കണക്കിലെ കളികളും ആവിയാകുന്ന ആരോപണങ്ങളും

106
Ajith Sudevan
കണക്കിലെ കളികളും ആവിയാകുന്ന ആരോപണങ്ങളും
കഴിഞ്ഞ കുറച്ചു കാലമായി നാട്ടിൽ ഒരുമാതിരി പെട്ട എന്ത് വലിയ പദ്ധതി നടപ്പാക്കിയാലും അതുമായി ബന്ധപെട്ട് കോടികളുടെ അഴിമതി ആരോപണം ഉന്നയിക്കുന്ന ഒര് CAG റിപോട്ടും കുറെ കേസുകളും ഉണ്ടാകും. എന്നാൽ ഇവയിൽ മിക്ക കേസുകളും കണക്കിലെ ചില കളികൾ മൂലം ആത്യന്തികമായി കോടതിയിൽ തള്ളിപ്പോകുകയോ അല്ലെങ്കിൽ പ്രസ്തുത കേസുകൾ ആനന്ദമായി നീണ്ടുപോകുകയോ ചെയ്യുകയാണ് പതിവ്. അതും അല്ല എങ്കിൽ അധികാരി നിയമ വിദഗ്ദ്ധനോ സാമ്പത്തിക വിദഗ്ദ്ധനോ അല്ല എന്ന സാങ്കേതിക വാദം ഉയർത്തി ഇപ്പോളത്തെ ലാവലിൻ കേസ് പോലെ കുറ്റം ഏതാനം ഉദ്യോഗസ്ഥരുടെ മുകളിൽ മാത്രമായി ഒതുങ്ങുകയോ ആണ് പതിവ്.
ഫലത്തിൽ അഴിമതി ആരോപണം ഉന്നയിക്കുന്ന ഓരൊ CAG റിപ്പോട്ടുകളും അതുമായി ബന്ധപ്പെട്ടുവരുന്ന കേസുകളും വിചാരണ എന്ന പേരിൽ കോടതികളുടെ കുറച്ചു സമയവും, അന്വേഷണം എന്ന പേരിൽ നികുതി ദായകരുടെ കുറെ പണവും പാഴാകുന്നതിനും മാത്രമേ ഉപകരിക്കുന്നുള്ളൂ എന്ന് മനസിലാക്കാൻ പറ്റും. അത് മാത്രമല്ല ജനങ്ങൾക്കു ജനാധിപത്യ സംവിധാനത്തിലും, ഒപ്പം അധികാരികളിലും ഉള്ള വിശ്വാസം നക്ഷ്ടപെടുത്തുന്നതിനും ഇത്തരം കേസുകൾ കാരണമാകുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ CAG എന്ന സംവിധാനത്തെ കാലാനുസൃതമായി പരിഷ്കരിക്കാത്തത് കൊണ്ട് എന്നാണ് ഉത്തരം. ആധുനിക അക്കൗണ്ടിംഗ് രീതിയായ IFRS ഇന്ത്യയിലും നടപ്പാക്കിയാൽ ഇതിന് ഒര് പരിധിവരെ പരിഹാരം ആകും. കാരണം മായികമായ ട്രെൻഡ് അനാലിസിസ് അല്ല മറിച്ചു് മാന്യവും സാമാന്യയുക്തിക്ക് നിരക്കുന്നതുമായ ഫെയർ വ്യൂ അനാലിസിസ് ആണ് IFRS സംവിധാനത്തിൽ ഒര് പദ്ധതിയുടെ ലാഭനക്ഷ്ടങ്ങൾ കണക്കാക്കാൻ ഉപയോഗിക്കുന്നത് അതിനാൽ അത് യാഥാർഥ്യ ബോധം ഉള്ള റിപ്പോട്ടുകൾ നൽകും.
