വീടുപണിയാൻ കോൺട്രാക്ടറെ ഏൽപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അമളിപറ്റാതിരിക്കാൻ ഇത് നിങ്ങൾ വായിച്ചിരിക്കണം

0
242

Ajith Neervilakan

വീട് പണിയുമ്പോൾ കോൺട്രാക്ടിനുള്ള പ്രസക്തിയെ കുറിച്ചാണ് ഈ കുറിപ്പിൽ പറയാൻ ഉദ്ദേശിക്കുന്നത്. ഞാനും ഒരു കോൺട്രാക്ടർ ആണ്. പക്ഷേ പ്രവർത്തന മേഖല ഗൾഫിൽ ആണന്ന് മാത്രം. “എന്തിരടേ ഉള്ള കഞ്ഞിയിൽ സ്വയം മണ്ണുവാരിയിടുന്നത്” എന്ന് ഇത് വായിക്കുന്ന നാട്ടിലെ കോൺട്രാക്ടിംഗ് മേഖലയിൽ ഉള്ള എന്റെ സുഹൃത്തുക്കൾ മനസ്സിലെങ്കിലും ചിന്തിച്ചേക്കും. ഗൾഫ് മേഖലയിലെ പ്രവർത്തന രീതി വച്ച് ഇവിടെ എന്നും “ക്ലയന്റ് ഈസ് ദ കിംഗ്” എന്ന കൺസെപ്റ്റിൽ നിന്നാണ് ഓരോ കോൺട്രാക്ടറും പണിയെടുക്കുന്നത്. ഒരു വർക്കിന് കൊട്ടേഷൻ കൊടുത്ത് അതിന്റെ പലവിധ മീറ്റിംഗുകളിൽ പങ്കെടുത്ത് ഉപയോഗിക്കുന്ന മെറ്റീരിയലിനെ കുറിച്ച് ധാരണയുണ്ടാക്കി, അതിന്റെ കാറ്റലോഗുകളും, സ്പെസിഫിക്കേഷനും, വർക്ക് ഷെഡ്യൂളുകളും, ലേബർ സ്ട്രെഗ്തും ഒക്കെ സബ്മിറ്റ് ചെയ്ത് വലിയ പ്രോസസ്സിലൂടെ കടന്ന് പോയ ശേഷം ക്ലയന്റുമായി ധാരണയിലെത്തിയ എല്ലാ കാര്യങ്ങളും ഒരു എഗ്രിമെന്റിൽ ആക്കി രണ്ടു സാക്ഷികളും ഉൾപ്പെടെ രണ്ടു കോപ്പിയിൽ (ഒന്ന് ക്ലയന്റിനും ഒന്ന് കോൺട്രാക്ടർക്കും) ഒർജിനൽ സൈൻ ചെയ്ത ശേഷമാണ് വർക്ക് ഓർഡർ കിട്ടുക. വർക്ക് കിട്ടിയാലോ…? പിന്നെ ഓരോ ദിവസവും അതിന്റെ ക്വാളിറ്റിയിലും ചെയ്തു തീർത്ത ക്വാണ്ടിറ്റിയിലും എന്താണോ എഗ്രിമെന്റിൽ എഴുതിയിരിക്കുന്നത് അത് ഫോളോ ചെയ്തില്ലങ്കിൽ ആ നിമിഷം റിജക്ട് ചെയ്യും. പിന്നെ പുതുക്കി ചെയ്യുക മാത്രമേ നിവൃത്തിയുള്ളു. 5 ലെയർ 20mm കമ്പി എല്ലാ വശങ്ങളിലേക്കും 10 cm സ്‌പേസിംഗിൽ ചെയ്ത ശേഷം കോൺക്രീറ്റിന്റെ സ്ട്രെഗ്ത് പരാജയപ്പെട്ടതിന്റെ പേരിൽ പൊളിച്ചു കളയേണ്ട അനുഭവം എനിക്കുണ്ടായിട്ടുണ്ട്. അതു പൊളിക്കാൻ മാത്രം 20 ലേബർ 5 ദിവസം പണിപ്പെട്ടു എന്നു പറയുമ്പോൾ ഒരു കോൺട്രാക്ടർ എന്ന നിലയിൽ ഗൾഫിൽ ഞങ്ങൾ അനുഭവിക്കുന്ന വെല്ലുവിളി മനസ്സിലാകുമല്ലോ.

