Ajith Neervilakan

നെന്മമരങ്ങൾ ചാരിറ്റി നിർത്തുന്ന വാർത്തകൾ വരെ വൈറലായി ഓടുന്നു. നെന്മമരത്തിന്റെ ആരാധകർ അയ്യോ മരമേ പോകല്ലേ വിളികളും, വിമർശകർ കിടന്നു കാറാതെ ഒന്നു പോയ്ത്തരുമോടെ എന്ന് ആക്രോശിച്ചും തുടങ്ങിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഏറിയ പങ്കും നെന്മമരങ്ങളും വാഴയ്ക്ക് വളമിടുമ്പോൾ ചുവട്ടിൽ നിൽക്കുന്ന ചീര കൂടി തഴച്ചു വളരുമല്ലാേ എന്ന മനോഭാവക്കാർ തന്നെയാണന്ന് നിസംശയം പറയാം. നിസ്വാർത്ഥമായ സേവകരും ഉണ്ട് എന്ന വസ്തുത നിഷേധിക്കുന്നില്ല.

നെന്മ മരങ്ങളിൽ ഏറിയ പങ്കും രാഷ്ട്രീയത്തിന്റെ കളരികളോട് കിടപിടിക്കുന്ന അഭ്യാസമുറകൾ ശീലിച്ചവർ തന്നെയാണ്. അതായത് തുടക്കത്തിൽ തന്റെ സാമൂഹിക പ്രതിബദ്ധത അതിന്റെ ഉച്ഛസ്ഥായിയിൽ പ്രകടിപ്പിച്ച് പതിയെ ആ പ്രതിബദ്ധതയുടെ ഒരു ഉപഭോക്താവായി തന്റെ ഖദർ പോക്കറ്റിന്റെയും കൈമടക്കുകളേയും കൂടി പരിഗണിക്കപ്പെടുന്ന തനി രാഷ്ട്രീയ ലൈൻ. പ്രശസ്തരായ ഏതൊരു നെന്മ മരത്തെയും അടുത്ത് നിന്ന് വീക്ഷിച്ചാൽ അവരുടെ സാമ്പത്തിക പരിസരങ്ങളിൽ ക്രമേണ വരുന്ന അഭിവൃദ്ധി മനസ്സിലാക്കാൻ സാധിക്കും. അനുഗ്രഹം ചൊരിയുന്ന നെന്മ അമ്മയും, മെഡിക്കൽ കോളേജ് നടത്തുന്ന നെന്മ ബിഷപ്പും, മുടി വച്ച് പള്ളി പണിയാൻ വെമ്പൽ കൊള്ളുന്ന നെന്മ ഉസ്താദും എല്ലാം ഇത്തരത്തിൽ വാഴയ്ക്ക് ചുവട്ടിലെ ചീരയായി അറിഞ്ഞ് നനഞ്ഞ് തഴച്ച് വളർന്ന് ക്രമേണ ആർക്കും ചോദ്യം ചെയ്യാനാവാത്ത വടവൃക്ഷങ്ങളായി പടർന്ന് പന്തലിച്ചവർ തന്നെ.

അഴിമതിയിൽ കുപ്രശസ്തനായ മുൻ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കാലത്ത് നടത്തിയ നെടുമ്പാശ്ശേരി പോലെയുള്ള വികസന പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടി “അൽപ്പം കട്ടാലെന്താ അങ്ങേര് എന്തുമാത്രം വികസന പദ്ധതികളാണ് നാടിനായി കൊണ്ടു വന്നത്” എന്ന് ഉത്ഘോഷിക്കുന്ന അന്തം അണികൾ ഉള്ള നാട്ടിൽ നന്മ മരങ്ങൾ തഴച്ച് വളരുന്നതിൽ അവരെ എന്തിന് പഴി പറയണം. ഓട്ടോ ഓടിച്ച് ജീവിതവൃത്തിയിൽ ഏർപ്പെട്ടിരുന്ന ഒരു അഭിനവ നെന്മമരം ഇന്ന് മറ്റൊരു ജോലിക്കും പോകുന്നില്ല എങ്കിൽ പോലും ഇന്നോവയിൽ പറന്ന് നടന്ന് വാഴ നനയ്ക്കുന്നു, നാളെ ഒരു വിമാനം സ്വന്തമായി വാങ്ങിയാലും, ഉദ്ദേശ ശുദ്ധിയുള്ള ദൈവമാണ്, പഴിപറയരുത് എന്ന അലിഖിത നിയമം നിലനിൽക്കുന്നതിനാൽ വിമർശന കുതുകികൾ ഒരു നേന്ത്രക്കുല വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണ്. അത്യാവശ്യ സമയത്ത് തിരുകി മിണ്ടാതിരിക്കാമല്ലോ.

അസോസിയേഷൻ ഓഫ് ജിദ്ദ മലയാളി ചോട്ടാ മാർക്കറ്റ് പണിതു കൊടുക്കുന്ന വീടും, അവിയൽ ക്ലബ്ബ് വാങ്ങി നൽകിയ ഇന്നോവയും, സ്വന്തമാക്കിയ ബാങ്ക് ബാലൻസും, സ്വത്തുക്കളും ചീര ഗ്രേറ്റർ ദാൻ വഴ ഇക്വാേഷനുമായി യാതൊരു ബന്ധവും ഇല്ലാത്തതിനാൽ എന്നെ പഞ്ഞിക്കാടാൻ തയ്യാറായി നിൽക്കുന്ന ഫാൻസ് അസോസിയേഷൻസിന് സുസ്വാഗതം.

നബി: വെറും തെറ്റിദ്ധാരണയുടെ പേരിൽ മോശവൽക്കരിക്കപ്പെട്ട സുനിതാ ദേവദാസിനെതിരെ കേസ് കൊടുത്തതിൽ നന്മ മരമെന്ന അഭിനവ രാഷ്ട്രീയ ചാണക്യന് ഒരു ബന്ധവുമില്ല എന്ന് പറയാൻ പറഞ്ഞു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.