നിങ്ങൾക്കു മുന്നിൽ മുട്ടിലിഴഞ്ഞ് നമിച്ചു “ലേലു അല്ലു” വിളിച്ച ഒരാളെയെങ്കിലും ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ടാവും

37

Ajith Neervilakan

ഡിയർ ആദർശ പുരുഷൂസ്…. നിങ്ങളുടെ പുരുഷു ജിവിതത്തിനിടയിൽ, നിങ്ങൾക്ക് മുന്നിൽ, മുട്ടിൽ ഇഴഞ്ഞ് നമിച്ചു നിന്ന് “ലേലു അല്ലു” വിളിച്ച ഒരാളെയെങ്കിലും ഒരിക്കൽ എങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാവും. നിങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത വിഷയമാണങ്കിൽ പോലും, നിങ്ങൾ അവൻ്റെ നട്ടപ്പുറവും, ചങ്കും, കരളും, ചെവിക്കുറ്റിയും ഇടിച്ചു കലക്കാൻ, ഒരു കൂട്ടം ആദർശ പുരുഷൻമാർക്കൊപ്പം കൂടെക്കൂടിയുട്ടുണ്ടാവും. എങ്കിൽ ഉറപ്പിച്ചോളു, പ്രത്യേകിച്ചും സ്ത്രീപുരുഷ ബന്ധങ്ങളുടെ കാര്യത്തിൽ ഇത്തരം അനാവശ്യ “പുരുഷൂസ് ലോ ഓഫ് സാമൂഹിക പ്രതിബദ്ധത” നിങ്ങളിൽ അനിയിന്ത്രിതമായി ഉണ്ടങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ “കൊതിക്കുറവേശ്വരൻ” എന്ന കപട സദാചാരബോധം പേറുന്ന ചിത്തരോഗി വിഭാഗത്തിൽ പെടുന്നവനാണ് എന്ന്. ഞാൻ പറയുന്നത് സ്വന്തം വീട്ടിലുള്ള ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്ന അച്ഛൻ, ആങ്ങള, മകൻ വർഗ്ഗത്തിൽ പെടുന്ന പുരുഷ കേസരികളെ കുറിച്ചല്ല. വ്യക്തമായ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആർജ്ജവത്തോടെ വിഷയങ്ങളിൽ ഇടപെടുന്ന പുരുഷന്മാരെക്കുറിച്ചും അല്ല മറിച്ച്, തങ്ങൾക്ക് ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾക്ക് വെറുതെ ഏണി വയ്ക്കുന്ന സദാചാര പുരുഷൂസിനെ കുറിച്ചാണ്.

എന്നെ തെറി വിളിക്കാൻ ഇതിന്റെ ചുവട്ടിൽ പുരുഷ ശ്രീമാൻമാർ അണിനിരന്നേക്കാം, എങ്കിലും ഒരു കാര്യം വ്യക്തമാക്കാതെ വയ്യ. ഏതാണ്ട് ഏറിയ പങ്ക്, പുരുഷനിലും ഒരു വേലിചാട്ടക്കാരൻ ഒളിഞ്ഞിരിപ്പുണ്ട് (സ്വയം വിമർശനമായി എടുത്തോളു, നീ അങ്ങനെയാണ്, അതു കൊണ്ട് തോന്നുന്നതാണ് എന്നാണ് വാദമെങ്കിൽ അതും അംഗീകരിക്കുന്നു). എന്തെങ്കിലും വിവാഹേതര ബന്ധങ്ങൾ സമൂഹമദ്ധ്യത്തിൽ വെളിവാക്കപ്പെടുമ്പോൾ അതിനെ അപലപിച്ച് എഴുതുന്നവരിൽ ഏറിയ പങ്കും, കപടതയുടെ വികൃത മുഖംമൂടി അണിഞ്ഞവർ തന്നെയാണന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ആദർശം പേറുന്നവർ പോലും, അത്തരം സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ പ്രധാനകാരണം അവർ വളർന്ന സംസ്കാരമോ, അവരെ സമൂഹത്തിൽ സ്വയം ഇകഴ്ത്തിക്കാണാൻ ആഗ്രഹമില്ലാത്തത് കൊണ്ടുള്ള മനപ്പൂർവ്വമായ ഒരു പിന്മാറ്റമോ മാത്രമാണ്. അത്തരക്കാർ പോലും, പുറത്ത് വരില്ല എന്ന് ഉറപ്പിച്ച, ചില നിരന്തരം പ്രേരണകളിൽ അടിപതറുന്നതിനും സാക്ഷിയായിട്ടുണ്ട്. വളരെ പവിത്രമെന്ന് കണ്ട ചില ബന്ധങ്ങൾ പോലും പിൽക്കാലത്ത് ലൈംഗികതയിലേക്ക് വഴുതി വീഴുന്നതിന്റെ ഉദാഹരണങ്ങളും ധാരാളം. ഇതൊരു അടിച്ചാക്ഷേപമായി എടുക്കേണ്ടതില്ല. ജൈവശാസ്ത്രപരമായി മനുഷ്യനും ഒരു മൃഗം തന്നെയാണ്. മറ്റു മൃഗങ്ങളിൽ നിന്ന് മനുഷ്യനുള്ള ഏക വ്യത്യാസം അവനിലെ വിവേകം എന്ന മാത്രമാണ്. ചില മനുഷ്യരെയെങ്കിലും മൃഗാവസ്ഥയിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നത് ഈ വിവേകമാണ്, അല്ലാതെ അവനിലെ സംശുദ്ധതയാണന്ന് അഭിപ്രായമില്ല.

എന്റെ മകളോട് ചോദിച്ചാൽ ലോകത്തിലെ ഏറ്റവും നല്ല അച്ഛൻ ഞാനാവും, എന്റെ അമ്മയ്ക്ക് ഏറ്റവും സത്ഗുണ സമ്പന്നനായ മകൻ ഞാനാവും, എന്റെ പെങ്ങൾക്ക് ഏറ്റവും സ്നേഹസമ്പന്നനായ സഹോദരൻ ഞാനാവും, എന്റെ ഭാര്യയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ കുടുംബസ്ഥൻ ഞാനാവും, ചിലപ്പോൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികൾക്ക് ഏറ്റവും വിശ്വസിനീയനായ പുരുഷൻ ഞാനാവും. പക്ഷേ അതിന് അപ്പുറത്തുള്ള ഒരു ലോകത്ത് ഞാൻ എങ്ങനെയെന്നത്, എന്റെ മനസ്സിൻ്റെ നിഗൂഡതകൾകളെ നിയന്ത്രിക്കാൻ എനിക്ക് എത്ര മാത്രം ആർജ്ജവം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങളെ നിയന്ത്രിക്കുന്നത് വെറും സാഹചര്യങ്ങൾ മാത്രമാണങ്കിൽ, നിങ്ങൾക്ക് ഒരു കപട സദാചാരവാദി ആകാനേ കഴിയു. മറിച്ച് നിങ്ങളെ നിയന്ത്രിക്കുന്നത് വിവേകമാണങ്കിൽ എല്ലാ വെല്ലുവിളികളേയും സമചിത്തതയാേടെ നേരിടാനും കഴിയും. നിർഭാഗ്യവശാൽ ഇത്തരം കാര്യങ്ങളിലെങ്കിലും വിവേകമതികൾ തുലോം കുറവാണ്. സാഹചര്യങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന തുരുത്തിൽ പെട്ടുപോകുന്ന ഒട്ടുമിക്ക മഹാന്മാരുടേയും സദാചാരബോധം വിവേകത്തിൽ നിന്ന് വികാരത്തിലേക്ക് അടിപതറി വീഴുന്നത് കണ്ടിട്ടുണ്ട്. സാഹചര്യം എന്തു കൊണ്ടോ എത്തിപ്പെടാത്തവർ സ്വയം മഹാനെന്ന് വാഴ്ത്തി സദാചാരവാദി കുപ്പായമണിയുന്നു, പക്ഷേ അത് കൊതിക്കുറവോളജി എന്ന കപട സദാചാരമാണന്ന് മാത്രം. അത്തരക്കാർക്ക് മാത്രമേ, വഴിയിൽ കാണുന്നവനെ തടഞ്ഞു നിർത്തി മുതുകിടിച്ച് പൊളിക്കാൻ കഴിയു. മനുഷ്യരോളം കപടത പേറുന്ന ഏത് ജീവിയുണ്ട് ഈ ലോകത്ത്.