എന്നാൽ നാട്ടിലോ…? എന്താണ് അവസ്ഥ…? നാട്ടിൽ ഞാൻ അറിയുന്ന കോൺട്രാക്ടേഴ്സ് ആരും തന്നെ ക്ലയന്റ് ഒരു കിംഗാണുന്ന ധാരണ പുലർത്തുന്നില്ല. “കിംഗ് ഒന്നും ആക്കണ്ട മിനിമം ഒരു ഫടനെങ്കിലും ആക്കിക്കൂടേഡേ” എന്ന് ചോദിക്കാൻ തോന്നിപ്പിക്കുന്ന ആറ്റിറ്റ്യൂഡാണ് ഓരോരുത്തരുടേയും. ഒരു വർക്ക് കിട്ടാൻ വേണ്ടി എടുക്കുന്ന എഫേർട്ടിന്റെ 100 ൽ ഒന്ന് ആത്മാർത്ഥത അത് എക്സിക്യൂട്ട് ചെയ്യാൻ പല കോൺട്രാക്ടേഴ്സും കാട്ടാറില്ല എന്ന് പറഞ്ഞാൽ എന്നെ ആരും തല്ലരുത്, കാരണം അക്ഷരങ്ങൾക്കും, നാക്കിനുമേ ആരോഗ്യമുള്ളു, ശരീരത്തിന് അത് തുലോം കുറവാണ്. ഒരു തല്ലാെക്കെ കൊണ്ടാൽ നാലായി ഒടിഞ്ഞു വീഴാൻ സാധ്യതയുണ്ട്, ജാഗ്രതൈ.

വീട് പണിയുന്നതിന് മുന്നോടിയായി കോൺട്രാക്ട് എഴുതുന്നതിലെ പ്രാധാന്യം തിരിച്ചറിയുക. ഒരു കോൺട്രാക്ടർ പണി വഴിയിൽ ഉപേക്ഷിച്ചു പോകുന്ന സാഹചര്യം പലയിടങ്ങളിലും കണ്ടതിന്റെ വെളിച്ചത്തിലാണ് ഇതെഴുതുന്നത്. ഒരു ടേൺ കീ കോൺട്രാക്ടർക്കാണ് നിങ്ങൾ വർക്ക് കൊടുക്കുന്നതെങ്കിൽ പണിയാൻ പോകുന്നത് നിങ്ങളുടെ സ്വപ്നഭവനമാണന്ന ധാരണ മുന്നിൽ വച്ച് കോൺട്രാക്ടറുമായി ചർച്ച ചെയ്യുക. ഒരു ഫ്രീ മൈൻഡുമായി ഒന്നാേ രണ്ടോ പത്താേ തവണ ഇരുന്നാലും നഷ്ടമാകില്ല എന്ന് ഞാൻ പറയും. ചർച്ചയിൽ ഏറ്റവും ചെറിയ കാര്യങ്ങൾ എന്ന് കരുതി ഒന്നും അവഗണിച്ച് കളയരുത്. ഉപയോഗിക്കുന്ന ഓരോ മെറ്റീരിയലിനെ കുറിച്ചും വ്യക്തമായ ധാരണയിൽ സംസാരിക്കണം. ഇന്ന് ഏതൊരു സാധാരണക്കാരനും സ്വായത്തമാക്കാവുന്ന രീതിയിൽ അറിവുകൾ ഗൂഗിൾ അമ്മച്ചിയോ അതുമല്ലങ്കിൽ വിദഗ്ദരായ ആളുകളുമായി FB പോലെയുള്ള ഇടങ്ങളിലോ, അല്ലങ്കിൽ ബന്ധുക്കളിലോ സുഹൃത്തുക്കളിലോ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി സംസാരിച്ച് ധാരണയായ ശേഷം കോൺട്രാക്ടറുമായി ഇരിക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം.

