കടം വാങ്ങി വീട് വയ്ക്കുന്നത് എപ്പോളും ലാഭം ആകണം എന്നില്ല!

138

Ajith Sudevan

കടം വാങ്ങി വീട് വയ്ക്കുന്നത് എപ്പോളും ലാഭം ആകണം എന്നില്ല!

വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നു എങ്കിൽ കടം വാങ്ങി ആണെങ്കിലും എത്രയും വേഗം പണി പൂർത്തിയാക്കുക അത് നിർമ്മാണ ചെലവ് വർദ്ധനവിൽ നിന്ന് രക്ഷ നൽകും എന്നൊരു വിശ്വാസം സമൂഹത്തിൽ ഉണ്ട്. എന്നാൽ ഈ വിശ്വാസം രാജ്യം സാമ്പത്തിക കുതിപ്പിൽ നിൽക്കുമ്പോൾ മാത്രമേ ശരിയാകൂ. അല്ലാത്തപ്പോൾ അത് നഷ്ടം ഉണ്ടാക്കും.

2012 മാർച്ച് മാസത്തിൽ സുഹൃത്തുക്കളായ രണ്ടുപേർ തങ്ങളുടെ വീട് പുതുക്കി പണിയാൻ തീരുമാനിച്ചു. 1000 ചതുരശ്രയടി ഉള്ള വീടിന് 1500 രൂപാ നിരക്കിൽ 15 ലക്ഷം രൂപയാണ് മിക്ക കരാറുകാരും ആവശ്യപെട്ടത്. എന്നാൽ അവരുടെ കൈവശം 10 ലക്ഷം രൂപയേ ഉള്ളൂ. ശേഷിക്കുന്ന 5 ലക്ഷം 10.75% പലിശ നിരക്കിൽ 10 വർഷത്തേക്ക് ഭവന വായ്പ എടുത്ത് ഒന്നാമൻ വീട് പണി പൂർത്തിയാക്കി. പ്രതിമാസം പ്രസ്തുത വായ്പ്പയുടെ തിരിച്ചടവ് ആയ 6817 രൂപാ ഇനിയും 3 വർഷം കൂടെ അടയ്ക്കണം.

എന്നാൽ ബാക്കി 5 ലക്ഷം കൂടെ കണ്ടെത്തിയിട്ട് വീട് പുതുക്കി പണിയാം എന്ന് രണ്ടാമൻ തീരുമാനിച്ചു. അതിന് ഏകദേശം 7 വർഷം എടുക്കും എന്ന് കരുതിയ അദ്ദേഹം കൈയിൽ ഉള്ള 10 ലക്ഷം ബാങ്കിൽ 9.25% നിരക്കിൽ സ്റ്റേറ്റ് ബാങ്കിൽ 7 വർഷത്തേക്ക് സ്ഥിരനിക്ഷേപം നടത്തി 2019 മാർച്ചിൽ പ്രസ്തുത തുക 1,857,590 ആയി .
അതോടൊപ്പം രണ്ടാമൻ പ്രതിമാസം 6% പലിശ കിട്ടുന്ന വിധത്തിൽ ഒന്നമന്റെ വയ്പ തിരിച്ചടവിന് തുല്യമായ തുക ആയ 6817 വീതം ബാങ്കിൽ ഇട്ടു അതിപ്പോൾ 765,525 രൂപയായി അങ്ങനെ മൊത്തം 2,623,115 രൂപാ രണ്ടാമന്റെ കൈവശം ഉണ്ട്.

വീട് പണിക്കായി കരാറുകാരെ സമീപിച്ചപ്പോൾ നിലവിൽ 1850 രൂപാ നിരക്കിൽ ഒന്നാമന് സമാനമായ വീട് വയ്ക്കാൻ 18.5 ലക്ഷം മാത്രമേ ചെലവ് ഉള്ളൂ. സ്ഥിരനിക്ഷേപത്തിൽ നിന്ന് കിട്ടിയ 7590 അപ്പോളും മിച്ചം അതോടൊപ്പം സേവിങ് അക്കൗണ്ടിൽ കിടക്കുന്ന 765,525 വേറെയും മിച്ചം ഉണ്ട്. അവ കൂടെ ചേർത്ത് 7 വർഷം പഴയ വീട്ടിൽ താമസിച്ചതിന്റെ പരിഭവം തീർത്ത് വേണമെങ്കിൽ കുറച്ചുകൂടെ വലിയ വീട് വയ്ക്കാം, അല്ലെങ്കിൽ ഒര് കാർ വാങ്ങാം.

രണ്ടാമൻ അതിൽ നിന്ന് 5.5 ലക്ഷം മുടക്കി ഒര് കാറ് വാങ്ങി ശേഷിക്കുന്ന രണ്ട് ലക്ഷം ബാങ്കിൽ തന്നെ ഇട്ട് കടമില്ലാത്ത വീടും, കാറും അതോടൊപ്പം അത്യാവശ്യത്തിന് ഇത്തിരി സമ്പാദ്യവുമായി സമാധാനമായി കഴിയുന്നു. എന്നാൽ ഒന്നാമൻ ഇനിയും 3 വർഷം കൂടെ ഭവന വായ്പ അടയ്ക്കണം അത് കഴിഞ്ഞുവേണം കടം വാങ്ങി കാർ വാങ്ങാൻ.

ഓർക്കുക ഏതേലും ഒന്നോ രണ്ടോ ഐറ്റങ്ങളുടെ വില രണ്ടോമൂന്നോ ഇരട്ടി ആയി, അല്ലെങ്കിൽ തടിപ്പണി പോലുള്ള ജോലികളുടെ കൂലി ഇരട്ടി ആയി എന്നത് കൊണ്ട് ഒന്നും 7 കൊല്ലം കൊണ്ട് വീട് പണിയുടെ ചെലവ് ഇരട്ടി ആകില്ല. സംശയം ഉള്ളവർക്ക് 2012 ലും 2019 ലും വീട് പണിത തള്ള് കാരല്ലാത്ത ഏതേലും കരാറുകാരോട്ചോദിച്ചാൽ അത് മനസിലാക്കാൻ പറ്റും. അതിനാൽ അത്യാവശ്യം ഇല്ലെങ്കിൽ കടം വാങ്ങി വീട് പുതുക്കി പണിയാതെ ഇരിക്കുന്നത് ആണ് നല്ലത്.