വാസ്തുശാസ്ത്രം എന്നാൽ എന്താണ് ? ക്ഷുദ്രജീവികൾ അന്ധവിശ്വാസം തിരുകി കയറ്റിയതാണോ അത് വിമശിക്കപ്പെടാൻ കാരണം ?

147

Ajith Neervilakan

വാസ്തു ശാസ്ത്രത്തെ കുറിച്ച് അൽപ്പം സംസാരിക്കാം എന്നു കരുതിയാണ് ഈ പോസ്റ്റ്. അപ്പോൾ ഒരു ചോദ്യം വരാം “നിങ്ങൾ വാസ്തു ശാസ്ത്ര വിദഗ്ദനാണോ?” എന്ന്. തീർച്ചയായും ഞാൻ ഒരു വാസ്തു ശാസ്ത്ര വിദഗ്ദനല്ല, മറിച്ച് കഴിഞ്ഞ 25 വർഷമായി നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു സിവിൽ എൻജിനീയറാണ്, ഒപ്പം ഫാമിലി കൗൺസിലിംഗ് ടീമിനൊപ്പം പ്രവർത്തിച്ച പരിചയവും ഉണ്ട്. വാസ്തു ശാസ്ത്ര സംബന്ധമായ ധാരാളം ഗ്രന്ഥങ്ങൾ വായിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഈ കുറിപ്പ് എഴുതാനുള്ള ഉപാേത്ബലകമായി സൂചിപ്പിക്കുന്നു. വാസ്തു ശാസ്ത്രവും, ആധുനിക എൻജിനീയറിംഗും, ഫാമിലി കൗൺസിലിംഗും തമ്മിൽ എന്ത് ബന്ധം എന്ന് പുരികം ചുളിക്കാൻ വരട്ടെ. തീർച്ചയായും നമ്മുടെ സാധാരണ മലയാളി കുടുംബ പശ്ചാത്തലത്തിലേക്ക് കുറച്ച് കാര്യക്ഷമതയോടെ ഒന്ന് ഊളിയിട്ടാൽ ഇവ തമ്മിൽ അഭേദ്യ ബന്ധം ഉണ്ടന്ന് മനസ്സിലാക്കാം.

ആമുഖമായി തന്നെ പറയട്ടെ, വാസ്തു ശാസ്ത്രം എന്നത് സമ്പൂർണ്ണമായും ഒരു ശാസ്ത്രം മാത്രമാണ്, അതിൽ അന്ധവിശ്വാസത്തിന്റെ കണിക പോലും ഇല്ല. ഇന്നത്തെ അത്യാധുനിക എൻജിനീയറിംഗിന്റെ ഒരു പഴയ പതിപ്പ് മാത്രമാണ് വാസ്തു ശാസ്ത്രം. പുണ്യപുരാണ ഗ്രന്ഥങ്ങളുടെ രചനാ കാലഘട്ടത്തിന്റെ പരിധിയിൽ നിന്ന് ചിന്തിച്ചാൽ അതിൽ അൽപ്പം ദൈവീകത മനപ്പൂർവ്വമോ അല്ലാതെയോ കടന്നു കൂടി എന്ന് മാത്രം. വാസ്തു ശാസ്ത്രം പ്രധാനമായും നിഷ്കർഷിക്കുന്നത് പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന നിർമ്മാണ രീതിയാണ്. അതിൽ ഉപയോഗിക്കുന്ന വാക്കുകളിൽ അഗ്നി കോണും, ഈശാന കോണും, കന്നിമൂലയും ഗണപതിയും സരസ്വതിയും കടന്നു വന്നത് അത് എഴുതപ്പെട്ട കാലഘട്ടത്തിന്റെ ഒരു സാധാരണ വിഷയമാണന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ വാസ്തു ശാസ്ത്രത്തെ അന്ധവിശ്വാസത്തിന്റെ പിന്നാം പുറത്തേക്ക് പുറം കാലുകൊണ്ട് തട്ടുന്നവരെ കൊണ്ടു പോലും മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കും.

