സഫ നീ നടത്തിയത് വെറും ഒരു ഇംഗ്ലീഷ് പരിഭാഷ മാത്രമല്ല, പലർക്കും ആത്മവിശ്വാസത്തിന്റെ കടലാഴി പകരാൻ നീ പോലും അറിയാതെ നിനക്ക് കഴിഞ്ഞു

216

സഫ എന്ന മിടുക്കി കുട്ടിയെ കുറിച്ച് കൂടുതൽ അറിഞ്ഞും വായിച്ചും അവളോടുള്ള ആരാധന പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. അവൾക്ക് എന്റെ മക്കളുടെ അതേ പ്രായമാണ്. ഗൾഫിൽ അപ്പർ പ്രൈമറി വരെ ഇംഗ്ലീഷ് മാത്രം പഠിച്ച്, അതിന് ശേഷം ഇന്ന് നാട്ടിൽ പ്രൈവറ്റ് സ്കൂളിൽ നല്ല തുക ഫീസ് കൊടുത്ത് പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന എന്റെ കുട്ടികൾക്ക് സഫ പ്രകടിപ്പിച്ച ആത്മ വിശ്വാസത്തിന്റെ നൂറിൽ ഒരംശം ആത്മവിശ്വാസം പ്രകടിപ്പിക്കാൻ കഴിയല്ല എന്ന തിരിച്ചറിവു കൂടിയാണ് അവളോടുള്ള എന്റെ ബഹുമാനത്തിന് ആക്കം കൂട്ടിയത്.

സഫ നീ നടത്തിയത് വെറും ഒരു ഇംഗ്ലീഷ് പരിഭാഷ മാത്രമല്ല, നിന്നെപ്പോലെ ലക്ഷക്കണക്കിന് സ്കൂൾ വിദ്യാർത്ഥികൾക്ക്, ഇന്നും സമൂഹത്തെ മുട്ടിടിക്കാതെ നേരിടാൻ അറിയാത്ത എന്നെപ്പോലെയുള്ള മദ്ധ്യവയസ്ക്കർക്ക് പോലും ആത്മവിശ്വാസത്തിന്റെ കടലാഴി പകരാൻ നീ പോലും അറിയാതെ നിനക്ക് കഴിഞ്ഞു എന്നുള്ളതാണ് നിന്റെ മഹത്വം. കടമ്പകൾക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോൾ എന്റെ കുട്ടികൾക്ക് ആവേശം പകരാൻ അധികം മാതൃകകൾ ഇല്ലാത്തിടത്ത് നീ ആ വിടവ് നികത്തി തന്നു എന്നതാണ് ഒരച്ഛൻ എന്ന നിലയിൽ നിന്നോട് എനിക്കുള്ള ആദരവ്.

ഈ സംഭവത്തോട് ചേർത്ത് വച്ച് ഒന്നുരണ്ടു വിഷയങ്ങൾ കൂടി പ്രതിപാദിക്കാതെ പോകുന്നത് ശരിയല്ലാ എന്ന് തോന്നിയത് കൊണ്ട്, സഫയുടെ മഹത്വത്തെ ആദരിക്കാൻ മാത്രമുദ്ദേശിച്ച് എഴുതിയ ഈ അൽപ്പം കല്ലുകടി തോന്നുമെങ്കിലും എഴുതാതെയിരിക്കാൻ കഴിയുന്നില്ല. ഒന്നാമത്തേത് സഫ എന്ന മിടുക്കിയുടെ സ്വപ്നതുല്യമായ പ്രകടനത്തെ മഹത്വവൽക്കരിക്കുന്നവർ അതിനോട് ചേർത്ത് കെട്ടുന്ന തങ്ങളുടെ രാഷ്ട്രീയ കൂറു നയങ്ങളെ കുറിച്ചാണ്. കേരളത്തിലെ പ്രാഥമിക പൊതുവിദ്യാഭ്യാസ മേഖല ഇത്രയും മികച്ചതാകാൻ കാരണം കേവലം ഒരു രാഷ്ട്രീയമാേ മതമോ മാത്രം തീരുമാനിച്ചത് കൊണ്ടല്ല. അങ്ങനെയെങ്കിൽ നശിച്ച് നാറാണക്കല്ലായ ഉന്നത വിദ്യാഭ്യാസ മേഖലയുടെ കെടുകാര്യസ്ഥതയുടെ പാപഭാരം കൂടി ഏറ്റെടുക്കാൻ നിങ്ങൾ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണം. സ്വാശ്രയം എന്ന മരണക്കുഴി തോണ്ടി അതിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ കുഴിച്ച് മൂടിയതിൽ നിങ്ങൾക്കുള്ള പങ്ക് വിസ്മരിച്ചവരുത് പൊതുവിദ്യാഭ്യാസത്തിലെ മേന്മയെക്കുറിച്ച് മേനി നടിക്കേണ്ടത്. സഫ എന്ന ഒരു മിടുക്കി കുട്ടി സ്വപ്രയത്നത്താൽ നേടിയ ആർജ്ജവത്തെ സ്വന്തം നുകത്തിൽ കയറിട്ട് മുറുക്കി കെട്ടുമ്പോൾ, ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച പൊന്നുമോളെ മറന്നു കൊണ്ടാവരുത്.

