നിതാഖാത്ത് പ്രകാരം സൗദിയിൽ നിന്നും നാടുകടത്തപ്പെട്ടു ശ്രീലങ്കയിലെത്തിയ ഒരു തമിഴനും വീട്ടിലെത്തിയിട്ടില്ല

1126

Ajith Neervilakan

മൻമോഹൻ സിംഗ് സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ അതായത് 2013 ൽ കൊളംബോയിൽ നടന്ന സാർക്ക് ഉച്ചകോടിയിൽ അന്നത്തെ പ്രധാനമന്ത്രി പങ്കെടുക്കുന്നില്ല എന്ന വാർത്ത വളരെ വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയത് ഒരുപക്ഷേ നിങ്ങളിൽ ചിലർക്കെങ്കിലും ഓർമ്മയുണ്ടാകും. തമിഴ് വംശജരെ കൂട്ടക്കുരുതി കൊടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു അത്തരം ഒരു തീരുമാനം അന്ന് സർക്കാരിന് കൈക്കൊള്ളേണ്ടി വന്നത്.

അന്ന് സൗദി അറേബ്യയിൽ നിതാഖാത്ത് എന്ന വമ്പൻ പരിഷ്കാരവുമായി ബന്ധപ്പെട്ട് കമ്പനികളിൽ കൂടുതൽ സൗദികളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശികളെ പ്രത്യേകിച്ച് നിയമപരമായ രേഖകൾ

Ajith Neervilakan (ലേഖകൻ)

ഇല്ലാതെ കഴിയുന്ന വിദേശികളെ നാടുകടത്തുന്ന ഒരു വമ്പൻ പദ്ധതി സൗദി സർക്കാർ ആവിഷ്ക്കരിച്ചിരുന്നു. അന്ന് സാമൂഹിക പ്രവർത്തന മേഖലയിൽ ഇന്നുള്ളതിനേക്കാൾ സജീവമായി ഇടപെട്ടിരുന്ന ഒരു വ്യക്തി എന്ന നിലയിൽ വിവിധ രാജ്യങ്ങളിൽപെട്ട നിയമ രേഖകൾ കൈവശമില്ലാത്ത ഒട്ടനവധി ആളുകളുമായി അടുത്ത ബന്ധം പുലർത്തേണ്ടി വന്നിരുന്നു. അത്തരം ചില ചർച്ചകൾക്കിടയിലാണ് ശ്രീലങ്കയിലെ കുറെ തമിഴ് വംശജരെ പരിചയപ്പെടാൻ ഇടയായത്.

മറ്റു പല രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളിൽ നിന്ന് വ്യത്യസ്ഥമായി രേഖകൾ കൈവശം ഇല്ലാത്തവർ ഏറ്റവും കൂടുതൽ ശ്രീലങ്കൻ തമിഴ് വംശജർക്കിടയിലാണ് എന്ന് ഞാൻ മനസ്സിലാക്കി. വർഷങ്ങളായി നാട്ടിൽ പോകാതെ, കുടുംബത്തെ കാണാതെ, ഇവിടെ സ്പോൺസർ ആരെന്നറിയിതെ, ഇഖാമ പുതുക്കാതെ ഒരു വലിയ ജനത കഴിയുന്നതിലെ അത്ഭുതം എനിക്ക് അടക്കാൻ കഴിയുന്നതായിരുന്നില്ല. അതു കൊണ്ട് തന്നെ ചർച്ചകൾക്കിടയിൽ അവരിൽ പലരോടും അതിന്റെ നിജസ്ഥിതി തിരക്കി എങ്കിലും നിസാരമായ ചില കാരണങ്ങൾ ചൂണ്ടിക്കാട്ടി അവരൊക്കെ അതിൽ നിന്ന് ഒഴുകി മാറുന്നതായും ഞാൻ മനസ്സിലാക്കി. അങ്ങനെ എന്നെ വളരെ അത്ഭുതപ്പെടുത്തിയ ആ വസ്തുതയുടെ യഥാർത്ഥ കാരണം അറിയാൻ ഞാൻ അവരിൽ പലരുമായും മനപ്പൂർവ്വമായി കുറച്ചുകൂടി തീവ്രസൗഹൃദം സ്ഥാപിക്കുകയും അവരുടെ സ്വകാര്യ പ്രശ്നങ്ങളെ ചർച്ച ചെയ്യാൻ കഴിയുന്ന ഒരു സുരക്ഷിത ഇടമായി എന്നെ കാണാൻ അവരെ പാകപ്പെടുത്തുകയും ചെയ്തു.

