കേരളത്തിലെ സർക്കാരോഫീസിൽ ഒരു കർഷകൻ വന്നാൽ അന്നദാതാവേ സ്വാഗതമെന്നു പറഞ്ഞു സ്വീകരിച്ചിരുത്തും

0
96

Ajith Sudevan

കേരളത്തിലെ സർക്കാരും, സമൂഹവും കർഷകരെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും എങ്ങനെയാണ് എന്ന് മോദി, എത്രയും വേഗം കേരളത്തിലേക്ക് ഒര് സമിതിയെ അയച്ചു മനസിലാക്കേണ്ടതും, അതിന് അനുസരിച്ചു പുതിയ കാർഷിക നയം പൊളിച്ചെഴുതേണ്ടതും ആണ്.കേരളത്തിലെ ഒര് സർക്കാർ ഓഫീസിലേക്ക് ഒര് കർഷകൻ ചെന്നാൽ, പാടത്തെ കർഷകാ അന്നദാതാവേ അവിടുത്തേക്ക് സ്വാഗതം എന്നും പറഞ്ഞു ഉദ്യോഗസ്ഥർ എല്ലാരും കൂടി അദ്ദേഹത്തെ സ്വീകരിക്കും. അദ്ദേഹത്തിന്റെ ആവിശ്യം എന്താണോ അത് സാധിച്ചു കൊടുത്തിട്ട് മാത്രമേ, പ്രസ്തുത ഉദ്യോഗസ്ഥർ മറ്റ് കാര്യങ്ങൾ ചെയ്യൂ.

ഇനി ഏതേലും കാരണത്താൽ തങ്ങളുടെ അന്നദാതാവിന്റെ അപേക്ഷ അന്ന് തീർപ്പാക്കാൻ പറ്റിയില്ലെങ്കിൽ, അത് തീർപ്പ് ആക്കിയതിന്റെ രസീത് വീട്ടിൽ കൊണ്ടുക്കൊടുക്കും. അല്ലാതെ വീണ്ടും ഒരിക്കൽ കൂടി തങ്ങളുടെ അന്നദാതാവിനെ, ഓഫീസിലേക്ക് വരുത്തി കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കില്ല.ഇനി ബസിലോ മറ്റോ ഒര് കർഷകൻ കയറിയാൽ, അദ്ദേഹത്തിന് സീറ്റ് കൊടുക്കാൻ ആളുകൾ തമ്മിൽ മത്സരമാണ്. കാരണം കർഷകൻ ഇല്ലെങ്കിൽ അന്നം ഇല്ല. അന്നം ഇല്ലെങ്കിൽ ജീവൻ ഇല്ല. ഈ ബോധം കേരളത്തിലെ എല്ലാ ജനങ്ങൾക്കും ഉണ്ട്. അതിനാൽ തന്നെ തന്റെ മകൻ ഡോക്ടറോ, എഞ്ചിനിയറോ, അധ്യാപകനോ ആക്കുന്നതിനേക്കാൾ ഒര് കർഷകൻ ആയി കാണാനാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്.

പ്രസ്തുത കാരണത്താൽ ഒര് വശത്ത് കേരളത്തിലെ മെഡിസിൻ സീറ്റുകൾ ആർക്കും വേണ്ടാതെ കിടക്കുമ്പോൾ, മറുവശത്ത് ഒര് കോടിയൊക്കെ കോഴ കൊടുത്താണ് കാർഷിക കോഴ്‌സുകൾക്ക് മലയാളി പോകുന്നത്. അരക്കോടിയൊക്കെ കോഴ കൊടുത്താണ് കാർഷിക ജോലികൾ ഒര് ശരാശരി മലയാളി സ്വന്തം ആക്കുന്നത്. അധ്യാപക ജോലിയൊന്നും ചെയ്യാൻ ആർക്കും താൽപ്പര്യം ഇല്ലാത്തതിനാൽ അവയൊക്കെ അന്യസംസ്ഥാന തൊഴിലാളികൾ ആണ് ചെയ്യുന്നത്. കേരളത്തിലെ കാർഷിക കോളേജുകളിൽ ആവിശ്യത്തിന് സീറ്റ് ഇല്ലാത്തതിനാൽ 10000 ത്തോളം ആൾക്കാർ ചൈനയിൽ പോയി കാർഷിക കോഴ്സ് പഠിക്കുന്നു.

കേരളത്തിലെ സർക്കാരും കർഷക സ്നേഹത്തിൽ ഒട്ടും പിന്നിൽ അല്ല. രാജ്യത്തെ ഏറ്റവും ഉയർന്ന താങ്ങ് വില നെല്ലിന് നൽകുന്ന കേരള സർക്കാർ, വിളവെടുപ്പിന് ഒരാഴച്ച മുമ്പ് തന്നെ കൊയ്ത്തു യന്ത്രം അടക്കം ഉള്ള സജീകരണങ്ങളുമായി വരമ്പത്ത് ചെന്ന് കാത്തിരിക്കാൻ ആളെ ഏർപ്പെടുത്തും. എന്നിട്ട് തങ്ങളുടെ അന്നദാതാവിന്റെ അനുമതിയോടെ വിളവ് എടുത്തു വില അപ്പോൾ തന്നെ അന്നദാതാവിന് നൽകും. വിള നാശം ഉണ്ടായാൽ ബന്ധപ്പെട്ട അധികാരി തങ്ങളുടെ അന്നദാതാവിന്റെ വീട്ടിൽ ചെന്ന് ബന്ധപ്പെട്ട ഫോമുകൾ പൂരിപ്പിച്ചു പരമാവധി 10 ദിവസത്തിന് ഉള്ളിൽ നഷ്ടപരിഹാരം നൽകും.ഇങ്ങനെയൊക്കെയാണ് കേരളം ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിച്ചത്. സംശയം ഉള്ളവർ സാമൂഹിക മാധ്യമങ്ങളിൽ മലയാളി പങ്ക് വയ്ക്കുന്ന കർഷക സ്നേഹ പോസ്റ്റുകൾ വായിക്കുക.