മേൽ പറഞ്ഞതുപോലെ ചർച്ചയിൽ ഓരോ ചെറിയ ഘടകങ്ങളും ഉൾപ്പെടണം. “ചെറുത്” എന്ന് കരുതി നാം ശ്രദ്ധിക്കാതെ വിടുന്ന കാര്യങ്ങളിലേക്കായിരിക്കും പിന്നീട് പ്രശ്നങ്ങൾ എത്തിച്ചേരുക. ഫൗണ്ടേഷനു വേണ്ടി എടുക്കുന്ന വാനത്തിന്റെ സൈസ് മുതൽ കതകിന് പുറകിൽ വയ്ക്കുന്ന ടവർ ബോൾട്ടിനെ കുറിച്ച് വരെ ധാരണ ഉണ്ടാക്കണം. കോൺട്രാക്ടർ നിങ്ങളുടെ സുഹൃത്തോ ബന്ധുവോ ആണങ്കിൽ പോലും ഇതിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകരുത്. കാരണം വീട് പണി എന്നത് ക്യാഷ് കടം കൊടുത്ത് പണി കിട്ടുന്ന അതേ കാറ്റഗറിയിൽ പെട്ട ഒന്നാണ്. ശരിയായ കോൺട്രാക്ട് എഴുതാതെ സുഹൃത്തിനെയോ ബന്ധുവിനേയോ പണി ഏൽപ്പിച്ചാൽ സൗഹൃദവും ബന്ധുത്വവും വഴിയിൽ വീഴുമെന്ന് മാത്രമല്ല പണി പാതിവഴിയിൽ നിർത്തേണ്ട ഗതികേടും ഉണ്ടാവും. എന്നാൽ കോൺട്രാക്ട് എഴുതുന്ന സമയത്ത് “ഇത്രയും ചെറിയ കാര്യങ്ങളും എഴുതി വയ്ക്കുന്ന ഇവൻ ഒരു ഭീകരൻ ആണല്ലോ” എന്ന ചിന്ത അൽപ്പം നീരസത്തിൽ അവസാനിച്ചു കൊള്ളും.

ചർച്ച കഴിഞ്ഞ് എല്ലാത്തിനും ഒരു ധാരണ ആയാൽ കോൺട്രാക്ട് എഴുതുന്ന പ്രോസസിലേക്ക് കടക്കാം. 100 രൂപാ പത്രത്തിൽ കോൺട്രാക്ടർ അണ്ണൻ എഴുതി കൊണ്ടുവരുന്ന കോൺട്രാക്ടിലേക്ക് 2 സെക്കന്റിൽ ഒന്ന് നോക്കി “ഞാൻ പറഞ്ഞത് എല്ലാം എഴുതിയിട്ടുണ്ടല്ലോ ല്ലേ” എന്ന് ജാഡയിൽ ചോദിച്ച് ചുവട്ടിൽ ഒരു “ശൂ” വരച്ച് വിടുന്ന രീതിയാണ് നിലവിലെ കോൺട്രാക്ട് സൈനിംഗ്. എപ്പം പണി കിട്ടിയെന്ന് ചെറുകെ പറയണോ. എട്ടിന്റെയോ പതിനാറിന്റെയോ പണികൾ നിങ്ങൾ ടിക്കറ്റെടുത്ത് വിളിച്ചു വരുത്തുകയാണ് ഇവിടെ. നിങ്ങൾ ആണ് ക്ലയന്റ് എന്ന് ബോധ്യത്തിൽ, ഈ ക്യാഷ് മുഴുവൻ ഞാൻ വിയർത്തുണ്ടാക്കിയതാണന്ന തിരിച്ചറിവിൽ കോൺട്രാക്ട് പൂർണമായും നിങ്ങൾ തന്നെ ഉണ്ടാക്കാൻ ശ്രമിക്കുക. അതിനും വൈദഗ്ദ്യമുള്ളവരുടെ സഹായം ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കാം. കോൺട്രാക്ടിൽ പേജുകൾ കൂടിപ്പോയി എന്ന് കരുതി നാണകേടൊന്നും തോന്നണ്ട (ഞങ്ങൾ ഇവിടെ 100 ൽ പരം പേജുകളെ ഫെയ്സ് ചെയ്യുന്നവരാണ്, ഉണ്ടാക്കി തരുന്നവന്മാർക്കോ കാണുന്ന ഞങ്ങൾക്കോ ഒരു ചമ്മലും ഇല്ല). ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്ന ഓരോ പോയിന്റും അക്കമിട്ട് കോൺട്രാക്ടിൽ എഴുതാൻ മറക്കരുത്.

