പതിനാറുകാരൻ സഹപാഠിക്കു നേരെ ചൂണ്ടിയ ആ കോടാലി, നാളെ മാതാപിതാക്കൾക്ക് നേരെയും വീശും

467

നീർവിളാകൻ എഴുതുന്നു 

ഇന്നലെ ഒരു പതിനാറുകാരൻ മറ്റൊരു പതിനാറുകാരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ വാർത്ത ഒരു തരത്തിൽ ഒരു മരവിപ്പാണ് ഉണ്ടാക്കിയത്. കൊറോണാക്കാലത്തെ വാർത്തകൾക്കിടയിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടുകയാേ, സോഷ്യൽ മീഡിയാ ആഘോഷങ്ങൾക്ക് വിധേയമാക്കപ്പെടുകയാേ ചെയ്തില്ല എന്നത് കൊണ്ടു മാത്രം അതിനെ കുറിച്ച് ചർച്ച ചെയ്യപ്പെടാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി. വാട്ട്സാപ്പിൽ കിട്ടിയ ഒരു വീഡിയോയിൽ, കൊല നടത്തിയ ശേഷം മണ്ണിൽ കുഴിച്ചിട്ട മൃതശരീരം പോലീസിൻ്റെ നിർദ്ദേശത്താൽ കുഴി തോണ്ടിയെടുക്കുന്ന പതിനാറുകാരനിൽ, അറിയാതെ കൊല ചെയ്ത് പോയ ഒരുവൻ്റെ മുഖത്ത് സാധാരണ കാണുന്ന നിസംഗതയ്ക്ക് പകരം, നിശ്ചയദാർഢ്യത്തോടെ ഒരു കൊല നടത്തിയ ഒരു പ്രൊഫഷണൽ കില്ലറിൻ്റെ ചേഷ്ടകളും പ്രവർത്തന രീതികളുമായിരുന്നു എന്നത് അത് കണ്ട ആരെയും അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും. ഒരു മടിയും കൂടാതെ മണ്ണ് മാറ്റി മൃതദേഹം തിരിച്ചും മറിച്ചും ഇടുമ്പോൾ താൻ കാരണം മരണത്തിന് കീഴടങ്ങേണ്ടി വന്ന സ്വന്തം സഹപാഠി എന്ന പരിഗണന പോലും കൊടുക്കാത്തത്ര ക്രൌര്യം അവൻ്റെ മുഖത്ത് കാണാനുണ്ടായിരുന്നു. പിന്നീട് പോലീസിൻ്റെ ചോദ്യം ചെയ്യലിൽ, തൃണവൽക്കരിക്കാൻ കഴിയുന്ന നിസ്സാര പ്രശ്നങ്ങൾക്കാണ് കൊലപാതകം ചെയ്തത് എന്നും, പഫ്ജി പോലുള്ള ത്രില്ലർ ഹൊറർ ഗയിമുകൾ ആണ് കൊലപാതകത്തിന് പ്രചോദനം എന്നും കൊലയാളി കുട്ടികൾ പോലീസിന് മൊഴി നൽകി എന്നും വാർത്തകളിൽ കേട്ടു.

ആധുനിക കാലത്തെ കുട്ടികൾ ഇത്തരം മൊബൈൽ ഗെയിമുകളുടെ മൂട്ടിൽ അടിമകളായി പോകുന്നതിൻ്റെ ഭവിഷ്യത്തിന് ഇതിലും വലിയൊരുദാഹരണമില്ല. നാലു ചുവരുകൾക്കുള്ളിൽ തളച്ചിട്ട് മൊബൈൽ ഗെയിമിലെ വില്ലന്മാരുമായി തല്ലുകൂടി അവരെ കൊന്നൊടുക്കി മുന്നേറുമ്പോൾ അവർ പോലും അറിയാതെ സ്വയം ഒരു ഹീറോ പരിവേഷം എടുത്തണിയുന്നത് മാത്രമല്ല കൊലപാതകം നടത്താൻ പോലും തക്കതായ ഒരു കഠിന ഹൃദയം കുട്ടികളിൽ ഉണ്ടാകാനുള്ള കാരണം, മറിച്ച്, അകത്തും പുറത്തുമുള്ള തങ്ങളുടെ സ്വകാര്യതകളിലെ വില്ലന്മാരായ കുട്ടികളെ കാണുന്ന അസഹനീയരായ മാതാപിതാക്കൾ, കുട്ടികൾ ചെയ്യുന്നതും പ്രവർത്തിക്കുന്നതും തെറ്റാണന്ന് അറിഞ്ഞാൽ പോലും, സ്വജീവിതത്തിൽ നിന്നും അവരെ അകറ്റി നിർത്താനായി, അവർ ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കും പച്ചക്കൊടി കാട്ടുന്ന പ്രവണതയും കൂടി ഇതിന് കാരണമാണ്.