എന്താണ് മായികമായ ട്രെൻഡ് അനാലിസിസും മാന്യമായ ഫെയർ വ്യൂ അനാലിസിസും തമ്മിലുള്ള വ്യതിയാനം എന്നറിയാൻ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് വന്ന കോടികളുടെ അഴിമതി ആരോപണങ്ങൾ ഉള്ള CAG റിപോട്ടും എന്നാൽ അതേ പദ്ധതിയിൽ പ്രാഥമിക റൗണ്ടിൽ ഉണ്ടായിരുന്ന 18 ഓളം കമ്പനികളിൽ കേവലം ഒര് കമ്പനി ഒഴിച്ചു് ബാക്കിയുള്ളവരെല്ലാം എന്താണ് പിന്മാറിയത് എന്നും നിരീക്ഷിച്ചാൽ മതി. എന്തേ CAG പറയുന്ന ഭീമമായ ലാഭം അവർക്കൊന്നും വേണ്ടേ. അതോ CAG പറയുന്ന ലാഭം അവിടില്ലെ.
ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വ്യൂവിൽ നോക്കിയാൽ CAG പറയുന്ന ലാഭം അവിടെയുണ്ട്. എന്നാൽ കമ്പനികൾ വലിയ പദ്ധതികളുടെ ലാഭക്ഷമത കണക്കുകൂട്ടാൻ ഉപയോഗിക്കുന്ന മാനേജീരിയൽ അക്കൗണ്ടിംഗ് ഉപയോഗിച്ച് കണക്കാക്കിയാൽ ലാഭം കാണില്ല എന്ന് മാത്രമല്ല ചിലപ്പോൾ വിഴിഞ്ഞം പദ്ധതി വല്ലാർപാടം പോലെ നാടിനും ഒപ്പം അത് ഏറ്റെടുത്തു നടത്തുന്ന സ്ഥാപനത്തിനും ഒര് ബാധ്യതയായി മാറാം എന്ന തരത്തിലുള്ള റിപ്പോട്ട് കിട്ടും.
കാരണം മാനേജീരിയൽ അക്കൗണ്ടിംഗ് രീതിയൽ ലാഭം കണക്കാക്കാൻ ഉപയോഗിക്കുന്ന ഫെയർ വ്യൂ അനാലിസിസ് നാണയ പെരുപ്പം തള്ളിയാണ് ലാഭം കണക്കാക്കുന്നത് എന്ന് മാത്രമല്ല സമരങ്ങൾ, പ്രകൃതിഷോഭങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന നക്ഷ്ടങ്ങൾ ഒക്കെ അതിൽ കണക്കാക്കും. അതിനാലാണ് CAG കോടികളുടെ ലാഭം പറഞ്ഞ പദ്ധതി 18 ൽ 17 പേരും ഇട്ടിട്ട് ഓടിയതും ശേഷിച്ച ഒര് സ്ഥാപനം ധാരാളം ഉപവ്യസ്ഥകളോടെ തുടരുന്നതും.
പറയത്തക്ക വലിയ അഴിമതി ആരോപണം ഒന്നും ഇല്ലാതെ പൂർത്തീകരിച്ച കൊച്ചിമെട്രോ പദ്ധതിയിൽ സമരവും, പ്രതികൂല കാലാവസ്ഥാ ഘടകങ്ങളും കാരണം 120 തൊഴിൽ ദിനങ്ങൾ ഓളം നക്ഷ്ടമായത് മൂലം ഏറ്റെടുത്ത കമ്പനിക്ക് 70 കോടി രൂപയോളം നക്ഷ്ടമുണ്ടായി എന്നും അതിനാൽ അടുത്ത ഘട്ടം പ്രസ്തുത കമ്പനിയെ തന്നെ ഏൽപ്പിച്ചാൽ പോലും ഇതിലും ചെലവേറിയത് ആയിരിക്കും എന്ന മെട്രോ മാൻ ശ്രീധരന്റെ പ്രസ്താവനയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.
സ്പെക്ട്രം അഴിമതിയും ഏകദേശം ഇതുപോലെയാണ്. അതിനാലാണ് മൻമോഹൻ സിംഗ് എന്റെ നിരപരാധിത്വം കാലം തെളിയിക്കും എന്ന് പറഞ്ഞത്. IFRS രീതിയിൽ സ്പെക്ട്രത്തിനു പണ്ടത്തെ പോലെ 20 വർഷത്തെ ആയുസ് ഒന്നും കൂട്ടില്ല. പകരം സാങ്കേതിക വിദ്യയുടെ മൂല്യം ഓരോ 18 മാസത്തിലും പകുതിയായി കുറയും എന്ന രീതിയാണ് അതിൽ ഉള്ളത്.