ഉദാഹരണത്തിന് ഓരോ ഇടത്തും ഉപയോഗിക്കുന്ന കോൺക്രീറ്റ് എടുത്താൽ അതിന്റെ കോൺക്രീറ്റിന്റെ റേഷ്യോ (ഒരു കുട്ട ചല്ലിക്ക് എത്ര കുട്ട മണൽ എത്ര കവർ സിമന്റ് എന്നിങ്ങനെയുള്ള കണക്കുകൾ) പിന്നെ ഉപയോഗിക്കുന്ന കമ്പികളുടെ അളവുകൾ, ഏത് കമ്പനിയുടേത്, അതിന്റെ സ്പെസിഫിക്കേഷൻ, അതിന്റെ ലാപ് ലെംഗത് (രണ്ടു കമ്പികൾ കൂട്ടി ഇടുമ്പോൾ ഒരു കമ്പിയുടെ പുറത്തേക്ക് മറ്റേ കമ്പി എത്ര കയറി കിടക്കണം എന്ന അളവ്), ഉപയോഗിക്കുന്ന കെട്ടുകമ്പിയെ കുറിച്ച്, അങ്ങനെ ഒരു ചെറിയ പോയിന്റും വിട്ടു പോകാതെ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇതേ രീതി തന്നെ ബ്ലോക്ക് വർക്ക്, പ്ലാസ്റ്ററിംഗ്, പെയിന്റിംഗ്, തടിപ്പണികൾ, ഇലക്ട്രിക്കൽ ഇങ്ങനെ ഓരോ ആക്ടിവിറ്റിക്കും സ്വീകരിക്കുക.

എഗ്രിമെന്റ് എഴുതുന്ന പത്രത്തിനും ഒരു വാല്യു ഉണ്ട്. നമ്മൾ സാധാരണയായി ഒരു 100 രൂപ പത്രം വാങ്ങി അതിൽ എഴുതി വിടുകയാണ് പതിവ്. എന്നാൽ ഒരു കേസ് റജിസ്റ്റർ ചെയ്യേണ്ട അവസരം വന്നാൽ നിങ്ങൾ കുടുങ്ങുന്നത് അതിലായിരിക്കാം. എത്ര വാല്യുവിനുള്ള എഗ്രിമെന്റാണോ അതിന് തത്തുല്യമായി നിയമം അനുശാസിക്കുന്ന പത്രത്തിൽ തന്നെ എഗ്രിമെന്റ് എഴുതി എന്ന് ഉറപ്പു വരുത്തുക.

