മതതീവ്രവാദികളെ മതത്തിന്റെ പേരിൽ വിളിക്കരുതെന്ന് പറയുന്നവരാണ് യഥാർത്ഥ കാപാലികർ

43

Ajith Neervilakan

തീവ്രവാദത്തിതിനെ അതിൽ ഭാഗമാകുന്നവരുടെ പേരിനെ മുന്നിൽ നിർത്തി അവർ നിലകൊള്ളുന്ന മതവുമായി ചേർത്തുകെട്ടി അതിസംബോധന ചെയ്യണോ എന്നതാണ് പൊതുധാരയിൽ ഉയരുന്ന ചോദ്യം. ഒരു കുടുംബത്തിലെ ഒരുവൻ പിഴച്ച് പോകുന്നതിന് കുടുംബത്തെ പൊതുവായി മുള്ളിൽ കോർക്കണമോ എന്ന തൊടുന്യായ രോദനവും ചില മതനിഷ്ക്കു പ്രൊഫൈലുകളിൽ നിന്ന് ഉയരുന്നുമുണ്ട്. പ്രത്യക്ഷത്തിൽ വളരെ നിഷ്കളങ്ക ചോദ്യമാണങ്കിലും, ഈ കൂട്ടരാണ് യഥാർത്ഥ കാപാലികർ. വിധ്വംസക പ്രവർത്തനങ്ങൾ, അത് എത്ര വലുതായാലും ചെറുതായാലും അത് നിലനിൽക്കുന്ന സിസ്റ്ററ്റത്തിന് ഒരു വലിയ പങ്കുതന്നെയുണ്ട്. അത് വെറും പേരുകാരാണ്, അതിൽ തങ്ങൾക്ക് എന്ത്, എന്ന് കരുതുന്നതിടത്തോളം മറ്റൊരു പ്രോൽസാഹനം ഒരു വിധ്വംസകന് കിട്ടാനില്ല.

എൻ്റെ എട്ടാം ക്ലാസിലെ ഇംഗ്ലീഷ് പാഠപ്പുസ്തകത്തിൽ മൂർഖനെ (Cobra) കുറിച്ച് ഒരു അദ്ധ്യായമുണ്ടായിരുന്നു. അതിലെ ഒരു പ്രധാന ചോദ്യമിതായിരുന്നു “Suppose a Cobra bites a man, what happened?” വിധ്വംസക മൂർഖന്മാരുടെ വിഷത്തെ പാവം ഉരകത്തോട് ചേർത്ത് വയ്ക്കുന്നത് കൊടുംപാപമാണ്. എന്നാലും ഈ ചോദ്യത്തിന് മുകളിൽ പറഞ്ഞ നിഷ്കു വിഭാഗത്തിന് തീർച്ചയായും ഒരുത്തരം ഉണ്ടാവും. കടിയുടെ ആഘാതമോ, അതുമൂലം അപരന്ന് ജീവഹാനി സംഭവിച്ചതോ, കുടുംബത്തിന് അത്താണി നഷ്ടപ്പെട്ടതോ, ഒന്നും അവൻ്റെ ഉത്തരത്തെ സ്വാധീനിക്കാകാനിടയില്ല, മറിച്ച് വെറുമൊരു പാമ്പിനെ നിങ്ങൾ മൂർഖൻ എന്ന് വിളിച്ചില്ലേ എന്നത് മാത്രമായിരിക്കും അവൻ്റെ ആശങ്ക. ആ ആശങ്കയെ മാത്രമായിരിക്കും അവൻ ഉയർത്തി കാട്ടുക. പക്ഷേ പാമ്പിനെക്കുറിച്ച് ബോധമുള്ളവൻ, അവയുടെ കൊടുംവിഷത്തെ കുറിച്ച് അവബോധമുള്ളവർ, അതിൻ്റെ വർഗ്ഗത്തെ ചേർത്ത് തന്നെ സംബോധന ചെയ്യും. കടിച്ചത് അണലിയോ, മൂർഖനൊ, ശംഖുവരയനോ ആണന്ന് തിരിച്ചറിയും വിളിച്ചു പറയുകയും ചെയ്യും. അതു പറയുമ്പോൾ അവൻ്റെ ആശങ്ക മരണപ്പെട്ടവന്, അല്ലങ്കിൽ കടികിട്ടിയവന് നേടിക്കൊടുക്കേണ്ട സഹായ ഹസ്തങ്ങളെ കുറിച്ചായിരിക്കും. ശരിയായ ചികിൽസ കിട്ടേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചായിരിക്കും. കുറച്ചു കൂടി ആത്മാർത്ഥമായി ചിന്തിക്കുന്നവർ, കുടുംബത്തോടും സമൂഹത്തോടും യഥാർത്ഥ സ്നേഹമുള്ളവർ, അത്തരം വിഷ ഉരഗങ്ങളെ തിരഞ്ഞിറങ്ങി തല്ലിക്കൊല്ലും, അല്ലങ്കിൽ വാവ സുരേഷന്മാരെ കണ്ടെത്തി, അവയെ പിടിച്ച് കൊടും വനത്തിൽ തള്ളും. ആഗോള നിഷ്ക്കുക്കൾ അറിയേണ്ട ഒരു വസ്തുതയുണ്ട്. ചുറ്റുമുള്ളവർ വിഷംതീണ്ടി ചത്തുവീഴുമ്പോൾ, അത് എന്നെയല്ലല്ലോ എന്ന് ആശ്വസിക്കാൻ വരട്ടെ, തീണ്ടിയൊടുങ്ങി വിഷം ചീറ്റാൻ പുതിയ പ്രതലങ്ങൾ ഇല്ലാതാകുമ്പോൾ അവ നിങ്ങൾക്ക് നേരെയാവും തിരിയുക, കാരണം അവയ്ക്ക് വേണ്ടത് ഇരയെ മാത്രമാണ്.

