നിങ്ങളുടെ വാഹനം ചീത്തയാകുമ്പോൾ മെക്കാനിക്കിനെ സമീപിക്കുമോ ജ്യോത്സ്യനെ സമീപിക്കുമോ ? പിന്നെന്തിനാണ് ആരോഗ്യകാര്യങ്ങളിൽ മോഹനനെയും വടക്കാഞ്ചേരിയെയും സമീപിക്കുന്നത് ?

0
125
Ajith Sudevan
നിങ്ങൾ അത്യാവശ്യം ജ്യോതിഷ വിശ്വാസവും, ദൈവ വിശ്വാസവും ഉള്ള ആളാണ് എന്ന് കരുതുക. നിങ്ങളുടെ വണ്ടിക്ക് ഒര് തകരാർ വന്നാൽ നിങ്ങൾ ജ്യോതിഷിയുടെ അടുത്ത് പോകുമോ, അതോ മെക്കാനിക്കിന്റെ അടുത്ത് പോകുമോ. ഇനി മെക്കാനിക്കിന്റെ അടുത്ത് പോയി എന്ന് കരുതുക. അപ്പോൾ ടൈമിംഗ് ബെൽറ്റ് മാറ്റാൻ മെക്കാനിക്ക് നിർദേശിച്ചാൽ നിങ്ങൾ പ്രസതുത നിർദേശം സ്വീകരിക്കുമോ. അതോ അടുത്തുള്ള ആരാധനാലയത്തിൽ പോയി ടൈമിംഗ് ബെൽറ്റിന്റെ ആയുസ് കൂടാൻ പ്രാർഥിക്കുമോ.
ടൈമിംഗ് ബെൽറ്റ് പൊട്ടിയാൽ എൻജിൻ റീ കണ്ടിഷൻ എന്ന ചെലവേറിയ അവസ്ഥയിലേക്ക് നയിക്കുന്ന Interference Engine ആണ് നമ്മുടെ വാഹനത്തിൽ ഉള്ളത് എങ്കിൽ, നമ്മൾ മിക്കവരും ടൈമിംഗ് ബെൽറ്റ് മറ്റും. അതുപോലെ കരൾ രോഗം പോലെയുള്ള അവസ്ഥകളിലും ജ്യോതിഷിയുടെ ഉപദേശവും പ്രാർഥനകളും ഒക്കെ അവഗണിച്ചു, ഡോക്ടറുടെ നിർദേശ പ്രകാരം വേണ്ട മരുന്നുകൾ കഴിച്ചാൽ ചെലവേറിയ അവയവമാറ്റം എന്ന അവസ്ഥയിലേക്ക് പോകുന്നത് ഒഴിവാക്കാം.
ആധുനിക ലോകം ധാര്മികതയേക്കാൾ കച്ചവട താൽപ്പര്യങ്ങൾക്ക് പ്രാധാന്യം ഉള്ളത് ആണ്. അതിനാൽ ചെലവേറിയ ചികിസകളും ചെലവേറിയ വാഹന റിപ്പയറിങ്ങുകളും മറ്റും നിർദേശിക്കപ്പെടുന്ന സാഹചര്യത്തിൽ സമാനമായ അറിവുള്ള മറ്റൊരു സ്വതന്ത്ര വ്യക്തിയുടെ ഉപദേശം തേടുന്നത് മിക്കപ്പോളും നല്ലതാണ്.
ഉദാഹരണമായി ഒരിക്കൽ എന്നോട് സർവീസിന് ചെന്നപ്പോൾ കണ്ട്രോൾ ആം തകരാറിൽ ആണ് എന്നും അത് മാറ്റാൻ 800 ഡോളർ ആകും എന്നും പറഞ്ഞു. അതിൽ അത്ര വിശ്വാസം തോന്നാത്ത ഞാൻ മറ്റൊരു കടയിൽ ചെന്ന് 20 ഡോളർ മുടക്കി സസ്‌പെൻഷൻ evaluation നടത്തി. കണ്ട്രോൾ ആം സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തി. പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡീലർക്ക് പരാതി നൽകിയതോടെ അവർ 80 ഡോളറിന്റെ ഒര് സർവീസ് പാക്കേജ് ഫ്രീ ആയി തന്ന് പ്രശനം കേസ് ആകുന്നത് ഒഴിവാക്കി. പഴയ കണ്ട്രോൾ ആം മാറ്റാതെ 4 വർഷത്തിൽ ഏറെയായി ഞാൻ വണ്ടി ഓടിക്കുന്നു.
എന്നാൽ പ്രസ്തുത പ്രശനവും ആയി ഞാൻ ജ്യോതിഷിയുടെ അടുത്താണ് പോയിരുന്നത് എങ്കിൽ എനിക്ക് മനസ്സമാധാനവും കിട്ടില്ലായിരുന്നു, ഡീലറുടെ അടുത്ത് നിന്ന് നഷ്ടപരിഹാരവും കിട്ടില്ലായിരുന്നു. അതിനാൽ ആരോഗ്യവിഷയങ്ങളിൽ അഭിപ്രായം തേടുമ്പോൾ മോഹനൻ വൈദ്യന്മാരെയും, ജ്യോതിഷികളേയും, മത പുരോഹിതന്മാരെയും ഒക്കെ ഒഴിവാക്കാകുന്നതാണ് ബുദ്ധി. കുറഞ്ഞപക്ഷം വണ്ടിക്ക് കൊടുക്കുന്ന പ്രാധാന്യം എങ്കിൽ സ്വന്തം ശരീരത്തിന് കൊടുക്കുക.