എഞ്ചിനിയറിംഗിനെക്കാൾ ഭേദം ആക്രി ജോലിതന്നെ, നമ്മുടെനാട്ടിലെ പഠിപ്പിസ്റ്റുകളും മാതാപിതാക്കളും വായിച്ചിരിക്കണം

423

എഴുതിയത്  : അജിത് നീലാഞ്ജനം

സേലം സ്വദേശി ഇന്ദിര മാസത്തിലൊരിക്കൽ പഴയ വർത്തമാനപ്പത്രങ്ങളും ആക്രികളുമെടുക്കാൻ വീട്ടിൽ വരും. കാതിന്റെ തട്ട് നിറയെ കുഞ്ഞിക്കമ്മലണിഞ്ഞ ഇന്ദിരയുടെ മുഖത്തെപ്പോഴും തെളിഞ്ഞ ചിരിയാണ്.കഴിഞ്ഞ പത്തു വർഷമായി പറവൂർ വാടകയ്ക്ക് താമസിച്ച് ആക്രി ബിസിനസ്സ് ചെയ്യുകയാണ് ഇന്ദിരയും ഭർത്താവും. ഇന്നും സേച്ചീ.. സേട്ടാ … എന്നും വിളിച്ച് അവർ വന്നു. ഒരു ഉന്തുവണ്ടി തള്ളിക്കൊണ്ട് ഒപ്പം വന്ന ചെറുപ്പക്കാരനെ ആദ്യമായാണ് കാണുന്നത്.

ഹേമ പറഞ്ഞു, അത് ഇന്ദിരയുടെ മകനാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പാസ്സായി. വല്ല ഡിപ്ലോമയുമാകും എന്ന് ഞാൻ ആശ്വസിച്ചു. അവന്റെ പേര് വിജയ്. ബി ഇ ഇലക്ട്രിക്കൽ തന്നെ. സേലത്ത് ഒരു എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 2016 ൽ75% മാർക്ക് വാങ്ങിയവനാണ്.തമിൾ നാട്ടിൽ ഇലക്ട്രിക്കലിൽ വേക്കൻസി റൊമ്പ കമ്മി സാർ. പതിനായിരം റൂപ താൻ മാക്സിമം സാലറി.
പോണ്ടിച്ചേരിയിൽ ജോലി ചെയ്തിരുന്നു വിജയ്. പതിനായിരം രൂപ ശമ്പളം. ഏഴായിരം ഭക്ഷണത്തിനും താമസത്തിനും. അവന്റെ കഷ്ടപ്പാട് കണ്ടപ്പോൾ അമ്മ പറഞ്ഞു. നീ എന്റെ കൂടെ പോര്. ഇതിലും ഭേദം ആക്രി പെറുക്കലാണ്.

ഇന്ദിരയ്ക്ക് മൂന്നു മക്കളാണ്. മൂത്തവൻ സേലത്ത് ടി വി മെക്കാനിക്ക്. ബി എസ് സി കെമിസ്ട്രിക്കാരനായ ഇളയവൻ സേലത്ത് തന്നെ മെഡിക്കൽ റെപ്രസന്റേറ്റീവ്. അവന് പത്തായിരം കെടയ്ക്കും. സേലത്ത് തന്നെയായത് കൊണ്ട് കുഴപ്പമില്ല. പഠിക്കാൻ മിടുക്കൻ വിജയ് ആയിരുന്നു. നാല് ലക്ഷം മുടക്കിയാണ് പഠിപ്പിച്ചത്. ‘വീട്ടിലിരുന്താൽ ഇവനോടെ അപ്പ എപ്പവും സീത്ത പറയും സേട്ടാ. പടിക്കവിട്ടിട്ട് ഒരു ഗുണവും കെടയ്ക്കാതെന്ന് എപ്പോഴും ഒരേ സീത്ത. നാൻ അവന് വൈകിട്ട് നൂറു റൂപ കൊടുക്കും . ജാസ്തി ഏതാവത് കെടച്ചാ ഇറുനൂറ് ‘

കേരളത്തിൽ ജോലിക്ക് ശ്രമിക്കുന്നുണ്ട് വിജയ്. ഒരുപാട് പേർ ശ്രമിക്കാം എന്നേറ്റിട്ടുണ്ട് എന്ന് ഇന്ദിര. അവന്റെ നമ്പർ വാങ്ങി ഇ മെയിൽ ഐഡി അയച്ചു കൊടുത്തു. പ്രതീക്ഷ വേണ്ട. ശ്രമിക്കാം എന്ന് പറഞ്ഞു. മനസ്സ് കൊണ്ട് അവനെ ചേർത്ത് നിർത്തിയിട്ടുണ്ട്.