കുട്ടികളിൽ തങ്ങൾക്കുള്ള സ്നേഹത്തിൻ്റെ അളവുകോൽ അവർ ആവശ്യപ്പെടുന്നത് എന്തും സാധിച്ചു കൊടുക്കുക എന്ന പ്രവണത പുലർത്തുന്ന മാതാപിതാക്കൾ, നേർവഴിക്ക് നടത്തുക എന്ന ലക്ഷ്യത്തോടെ ചെറിയ ശിക്ഷകൾ കൊടുക്കുന്ന ഗുരുക്കന്മാരെ പോലും പരസ്യമായി ചോദ്യം ചെയ്യുകയും, കുട്ടികൾക്ക് വേണ്ടി അവർക്ക് മുന്നിലിട്ടു തന്നെ രണ്ടെണ്ണം കൊടുക്കാനും തയ്യാറാകുന്ന കാലം കൂടിയാണിത്. അതിനാൽ തന്നെ ചോദ്യം ചെയ്യാൻ പാടില്ലാത്ത, അപ്രമാദിത്യ രാജാക്കന്മാരായി വളർന്നു വരുന്ന തലമുറ തങ്ങൾക്ക് മുന്നിലുള്ള ഏത് പ്രതിബന്ധങ്ങളേയും പഫ്ജി കളിക്കുന്ന ലാഘവത്തോടെ തച്ചുടയ്ക്കുന്നതിൽ അവരെ മാത്രം പ്രതിസ്ഥാനത്ത് നിർത്തേണ്ട കാര്യമില്ല.

കുട്ടികളെ മുറ്റത്തേക്ക്, പ്രകൃതിയിലേക്ക് ധൈര്യപൂർവ്വം ഇറക്കിവിടുക. മഴയും വെയിലും, പുഴുവും പൂച്ചയും, മണവും നാറ്റവും, ഗുണവും ദോഷവും, അടിയും തലോടലും, പുഴയും പാടവും, ചക്കയും മാമ്പഴവും ആസ്വദിച്ച് അവർ വളരട്ടെ. ശിക്ഷിക്കേണ്ടടിത്ത് തെറ്റിൻ്റെ തീവ്രത അളന്ന് വേണ്ട ശിക്ഷ കൊടുക്കുമ്പോൾ തന്നെ തലോടലും ചുംബനവും വേണ്ടിടത്ത് അത് നിർലോഭം നൽകാനും മറക്കാതിരിക്കുക. മാതാപിതാ ഗുരു ദൈവം എന്ന സങ്കൽപ്പത്തിൽ നിന്ന് ഗുരുവിനെയും ദൈവത്തേയും അകറ്റി നിർത്തി തങ്ങളും തട്ടാനും എന്ന സങ്കൽപ്പത്തിലേക്ക് നടന്നടുക്കുന്ന ലോകത്ത് നിന്ന് തീർച്ചയായും തിരിച്ച് പോക്ക് അത്യന്താപേക്ഷിതമാണ്, അല്ലങ്കിൽ പതിനാറ് കാരൻ സഹപാഠിക്കു നേരെ ചൂണ്ടിയ ആ കോടാലി, നാളെ ഒരു പക്ഷേ മാതാപിതാക്കൾക്ക് നേരെ വീശുന്ന കാലം വിദൂരമല്ല.

Advertisements
Previous articleമനുഷ്യ മൃഗശാല (HUMAN ZOO)
Next articleഇന്ത്യക്കാർക്ക് മുട്ടൻപണിവരുന്നു
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.