വാസ്തു ശാസ്ത്രത്തിൽ ഒരിടത്തും ഒരു വരി പോലും പണമുണ്ടാക്കാനുള്ള വഴികൾ പ്രതിപാദിക്കുന്നില്ല. പ്രധാന വാതിലിനു പുറകിൽ മണി കെട്ടിയാൽ, ബുദ്ധ പ്രതിമ വച്ചാൽ, ഗ്ലാസ് വച്ചാൽ ഒക്കെയും പണം ഒഴുകി വരും എന്ന് വാസ്തു ശാസ്ത്രത്തിൽ ഒരിടത്തും പറയുന്നില്ല. വാസ്തു ശാസ്ത്രത്തിൽ ഒരിടത്തും ഐശ്വര്യം വരാനുള്ള വഴികൾ ഉപദേശിക്കുന്നില്ല. പൂജ ചെയ്ത തകിടുകൾ വീടിനു ചുറ്റും കുഴിച്ചിട്ടാൽ സാത്താൻ കയറാതിരിക്കും എന്ന് പറയുന്നില്ല. ഇത്തരം അന്ധവിശ്വാസങ്ങളെ എല്ലാം വാസ്തു ശാസ്ത്രത്തിലേക്ക് തിരികി കയറ്റിയത് ഈ കാലഘട്ടത്തെ മറ്റു പല രീതികളിൽ മലീസമാക്കി അതിൽ നിന്നും ചോരയൂറ്റാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന അതേ ക്ഷുദ്രജീവികൾ തന്നെയാണ്.

ഫാമിലി കൗൺസിലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു എന്ന് മുകളിൽ സൂചിപ്പിച്ചതിന്റെ പ്രസക്തിയെ കുറിച്ച് പറയാം. പല കുടുംബങ്ങളിലെയും സാധാരണവും അസാധാരണവുമായിട്ടുള്ള വിഷയങ്ങളെ ശ്രവിക്കേണ്ടി വരുന്ന ഒട്ടുമിക്ക അവസരങ്ങളിലും പ്രബുദ്ധർ എന്ന് സ്വയം അവകാശപ്പെടുന്ന പലരിൽ നിന്നും, കലഹത്തിന്റെ മൂലകാരണമായി, പ്രധാന വില്ലനായി വാസ്തുവിനേയും, ജ്യോതിഷത്തേയും അവതരിപ്പിച്ച് കേൾക്കാനിടയായിട്ടുണ്ട്. കുടുംബാംഗങ്ങൾ തമ്മിൽ ഉണ്ടാകുന്ന സാധാരണ കലഹങ്ങളെ പോലും, നമ്മൾ മലയാളികൾ വീടിന്റെ നിർമ്മിതിയിലെ പ്രശ്നമായും, നക്ഷത്രത്തിന്റെ പ്രശ്നത്തിലേക്കും ചേർത്ത് കെട്ടി തങ്ങളുടെ ഈഗോയെ അതിവിദഗ്ദമായി മൂടിവയ്ക്കാൻ ശ്രമിക്കുന്നത് ധാരാളമായി കണ്ടിട്ടുണ്ട്. ഇത്തരം അവസരങ്ങളെ, ജ്യോതിഷവും, വാസ്തുവിദ്യയും ശാസ്ത്രമാണന്ന് മറച്ച് വച്ച് അന്ധവിശ്വാസങ്ങൾക്ക് വേണ്ടി ബോർഡ് വച്ചിരിക്കുന്നവർക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമത്തിന് നമ്മെ പ്രേരിപ്പിക്കുകയും, അവർ അതിനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി നേടാവുന്നതിന്റെ പരമാവധി നേടിയെടുക്കുകയും ചെയ്യും. എവിടെയും എങ്ങനെയും വീട് പണിയാം, വീട്ടിൽ താമസിക്കുന്നവർക്ക് ഒരുമയുണ്ടങ്കിൽ മാത്രം. ഒരു വീട്ടിലെ കലഹങ്ങൾക്ക് കാരണഹേതു ഒരിക്കലും ആ വീടിന്റെ സ്ഥാനമോ, കക്കൂസിന്റെ കന്നിമൂലയിലെ സാന്നിദ്ധ്യമോ അല്ല എന്നും മറിച്ച് കുടുംബാംഗങ്ങൾക്ക് ഇടയിലെ ഉള്ളിലെ പരസ്പര ധാരണയില്ലായ്മ മാത്രമാണന്ന് തിരിച്ചറിവ് ഉണ്ടാക്കുക മാത്രമാണ് പോംവഴി. വീട്ടീലെ പണമില്ലായ്മക്കോ പട്ടിണിക്കോ കാരണം നിങ്ങളുടെ ജീവിതത്തിന്റെ പ്ലാനിംഗിലുള്ള ക്രമക്കേടോ, അല്ലങ്കിൽ നിങ്ങളുടെ കഴിവുകേടോ ആണന്ന തിരിച്ചറിവുണ്ടാകട്ടെ, അതിന് വീടിന്റെ ജനലോ കതകോ മാറ്റി വച്ചാൽ പരിഹാരമായി എന്ന വിഡ്ഢിത്തത്തിൽ വിശ്വസിക്കാതിരിക്കാനുള്ള പ്രബുദ്ധതയെങ്കിലും ഉണ്ടാവട്ടെ.