മതക്കുരു പൊട്ടിച്ച് ദുർഗന്ധം എൻ്റെ പ്രൊഫൈലിൽ പരത്തുന്നതിലെ അനൗചിത്യം മനസ്സിലാക്കി ന്യായീകരണവാളായി പ്രയോഗിക്കപ്പെടുന്ന കുടുംബത്തെ കുറിച്ചു തന്നെ നമ്മുക്ക് ചർച്ച ചെയ്യാം. ഒരുവൻ നാടിന് അഭിമാനമോ, അപമാനമാേ ആകുന്ന ഘട്ടത്തിലായിരിക്കും അവനെ സമൂഹം ആഴത്തിൽ ശ്രദ്ധിച്ചു തുടങ്ങുക. ആ ഘട്ടത്തിൽ നമ്മോടൊപ്പം നമ്മുടെ കുടുംബവും സമൂഹത്തിൻ്റെ ചർച്ചാഹേതുവാകും എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. അഭിമാനം കുടുംബത്തിലേക്ക് മിഠായി വിതരണം ചെയ്ത് കയറ്റുന്നവർ അപമാനത്തിന് മുന്നിൽ പടിവാതിൽ കൊട്ടിയടച്ച് ഇവൻ ഈ കുടുംബത്തിലെയല്ല എന്ന് ആക്രോശിക്കുന്നതിനെ നിലപാടില്ലായ്മ എന്ന ലേബലിൽ മാത്രമേ കാണാൻ കഴിയു. മറിച്ച് അവമതി ഉണ്ടാക്കിയവനെ കുടുംബത്തിൻ്റെ ചട്ടത്തിനുള്ളിൽ നിർത്തി സാമ ദാന ദേദ ദണ്oനകൾക്ക് വിധേയനാക്കണം. എന്നിട്ടും തിരുത്തലിന് തയ്യാറായില്ലങ്കിൽ “ദേ ഇവനെൻ്റെ കുടുംബാംഗമണ്” എന്ന് തുറന്ന് പറഞ്ഞ് നാടിൻ്റെ നിയമ വ്യവസ്ഥക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കണം. ഇതെല്ലാം തിരുത്തലുകളുടെ ഭാഗമാണ്, തിരുത്തേണ്ടത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയാണ്.

തീവ്രത എന്നതിനെ പലവിധത്തിൽ വിവക്ഷിക്കാം. മതത്തിൻ്റെ പേരിൽ കൊല്ലിലും കൊലയിലും നേരിട്ട് ഇടപെടുന്ന ആദ്യകൂട്ടർ ആണ് നമ്മുക്കു അറിയാവുന്ന തീവ്രവാദികൾ. അവർ ചെയ്യുന്ന ഏത് വിധ്വംസക പ്രവർത്തനങ്ങൾക്കും ഉപോൽബലകമായി, ഉൾക്കൊള്ളുന്ന മതത്തിൻ്റെ തത്വസംഹിതയിലോ, ബോധന ഗ്രന്ഥത്തിലോ എഴുതി വയ്ക്കപ്പെട്ടവയിൽ നിന്ന് തങ്ങളുടെ ഇച്ഛക്ക് അനുസരിച്ച് തിരഞ്ഞെടുത്ത ചിലവയെ മുൻനിർത്തിയിട്ടുണ്ടാവും. രണ്ടാമത്തെ കൂട്ടർ വിധ്വംസക പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നില്ല എങ്കിലും ഇതേ തത്വസംഹിതകളെ ഉദ്ദരിച്ച് ആദ്യ കൂട്ടർ ചെയ്യുന്നത് മഹത്വരം എന്ന് വാഴ്ത്തുന്നവർ. മൂന്നാമത്തെ കൂട്ടർ ഇതേ തത്വസംഹിതകൾക്ക് വിപരീത അർത്ഥം ചാലിച്ച് മറ്റവർ ചെയ്യുന്നത് തെറ്റാണന്ന് വാദിക്കുന്നവർ. നാലാമത്തെ കൂട്ടർ നിശബ്ദ നിരീക്ഷകരും. പ്രത്യക്ഷത്തിൽ മൂന്നാമത്തേയും നാലാമത്തേയും ആണ് സമൂഹത്തിൽ ഭൂരിഭാഗം എങ്കിലും എൻ്റെ കാഴ്ചപ്പാടിൽ അവരാണ് യഥാർത്ഥ തീവ്രവാദികൾ. ഒരു സമൂഹത്തിന് ചെറിയൊരു ഭാഗം ചെയ്യുന്ന വിധ്വംസകതയെ അത് ഗ്രന്ഥത്തിന് വെളിയിലാണന്ന് അപഗ്രഥിച്ച് പുറം തിരിഞ്ഞ് നിൽക്കുന്നവരും മൗനം പാലിക്കുന്നവരുമാണ് ശരിയായ തീവ്രവാദികൾ. മൗനം പാലിക്കുന്നവരും, ആത്മാർത്ഥമില്ലാത്ത ഭാഷയിൽ സംസാരിക്കുന്നവരും നിശബ്ദമായി വളർന്നു വരുന്ന വിധ്വംസകച്ചെടിക്ക് അടിവളമിട്ട് കൊടുക്കുകയാണ്. വളർന്ന് മുറ്റി ഒത്തമരമാകുമ്പോൾ അതിൽ ഊഞ്ഞാലു കെട്ടി ആടാൻ ഇവരാകും മുന്നിൽ ഉണ്ടാവുക.