Entertainment
“ബാലചന്ദ്രമേനോനോട് ഞങ്ങൾക്ക് പക തുടങ്ങിയത് നാൽപത് വർഷങ്ങൾക്ക് മുമ്പ് മുതലാണ്”

വളരെ വ്യത്യസ്തമായൊരു വിവാഹ വാർഷിക ആശംസയാണ് അജിത് നീലാഞ്ജനം ഫേസ് ബുക്കിൽ പങ്കു വച്ചിരിക്കുന്നത്. നടനും സംവിധായകനും തിരക്കഥാകൃത്തും എല്ലാമായ ബാലചന്ദ്രമേനോന് വിവാഹവാര്ഷിക ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റാണ്. ബാലചന്ദ്രമേനോന്റെ പത്നിയാണ് വരദ . വരദ വിവാഹത്തിനു മുൻപ് 1980 കാലഘട്ടത്തിൽ യു സി കോളേജിൽ പഠിച്ചിരുന്നു. അക്കാലത്തു അജിത് നീലാഞ്ജവും അവിടെ വിദ്യാർത്ഥിയായിരുന്നു. അജിത്തിനുൾപ്പെടെ കോളേജിലെ പലർക്കും വരദയോടുണ്ടായിരുന്ന മൗനപ്രണയവും അതിനിടയ്ക്ക് വില്ലനായുള്ള ബാലചന്ദ്രമേനോന്റെ എൻട്രിയും ..അങ്ങനെ കൊളേജ് കാലത്തെ മനോഹരമായ ഒരു ഓർമ്മക്കുറിപ്പ് കൂടിയാണ് ഇത്. പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം

അജിത് നീലാഞ്ജനം
***
ബാലചന്ദ്രമേനോനോട് ഞങ്ങൾക്ക് പക തുടങ്ങിയത് നാൽപത് വർഷങ്ങൾക്ക് മുമ്പ് മുതലാണ്.1980 കാലഘട്ടത്തിൽയു സി കോളേജിൽ ഞാൻ തേർഡ് ഗ്രൂപ്പിലും വരദ ഫസ്റ്റ് ഗ്രൂപ്പുമായിരുന്നു.ശാലീന സൗന്ദര്യത്തിൻ്റെ അവസാന പ്രതിരൂപമാണ് വരദ എന്ന് ഉറപ്പിച്ചിരുന്ന ഒരു പാട് കൗമാരപ്രായക്കാരുടെ ഇടയിൽ വരദ പറവൂർക്കാരിയാണെന്ന പേരിൽ ഞാൻ അഭിമാനിച്ചിരുന്നു.
ഒരു പെൺകുട്ടിയുടെയും ശ്രദ്ധയിൽ പെടാവുന്ന രൂപ സൗഭാഗ്യമുള്ള ഒരുവനായിരുന്നില്ല ഞാൻ. അന്നത്തെ ഇഷ്ട സംവിധായകനായ ബാലചന്ദ്രമേനോൻ വരദയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത കെട്ടുകഥയാവട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിച്ചതിന് പിന്നിൽ അസൂയയുടെ ഇരട്ടിപ്പുണ്ടായിരുന്നു.ഒന്ന് ബാലചന്ദ്രമേനോനെപ്പോലെ ഒരു വലിയ സെലിബ്രിറ്റി സംവിധായകൻ ഞങ്ങളുടെ പ്രായത്തിലുള്ള , നാട്ടുകാരിയായ വരദയെ കല്യാണം കഴിക്കുന്നു എന്നത്.
രണ്ടാമതായി ഞങ്ങളുടെ നയനോത്സവമായ വരദയെ ഒരാൾ സ്വന്തമാക്കുന്നതിലുള്ള അസൂയയും.മേനോന് വരദയെക്കാളും 25 വയസ്സ് മൂപ്പുണ്ടെന്നും അയാൾ കഷണ്ടിയാണെന്നും അതറിഞ്ഞ വരദ ആത്മഹത്യ ചെയ്യാൻ നോക്കിയെന്നുമൊക്കെ നാട്ടിൽ പടച്ചിറക്കിയ ദൂഷണ കഥകളിൽ അഭിരമിച്ചത് കൂടാതെ മേമ്പൊടി ചേർത്ത് കൈമാറി ഞങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടിരുന്നു.