വാസ്തു സംബന്ധിയായ പലകാര്യങ്ങളിൽ ഏവരും ചോദിക്കുന്ന ഏറ്റവും രസകരമായ ഒരു ചോദ്യത്തിന്റെ ഒരു വസ്തുത പറയാം. ഭാരതീയ വാസ്തു ശാസ്ത്രത്തിൽ വീടിനുള്ളിൽ കക്കൂസ് എന്ന സങ്കൽപ്പമേയില്ല, എന്തിന് കക്കൂസ് എന്ന സങ്കൽപ്പം തന്നെയില്ല. പിന്നെയെങ്ങനെ വാസ്തു ശാസ്ത്ര പ്രകാരം കക്കൂസിന്റെ സ്ഥാനം നിർണയിക്കാൻ കഴിയും എന്നത് ചിന്തനീയം. കാലാനുസൃതമായ കഴിവും കഴിവുകേടും മറ്റെല്ലാ പുണ്യപുരാണങ്ങളിലേത് എന്നത് പോലെ വാസ്തു ശാസ്ത്രത്തേയും ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയാൽ അമിതമായ അന്ധവിശ്വാസങ്ങളിലേക്ക് പോകാതിരിക്കാൻ കഴിയും. ഉത്തമയായ കലഹങ്ങളില്ലാത്ത ഒരു കുടുംബ ജീവിതം നയിക്കുന്നിടത്ത് കിടപ്പുമുറിയുടെ സ്ഥാനമോ, കക്കൂസിന്റെ സ്ഥാനമോ ഒരിക്കലും ഒരു പ്രശ്നമാകില്ല എന്നതിന് ധാരാളം ഉദാഹരണങ്ങൾ ഉണ്ട്.

വാസ്തു സംസാരിക്കുന്നത് ഇത്രമാത്രം. വീട് പണിതാൽ അത് പ്രകൃതിയോട് ഇഴുകി ചേർന്നിട്ടുള്ള ഒരു നിർമ്മിതിയായിരിക്കണം. വാസ്തു നിങ്ങൾക്ക് ആരോഗ്യപരമായ സാഹചര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. തികച്ചും ആരോഗ്യ പരമായ ഒരു ജീവിത പരിസരം ഒരുവനിൽ സന്താേഷമുള്ള, ഊർജ്ജസ്വലമായ വളെരെ പോസിറ്റീവായ, ചിന്താശേഷിയുള്ള ക്രയവിക്രയങ്ങൾ മാത്രമേ ഉണ്ടാകു എന്ന് ആധുനിക ശാസ്ത്രം പറയുന്നു, അത് തന്നെയാണ് അൽപ്പം പിന്നിലേക്ക് നടന്നാൽ വാസ്തു ശാസ്ത്രവും പറഞ്ഞ് വച്ചിരിക്കുന്നത്. നമ്മുക്ക് പ്രകൃതിയോട് ഇണങ്ങി ജീവിക്കാം, അതിന് വാസ്തു ശാസ്ത്രം നിങ്ങൾക്ക് വഴികാട്ടിയാവട്ടെ. വീടിനുള്ളിൽ നിങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ സംഭവിക്കുന്ന മറ്റൊന്നിനും ഉത്തരവാദി വാസ്തു ശാസ്ത്രമല്ല.