നമ്മുടെ ചുറ്റും ഉള്ള ഉപകരണങ്ങൾക്കു പണ്ടത്തെ അപേക്ഷിച്ചു ഇപ്പോൾ എന്ത് വേഗത്തിലാണ് പ്രകടമായ മാറ്റങ്ങൾ വരുന്നത് എന്ന് നിരീക്ഷിച്ചാൽ അതാണ് ശെരിയെന്ന് നമുക്കും മനസിലാക്കാൻ പറ്റും. എങ്കിൽ പിന്നെ മൻമോഹൻജിക്ക് ഈ IFRS ഇന്ത്യയിൽ കൂടി നടപ്പാക്കി ഈ പൊല്ലാപ്പൊക്കെ ഒഴിവാക്കി കൂടായിരുന്നോ എന്നാവും നിങ്ങളുടെ സംശയം.
സ്വിച്ച് ഇട്ടപോലെ IFRS നടപ്പാക്കിയാൽ അത് ഷെയർ മാർക്കറ്റ് തകർത്തെറിയും എന്നാണ് ചൈനയുടെ അനുഭവം. അതുകൊണ്ട് അമേരിക്കപോലും ഇത്തിരി ഇത്തിരി ആയിട്ടാണ് ഈ സാധനം നടപ്പാക്കിയത്. പോരാത്തതിന് കമ്പനികൾക്ക് ഷെയർ ലിസ്റ്റ് ചെയ്യാൻ ധാരാളം തടസങ്ങളും നിക്ഷേപകരുടെ സുരക്ഷ മുൻനിർത്തി ഈ IFRS സൃഷിക്കുന്നുണ്ട്. അമേരിക്കയിൽ പോലും ലിസ്റ്റഡ് കമ്പനികളുടെ എണ്ണം പകുതിയായി ഈ സംവിധാനം കുറച്ചു.
അത് മാത്രമല്ല ഈ സംവിധാനം വികസനം കണക്കാക്കുന്നത് നാണയപ്പെരുപ്പം തള്ളിയാണ്. അതുകൊണ്ട് തന്നെ ഈ സംവിധാനം മോദിയും നടപ്പാക്കും എന്ന പ്രതീക്ഷ വേണ്ടാ. അതിനാൽ കണക്കിലെ കളികളും ആവിയാകുന്ന ആരോപണങ്ങളും പ്രക്രിയ ഇന്ത്യയിൽ ഇപ്പോളത്തെ പോലെ തുടരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
വാൽകഷ്ണം: ഇത് 2017 ൽ എഴുതിയ പോസ്റ്റാണ് CAG കണക്കുകൾ അനുസരിച്ചു അനിൽ അമ്പനിയുടെ കമ്പനിയുടെ കൈവശം 59500 കോടിയുടെ സ്പെക്ട്രം ഉണ്ട്. ഭൂമിയും കെട്ടിടങ്ങളും അടക്കം ഇതര ആസ്തികൾ വേറെ. അതിന്റൊയൊക്കെ അടിസ്ഥാനത്തിലാണ് പ്രസ്തുത കമ്പനിക്ക് 50000 കോടി വായിപ്പ വിവിധ ബാങ്കുകൾ കൊടുത്തതും എന്നാൽ തെറ്റായ CAG റിപ്പോർട്ട് മൂലം പ്രസ്തുത കമ്പനിയുടെ കൈവശം ഉള്ള സ്പെക്ട്രത്തിന്റെ മൂല്യം യഥാർഥത്തിൽ ഉള്ളതിലും ഏറെ ഉയർന്നത് ആയതിനാൽ പകുതിവിലയ്ക്ക് പോലും ഏറ്റെടുക്കാൻ ആരും വരാത്തതിനാൽ ബാങ്കുകൾക്ക് കോടികളുടെ നഷ്ടം ഉണ്ടായതും.