ഇനി ഞാൻ പറയുന്നത് വീട് പണിഞ്ഞിട്ടുള്ള ഏവരും നേരിട്ടിട്ടുള്ള ഒരു പ്രശ്നമാണന്ന് ഞാൻ നിസംശയം പറയും. ഒരു എഗ്രിമെന്റിൽ RS 1500/sqft എന്ന് എഴുതി വച്ചിട്ടുണ്ടാവും എന്നാൽ രണ്ട് മാസം കഴിയുമ്പോൾ കോൺട്രാക്ടർ പതിയെ മുറുമുറുക്കാൻ തുടങ്ങും. മാർക്കറ്റിൽ സിമിന്റിന് വില കൂടി, കമ്പിക്ക് വില കൂടി അതിനാൽ ഞങ്ങളുടെ സ്ക്വയർ ഫീറ്റ് എമൗണ്ട് ഇന്നു മുതൽ 1600 ആയിരിക്കും, അത് തന്നില്ല എങ്കിൽ പണി നിർത്താൻ പോകുകയാണ് എന്ന്. നമ്മൾ തർക്കിക്കാൻ ചെന്നാൽ കോൺട്രാക്ട് എടുത്ത് കാണിച്ചു തരും. അതിൽ എഴുതിയിട്ടുണ്ടായിരിക്കും “മാർക്കറ്റിലെ വിലക്ക് അനുസൃതമായി കോൺട്രാക്ട് വാല്യു പുതുക്കി നിശ്ചയിക്കുന്നതായിരിക്കും” എന്ന്. നിങ്ങൾ തർക്കിക്കാൻ ശ്രമിച്ചാൽ പാടാ ദുരിതങ്ങളുടെ കെട്ടഴിച്ച് നിരത്തും. 5 രൂപ സിമിന്റിന് കൂടിയതിനാൽ ഇനി എന്റെ കൈയ്യിൽ നിന്ന് ക്യാഷിട്ട് നിങ്ങൾക്ക് വീട് പണിഞ്ഞു തരേണ്ടി വരും, 1 കോടിയുടെ ഈ വീട് പണിഞ്ഞാൽ 1 ലക്ഷം രൂപയാണ് എല്ലാം കഴിയുമ്പോൾ എനിക്ക് കിട്ടുന്നത് എന്നൊക്കെയുള്ള മാസ്റ്റർ തള്ളുകളും കൂടി മേമ്പൊടിക്ക് ചേർത്താൽ പിന്നെ അത് അംഗീകരിക്കുകയേ നിങ്ങൾക്കും നിവൃത്തിയുള്ളു, കാരണം സ്വപ്നഭവനം സമയബന്ധിതമായി തീർക്കണമല്ലോ….

ഈ സ്ഥിതിക്ക് പരിഹാരം കണാൻ രണ്ട് വഴികളുണ്ട്. ഒന്ന് നിങ്ങൾ വീട്ടിൽ സദാ ഉള്ള ആളാണങ്കിൽ ലേബർ കോൺട്രാക്ട് ഏൽപ്പിച്ച് മെറ്റീരിയൽ സ്വന്തമായി വാങ്ങിക്കൊടുക്കുക. ഇനി ഫുൾ കോൺട്രാക്ടാണ് കൊടുക്കുന്നതെങ്കിൽ മാർക്കറ്റിലെ ഉയർച്ച താഴ്ചകളുടെ പേർസെന്റേജിന് അനുസരിച്ച് കോൺട്രാക്ടിലും പേർസെന്റേജ് നിശ്ചയിക്കുക. ഉദാഹരണത്തിന് (ക്രിത്യമല്ല) മാർക്കറ്റിൽ സിമിന്റിന് 5% കൂടിയിട്ടുണ്ടങ്കിൽ കോൺട്രാക്ടിൽ അതിന് അനുശ്രിതമായി പേർസെന്റേജ് കൂട്ടുന്ന രീതി. ഈ രീതി അവലംബിച്ചാൽ കുറഞ്ഞാലും അത് പ്രാവർത്തികമാക്കാം, അതിനുള്ള ക്ലോസ് കോൺട്രാക്ടിൽ ഉൾപ്പെടുത്തിയാൽ മതിയാകും. സിമിന്റ് ഒരു കെട്ടിടം പണിയുടെ അടി മുതൽ മുടി വരെ ഉപയോഗിക്കുന്ന വസ്തു ആയതിനാൽ അതിന്റെ വില കൂടുന്നത് കോൺട്രാക്ടിനെ ബാധിക്കുമെന്നത് ഒരു പരമാർത്ഥമാണ്. അതിനാൽ തന്നെ സിമിന്റിന്റെ വില കൂടിയാലും കുറഞ്ഞാലും അത് വാല്യുവിനെ ബാധിക്കുന്ന തരത്തിൽ വേണം കോൺട്രാക് എഴുതാൻ. മാർക്കറ്റിലെ വേരിയേഷൻ അനുസരിച്ച് ഇഷ്ടമുള്ള കോൺട്രാക്ട് വാല്യു നിശ്ചയിക്കാനുള്ള അവസരം ഇപ്രകാരം കോൺട്രാക്ടർക്ക് കൊടുക്കാതിരിക്കാം.

