വയറുനിറഞ്ഞവൻ വിളമ്പുന്ന ചോറ്

0
263
അജിത് എം. പച്ചനാടൻ
വയറുനിറഞ്ഞവൻ വിളമ്പുന്ന ചോറ്
1.
“അരച്ചാൺ വയറിനു വേണ്ടി “, “പച്ചരി മേടിക്കാൻ ” എന്നിങ്ങനെ വിശപ്പടക്കലുമായി ബന്ധപ്പെട്ട പ്രയോഗങ്ങൾ ഏറ്റവും വലിയൊരു പ്രശ്നത്തെ ഉന്നയിക്കുന്നു. ഗോതമ്പും എണ്ണയുമായെത്തുന്ന ഖലീഫ ഉമർ, റൊട്ടി മോഷ്ടിച്ച ജീൻവാൽ ജീൻ, അട്ടപ്പാടിയിലെ മധു, എന്നിങ്ങനെ വിശപ്പുമായി ബന്ധിപ്പിച്ച് ഒട്ടേറെ സങ്കടക്കഥകൾ എരിയും.
പയ്യൻ സമൃദ്ധമായി ഉച്ചയൂണു കഴിക്കുന്നതിന്റെ വിശേഷമാണ് ‘ലഞ്ച്’ എന്ന കഥയിൽ വി.കെ.എൻ വിശാലമായി പറയുന്നത്. വായിച്ചു, കഥ അടച്ചതിനു ശേഷം പയ്യൻ വിശപ്പിനെപ്പറ്റിയാണ് ഇത്ര നേരവും പറഞ്ഞതെന്നു കുരലുണങ്ങി ദാഹിക്കും വായനക്കാരന്. ബാലചന്ദ്രൻ ചുള്ളിക്കാട് ചക്ഷുശ്രവണഗളസ്തമാം ദർദ്ദുരത്തെ ജഗത്ഭക്ഷകനാകും കാലത്തിലേക്ക് എടുത്തിട്ട് അന്നത്തെ മറ്റൊരു രീതിയിൽ വിളമ്പുന്നു. പുലയച്ചെക്കൻ കൈകൊണ്ടു വിളമ്പിയ ചക്കപ്പുഴുക്ക് സഹോദരനയ്യപ്പന് ഒരു ഭക്ഷണ പദാർത്ഥം മാത്രമായിരുന്നില്ലല്ലോ.
2.
പുറത്ത് ഉച്ചഭക്ഷണത്തിനിരിക്കുമ്പോൾ ആഹാരം വിളമ്പിത്തരുന്ന ഓരോ തൊഴിലാളി യോടും കുശലാന്വേഷണം നടത്തിയാൽ കഴിച്ചോ എന്ന ചോദ്യത്തിനുത്തരമായി, വൈകുന്നേരം മൂന്നര നാലോടു കൂടി കഴിച്ചെന്നു വരുത്തി ജോലി തുടരുകയാണ് പതിവ് എന്നാണ് എൺപത്തഞ്ചു ശതമാനവും പറയുക. അതായത് ഉച്ചകളിൽ കേരളത്തിലങ്ങോളമിങ്ങോളം, ഒരുപക്ഷേ കാലി വയറുമായി ഫുഡ്സെർവു ചെയ്യുന്ന തൊഴിലാളികൾ ഉണ്ടെന്നു.
3.
ഇന്നത്തെ ഉച്ചഭക്ഷണം എറണാകുളം എം.ജി റോഡിൽ പത്മ തിയറ്ററിനു എതിർവശത്തുള്ള “താൽ കിച്ചനി “ലായിരുന്നു. തരക്കേടില്ലാത്ത ഹൈദ്രബാദി ചിക്കൻ ബിരിയാണി.
മനസു നിറയ്ക്കുന്ന രുചികരമായ ഒരു ദൃശ്യം അവിടെ കണ്ടു. പ്രധാന ഡൈനിങ്ങ് ഹാളിൽ “താൽ കിച്ചനി “ലെ തൊഴിലാളികൾ ഉച്ചഭക്ഷണം കഴിക്കുന്നു. സമയം 12 മണി കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ഒരു റെസ്റ്റോറൻറിലും കാണാൻ സാധ്യതയില്ലാത്തത്. അന്വേഷിച്ചപ്പോൾ അവിടെ അങ്ങനെയാണെന്നറിഞ്ഞു.
വയറുനിറഞ്ഞു തൃപ്തനായവൻ വിളമ്പുന്ന അന്നം. അതിപ്രധാനമാണത്
4.
ഊബർ, സൊമാറ്റോ, സ്വിഗ്ഗി എന്നീ ഭക്ഷണവിതരണ ശൃംഖലയുടെ ഡെലിവറി ബോയ്സ് ഒത്തുകൂടുന്ന ഇടങ്ങൾ കേരളത്തിലെ പല പട്ടണങ്ങളിലും കാണാം. (കോട്ടയത്ത് ടി.ബി.റോഡിൽ തിരുനക്കര മൈതാനത്തിനടുത്ത് ജില്ലാ സഹകരണ ബാങ്കിന് എതിർവശത്ത്, കൊച്ചിയിൽ പാലാരിവട്ടത്തും, എം.ജി.റോഡിൽ പത്മ തിയറ്ററിന് എതിർവശത്തായും കണ്ടിട്ടുണ്ട്.) ഒരു ബജ്ജിക്കടയുടെ മുന്നിൽ വണ്ടി നിർത്തി കഴിച്ചെന്നു വരുത്തി, ചായയും കുടിച്ച് ഗൂഗിൾ മാപ്പ് നോക്കി വിശന്നിരിക്കുന്നവരുടെ ഓർഡർ പേറി പായുന്നവർ… കൊച്ചിയിലെ ഗതാഗതക്കുരുക്കിൽ പെട്ട് ഡെലിവറി ടൈമിൽ നിന്നു അരമണിക്കൂർ വൈകിയാൽ അത്താഴപ്പട്ടിണിക്കാരന്റെ വയറ്റത്തടിക്കും.
ഒരുച്ചാൺ വയറ്: