മലയാളിയും ഭക്ഷണശീലങ്ങളും ജീവിതശൈലീ രോഗങ്ങളും

86

അജിത്ത് നീർവിളാകൻ

ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ജനത യൂറോപ്പിലെ ഇക്വേറിയ ദ്വീപു നിവാസികളാണ് പോലും. ഹൃദ്രോഗം, ക്യാൻസർ പോലെയുള്ള മാരക രോഗങ്ങളൊന്നും ആ രാജ്യത്ത് എത്തി നോക്കിയിട്ടില്ല പോലും. ഗോതമ്പ്, ബ്രഡ്, ഒലീവ് ഓയിൽ, അവിടെ തന്നെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ, ബീഫ്, റെഡ് വൈൻ ഇവയൊക്കെയാണ് അവരുടെ ഭക്ഷണക്രമങ്ങൾ. കേരളത്തിലും ഈ ഭക്ഷണക്രമം കൊണ്ടു വന്നാൽ മലയാളികൾ നേരിടുന്ന മാരക അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കില്ലേ എന്ന വളരെ ലളിതമായ ഒരു ചോദ്യം ഒരു സുഹൃത്ത് ഒരു പൊതു ഇടത്തിൽ ചോദിച്ചിരിക്കുന്നത് കണ്ടു.

ഇവിടെ ഒരു താരതമ്യ പഠനത്തിന് ഒരു സാധുതയും ഇല്ലാത്ത രണ്ടു സംസ്കാരങ്ങളെ തമ്മിൽ ചേർത്തു വയ്ക്കുന്നതിലെ ശരിയില്ലായ്മ നിലനിൽക്കുമ്പോൾ തന്നെ, ആരോഗ്യരംഗത്ത് ഒരു വൈദിഗ്ദ്യം അവകാശപ്പെടാൻ ഇല്ലങ്കിൽ പോലും, ആഹാരമല്ല പ്രധാനമായും ഒരു മനുഷ്യനെ അസുഖക്കാരനാക്കുന്നത് എന്ന കാഴ്ചപ്പാടാണ് , ഈ വിഷയത്തിൽ എനിക്കുള്ളത്. അരിയാേ, ഗോതമ്പോ മറ്റ് ഭക്ഷ്യവസ്തുക്കളോ അസുഖങ്ങൾക്ക് കാരണമാകും എന്ന കാഴ്ചപ്പാടു തന്നെ തെറ്റാണ്. അതുകൊണ്ടു തന്നെ, നമ്മുടെ ആരോഗ്യസ്ഥിതിക്ക് കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ ഉണ്ടായ അപചയത്തെക്കുറിച്ച് എൻ്റെ പരിമിതമായ അറിവിൽ നിന്ന് പറയാൻ ശ്രമിക്കുകയാണ്.

നാം കാർഷിക പ്രധാനമായും സംസ്കാരമുള്ള ഒരു ജനതയായിരുന്നു. നമ്മുക്ക് ഒരു ദിവസം വേണ്ടത് ശാരീരിക അദ്ധ്വാനത്തിന് ഉതകുന്ന ഊർജ്ജദായകങ്ങളായ ഭക്ഷ്യവസ്തുക്കളായിരുന്നു. ഊർജ്ജദായകം എന്ന് പറയുമ്പോൾ ആദ്യം കാർബോഹൈഡ്രേറ്റ്സ്, പിന്നെ പ്രോട്ടീൻ. അതിനാൽ തന്നെ നമ്മുടെ ഭക്ഷണക്രമത്തിൽ ധാരാളം അരിയും പയർ വർഗ്ഗങ്ങളും പാലും മുട്ടയും ഉൾപ്പെട്ടു. തൊണ്ണൂറു ശതമാനവും അതികഠിനമായ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നതിനാൽ, നമ്മുടെ മുൻ തലമുറ നന്നായി ഭക്ഷണം എടുക്കുകയും ചെയ്തിരുന്നു. അന്ന് അദ്ധ്വാനിക്കാത്ത വരേണ്യ വർഗ്ഗത്തിൻ്റെ അസുഖങ്ങളായി നമ്മൾ ഇന്ന് സാർവ്വർത്രികമായി കാണുന്ന പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, ഹാർട്ട് അസുഖങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നും മറക്കരുത്.

എൺപതുകളുടെ അവസാനത്തോടെയാണ് നമ്മുക്ക് സാംസ്കാരികവും സാമൂഹികവുമായ ഒരു വലിയ മാറ്റത്തിന് തുടക്കമായത്. സാംസ്കാരിക മൂല്യച്യുതി എന്ന് മറുഭാഷയിൽ വിളിക്കപ്പെടാവുന്ന പ്രവാസി സംസ്കാരമായിരുന്നു അത്. ഗൾഫ് നാടുകളിലേക്ക് മലയാളികൾ ചേക്കേറിത്തുടങ്ങിയപ്പോൾ അവശേഷിക്കുന്ന കുടുംബാംഗങ്ങൾ അവിടെ നിന്നുള്ള പണത്തെ മാത്രം ആശ്രയിക്കുകയും, ക്രമണ കൃഷികൾ അപ്രത്യക്ഷമായി കാർഷിക സംസ്കാരത്തിന് പകരമായി ഒരു ഉപഭോക്തൃ സംസ്കാരം രൂപപ്പെടുകയും ചെയ്തു. തൊണ്ണൂറുകളുടെ മധ്യത്തിൽ നമ്മുടെ പുറം ചൊറിഞ്ഞു തരാൻ വരെ ആശ്രയിക്കുന്ന തരത്തിൽ ഉത്തരേന്ത്യൻ തൊഴിലാളി സംസ്കാരവും കേരളത്തിലേക്ക് ഒഴുകിയെത്തി. ഇതായിരുന്നു നമ്മുടെ ആരാേഗ്യ അപചയത്തിൻ്റെ തുടക്കം
നമ്മൾ കേരള ജനത, സ്വാശ്രയത്തിൽ നിന്നും പരാശ്രയത്തിലേക്ക് പരിവർത്തിച്ചപ്പോഴും, ശരീരത്തിൻ്റെ അദ്ധ്വാനശേഷിക്ക് തിരശ്ശീല വീണപ്പാേഴും, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ബോധവാന്മാരായില്ല.

ഉത്ബോദിപ്പിക്കാനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നു, നാമമാത്രമായ ഉത്ബോധനങ്ങളെയോ അതിൻ്റെ ശരി വശങ്ങളെയോ ഉൾക്കൊള്ളാൻ നാം തയ്യാറായതുമില്ല. ഇതേ സമയത്ത് തന്നെ, പ്രവാസ സംസ്കാരത്തിൻ്റെ പണക്കൊഴുപ്പിൻ്റെ പിന്നാമ്പുറത്ത് നിന്ന് ധാരാളം ഹോട്ടലുകൾ മദിപ്പിക്കുന്ന ഗന്ധം വമിപ്പിച്ച് ഉയർന്ന് വരികയും ചെയ്തു. കൃഷി അപ്രത്യക്ഷമായിടത്ത് ഫ്ലാറ്റുകൾ നിറഞ്ഞു. പതിനഞ്ചും പതിനാറും നിലകളുള്ള ഫ്‌ളാറ്റുകളിലെ ആട്ടുകട്ടിലുകളിലേക്ക് പുതുതലമുറ പൂർണമായും ഒതുക്കപ്പെട്ടു. ഭക്ഷണത്തിനായി പ്രധാനമായും പച്ചക്കറികളെ ആശ്രയിച്ചിചിരുന്ന, മാംസാഹാരം മാസത്തിൽ ഒന്ന് എന്ന് നിജപ്പെടുത്തിയിരുന്ന നാം, ദിവസം മൂന്നുനേര ക്രമത്തിലേക്ക് മാംസോപഭോഗം മാറ്റുകയും ചെയ്തതോടെ അതുവരെ കേരളം കണ്ടിട്ടില്ലാത്ത കുടവയറുകളും, പൊണ്ണത്തടികളും ജനിക്കപ്പെട്ടു. അസുഖങ്ങൾ പരിധിവിട്ട് നമ്മളിലേക്ക് ആക്രമണമഴിച്ച് വിട്ടത് ഈ ഘട്ടത്തിലാണ്.

രണ്ടായിരത്തിതിൻ്റെ ആദ്യഘട്ടത്തിൽ പൂർണമായും നാം കൃഷി ഉപേക്ഷിച്ച് അന്യനാടുകളെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് കൂപ്പുകുത്തി. അപ്പോഴും പണത്തിൻ്റെ കുത്തൊഴുക്കിൽ, ഉപഭോഗത്തിന് നാം ഒരു കുറവും വരുത്തിയില്ല. ആവശ്യക്കാർ കൂടിയപ്പോൾ, ഭക്ഷ്യഷ്യവസ്തുക്കൾക്ക് വേണ്ടി നമ്മൾ ആശ്രയിക്കുന്നവർക്ക് ഉത്പാദനം കൂട്ടാനും, ഉൽപ്പാദിച്ചവയെ കേട് കൂടാതെ സൂക്ഷിക്കാനുമുള്ള വഴിവിട്ട മാർഗ്ഗങ്ങളിലേക്ക് കടക്കേണ്ടി വന്നു. പച്ചക്കറികളിൽ, പാലിൽ, മാംസത്തിൽ, കടൽ വിഭവങ്ങളിൽ, മസാലക്കൂട്ടുകളിൽ എന്തിനേറെ അവ പൊതിയുന്ന വർണ്ണക്കടലാസുകളിൽ വരെ മായം പ്രധാന ഘടകമായി മാറി. നമ്മിലേക്ക് മഹാമാരികൾ കൂടുതൽ ആക്രമോൽവുകത കാണിച്ചത് ഈ ഘട്ടത്തിലാണ്.