അക്കാലത്ത് വരദയെ നിശബ്ദം പ്രേമിച്ചിരുന്ന തീർത്തും പ്രേമ രോഗിയായിരുന്ന ഒരു സഹപാഠി വരദയും അയാളെ സ്നേഹിച്ചിരുന്നതായി സ്വയം വിശ്വസിക്കുകയും ഞങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വരദ വിവാഹിതയാകുന്നു എന്ന വാർത്ത അറിഞ്ഞ അയാൾ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്തുകയും മിച്ചം പിടിച്ച ബസ്സ് കാശ് മുടക്കി സുപ്രഭാതിലെ ഉഴുന്ന് വട വാങ്ങിക്കൊടുത്തും വരദയ്ക്ക് ബപ്പിഛായയാണെന്നും ഉയരക്കുറവുള്ള മുണ്ടിയാണെന്നും മേനോൻ ഒരു കൊല്ലത്തിനുള്ളിൽ അവളെ ഉപേക്ഷിക്കുമെന്നും അവളുടെ മുടി അമ്മയെപ്പോലെ നരച്ചതാണെന്നും അകാലനര അവരുടെ കുടുംബ പാരമ്പര്യമാണെന്നുമൊക്കെ പറഞ്ഞും ഞങ്ങൾ അവനെ ആശ്വസിപ്പിച്ചു.
വേണു നാഗവള്ളിയെ അകമഴിഞ്ഞ് ആരാധിച്ചിരുന്ന ഒരാളായിയിരുന്നു മേൽപ്പടിയാൻ. പ്രണയസരോവര തീരം എന്ന ഗാനം പാടി അഭിനയിക്കാൻ വേണു നാഗവള്ളിക്ക് അവസരം ലഭിക്കാത്തതിലും അയാൾ പ്രതിഷേധിച്ചിരുന്നു.പിന്നീട് രണ്ട് കൊല്ലങ്ങൾക്ക് ശേഷം തൻ്റെ ആറാമത്തെ പ്രണയവും തകർന്നതിൻ്റെ പേരിൽ അയാൾ ‘ആത്മഹത്യ ചെയ്ത്’ ജീവിതത്തിലേക്ക് തിരിച്ച് വരികയും വിഷമടിച്ച രാജീവ് എന്നറിയപ്പെടുകയും ചെയ്തു.
നിർഭാഗ്യവശാൽ ആറാമത്തെ പ്രണയവും അയാൾ കാമുകിയോട് വെളിപ്പെടുത്തിയിരുന്നില്ല.പിന്നീട് ബന്ധു വഴി ബീഹാറിലെത്തിയ അയാൾ പ്രണയിച്ച് തന്നെയാണ് വിവാഹം കഴിച്ചത് എന്നറിയുന്നു.ഏതാണ്ട് നാല് വർഷം മുമ്പ് പരിചിതനായ എൻ്റെ സമകാലികനായ സുഹൃത്ത് പോൾ സാർ , അദ്ദേഹത്തിൻ്റെ ഹൈസ്കൂൾ പഠനകാലത്ത് വരദയെ കാണാനായി അവരുടെ സ്കൂളിന് മുന്നിൽ കാത്ത് നിന്നിരുന്ന സുമുഖനും ചുള്ളനുമായ ചെറുപ്പക്കാരൻ ഞാൻ ആയിരുന്നുവെന്ന് ആരോപിക്കുന്നുണ്ട്. അത് ഞാനായിരുന്നില്ല എന്നെത്രപറഞ്ഞിട്ടും പോൾ സാറ് ആ ആരോപണത്തിൽ ഉറച്ച് നിൽക്കുമ്പോൾ മെലിഞ്ഞ് നീണ്ട ഒരു വളവോട് കൂടിയ അപകർഷനായ ഒരു പഴയ ചെറുപ്പക്കാരൻ ഉള്ളാലെ സന്തോഷിക്കുന്നുണ്ട്.
പറഞ്ഞ് വന്നത് , വരദയെ കാണുന്ന കാലത്തുള്ള ഞങ്ങളുടെ പ്രായത്തിനും മേലെയുള്ള മക്കളുടെ അച്ഛന്മാരായി മാറിയിട്ടും വരദയുടെ പ്രസക്തി തീർന്നിട്ടില്ല എന്നതാണ്. ആ പഴയ കാലത്തേക്ക് ഓർമ്മ വഴിയിലൂടെ തപ്പിത്തടഞ്ഞ് തിരിച്ച് പോകുമ്പോൾ മിസ്റ്റർ മേനോൻ, നിങ്ങൾ ഞങ്ങളുടെ ശത്രു എന്ന രേഖപ്പെടുത്തലിന് കാല ഹേതുവായ നിറം കുറവുണ്ടെന്നേയുള്ളൂ. എന്നിരുന്നാലും മേനോനും വരദയ്ക്കും വിവാഹ വാർഷികാശംസകൾ💖💖💖💖💖💖💖
എങ്കിരുന്താലും വാഴ്ക💖
1,753 total views, 4 views today