“ഇവിടെ ഇങ്ങനൊക്കെയാണ് ഭായ്”

2700

എൻ.കെ അജിത് ആനാരി

“ഇവിടെ ഇങ്ങനൊക്കെയാണ് ഭായ്”

രാവിലെ ഇറങ്ങുമ്പോൾ പതിവില്ലാതെ ഒരു എക്സ്ട്രാ ടീ ഷർട്ടുകൂടി ബാഗിൽ വയ്ക്കുന്നതു കണ്ട് ഭാര്യയുടെ ചോദ്യം

” അതെന്തിനാ അജീ എടുത്തു വയ്ക്കുന്നത്? ”

മഴയല്ലേടീ, നനഞ്ഞാൽ വേണ്ടിവന്നാൽ ഉപയോഗിക്കാമെല്ലോ?

അവളറിയുന്നുണ്ടോ ശക്തമായൊരു അടി പ്രതീക്ഷിച്ചാ അവളുടെ ആമ്പ്രന്നോൻ ഇതു ചെയ്യുന്നതെന്ന്?

ഹ ഹ ഇപ്പോ നിങ്ങൾക്കും തോന്നിക്കാണും ഇതിയാൻ എന്തായീപ്പറഞ്ഞു വരുന്നതെന്ന്.

അതെ, നമ്മുടെ ലോക്കൽ ട്രെയിന്റെ കാര്യം തെന്നെ.

കാലത്ത് വീട്ടിൽ നിന്നും ദൈവത്തെ സ്മരിച്ചാണ് ഇറങ്ങുക. ദൈവമേ തിക്കിലും തിരക്കിലും ആരുമായും ഒന്നും ഉണ്ടാകരുതേ എന്നു പ്രത്യേകം പ്രാർത്ഥിക്കും. ചിലപ്പോൾ ദൈവം പ്രാർത്ഥന കേൾക്കാതിരിക്കുകയോ, നമ്മുടെ ആർക്കും പെട്ടന്ന് കീഴടങ്ങാത്ത ആത്മധൈര്യം അധികരിക്കുന്നതോ എന്തായാലും, വഴക്കുണ്ടായിപ്പോകാറുണ്ട്.

വഴക്ക് എന്നാൽ എന്താണ്.?
നമ്മുടെ വാദഗതിയെ അംഗീകരിക്കാത്തവൻ നമ്മളെ “വഴക്കിയെടുക്കാൻ ” നോക്കുന്ന പ്രക്രിയയ ആണെല്ലോ വഴക്ക് ! വാക്കിൽത്തോക്കുന്നവർ ഊക്കാൽ പരിശ്രമിക്കും.ഊക്ക് വിജയിച്ചാൽ വാക്കിൽ ജയിച്ചവൻ തോറ്റു പോകാം. അങ്ങനെയൊരു ശ്രമം വെള്ളിയാഴ്ച എനിക്കുനേരെയും ഉണ്ടായി. ഇതിപ്പോൾ ആദ്യമായിട്ടൊന്നുമല്ല എന്നു പ്രത്യേകം പറഞ്ഞു കൊളളട്ടെ.

ലോക്കൽ ട്രെയിനിലെ ഏറ്റവും അപകടം പിടിച്ച സംഗതിയാണ് ഗ്രൂപ്പുകൾ. അവർ ഒറ്റയ്ക്കു വരുന്നവരെ. അനങ്ങാൻ പറ്റാത്തവിധം പ്രവർത്തിക്കും. എങ്ങാനും മിണ്ടിയെന്നാൽ കഴുതപ്പുലികളെപ്പോലെ ആക്രമിക്കും. അവരാകട്ടെ എത്ര തിരക്കിലും നാമം ജപിച്ചും, തമ്മിൽ ഇടിച്ചും കളിച്ചും, മറ്റാരെയും കയറ്റാതെ കൂട്ടുകാരെ മാറിമാറി മടിയിലുരുത്തിയുമൊക്കെയാത്രതുടരും.

