നിലവിൽ കൊറോണയാണ് മാസ്റ്റർ, അതോർത്തു കളിച്ചാൽ നാടിന് നല്ലത്

53

നിലവിൽ കൊറോണയാണ് മാസ്റ്റർ . അതോർത്തു കളിച്ചാൽ നാടിന് നല്ലത്. അടച്ചിട്ട എസി മുറികളിൽ രണ്ട് രണ്ടര മണിക്കൂർ ജനമിരിക്കുന്നത് സേഫ് ആയ കാര്യമാണോ എന്ന ആശങ്കയുണ്ട്. തീയേറ്റർ തുറക്കാറായോ നമ്മൾ ? പോകുന്ന കൊറോണയെ കൈയ്യടിച്ച് തിരിച്ച് വിളിച്ച് നോട്ടുമാലയിട്ട് സ്വീകരിക്കുന്ന പ്രവൃത്തികൾ വേണോ ?

എൻ.കെ.അജിത്ത് ആനാരി

പ്രജ്ഞയറ്റ മലയാളി പ്രേക്ഷകർ….

രാജ്യവും ലോകവും മഹാമാരിക്കെതിരെ പൊരുതുന്നത് ഇവർക്ക് ബാധകമല്ല! ഇവർ തിരികെ വീട്ടിലെത്തുമ്പോൾ കൊണ്ടുപോകുന്ന രോഗാണു സ്വന്തം വീട്ടിൽ എത്ര പേർക്കു പിടിപെടും എന്നുള്ള ഭയമിവർക്കില്ലാത്തത് നികുതിപ്പണത്തിൽ നിന്നും, സർക്കാർ കടം വാങ്ങുന്നതിൽ നിന്നും സൗജന്യ ചികിത്സയും കിറ്റും കിട്ടുന്നതിനാലാണ്. സിനിമാ പ്രവർത്തകർ, കവികൾ, ഗായകർ, സാമൂഹ്യ പ്രവർത്തകർ ഇവരൊക്കെ കോവിഡ് വന്നു മരിച്ചത് ഇവരുടെ സ്മൃതിയിലില്ല,എല്ലാം കഴിഞ്ഞു രോഗഗ്രസ്തരായി മലർന്നു കിടക്കുമ്പോൾ ശുശ്രൂഷിക്കാനെത്തുന്ന മുലകുടിക്കുന്ന കുഞ്ഞുങ്ങളുള്ള നഴ്സുമ്മാരെ, അവരുടെ ജീവിതങ്ങളെ, ഡോക്ടേഴ്സ് അവരുടെ കുടുംബങ്ങളെ, ആശുപത്രികളിലെ ക്ലീനിംഗ് ജോലിക്കാർ അവരുടെ കുടുംബങ്ങളെ ഒന്നും ഇവർക്ക് ഓർക്കാനും വേവലാതിപ്പെടാനുമില്ല!

ആരോ എഴുതിക്കൊടുക്കുന്ന തിരനാടകങ്ങൾക്ക് ഭാവഹാവാദികൾ പകർന്ന് തിരശ്ശീലയിലെത്തിക്കുന്ന നായക ശിങ്കങ്ങൾ കോടികൾ വാങ്ങി വീട്ടിലിരിക്കേ, കൊറോണ വന്നാൽ അയൽവിലക്കും,പ്രഖ്യാപിത അസ്പൃശ്യതയും അനുഭവിക്കേണ്ടി വരുന്ന സാധാരണ കുടുംബത്തിലെ ദരിദ്രസ്റ്റേറ്റിലെ പ്രജയായ പ്രിയപ്പെട്ട ഫാൻസ് പ്രവർത്തകരേ, അറിഞ്ഞു കൊണ്ടീ സമൂഹത്തിൻ്റെ തലയിൽ നിങ്ങൾ തീ കോരിയിടുകയാണെന്ന് എങ്ങനെയാണ് നിങ്ങളെ മനസിലാക്കിത്തരേണ്ടത്?കോവിഡ് സേവനത്തിനിടെ മരണപ്പെട്ട പോലീസുകാരെ, ആരോഗ്യ പ്രവർത്തകരെ, അതിനായി ഇന്നും അഹോരാത്രം യത്നിക്കുന്ന സർക്കാർ സിസ്റ്റങ്ങളെ, ശാസ്ത്രജ്ഞരെ, എന്തിനേറെ ഈ രാഷ്ട്രത്തെത്തന്നെ നാണം കെടുത്തുകയാണ് നിങ്ങൾ, അഭ്യസ്തവിദ്യരായ നിങ്ങൾ ! ഹാ കഷ്ടം!