ഞെട്ടിക്കുന്ന സത്യങ്ങളുടെ വലിയ ഒരു ഭണ്ഡാരമാണ് എനിക്ക് മുന്നിൽ തുറക്കപ്പെട്ടത്. സൗദിയിൽ രേഖകൾ ഇല്ലാതെ പിടക്കപ്പെട്ടാൽ നേരെ കൊണ്ടുപോകുന്നത് നാടുകടത്തൽ കേന്ദ്രങ്ങളിലേക്കാണ്. അത്തരക്കാരെ മതിയായ രേഖകൾ തയ്യാറാക്കി സർക്കാർ ചിലവിൽ നാട്ടിൽ എത്തിക്കുകയാണ് അന്നും ഇന്നും സൗദി സർക്കാർ നടപ്പാക്കുന്ന രീതി. അത്തരത്തിൽ സൗദി സർക്കാരിന്റെ ചിലവിൽ ശ്രീലങ്കൻ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഒരു തമിഴൻ പോലും വീട്ടിൽ എത്താറില്ല എന്ന ഞെട്ടിക്കുന്ന സത്യം ഞാൻ അവരിൽ നിന്ന് അറിഞ്ഞു.

എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന അവരുടെ എമിഗ്രേഷന്‍ രേഖകള്‍ പോലും പരിശോധിക്കാതെ, പാസ്പോര്‍ട്ടില്‍ മുദ്രപോലും വയ്ക്കാതെ, അങ്ങനെ ഒരു വ്യക്തി ആ വിമാനത്താവളത്തിൽ ഇറങ്ങി എന്ന രേഖകള്‍ പോലും വയ്ക്കാതെ ഇവരെ അജ്ഞാതകേന്ദ്രങ്ങളില്‍ എത്തിക്കുന്നു, പിന്നെ ഒരു ചോദ്യോത്തരങ്ങൾക്കും സമയം നൽകാതെ തോക്കിന് ഇരയാക്കുന്നു. സൗദിയിൽ നിന്ന് വിമാനം കയറിയ ഇവർ എവിടെ പോയി എന്ന് വീട്ടുകാര്‍ക്കോ, നാട്ടുകാര്‍ക്കോ, സുഹൃത്തുക്കള്‍ക്കോ മനസ്സിലാക്കാൻ കഴിയാതെ വെറും “കാണ്മാനില്ല” കോളങ്ങളില്‍ ഒതുങ്ങുന്ന വ്യക്തികള്‍ ആയി മാറുന്നു ഇവർ.

അതുകൊണ്ട് തന്നെ ശ്രീലങ്കന്‍ തമിഴര്‍ വിശ്വസിച്ചിരുന്നത് സൗദി പോലുള്ള ഒരു ദേശത്ത് ആയിട്ടുപോലും ജീവൻ സ്വശരീരത്തില്‍ ഉണ്ടന്ന ഉറപ്പെങ്കിലും ഉണ്ടല്ലോ, അതിനാൽ ഒരിക്കലും ഒരിടത്തും പ്രത്യക്ഷപ്പെടാതെ ഏതെങ്കിലും മരുഭൂമിയിൽ സന്താേഷത്തോടെ അല്ലങ്കിൽ കൂടി ആടിനെയോ ഒട്ടകത്തെയോ മേയ്ക്കാനുള്ള ജോലിയും ചെയ്ത് കഴിയാന്‍ തയ്യാറാണന്നായിരുന്നു.

ഭരണകൂട ഭീകരത എന്ന ദുർഭൂതത്തെ കുറിച്ച് സംസാരിക്കുമ്പോൾ ചിരിച്ച് തള്ളുന്ന അനുഭാവികൾക്ക് മുന്നിലേക്കാണ് ഞാൻ നേരിട്ടറിഞ്ഞ ഈ വസ്തുതകൾ നിരത്തുന്നത്. ഒരു രാജ്യം അത് എത്ര ജനാധിപത്യ സംവിധാനങ്ങൾ നിറഞ്ഞതാണങ്കിൽ കൂടി. ഭരണകൂടവും അതിനെ നയിക്കുന്നവരും അതിന്റെ മൂട് താങ്ങുന്ന പ്രധാന ബ്യൂറോക്രാറ്റുകളും, സേനാ സംവിധാനങ്ങളും, നിയമ നീതിന്യായ വ്യവസ്ഥയും ഒരേ പോയിന്റിൽ എത്തിയാൽ അല്ലങ്കിൽ ഒരേ ചിന്താഗതി ഉള്ളവരായാൽ അവിടെ അവർക്ക് അഭിമതരായവർക്ക് നീതികിട്ടും എന്നതിന് ഒരുറപ്പും ഉണ്ടാവില്ല. ശ്രീലങ്കയിൽ അത് സംഭവിക്കാമെങ്കിൽ ഹിറ്റ്ലറുടെ കാലത്ത് ജർമ്മനിയിൽ അത് സംഭവിക്കാമെങ്കിൽ കമ്യൂണിസ്റ്റ് ചൈനയിൽ അത് സംഭവിക്കാമെങ്കിൽ ലോകത്തിന്റെ ഏത് കോണിലും അത് സംഭവിക്കും എന്ന് ഉറപ്പാണ്.