24- വർഷമായി ഈ കാര്യത്തിൽ ഞാനേകനാണ്. ഒരിക്കൽ വീരാറിൽ തമസ്സിച്ചിരുന്ന കാലത്ത് കുറെ മലയാളികളെ കണ്ട് അവരുടെ അടുത്തുനിന്നു യാത്ര ചെയ്യാൻ ശ്രമിച്ചു. മുഴുവനും പാലക്കാട് തൃശൂർ ഭാഗത്തുള്ള, നായർ, മേനോൻ, നമ്പൂതിരിമാർ. അവരുടെ ചർച്ചകൾ എങ്ങനെ ചെന്നാലും ജാതീയമായ അവഹേളനത്തിൽ ചെന്നെത്തും. അവരുടെ അടുത്ത് നിന്ന മൂന്നാം ദിവസം ഒരാൾ എന്നോട് പേരു ചോദിച്ചു. ഞാൻ പറഞ്ഞു അജിത്.
കൂട്ടത്തിലുള്ള സൂരജ് മേനോൻ ചോദിച്ചു അജിത്?
അതെ അജിത്…
അല്ല അതിന് മുന്നിലും പിന്നിലും ഒന്നുമില്ലേടേയ്? മധു നായർ എന്ന നല്ലസൊപ്പാറ- -വീരാർ ഡി.വൈ.എഫ്.ഐ യുടെ അന്നത്തെ നേതാവ് ചോദിച്ചതും കൂട്ടച്ചിരിയുയർന്നു.
” അജിത് പുലയൻ ” എടുത്ത വായിൽ ഞാൻ പറഞ്ഞതും ഇവരുടെ ചിരി നിന്നതും ഒരിമിച്ചായിരുന്നു. അവർ എന്നെ അടിമുടി ഉഴിഞ്ഞു നോക്കി. അക്കൂട്ടത്തിൽ ആർ.എസ്.എസ് കാരുണ്ട്, കോൺഗ്രസ്സ് കാരുണ്ട്, സീ.പി.എം.കാരുണ്ട്. എല്ലാവർക്കും മഖത്ത് ഒരേ ഭാവം ഇവനിത്രയ്ക്ക് അഹങ്കാരിയോ? പിന്നെ പുച്ഛവും.

ആട്ടെ എവിടാ നീ പണി ചെയ്യുന്നത്? ഒരു പപ്പൻ മേനോൻ ചോദിച്ചു.

മുംബൈ സ്റ്റോക്കെക്സേഞ്ചിൽ ഒരു ഷെയർ & ബ്രോക്കർ ഓഫീസിലാണ് , ഫോർട്ടിൽ ഞാൻ പറഞ്ഞു.

ഹല്ല, ഞങ്ങടെ മേഘലയിലൊക്കെ നിങ്ങളും എത്തിത്തുടങ്ങിയോ? കൂട്ടത്തിലുണ്ടായിരുന്ന ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി ചെയ്തിരുന്ന നാരായണൻ നമ്പൂതിരി (പേരിപ്പോൾ മറന്നു ) വക ഫലിതം കേട്ട് മുഴുവൻ പേരും ചിരിച്ചു. സിംഹങ്ങളുടെ മുന്നിലകപ്പെട്ട കുഞ്ഞാടിനെപ്പോലെ പകച്ചുപോയി ഞാൻ.

തികട്ടിവന്ന ദേഷ്യം പാരമ്യത്തിലെത്തവേ ഞാൻ ചോദിച്ചു ” നിങ്ങടെ അപ്പൂപ്പന് സ്റ്റോക് എക്സേഞ്ചിൽ ” എടുത്തു കൊടുപ്പായിരുന്നോ ജോലി? 1985 ൽ അല്ലേ കൊച്ചിയിൽ സ്റ്റോക്എക്സേഞ്ച് തുടങ്ങിയത്,? ഏകദേശ ഊഹം വച്ച് ഞാൻ തിരിച്ചു ചോദിച്ചു.

ഉത്തരംമുട്ടി ചമ്മിപ്പോയ നമ്പൂതിരി താടിതടവിക്കൊണ്ടിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ നടക്കുന്ന ചർച്ചകൾ അവരുടെയൊക്കെ വീടുകളിൽ പണിയെടുക്കുന്ന ” ചെറുമന്റെയും, കണക്കന്റെയും, ചിലപ്പോഴൊക്കെ തീയ്യരേയും, അവരുടെ കാര്യങ്ങളുമായി.

ഇതൊക്കെക്കേട്ട് കൈയിലുള്ള മലയാള മനോരമയിൽ മുഖം പൂഴ്ത്തി ഞാൻ നിശബ്ദനായി അവരുടെ ഇടയിൽ നിന്നു. അന്ധേരി എത്തുമ്പോൾ എന്റെ പിറകിൽ നില്ക്കുന്നവർക്ക് അവർ സീറ്റൊഴിഞ്ഞു കൊടുക്കും. അപ്പോൾ നിരയിൽ മുമ്പിലാകുന്ന എനിക്കായി അവർ സീറ്റ് തന്നതേയില്ല. പിന്നെയോ എഴുന്നേല്ക്കുന്നവർ എന്റെ പിറകിൽ നിന്ന് ചെറിയ രീതിയിൽ തള്ളാൻ തുടങ്ങി. അങ്ങനെ മാക്സിമം എന്നെ ദ്രോഹിച്ചു അവർ. ഏഴു പേരുള്ള അവരോട് എതിർക്കുന്നത് പന്തിയല്ല എന്നു കണ്ട ഞാൻ മാക്സിമം പിടിച്ചു നിന്നു.. എന്നാൽ ഇവരെ ഭയന്ന് ഇവിടം വിട്ടു പോകില്ല എന്നുറപ്പിച്ചുതന്നെ.