ഗ്ലോബലൈസേഷൻ എന്ന ഭൂതം നേരത്തെ തന്നെ നമ്മെ ആക്രമിച്ച് തുടങ്ങിയിരുന്നു എങ്കിലും അത് നമ്മുടെ ആരോഗ്യത്തെ ഗ്രസിച്ച് തുടങ്ങിയത് അൽപ്പം പതിയെ ആയിരുന്നു എന്ന് പറയേണ്ടി വരും. ആദ്യഘട്ടത്തിൽ ജീവിതോപാധി എന്ന നിലയിൽ പ്രവാസത്തെ കണ്ടിരുന്നവ പ്രവാസികൾ, ഗ്ലോബലൈസേഷൻ്റേയും സ്വദേശിവൽക്കരണത്തിൻ്റെയും ഭൂതം തങ്ങളെ ആക്രമിക്കാൻ വരുന്ന തിരിച്ചറിവിൽ വളരെ പെട്ടെന്ന് തന്നെ നാട്ടിൽ ആനുപാതികമായ ഒരു വരുമാന ശ്രോതസിനെ കുറിച്ച് ആലോചിക്കുകയും അങ്ങനെ സ്വതവേ അദ്ധ്വാനശേഷി നഷ്ടപ്പെട്ട മലയാളികളുടെ മുന്നിൽ അന്താരാഷ്ട്ര രുചികളായ പിസ്സ, കബ്സ പോലുള്ള അതിതീവ്രമായ കൊഴുപ്പും കാർബോ ഹൈഡ്രേറ്റ്സും അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിളമ്പുന്ന ന്യൂജൻ ഹോട്ടലുകളുടെ പിറവിയും ഉണ്ടായി.
ഇന്ന് പ്രവാസം ഏതാണ്ട് അസ്തമിച്ച മട്ടാണ്, അല്ലെങ്കിൽ ഉടൻ തന്നെ അസ്തമിച്ചേക്കാവുന്ന ഒന്നാണ് അത്. ജീവിതം എന്ന ആശങ്കയിൽ നിൽക്കുന്ന ചെറിയ ഒരു ശതമാനം മലയാളികൾ എങ്കിലും ഇപ്പാേൾ ഇവിടെ ഒരു തിരിച്ച് പോക്കിനായി ആഗ്രഹിക്കുന്നു എന്നത് ആശ്വാസവും സന്തോഷവും നൽകുന്ന ഘടകങ്ങൾ ആണ്. അടിസ്ഥാനപരമായി ഒരു മനുഷ്യൻ്റെ ആവശ്യം നല്ല ഭക്ഷണം മാത്രമാണന്ന തിരിച്ചറിവിൽ പഴമയ്ക്കായി മുറവിളി കൂട്ടുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. പക്ഷേ അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള തിരിച്ചു പോക്ക് ഇന്ന് അസാദ്ധ്യമാണ്. കാരണം കേരളം മാറ്റപ്പെട്ടത് അത്തരമൊരു തിരിച്ചു പോക്ക് അസാദ്ധ്യമാക്കി കൊണ്ടാണ്. അസുഖങ്ങൾ ഒഴിഞ്ഞ് നിൽക്കുന്ന ഒരു ജീവിത സാഹചര്യങ്ങൾക്കായി നാം സമരസപ്പെടേണ്ടതുണ്ട്. അതിന് യൂറോപ്യൻ ഭക്ഷണ രീതി അനുകരിച്ചത് കൊണ്ട് ഒരു നേട്ടവും ഉണ്ടാവില്ല എന്നുറപ്പ്.

സാധിക്കില്ല എന്ന് അറിയുമെങ്കിലും പറഞ്ഞ് അവസാനിപ്പിക്കുന്നു. വിശാലമായ വസ്തു വകകൾ ഉള്ളവർ, സ്വന്തം പറമ്പിൽ രാവിലെയും വൈകിട്ടും കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും അദ്ധ്വാനിച്ച് വിളകൾ കൃഷി ചെയ്ത് ഭക്ഷണത്തിന് വക കണ്ടെത്തുക. അത്തരം സാഹചര്യങ്ങൾ ഇല്ലാത്തവർ, വ്യായാമം കൃത്യമായി ചെയ്യാൻ മറക്കാതിരിക്കുന്നതിനോടൊപ്പം, കൃഷിക്കാരിൽ നിന്ന് നേരിട്ട് ഭക്ഷ്യവിളകൾ വാങ്ങി ഉപയോഗിക്കണം. ശരീരത്തിൻ്റെ അദ്ധ്വാനത്തിന് ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുക, പുറത്തു നിന്നുള്ള ഏത് ഭക്ഷ്യവസ്തുക്കളും പൂർണമായും ഒഴിവാക്കുക. ഉറങ്ങുന്നതിനും ഉണരുന്നതിനും സമയക്രമം നിശ്ചയിക്കുക. ഇത്രയൊക്കെ ചെയ്താൽ തന്നെ ഒരു പരിധി വരെ അസുഖങ്ങൾ ഒഴിഞ്ഞു നിൽക്കും. എല്ലാവർക്കും ആരോഗ്യം നിറഞ്ഞ നല്ല നാളെകൾ ആശംസിക്കുന്നു