സഫയെ പ്രകീർത്തിച്ച് പൊതുവിദ്യാസ മന്ത്രി ലേഖനമെഴുതുകയും നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്യുന്നത് കണ്ടു. സഫ ഇന്ന് വാഴ്ത്തപ്പെടുകയാണ്. സഫ എന്ന കുട്ടിയുടെ ആത്മവിശ്വാസത്തിനെ അളക്കാൻ ഏതെങ്കിലും മാപിനികൾ നിലവിൽ ഉണ്ടങ്കിൽ അത് അവളുടെ ഉജ്വല പ്രകടനത്തിന് മുന്നേ ഉള്ളതിനേക്കാൾ ആയിരം മടങ്ങായിരിക്കും എന്ന് നിസംശയം പറയാൻ കഴിയും. അതിന് കാരണഭൂതനായ രാഹുൽ എന്ന മഹത് വ്യക്തിയെ ആദരിച്ചേ മതിയാകു. രാഷ്ട്രീയ പരമായി എനിക്കും ശ്രീ രാഹുൽ ഗാന്ധിയോട് വിയോജിപ്പുകൾ ധാരാളം ഉണ്ടങ്കിലും, മാനുഷിക മൂല്യങ്ങൾക്ക്അങ്ങൾക്ക് മാത്രം ഊന്നൽ നൽകി അദ്ദേഹത്തിന്റെ സഫയോടുള്ള സമീപനം എത്ര അഭിനന്ദിച്ചാലും മതിയായില്ല. തനി മലയാളത്തിന്റെ നാട്ടിൽ പരിഭാഷയ്ക്ക് കുട്ടികൾക്ക് ഇടയിൽ നിന്ന് ഒരാളെ ക്ഷണിക്കുക, ആത്മവിശ്വാസത്തോടെ സ്റ്റേജിൽ എത്തിയ കുട്ടിക്ക് അത് നിലനിർത്താൻ കഴിയുന്ന രീതിയിൽ സൗമ്യമായി പെരുമാറുക, കുട്ടിക്ക് പരിഭാഷപ്പെടുത്താൻ പാകത്തിൽ കടുകട്ടി വാക്കുകൾ ഉപയോഗിക്കാതെ നിർത്തി നിർത്തി പ്രസംഗിക്കുക ഇതൊക്കെ മനുഷ്യത്വ പരമായി ചിന്തിക്കുന്ന ഒരു നേതാവിന് വേണ്ട ഏറ്റവും വലിയ ഗുണങ്ങളാണന്ന തിരിച്ചറിവിൽ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ രാഹുലിന് കൊടുക്കേണ്ട പരിഗണന തീർച്ചയായും പ്രൊഫസർ രവീന്ദ്രനാഥ് കൊടുത്തില്ല എന്നു തന്നെയാണ് വിലയിരുത്തപ്പെടുക.

സഫയുടെ പ്രകടനം തന്നെയാണ് ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടത്, എങ്കിലും ചില കാര്യങ്ങൾ അതിനോട് ചേർന്ന് സൂചിപ്പിച്ചു എന്ന് മാത്രം. മത ജാതി രാഷ്ട്രീയത്തിന് അപ്പുറം മഹത്വവൽക്കരിക്കപ്പെടേണ്ട ഇത്തരം മുഹൂർത്തങ്ങളിൽ എങ്കിലും ഒന്നായി ചിന്തിക്കാനുള്ള മനുഷ്യത്വപരമായ സമീപനം അണികൾക്ക് ഉണ്ടായില്ല എങ്കിലും, രാഷ്ട്രീ നേതാക്കൾക്കെങ്കിലും ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

സഫ മോൾക്ക് ഈ അച്ഛന്റെ ചക്കരയുമ്മകൾ