ഒരു ശതമാനം കള്ളപ്പണം പിടിക്കാൻ 86% നോട്ടും നിരോധിച്ചത് പോലൊരു മണ്ടൻ നടപടിയാണ്, ഒരു ശതമാനംപോലുമില്ലാത്ത കുടിയേറ്റക്കാരെ തടയാനായി കോടികൾ ധൂർത്തടിക്കുന്നത്

278

Ajith Sudevan

ഡോക്ടറേറ്റ് കോമഡിയൊ അതോ ട്രാജഡിയോ.

നോട്ട് നിരോധനം, GST, സാമ്പത്തിക മാന്ദ്യം, പൗരത്വ ബില്ല് എന്നീ വിഷയങ്ങളിൽ ഉള്ള വിവിധ ആൾക്കാരുടെ അഭിപ്രായങ്ങൾ നിരീക്ഷിച്ചപ്പോൾ എനിക്ക് തോന്നിയത് നാട്ടിൽ നിന്ന് ഡോക്ടറേറ്റ് എടുക്കുന്ന മിക്കവരും ഒര് കോമഡിയൊ അല്ലെങ്കിൽ ട്രാജഡിയോ ആണ് എന്നാണ്. കാരണം അത്രയേറെ മണ്ടത്തരം നിറഞ്ഞതാണ് ഇതിലെ ഓരോ വിഷയത്തിലും ഉള്ള ഇവരുടെ നിലപാടുകൾ.

ഇവരിൽ GST വന്നാൽ കോഴി ഇറച്ചിയുടെ വിലകുറയും എന്ന് വാദിച്ച ധനകാര്യ മന്ത്രി തോമസ് ഐസക്ക് മുതൽ, നോട്ട് നിരോധനവും, GST യും ഒക്കെ രാജ്യത്തെ 2020 യോടെ സാമ്പത്തിക കുതിപ്പിലേക്ക് നയിക്കും എന്ന് വാദിക്കുകയും ഇപ്പോളും രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ട് എന്ന് അംഗീകരിക്കാത്ത ഫേസ്ബുക്ക് ഫ്രണ്ട് വരെ ഉൾപെടും.

അല്ല ഡോക്ടറേറ്റ്കാരെ ഞാൻ അറിയാം വയ്യാഞ്ഞിട്ട് ചോദിക്കുകയാണ്, ശരിക്കും നിങ്ങൾക്ക് കുറെ കാര്യങ്ങൾ കാണാതെ പഠിച്ചു പകർത്തി എഴുതാനുള്ള കഴിവ് മാത്രമേ ഉള്ളോ. അല്ലാതെ സാമാന്യ ബോധം എന്ന സാധനം ഇല്ലേ. അതോ നിങ്ങൾക്ക് മാത്രമേ ബുദ്ധിയും അറിവും ഉള്ളൂ അതുകൊണ്ട് നിങ്ങൾ എന്ത് മണ്ടത്തരം പറഞ്ഞാലും സമൂഹം അതൊക്കെ കണ്ണടച്ച് വിശ്വസിക്കും എന്ന ധാരണയിൽ ആണോ കൺമുന്നിൽ കാണുന്ന പലതും കാണാത്ത രീതിയിൽ അഭിപ്രായം പറയാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്.

നമ്മുടെ സമൂഹം വിദ്യാഭ്യാസം ഉള്ളവർക്ക് അർഹിക്കുന്നതിലും ഇത്തിരി അധികം ബഹുമാനമാണ് എക്കാലവും നൽകിയിരുന്നത്. പക്ഷേ അതിന് അർഥം ഇത്തിരി അധികം വിദ്യാഭ്യാസം ഉള്ളവർ എന്ത് മണ്ടത്തരം പറഞ്ഞാലും സമൂഹം അത് വെള്ളം തൊടാതെ വിഴുങ്ങും എന്നല്ല.

നാഴികയ്ക്ക് നാൽപ്പത് വട്ടം അതിർത്തിയിലെ പട്ടാളക്കാരെ കുറിച്ച് വ്യാകുലപ്പെടുന്ന നിങ്ങൾ അറിഞ്ഞില്ലേ കാർഗിൽ യുദ്ധത്തിൽ പ്രസിഡന്റ് ൽ നിന്ന് മെഡൽ കിട്ടിയ പട്ടാളക്കാരനും ആസാം പൗരത്വ ലിസ്റ്റിൽ നിന്ന് പുറത്തായത്. പൗരത്വ ലിസ്റ്റ് രാജ്യവ്യാപകം ആകുമ്പോൾ സമാനരീതിയിൽ എത്രയോ പേർ പ്രശനത്തിൽ പെടും. എന്നിട്ടും പുതിയ നിയമം ഒരു നിരപരാധിയെ പോലും ബാധിക്കില്ല എന്ന് വാദിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഒരു റീ സർവേ വന്നാൽ 50 തവണ വില്ലേജ് ഓഫീസിൽ പോകേണ്ടി വരും അതിലെ തെറ്റുകൾ തിരുത്താൻ. അപ്പോൾ പിന്നെ അതേ സംവിധാനങ്ങൾ വെച്ച് തയാറാക്കുന്ന പൗരത്വ രജിസ്റ്ററിന്റെ അവസ്‌ഥ ഊഹിക്കാവുന്നതേ ഉള്ളൂ.

ഒരു ശതമാനത്തിൽ കുറവ് വരുന്ന കള്ളപ്പണം പിടിക്കാനായി 86% നോട്ടും നിരോധിച്ചത് പോലെ മറ്റൊരു മണ്ടൻ നടപടി തന്നെയാണ്, അകെ ജനസംഖ്യയുടെ ഒര് ശതമാനത്തിൽ കുറവ് വരുന്ന അനധികൃത കുടിയേറ്റക്കാരെ തടയാനായി പതിനായിര കണക്കിന് കോടി രൂപാ മുടക്കി രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നിർമിക്കാൻ തയാറെടുക്കുന്നതും. രാജ്യത്തിൻറെ മതേതര മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിൽ അതിന് വേണ്ടി നിയമ നിർമ്മാണം നടത്തിയതും. അതൊക്കെ മനസിലാക്കാൻ കഴിയില്ല എങ്കിൽ നിങ്ങളുടെ ഡോക്ടറേറ്റ് ഒര് കോമഡിയൊ അല്ലെങ്കിൽ ട്രാജഡിയോ ആണ്.