുന്നനേ…
റിമയോടുളള (റിമ, ഇനി സഖാവ് ഷൈനയുടെ ഛായയുള്ള കഥാപാത്രമാണോ?! കണ്ടോ സാദൃശ്യങ്ങളുടെ യാദൃശ്ചിക ഘോഷയാത്ര) പ്രതിഷേധ സൂചകമായി ട്രെൻഡിയാകാത്ത വേഷം ധരിക്കലാണു മാവോവാദറോൾ. അതൊരു അപകടസ്ഥലിയാണ്. കറുത്തൊരു മല പോലെ ചുമ്മാ ഇരിക്കുന്നതാണ് നല്ലത്.
പർവ്വതങ്ങളെ നീക്കം ചെയ്യാനൊരുമ്പെടുന്നത് വിഡ്ഢികളാണല്ലോ*
*മാവോ സെ തുങ്ങിന്റെ പ്രയോഗം മാറ്റിയെഴുതിയത്
**പുതിയ രാഷ്ട്രീയ സമരത്തോടുള്ള വിയോജിപ്പല്ല ഈ കുറിപ്പ്. സിനിമയിലെ കാസ്റ്റിങ്ങിന്റെ മാനദണ്ഡങ്ങൾ എന്തായിരിക്കാമെന്ന…