അങ്ങനെയിരിക്കെ അതിൽ ഒരാൾ എന്നോട് ഒരു ചോദ്യം. അയാളാവട്ടെ ഒരു തൃശൂർക്കാരൻ ക്രിസ്ത്യാനി ജോസഫ്. നല്ല താടിയുണ്ട് അയാൾക്ക്. ” അംബേദ്കർ കാണിച്ചത് എന്തായാലും ശരിയായില്ല, അയാൾ രണ്ടാമത് കല്യാണം കഴിച്ചത് ശരിയായോ മിസ്റ്റർ അജിത് പുലയൻ ?”
അംബേദ്കറിസത്തെപ്പറ്റിയോ അംബേദ്കറെപ്പറ്റിയോ അധികമൊന്നും അറിയാത്ത ഞാൻ ഒഴിഞ്ഞുമാറാനായി പറഞ്ഞു ” എന്റെ നേതാവ് അയ്യൻകാളിയാ, അംബേദ്കർ എന്തു ചെയ്തു എന്നെനിക്കറിയില്ല എന്ന്. ” ഒരു കാര്യം എനിക്കറിയാം യാക്കോബ് ചെയ്തത് ശരിയായില്ല, അച്ഛനെ കബളിപ്പിച്ച് ജ്യേഷ്ഠാവകാശം അടിച്ചു മാറ്റിയത് ശരിയായോ ജോസഫ്, ?

ജോസഫിന് ദേഷ്യം ഇരച്ചു.
എടാ , ഇവിടെ കിടന്നു വിളഞ്ഞാൽ നീ അടിമേടിച്ചു ചുരുളും പറഞ്ഞേക്കാം, ജോസഫ് ഉറക്കെപ്പറഞ്ഞു കൊണ്ട് എഴുന്നേറ്റു.
ഇരിക്കെടാ അവിടെ, ഞാൻ അലറി, എന്നെ അടിക്കാൻ വേണ്ടി , അതു മാത്രമല്ല, അവരുടെ ഇടയിൽ നിന്നും എന്നെ തുരത്താൻ വേണ്ടി കരുവാക്കപ്പെട്ട ജോസഫിനോടായി സർവ്വ ശക്തിയുമെടുത്ത് ഞാൻ അലറി.

“എന്തെടാ തായ്ളി ” എന്നു തനത് തൃശ്ശൂർ സ്ലാംഗിൽ ചേദിച്ചു കൊണ്ട് ജോസഫ് എന്നെ ഇടിച്ചു. നാട്ടിൽ ആയിരുന്ന കാലത്ത് കേരള ദലിത് പാന്തേഴ്സിൽ അംഗമായിരുന്ന ഞാൻ ആ സമയത്ത് കുങ്ഫുവും, പിന്നെ അമ്മാവനും വലച്ഛനും പഠിപ്പിച്ചു തന്ന നാടനും വശമുണ്ടായിരുന്ന ഞാൻ ജോസഫിന്റെ അടി കൃത്യമായി ഒഴിഞ്ഞ് ശക്തമായി പ്രഹരിച്ചു. ഒറ്റയടിക്ക് ജോസഫിന്റെ കണ്ണും തലയും കറങ്ങി. അയാൾ വേച്ച് മറിഞ്ഞതും മറ്റ് ഏഴു പേരും എനിക്കെതിരെ എണീറ്റു.

പെട്ടന്നാണ് ഞാൻ വെട്ടിത്തിരിഞ്ഞ് മധുനായർ പിടിച്ചിരുന്ന ബ്രീഫ് കെയ്സ് കൈക്കലാക്കിയതും ട്രെയിനിന്റെ മൂലയിൽ നിലയുറപ്പിച്ച് ശക്തമായി അതു ചുഴറ്റിയിച്ചതും. ബ്രീഫ് കെയ്സുകൊണ്ടുള്ള അടിയേറ്റ് നില്ക്കക്കള്ളിയില്ലാതെ അവർ സീറ്റിന് പുറത്തേക്കു നീങ്ങി. ഇതിനിടെ എന്താ എന്താ എന്ന് മാറാഠിയിൽ തിരക്കിയവരോട് അവരിൽ ചിലർ ഈ ദലിത് ഞങ്ങളെ ആക്രമിക്കുന്നു എന്നുറക്കെപ്പറയുന്നുമുണ്ടായിരുന്നു. എന്തായാലും ഞാൻ അടി തുടർന്നു.. കൂട്ടത്തിൽ ജോസഫിന്റെ താടി എന്റെ കൈയിലെത്തി.. അതു കെട്ടിപ്പിടിച്ച് തെരുതെരെ ഇടിച്ചു ഞാൽ . അവിടിവിടെയായി ഒന്നു രണ്ട് അടി എനിക്കും കിട്ടി. നിങ്ങളിൽ ഒരാളേ കൊണ്ടേ ഞാൻ പോകൂ എന്ന നിശ്ചയദാർഢ്യത്തോടെ അടിച്ച എന്റെ മുന്നിൽ അവന്മാർ തേറ്റുപിന്മാറി.