മിക്ക ആളുകളും നേരിടുന്ന ഒരു വിഷയമാണ് കയറി താമസത്തിന് ശേഷമുള്ള മെയിന്റനൻസ്. ഒരു വീട് പണി കഴിഞ്ഞ് കീ ഏൽപ്പിച്ച് കഴിഞ്ഞാൽ പിന്നെ പല കോൺട്രാക്ടേഴ്സും തിരിഞ്ഞ് നോക്കില്ല. അവരുടെ ശ്രദ്ധക്കുറവുകൊണ്ടുണ്ടായ ടൊയിലറ്റിലെ ഒരു ലീക്ക്, അല്ലങ്കിൽ കിച്ചൻ ക്യാബിനറ്റിന്റെ ഹിൻജസിന് ഉണ്ടാകുന്ന ഒരു കുടുക്കം, ഇതിനെയൊന്നും കോൺട്രാക്ടേഴ്സ് അറ്റൻഡ് ചെയ്യില്ല. അതിനും ഒരു പരിഹാരം കോൺട്രാക്ടിൽ ഉൾപ്പെടുത്താവുന്നതാണ്. അതാണ് “റിടെൻഷൻ എമൗണ്ട്”. എഗ്രിമെന്റ് പ്രകാരം കാശ് കൊടുക്കുന്ന ഘട്ടങ്ങൾ നിശ്ചയിക്കുമ്പോൾ, പണി തീർന്ന് താക്കോൽ തരുന്ന സമയത്ത് ടോട്ടൽ കോൺട്രാക്ട് വാല്യുവിന്റെ 90% വരെയേ കോൺട്രാക്ടർക്ക് കൊടുത്തിട്ടുള്ളു എന്ന് ഉറപ്പു വരുത്തുക. ബാക്കി 10% റിടെൻഷൻ എമൗണ്ടാണ് അഥവാ ഗ്യാരണ്ടി. അത് കീ കൈമാറി 1 വർഷത്തിന് ശേഷം എന്ന ക്ലോസ് ഉൾപ്പെടുത്തണം. ആ ഒരു വർഷത്തിനുള്ളിൽ കെട്ടിടത്തിന് വരുന്ന മെയിന്റനൻസുകൾ ഭംഗിയായി ചെയ്തു എന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ റിടെൻഷൻ എമൗണ്ട് അവകാശപ്പെടാൻ കോൺട്രാക്‌ടർക്ക് അവകാശമുള്ളു.

നിങ്ങൾ ഓരോ വർക്കും സപ്പറേറ്റ് ആളുകൾക്കാണ് കൊടുക്കുന്നതെങ്കിൽ, ഓരോരുത്തരുടെ കയ്യിൽ നിന്നും ആ വർക്കിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ഒരു കോൺട്രാക്ട് തയ്യാറാക്കുന്നതും നല്ലതാണ്.

കുറിപ്പ് നീണ്ടു പാേയി എന്ന് മനസ്സിലാക്കുന്നു, എന്നാലും ഇത്രയും കാര്യങ്ങൾ കോൺട്രാക്ടിൽ ഉൾപ്പെടുത്തിയാൽ ആവശ്യം വേണ്ട സമയത്ത് ഒരു പരിധി വരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞേക്കും. പല കോൺട്രാക്ടേഴ്സും ഉരുക്കുമുഷ്ടി ബന്ധങ്ങളുമായി ഇതിനെ മറികടക്കാൻ വന്നേക്കും, അതിന് നിങ്ങൾ ജിമ്മിൽ പോയി ആരോഗ്യം വർദ്ധിപ്പിക്കുകയേ നിവൃത്തിയുള്ളു, എന്റെ കയ്യിൽ അതിന് സൊലൂഷൻ ഇല്ല