നാളെ ഈ സീറ്റിൽ കണ്ടാൽ നിന്നെയൊക്കെ കാണിച്ചു തരാമെടാ എന്ന അമറലോടെ ഞാൻ അടി നിർത്തുമ്പോൾ, ഞങ്ങളിൽ പലരിലും ചോര കിനിഞ്ഞു തുടങ്ങിയിരുന്നു. പിറ്റേ ദിവസവും ഞാനവിടെത്തന്നെ സീറ്റുപിടിച്ചു. അടി പേടിച്ചാണെന്നു തോന്നി, അവന്മാർ പിന്നെ ആ സീറ്റിൽ വന്നില്ല. അവിടെ എന്റെ അദ്യാസം കണ്ട മറാഠികൾക്ക് ഞാൻ പിന്നെ ഗ്രൂപ്പ് ലീഡറായത് ചരിത്രം.

അന്നുമുതൽ ഞാൻ ഇന്നുവരെ ഞാൻ ഈ 24 വർഷമായി, മലയാളികൾ ഇരിക്കുന്നിടത്ത് പോകാറില്ല, അവരുടെ സാഹിത്യ സംഘങ്ങളിലോ, മലയാളി സംഘടനകളിലോ അംഗത്വമെടുക്കാറില്ല.. ഒറ്റ എന്നു പറഞ്ഞാൽ തികച്ചും ഒറ്റയാൻ

അങ്ങനെയുള്ള എന്നെ കഴിഞ്ഞ വെള്ളിയാഴ്ച ഒരാൾ തെറി വിളിച്ചു. നല്ല തിരക്കിനിടയിൽ. ഉല്ലാസ് നഗറിൽ നിന്നും വരുന്ന ഒരു സിന്ധി. അളിഞ്ഞ തെറി, അമ്മയ്ക്കും പെങ്ങൾക്കും . ദൈവവഴിയേ സഞ്ചരിക്കാൻ തുടങ്ങിയ ഞാനിപ്പോൾ കഴിവതും ഒഴിഞ്ഞു മാറും. എന്നിട്ടും ആ ഖടഖടിയൻ എന്നെ വിട്ടില്ല. മറുത്തു പറഞ്ഞ എന്നെ അടിച്ചു.പിന്നെ ഞാൻ ജോസി വാഗമറ്റം കഥാപാത്രമായി. ശരിക്ക് അടിച്ചു. അടികൊള്ളാൻ തുടങ്ങിയ അവൻ അലറിക്കരയുന്നതു വരെഅടിച്ചു. ജയ് ഹനുമാൻ രീതിയിൽ അലറിയ എന്റെ ഒച്ച ഇതുവരെ നേരെയായില്ല.

ഇത്തരം അടികളിൽ ഗ്യാങ്ങ് വാർ ഉറപ്പാണ്.’ ഇന്നവൻ ആളുകൂട്ടി വരാൻ സാധ്യത ഏറെയാണ്. ചോപ്പർ ഉപയോഗിച്ച് വരഞ്ഞ് വിടും അവർ, അതാണ് സിന്ധികളുടെ രീതി. ഞാൻ അതിനായി ആണ് ടീ ഷർട്ട് പ്രത്യേകം കരുതിയത് എന്ന് എന്റെ ഭാര്യക്കറിയില്ല. ഏതായാലും അവൻ വന്നില്ല, ഭയന്നു പോയിക്കാണും , രണ്ടു ദിവസം കൂടി കരുതൽ വേണം.

ഒരുച്ചാൺ വയറിനായി, ഉറ്റവരൂടെ നന്മക്കായി ഏകനായി സഞ്ചരിക്കുന്ന എനിക്ക് ദൈവവും ആത്മധൈര്യവും മാത്രമാണ് കൂട്ട് . മോഹൻ ലാലാൽ പറയുന്ന പോലെ, ഒടുവിൽ ഏതെങ്കിലും, ട്രാക്കിലോ, ട്രെയിനിലോ ഈച്ചയാലിക്കിടക്കുന്ന അനാഥശവമാകുന്നതുവരെ തുടരുന്നയാത്ര.
അതെ, ഇതു മുംബൈ , ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായ്…, ആരുമില്ലാത്തവരുടെ ജീവതങ്ങൾ !

എൻ.കെ. അജിത് ആനാരി